അതിഭീകര പ്രണയം


ഹോളിവുഡിനോ, യൂറോപ്യന്‍ സെല്ലുലോയിഡ് ഫ്രെയിമുകള്‍ക്കോ ഇനി പ്രണയത്തെക്കുറിച്ച് എന്തെങ്കിലും സംസാരിക്കാനുണ്ടാകുമെന്ന് വിചാരിച്ചിരുന്നില്ല. പുതിയതെന്ന് അവകാശപ്പെട്ടതെല്ലാം ആവര്‍ത്തനവിരസതയെ അമിതമാക്കിയെന്നതല്ലാതെ യാതൊന്നും അവശേഷിപ്പിച്ചില്ല. പ്രമേയപരമായി ഏതാനും ചില വൈകാരികതയില്‍ നവസിനിമകള്‍ തളച്ചിടപ്പെട്ടു. സ്വവര്‍ഗ്ഗാനുരാഗവും, വിവാഹേതര ബന്ധവും, അഗമ്യഗമനവും, സയന്‍സ് ഫിക്ഷനുമൊക്കെയായി ആ ആവര്‍ത്തനപ്പട്ടിക വൃത്താകൃതിയില്‍ ഇഴഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ ഹോളിവിഡിനു ഇനിയും പ്രണയത്തെക്കുറച്ച് ചിലത് പറയാനുണ്ടെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് അമേരിക്കന്‍ സംവിധായകന്‍ കറി ബാര്‍ക്കര്‍. ആവര്‍ത്തന വിരസതയില്‍ കരുങ്ങിക്കിടക്കുന്ന പ്രണയകഥകളിലേയ്ക്ക് ഒരു ശരാശരി ആസ്വാകന്‍ എത്തിനോക്കുകപോലുമില്ലെന്ന് ആറിയാമായിരുന്ന ആ യുവ പ്രതിഭ ഇതുവരെ പറയാത്ത ഒരു കഥയുമായി സിനിമചരിത്രത്തിലിടം നേടി. സിനിമയെന്ന കലയോട് അത്രമേല്‍ അഭിനിവേശമുള്ള ആ ചെറുപ്പക്കാരന്‍ കാലത്തിനപ്പുറത്തേയ്ക്ക് ഓര്‍ത്തുവെയ്ക്കാന്‍ തന്‍റെ ഫ്രെയിമുകളില്‍ ചിലത് കുറിച്ചിട്ടു. ആ കുറിപ്പുകള്‍ ഒരു നവ്യാനുഭൂതിയായി സിനിമാ ആസ്വാദകലോകം ഏറ്റെടുത്തു.
മനുഷ്യന്‍റെ അടിസ്ഥാന വികാരങ്ങളിലൊന്നാണ് പ്രണയം. ലൈംഗികതയിലേയ്ക്കുള്ള കുറുക്കുവഴിയാണ് പ്രണയം എന്ന് ചില ശാസ്ത്രകാരന്മാര്‍ പഴിക്കുമ്പോള്‍ കുറേയധികം ആളുകള്‍ക്ക് അത് കവികള്‍ പാടിയപോലെ മാംസനിബദ്ധമല്ല. ഒന്നിധികം പ്രണയങ്ങളുള്ളവര്‍ മുതല്‍ മണ്‍മറഞ്ഞ ഇണയെ മാത്രം നിനച്ചിരിക്കുന്ന പ്രണയിതാക്കള്‍ വരെയുണ്ട്. ഇങ്ങനെ വ്യവസ്ഥാപിതമായ ശാസ്ത്ര നിരീക്ഷണങ്ങളും, കാവ്യനിരീക്ഷണങ്ങളും പരസ്പരം പോരാടുന്ന ഭൂമികയില്‍ പ്രണയാനുഭൂതി എന്നത് വ്യക്തിയധിഷ്ഠിതമായിരിക്കും. ഒരുകൂട്ടം വൈകാരിക ഭാവങ്ങളുടെ ഒത്തുചേരലാണ് തത്വത്തില്‍ പ്രണയമെന്നു പറയുന്നത്. പരസ്പരാകര്‍ഷണത്തില്‍ നിന്നും തുടങ്ങി ഇയാള്‍ തന്‍റെ മാത്രം സ്വന്തം ആകണം എന്നുള്ള നിശ്ചയ ദാര്‍ഡ്യത്തിലേയ്ക്കുള്ള ബന്ധങ്ങളുടെ വളര്‍ച്ച. വളര്‍ച്ചയുടെ ആ വഴിയില്‍ ഇരുവരും കൊമാറുന്നത് സന്തോഷത്തിന്‍റെ പൂച്ചെണ്ടുകള്‍മാത്രമല്ല. അസൂയും, നിരാശയും, ദേഷ്യവും ഒക്കെ ആ വഴിയിലേയ്ക്ക് വന്നുചേരുന്ന കൈവഴികളാണ്. അതായത് സന്തോഷത്തിന്‍റെ വേലിയേറ്റം മാത്രം തരുന്നൊരനുഭൂതിയല്ല പ്രണയമെന്നത്; മറിച്ച് കൈപ്പുനീരിന്‍റെ കൂടി ഉറവയാണത്. അപര വ്യക്തിത്വം പൂര്‍ണ്ണമായും റദ്ദ് ചെയ്യപ്പെടുന്ന ഭീകരമുഖം പോലുമുണ്ടതിന്. ഇത്തരത്തില്‍ പ്രണയത്തിന്‍റെ ഭീകരമുഖം മാത്രം ഇതിവൃത്തമാക്കിയാണ് കറി ബാര്‍ക്കര്‍ തന്‍റെ സിനിമ ഒരുക്കിയിരിക്കുന്നത്. ആ ഭീകരതയ്ക്ക് അയാള്‍ നല്‍കിയ പേരാണ് ഒബ്സഷന്‍/ 2026/ ഇംഗ്ലീഷ്/ 109 മിനിറ്റ്. നമുക്ക് പരിചിതമായ പ്രണയ സിനിമകള്‍ക്ക് വിപരീതമായാണ് ഒബ്സഷന്‍റെ കഥ വികസിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ നാളിതുവരെ നമ്മള്‍ ശീലിച്ച പ്രണയ സിനിമകളുടെ മോള്‍ഡിലേക്ക് ഒതുങ്ങുന്നതല്ല ഒബ്സഷന്‍.

പ്രണയത്തെ ഭീകരതയുമായി ഇഴചേര്‍ത്ത മറ്റൊരു സിനിമയായിരുന്നു 2017ല്‍ റിലീസ് ചെയ്ത "ഗെറ്റ് ഔട്ട്". 2021 ഏപ്രില്‍ മാസം പ്രസിദ്ധീകരിച്ച അസ്സീസി മാസികയില്‍ "കറുപ്പിന്‍റെ രാഷ്ടീയം സിനിമയില്‍ തീര്‍ത്ത പൊള്ളലുകള്‍" എന്ന തലക്കെട്ടില്‍ അജി ജോര്‍ജ് ഗെറ്റ് ഔട്ടിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഗെറ്റ് ഔട്ട് പറയുന്ന കഥയിലെ ഭീകരത സൃഷ്ടിക്കപ്പെട്ടത് വംശീയതയുമായി കൂട്ടിയിണക്കിയായിരുന്നു. എന്നാല്‍ ഒബ്സഷനില്‍ പ്രണയത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കുന്നില്ല. എന്നാല്‍ സ്വാദിഷ്ടമായ ഒരു വിഭവമെന്നപോലെ ആസ്വാദകനെ ഒബ്സഷനില്‍ കുരുക്കിയിടാന്‍ സംവിധായകന്‍ കറി ബാര്‍ക്കര്‍ ഒന്നും കരുതിവച്ചിട്ടില്ല. മറിച്ച് രക്തം കിനിഞ്ഞിറങ്ങുന്ന ബാര്‍ക്കറിന്‍റെ ഫ്രെയിമുകള്‍ പ്രണയത്തിന്‍റെ ഏറ്റവും വികലമായ ഭാവങ്ങളിലേയ്ക്കാണ് കാഴ്ചക്കാരനെ കൂട്ടികൊണ്ടുപോകുന്നത്. ഇവര്‍ ഒന്നു പിരിഞ്ഞിരുന്നെങ്കില്‍ എന്ന് കഴ്ചക്കാരനാഗ്രഹിച്ചു പോകും വിധത്തിലുള്ള ഫ്രെയിമുകളിലേയ്ക്ക്.
