top of page

വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍

Writer: ടോം മാത്യു
ടോം മാത്യു
Apr 7
2 min read

Updated: Apr 18

പ്രസാദത്തിലേയ്ക്ക് പതിനാലു പടവുകള്‍

Person in a brown coat runs on a pier with arms outstretched, surrounded by flying birds. Overcast sky, ocean backdrop, evokes freedom.
  • The article draft about personality factors determining mood.

  • Article details two core behavioral traits: thought/speech and action/observation.

  • The Author Tom Matthew explains how these traits define introverted/extroverted personalities.

വിഷാദരോഗ(depression‑) ത്തിനും അതിന്‍റെ അതി തീവ്രനിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന ( bipolar disorder )) ത്തിനും മരുന്നില്ലാ ചികില്‍സയായി ഡോ ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് ആവിഷ്കരിച്ച പതിനാലു ദിനം കൊണ്ടു പൂര്‍ത്തിയാകുന്ന മനോനില ചിത്രണ (mood mapping) ത്തിന്‍റെ അനുബന്ധമായി നാമിപ്പോള്‍ മനോനില (mood) യെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. നമ്മുടെ വ്യത്യസ്ത മനോനിലയ്ക്ക് അഥവാ 'മൂഡി' ന് കാരണമാകുന്ന നാലുതരം അടിസ്ഥാന വ്യക്തിത്വങ്ങളെക്കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ നാം കണ്ടു. നമ്മുടെ അടിസ്ഥാന വ്യക്തിത്വത്തിന് കാരണമാകുന്ന രണ്ടു തരം പ്രകൃതങ്ങളെക്കുറിച്ച് അഥവ സ്വഭാവങ്ങളെ കുറിച്ചാണ് നാം ഈ ലക്കത്തില്‍ ചര്‍ച്ച ചെയ്യുക.


നമ്മുടെ അടിസ്ഥാന വ്യക്തിത്വത്തെ നിര്‍ണയിക്കുന്ന രണ്ടു തരം സ്വഭാവങ്ങളുണ്ട്. നമ്മുടെ മനസ് ഏതു വിധത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് നമ്മുടെ പ്രകൃതത്തില്‍ വ്യതിയാനം സംഭവിക്കുക . ആ രണ്ടു സ്വഭാവങ്ങള്‍ അഥവാ മനസിന്‍റെ പ്രവര്‍ത്തന രീതികള്‍ ഏതെന്ന് നമുക്ക് നോക്കാം


ഒന്ന്


ചിന്തയും സംസാരവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ആദ്യം ചിന്തിക്കുകയും പിന്നെ നമ്മുടെ ആശയങ്ങള്‍ പ്രകടമാക്കുകയും ചെയ്യുന്ന സ്വഭാവക്കാരാണോ അതോ സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും അതിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങള്‍ സ്വീകരിക്കുന്ന സ്വഭാവക്കാരാണോ നാം എന്നതാണ് ഇവിടെ പരിശോധിക്കുക. . സംസാരിക്കുന്നവര്‍ ചിന്തിക്കുന്നില്ലെന്നോ ചിന്തിക്കുന്നവര്‍ നല്ല സംസാര മികവുള്ളവര്‍ അല്ലെന്നോ അതിനര്‍ത്ഥമില്ല. നമ്മുടെ മനസ് എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഇവിടെ ഈ സമീപനത്തിലൂടെ നാം പരിശോധിക്കുക . നാം ചില കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതെക്കുറിച്ച് മറ്റാളുകളുമായി സംസാരിച്ച് അതുകൂടി കണക്കിലെടുത്ത് മുന്നോട്ടു പോകാന്‍ താല്‍പര്യപ്പെടുന്ന കൂട്ടത്തിലാണോ നാം? അതോ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും മറ്റാരുമായും ചര്‍ച്ച ചെയ്യുന്നതിനു മുന്‍പേ മനസില്‍ ഒരു ധാരണയുണ്ടാക്കുകയും അതു നടപ്പാക്കുകയും ചെയ്യുന്ന രീതിക്കാരാണോ നാം . അന്തര്‍മുഖര്‍ ആദ്യം ചിന്തിക്കും പിന്നെ സംസാരിക്കുകയും അവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യും. ബഹിര്‍മുഖര്‍ തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയും ചര്‍ച്ചയിലൂടെ ഒരു പരിഹാര മാര്‍ഗത്തിലെത്തിച്ചേരാന്‍ ശ്രമിക്കുകയും ചെയ്യും.


