top of page

ഗുരുവും ശിഷ്യനും

Writer:  റോയി കാരയ്ക്കാട്ട്  കപ്പൂച്ചിൻ
റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ
Jul 12
1 min read

നുറുങ്ങു കഥകള്‍


ഗുരുവും ശിഷ്യനും

മഞ്ഞപ്രകാശത്തിൽ ക്ഷേത്രനഗര പശ്ചാത്തലത്തിൽ, വെള്ള വസ്ത്രധാരികളായ വയോധികനും യുവാവും പാതയിൽ സംസാരിച്ച് നടക്കുന്നു.

ഗുരുവും ശിഷ്യനും പുഴക്കരയിലെത്തി. പുഴയില്‍ ഒഴുക്കുണ്ടായിരുന്നു. ശിഷ്യന്‍ പുഴയില്‍ കണ്ണുകളുറപ്പിച്ചു നിന്നു. ഗുരു ശിഷ്യനോട് ചോദിച്ചു:

എന്തനുഭവപ്പെടുന്നു?


ശിഷ്യന്‍ പറഞ്ഞു: "എന്നിലെ പുഴയും മുമ്പിലെ പുഴയും ഒന്നായൊഴുകുന്നു". ശിഷ്യന്‍ വീണ്ടും ലയിച്ചു. ഗുരു അപ്രത്യക്ഷനുമായി.


പിന്നീട് ജനസാഗരത്തിന് മുന്‍പില്‍ ശിഷ്യന്‍ സംസാരിക്കുന്നു. ആ കൂട്ടത്തില്‍ ഗുരുവും ഉണ്ടായിരുന്നു. ശിഷ്യന്‍ ഒറ്റനോട്ടത്തില്‍ ഗുരുവിനെ കണ്ടുപിടിച്ചു. അയാള്‍ ഗുരുവിന്‍റെ സമക്ഷം എത്തി കുമ്പിട്ടു.


ഗുരു പറഞ്ഞു: "കൊള്ളാം, നിന്‍റെ വാക്കുകള്‍ ജനഹൃദയങ്ങളില്‍ ലയിക്കുന്നുണ്ട്". ശിഷ്യന്‍ വീണ്ടും തല കുനിച്ചു.


ഈ സമയത്ത് ഗുരുവും ശിഷ്യനും ജലതുള്ളികളാകുകയും പുഴയാകുകയും സാഗരമാകുകയും വീണ്ടും മഴയാകുകയും ചെയ്തു.


പ്രവാചകന്‍റെ വിധി


പ്രവാചകന്‍ വഴിയെ പോകുമ്പോള്‍ ഭര്‍ത്താവ് ഭാര്യക്കിട്ട് തല്ലുന്നു. ആ സ്ത്രീയുടെ വല്ലാത്ത അവസ്ഥ കണ്ട് ആളെ കൂട്ടി രക്ഷിക്കാന്‍ പ്രവാചകന്‍ ബഹളം വെച്ചു. ഭര്‍ത്താവിന് അരിശം ഇരട്ടിച്ചു. അയാള്‍ ഭാര്യയെ വിട്ടിട്ട് പ്രവാചകനെ പഞ്ഞിക്കിട്ടു. ജനം ഓടിവന്ന് ഒരു തരത്തില്‍ പ്രവാചകനെ രക്ഷിച്ചു.


രക്ഷപെട്ട സ്ത്രീ പിന്നീട്, പ്രവാചകനെ കണ്ടപ്പോള്‍ ഭര്‍ത്താവിന്‍റെ ഇടിയില്‍ നിന്നും തന്നെ രക്ഷിച്ചതിന് നന്ദി പറഞ്ഞു.


പ്രവാചകന്‍: 'ഇനിയും ഇങ്ങനെ വഴക്കിന് സാഹചര്യം ഉണ്ടാകാതെ നോക്കണം.'

സ്ത്രീ : 'ഞാന്‍ പാവമാണ്.'


പ്രവാചകന്‍: 'അത് രക്ഷപെടലാണ്. ഏറ്റു പറച്ചിലല്ല.

യുദ്ധത്തില്‍ സത്യം ഉണ്ടാവാം. പക്ഷേ, ആയുധത്തിന്‍റെ മൂര്‍ച്ചയില്‍ അതുണ്ടാവില്ല.'


പ്രവാചകന്‍റെ നടുവിന് പതിവില്ലാത്തൊരു മിന്നലപ്പോള്‍ വന്ന് വീണു.



കുഞ്ഞുമനസ്സ്


ഗുരുവര്യന്‍ വീട് സന്ദര്‍ശനത്തില്‍. ഒരു വീട്ടിലെ മൂന്ന് വയസ്സുള്ള കുരുന്നുമായി അയാള്‍ ചങ്ങാത്തത്തിലായി.


ഇടയ്ക്കപ്പൊഴോ കുഞ്ഞിക്കൈയില്‍ നിന്നും ഒരടി അയാളുടെ കവിളില്‍ വീണു. കണ്ടു നിന്നവരുടെ മുഖത്ത് വല്ലായ്മ. കുഞ്ഞിന്‍റെ അമ്മ കുട്ടിയെ അടക്കിനിര്‍ത്തുന്നു. ഗുരുവിന് വേദനിച്ചിരുന്നില്ല.


ഇറങ്ങാന്‍ നേരം അയാള്‍ കുട്ടിയെ വാത്സല്യത്തോടെ നോക്കി. കുട്ടിയുടെ മുഖത്തിപ്പോള്‍ കുറുമ്പൊന്നുമില്ല.


ഗുരു പുഞ്ചിരിച്ചുകൊണ്ട് കണ്ണിറുക്കി.

അപ്പോള്‍ അവളുടെ നിറഞ്ഞ കണ്ണുകളില്‍ ചിരി തെളിഞ്ഞു.


ഗുരുവും ശിഷ്യനും

റോയി

അസ്സീസി മാസിക, ജൂലൈ 2026

bottom of page