പ്രണയസിനിമയായതുകൊണ്ട് തന്നെ ഇതിവൃത്തം ബിയറും, നിക്കിയും തമ്മിലുള്ള അനുരാഗമെന്ന ഒറ്റവരിയില്‍ അവസാനിപ്പിക്കാം. 'വണ്‍ വിഷ് വില്ലോ' ഉപയോഗിച്ചു ഒരാള്‍ക്ക് തങ്ങളുടെ ഒരു ആഗ്രഹം സാധിക്കാമെന്നതാണ് വിശ്വാസം. അവന്‍ അത് ഉപയോഗിച്ച് നിക്കി തന്നെ ഈ ലോകത്ത് മറ്റാരെക്കാളും അധികമായി സ്നേഹിക്കണമെന്ന ആഗ്രഹം സാധിക്കാന്‍ ശ്രമിച്ചു. അവിടെനിന്നുമാണ് ഒബ്സഷന്‍റെ കഥ ആരംഭിക്കുന്നത്. വണ്‍ വിഷ് വില്ലോ അവന്‍റെ അഗ്രഹം സഫലമാക്കി. നിക്കി ബിയറിനെ പ്രണയിച്ചു തുടങ്ങി. അതും അവന്‍റെ ഒപ്പം താമസം ആരംഭിച്ചുകൊണ്ട്. പിന്നീടങ്ങോട്ട് നിക്കിയുടെ പെരുമാറ്റം അങ്ങേയറ്റം വിചിത്രമായി മാറുന്നു. സ്നേഹത്തിന്‍റെ കണികപോലും കാഴ്ചക്കാരനില്‍ അനുഭവിപ്പിക്കാതെ ഭ്രമാത്മകമായ അസ്കതിയുടെ ഭീതിയില്‍ ആസ്വാദകനെയും ബിയറിനെയും നിക്കി തളച്ചിടും. ഒരാള്‍ അയാളുടെ മുഴുവന്‍ ഊര്‍ജ്ജവും മറ്റൊരാളെ പ്രണയിക്കാന്‍ മാത്രമായി മാറ്റിവയ്ക്കുമ്പോള്‍ എത്തപ്പെടുന്ന അവസ്ഥകള്‍ ഇതിനുമുന്‍പ് പല സിനിമകളിലും വന്നിട്ടുണ്ടെങ്കിലും അതിന്‍റെ ഏറ്റവും ഭ്രാന്തമായ രൂപം ഒബ്സഷനുമുമ്പ് ഏതെങ്കിലും സിനിമയില്‍ വന്നിട്ടുണ്ടോയെന്നത് സംശയമാണ്. ഉന്മാദിയായി ആ പ്രണയിനി തന്‍റെ കാമുകനു ചുറ്റുമുള്ള മുഴുവന്‍ അളുകളുടേയും പ്രാണനപഹരിച്ചാണ് അവന്‍റേത് മാത്രമായി മാറാന്‍ ശ്രമിക്കുന്നത്. ഏറ്റവും ഒടുവിലായി നിക്കി തന്‍റെ ഉന്മാദവസ്ഥയില്‍ നിന്നും വെളിയില്‍ വരുമ്പോള്‍ കഥയിലെ പ്രധാന കഥാപാത്രങ്ങള്‍ക്കെല്ലാം ജീവന്‍ നഷ്ടമാകും.
ഒരു മകള്‍, സുഹൃത്ത് ഒക്കെയായിരുന്ന നിക്കി, ബിയറിന്‍റെ ആഗ്രഹപ്രകാരം അവന്‍റെ ലോകത്ത് മാത്രമായി ജീവിക്കാനാഗ്രഹിച്ചതില്‍ നിന്നാണ് എല്ലാം തുടങ്ങുന്നത്. അതിമനോഹരമായ ഒരു വികാരം ഭീകരതയുടെ മുഖംമൂടി അണിയുന്നത് അത്രമേല്‍ സ്വാര്‍ത്ഥമായ ചിന്തയില്‍ നിന്നാണ്. ഹോളിവുഡിന് പ്രണയത്തെക്കുറിച്ചെന്തെങ്കിലും പറയാന്‍ ബാക്കിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് കറി ബാര്‍ക്കര്‍ ഉത്തരം നല്‍കുമ്പോള്‍ പ്രേക്ഷകര്‍ക്കും ചില അറിവുകള്‍ ഒബ്സഷന്‍ എറിഞ്ഞുതരുന്നുണ്ട്. അപര വ്യക്തിത്വം റദ്ദ് ചെയ്യപ്പെടുന്ന അവസ്ഥകള്‍, അതിനു പ്രേരിപ്പിക്കുപന്ന വ്യക്തികള്‍ അപരന്‍റെ ജീവിതം എത്രത്തോളം ദുസഹമാക്കുന്നു എന്ന് ഇതിലും മനോഹരമായും, ലളിമായും പറയാന്‍ പറ്റില്ല.