രണ്ട്


പ്രവൃത്തിയോടും നിരീക്ഷണത്തോടും ബന്ധപ്പെട്ടതാണ് ഈ സമീപനം. ചിലര്‍ പ്രവൃത്തിയിലൂടെ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. മറ്റുചിലരാകട്ടെ സാഹചര്യത്തെ നിരീക്ഷിക്കുകയും വിലയിരുത്തുകയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുകയും അതിനു ശേഷം ആവശ്യമെങ്കില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പ്രവര്‍ത്തിക്കുന്നവര്‍ എല്ലാ സാഹചര്യങ്ങളിലും കണ്ണും പൂട്ടി വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ എടുത്തു ചാടി പ്രവര്‍ത്തിക്കുന്നവരാണെന്നോ 'നിരീക്ഷകര്‍' ഒരിക്കലും പ്രവര്‍ത്തിക്കില്ലെന്നോ അതിനര്‍ത്ഥമില്ല . നിങ്ങള്‍ ആദ്യം എടുക്കുന്ന നിലപാടിനെ ആശ്രയിച്ചാണതിരിക്കുക. അപ്പോള്‍, കഴിയുന്നത്ര വേഗം പ്രവര്‍ത്തിക്കാന്‍, പ്രവര്‍ത്തിച്ച് കാര്യങ്ങള്‍ നേരേയാക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? അതോ കാത്തിരിക്കാനും കളം എങ്ങിനെ എന്ന് കണ്ടറിയാനും പ്രവര്‍ത്തിക്കാന്‍ സമയം എടുക്കുകയും ചെയ്യുന്ന രീതിക്കാരാണോ നിങ്ങള്‍? ധൈര്യവാന്മാര്‍ ഉടനടി പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നു. ലജ്ഞാലുക്കള്‍ വരുംവരായ്കകള്‍ പരിഗണിച്ച ശേഷം മാത്രം പ്രവര്‍ത്തിക്കുന്നു.


ഇനി നമ്മുടെ വ്യക്തിത്വം നിര്‍ണയിക്കുന്ന നമ്മുടെ രീതി അഥവാ പ്രകൃതം ഏതെന്ന് നമുക്കൊന്ന് നോക്കാം. താഴെക്കൊടുത്തിരിക്കുന്ന രണ്ടു വരകളില്‍ കുറുകെ ഓരോ വര വരയ്ക്കുക. ചിന്തിയ്ക്കോ പ്രവര്‍ത്തിക്കോ ഏതിന് മുന്‍ഗണന നല്‍കുന്നവരാണ് നാം എന്നതുമായി ബന്ധപ്പെട്ടതാണ് ആദ്യത്തേത്. ഉടനടി പ്രവര്‍ത്തിക്കുന്നവരോ നിരീക്ഷിച്ച ശേഷം തീരുമാനിക്കുന്നവരോ എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു രണ്ടാമത്തേത്. 'അകം' നമ്മുടെ വികാരവിചാരങ്ങളെ നാം എങ്ങിനെ പരിഗണിക്കുന്നു എന്ന് സൂചിപ്പിക്കുന്നു. സാഹചര്യങ്ങള്‍ നിങ്ങളില്‍ ചെലുത്തിയ സ്വാധീനം 'പുറം ' എന്നതു കൊണ്ട് സൂചിപ്പിക്കുന്നു .. സംസാരം പുറത്തേക്കുള്ള ആശയവിനിമയമാണ്. ചിന്ത അകത്തുള്ളതും. പ്രവര്‍ത്തി നിങ്ങളുടെ സാഹചര്യങ്ങളില്‍ നേരിട്ട് പ്രതിഫലനവും പ്രത്യാഘാതവുമുണ്ടാക്കുന്നു. നിരീക്ഷണമാകട്ടെ ഒന്നിനെയും ബാധിക്കുന്നില്ല.


ഏതു രീതിക്കാരാണ് നിങ്ങള്‍ എന്നു വിചാരിക്കുന്നുവോ അതു പ്രതിനിധീകരിക്കുന്ന വരയില്‍ കുറുകെ ഒരു വര വരയ്ക്കുക. ഇവിടെ ശരിയായ ഉത്തരമെന്നോ തെറ്റായ ഉത്തരമെന്നോ ഭേദമില്ല . സംസാരിക്കുന്നതിനു മുന്നേ ചിന്തിക്കുന്നവരാണ് നിങ്ങളെങ്കില്‍ കുറുകെയുള്ള വര ഇടതു കൈ വശത്ത് വരയ്ക്കുക. സംസാരത്തിലൂടെയും സംഭാഷണത്തിലൂടെയും ആശയങ്ങള്‍ക്ക് രൂപം നല്‍കുന്നവരാണ് നാമെങ്കില്‍ വലതു കൈ വശത്താണ് കുറുകെയുള്ള വരയുടെ സ്ഥാനം. ഏതെന്ന് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ വരയുടെ മധ്യത്തിലാണ് നിങ്ങളുടെ സ്ഥാനം.. നിങ്ങള്‍ സംസാരിക്കുന്നവരാക്കാം ഒപ്പം ഏറെ ചിന്തിക്കുന്നവരും. മധ്യഭാഗത്തോട് എത്ര അടുത്താണോ നിങ്ങളുടെ സ്ഥാനം അത്രത്തോളം സന്തുലിതമാണ് നിങ്ങളുടെ വ്യക്തിത്വം


(ഒന്നാം ചിത്രം)

ഉദാഹരണത്തിനായി നാം ഒരു 'ചിന്തക' നാണ്, സംസാരപ്രിയനല്ല എന്ന് വയ്ക്കുക. എന്താണ് സംഭവിക്കുന്നതെന്ന് നാം നിരീക്ഷിക്കുന്നു. ആവശ്യമെങ്കില്‍ ഇടപെടുന്നു. നിങ്ങളുടെ സ്വഭാവം അഥവാ പ്രകൃതം ഏതാണ്ട് ഇങ്ങിനെയായിരിക്കും.


(രണ്ടാം ചിത്രം)




അതേ സമയം, നിങ്ങള്‍ സംസാരപ്രിയനും സംഭാഷണത്തിലൂടെ ആശയങ്ങള്‍ രൂപീകരിക്കുന്നയാളുമാണെങ്കില്‍ നിങ്ങളുടെ അടിസ്ഥാന പ്രകൃതം ഇനി കാണുന്ന രീതിയിലാകാം


(മൂന്നാം ചിത്രം)


ധാരാളം സംസാരിക്കുന്ന നിരീക്ഷണത്തിനൊന്നും മിനക്കെടാത്ത ആളാണെങ്കിലോ ഇതാവും നമ്മുടെ പ്രകൃതം


(നാലാം ചിത്രം)



നമ്മുടെ അടിസ്ഥാന പ്രകൃതത്തില്‍ നിന്ന് നമ്മുടെ അടിസ്ഥാന വ്യക്തിത്വം നമുക്ക് നിര്‍ണയിച്ചെടുക്കാം


സംസാരം + പ്രവൃത്തി = കരുത്തരായ ബഹിര്‍മുഖ വ്യക്തിത്വം

സംസാരം + നിരീക്ഷണം = ദുര്‍ബല ബഹിര്‍മുഖ വ്യക്തിത്വം

ചിന്ത + പ്രവൃത്തി = കരുത്തരായ അന്തര്‍മുഖ വ്യക്തിത്വം

ചിന്ത + നിരീക്ഷണം = ദുര്‍ബല അന്തര്‍മുഖ വ്യക്തിത്വം


വാക്കുകള്‍ കൊണ്ട് വിവരിക്കുന്നതിനേക്കാള്‍ ഈ രീതിയാണ് കൂടുതല്‍ ആശ്രയിക്കാവുന്നതെന്ന് തോന്നുന്നു. നമ്മിലെ നമ്മെ അത് കാണിച്ചു തരുന്നു. (തുടരും)


വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍

ടോം മാത്യു

അസ്സീസി മാസിക ഏപ്രിൽ 2026

bottom of page