2020 ല്‍ റിലീസ് ചെയ്ത സെക്സ് എജ്യൂക്കേഷന്‍ സീസണ്‍ ടു, 2025 ല്‍ റിലീസ് ചെയ്ത അഡോളസന്‍സ് എന്നീ രണ്ട് വെബ് സീരീസും ഒബ്സഷനോട് കൂട്ടിവായിക്കാവുന്ന പ്രമേയങ്ങള്‍ കാഴ്ചക്കാര്‍ക്ക് നല്‍കിയ കലാ സൃഷ്ടികളാണ്. സെക്സ് എജ്യൂക്കേഷന്‍ എന്ന സീരീസില്‍ ഓട്ടിസ് റൂബിയുടെ പ്രണയം നിഷേധിക്കുന്ന രംഗം പരക്കെ പ്രശംസയേറ്റുവാങ്ങിയതാണ്. പ്രണയത്തിലാകുന്നതിലും മനോഹരമായി ചിത്രീകരിക്കപ്പെട്ട ആ ഫ്രെയിമുകള്‍ സര്‍ഗ്ഗാത്മകതയ്ക്കപ്പുറം ജീവിത പാഠങ്ങള്‍ക്കൂടിയാണ്. അഡോളസന്‍സ് എന്ന സീരിസിന്‍റെ മുഴുവന്‍ പ്രമേയവും കാലത്തിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കും. ഈ രണ്ട് കലാ സൃഷ്ടികളിലും കഥപറയാന്‍ പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ പ്രമേയമാക്കിയപ്പോള്‍ ഒബ്സഷന്‍ ഒരു സാങ്കല്‍പിക ലോകം സൃഷ്ടിച്ചാണ് കഥപറഞ്ഞത്. ഇത്രയും ഗൗരവമേറിയ ഒരു പ്രമേയത്തെ അവതരിപ്പിക്കാന്‍ ജീവിതഗന്ധിയായ ഒരു കഥ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കാഞ്ഞത് സംവിധാകന്‍റെ വീഴ്ചയാണെന്ന് ഒരു വിഭാഗം നിരൂപകര്‍ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ റിലീസ് ചെയ്ത റീലുകളില്‍ ഇല്ലാതിരുന്ന ബലാത്സംഗം രംഗം മറ്റൊരു നിരൂപകശരമേറ്റുവാങ്ങിയ രംഗമായിരുന്നു.
കുറവുകള്‍ എത്രക നിരത്തിയാലും ഒബ്സഷന്‍ മുന്നോട്ടുവച്ച പ്രമേയം കാലാതീതമാണ്. അതിന്‍റെ പ്രാധാന്യം ഒരു തരത്തിലും ചെറുതല്ല. സംവിധാകര്‍ രണ്ട് തരമുണ്ടെന്നാണ് പറയപ്പെടുന്നത്. സാധാരണ മനുഷ്യജീവിതങ്ങളെ അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ കഥപറയുന്നവരാണ് ഒന്നാമത്തെ വിഭാഗത്തില്‍പ്പെട്ടവര്‍. രണ്ടാമത്തെ വിഭാഗത്തില്‍പെട്ടവരാകട്ടെ തങ്ങളുടെ സിനിമയില്‍ അവര്‍ തങ്ങളുടേതായ ഒരു ലോകം സൃഷ്ടിക്കുകയും അതിലൂടെ കഥപറയുന്നവരുമാണ്. ഇവരില്‍ മികച്ചവരാരാണെന്ന ചോദ്യത്തില്‍ കഴമ്പില്ല. ഇരു കൂട്ടരിലും സര്‍ഗാത്മകതയെ ആത്മാവിഷ്ക്കാരത്തിനപ്പുറം ഉപയോഗിക്കുന്നവരുണ്ട്. ഇത്തരം അതികായകരിലേയ്ക്കുള്ള വളര്‍ച്ചയിലാണ് സംവിധായകന്‍ കറി ബാര്‍ക്കര്‍ എന്ന് നിശംസയം പറയാം. ബിയറായി വേഷമിട്ട മൈക്കിളും, നിക്കിയായി വേഷമിട്ട ഇന്‍ഡിയും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. അതില്‍തന്നെ നിക്കി ഫ്രെയിമുകളില്‍ നിറഞ്ഞുനിന്നു. വീഴ്ചകളും കുറവുകളും ഏറെ നിരത്താനുണ്ടാവും. പക്ഷേ സര്‍ഗ്ഗാത്മകതയ്ക്ക് അപ്പുറം ഒരു കലാ സൃഷ്ടിയ്ക്ക് എന്താണോ ചെയ്യാനുള്ളത് അത് ഒബ്സഷന്‍ പരിപൂര്‍ണ്ണമായി നിര്‍വ്വഹിച്ചിട്ടുണ്ട് എന്നത് അവിതര്‍ക്കമായ കാര്യമാണ്. 'സാങ്കല്‍പ്പിക'മായ 'വണ്‍ വിഷ് വില്ലോ' സംവിധായകന്‍ കറി ബാര്‍ക്കറുടെയും ആഗ്രഹം സഫലമാക്കിയതിന്‍റെ തെളിവാണ് സിനിമയ്ക്ക് ലഭിച്ച മിന്നുന്ന വിജയം.
അതിഭീകര പ്രണയം
വിനീത് ജോണ്‍
അസ്സീസി മാസിക, സെപ്റ്റംബർ, 2026



















































































































