top of page

മരമുല്ല

Writer:  റോയി കാരയ്ക്കാട്ട്  കപ്പൂച്ചിൻ
റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ
Sep 8
1 min read

നാടന്‍ മരമുല്ലയെക്കുറിച്ചുള്ള നല്ല കാര്യങ്ങള്‍ സുഹൃത്ത് ബ്രദര്‍ ജൂണിപ്പറിനോട് പറഞ്ഞു. ആശ്രമത്തിന്‍റെ മുറ്റത്ത് നിരനിരയായി നിശ്ചിത അകലത്തില്‍ നട്ടാല്‍, വളര്‍ന്ന് തണലും സുഗന്ധവും കൊണ്ട് ഐശ്വര്യമാകുമത്രെ.


ബ്രദര്‍ ജൂണിപ്പര്‍ വേറൊരു സുഹൃത്തുമായി നാട്ടിലെ പേരുകേട്ട നഴ്സറിയില്‍ ചെന്നു. പക്ഷേ, അവിടെ നാടന്‍ മരമുല്ലയില്ല. മറുനാടന്‍ ഹൈബ്രിഡ് മാത്രം. നാടന്‍റെ ഗുണഗണങ്ങള്‍ ബ്രദര്‍ അവതരിപ്പിച്ചപ്പോള്‍ ഹൈബ്രിഡ് മരമുല്ലയുടെ മാഹാത്മ്യത്തെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപിന്‍റെ യുദ്ധവീര്യത്തോടെയാണ് നഴ്സറിക്കാരന്‍ സംസാരിച്ചത്.


ഏത് കാലാവസ്ഥയിലും പിടിച്ചു നില്‍ക്കാനും, കീടങ്ങളെ ചെറുക്കാനുമൊക്കെയുള്ള നാടന്‍ മരമുല്ലയുടെ കഴിവുകള്‍, മറുനാടന്‍ ഹൈബ്രിഡിന്‍റെ പെട്ടെന്നുള്ള വളര്‍ച്ചയിലും, പൂവിടാനുള്ള വേഗത്തിലും പെട്ട് പിടഞ്ഞു.


'എന്തു ചെയ്യാനാ... മനുഷ്യര്‍ക്കിപ്പോ വേണ്ടത്, കരുത്തിലും ബലത്തിലും ജനിക്കുന്നവയല്ല. പെട്ടെന്നുള്ള ജന്മഫലങ്ങളെയാണ്... നാട്ടിലെ നല്ല മണ്ണ് പാഴ്മണ്ണ്...' ബ്രദര്‍ മനസ്സില്‍ ദുഃഖിച്ചു.


നഴ്സറിക്കാരന്‍ ചോദിച്ചു: 'വേണോ വേണ്ടയോ..?'


നാടന്‍ മരമുല്ലയെക്കുറിച്ച് ബ്രദറില്‍ നിന്ന് കേട്ട് മോഹിച്ച് 140 കിലോമീറ്റര്‍ വണ്ടിയോടിച്ച് വന്ന സുഹൃത്തപ്പോള്‍ ഹൈബ്രിഡിന്‍റെ മോഹലാവണ്യത്തെ തഴുകി നില്‍ക്കുന്നു. ബ്രദറിന്‍റെ പിടിമുഴുവനും വിട്ടു.


ഗത്യന്തരമില്ലാതെ ബ്രദര്‍: 'എന്നാ മറുനാട്ടിന്നുള്ള ഹൈബ്രിഡ് തന്നെ...'


ബില്ല് തീര്‍ക്കുമ്പോള്‍ അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു: 'ബ്രദര്‍ പറഞ്ഞതൊക്കെ ശരിയാ. പക്ഷേ, നിങ്ങളെപ്പോലുള്ള ഒരാള്‍ക്ക് വേണ്ടി നാടനുമായിരുന്നാല്‍ നഴ്സറി മുന്നോട്ട് പോവില്ല.'


ബ്രദര്‍ ഉള്ളില്‍ പറഞ്ഞു: 'വെറും നാടനായാല്‍ മറുനാടന്‍ കാലത്തെ തൂക്കും.'


അതിമിടുക്ക്! അയാള്‍ ദൈവത്തോട് പറഞ്ഞു: 'ചിലപ്പോള്‍ എനിക്ക് തോന്നും ഞാന്‍ നിന്നെക്കാള്‍ മിടുക്കനെന്ന്...'


'അതെ, എനിക്കും അങ്ങനെ തോന്നാറുണ്ട്.' ദൈവം മറുപടി പറഞ്ഞു.


അയാളപ്പോള്‍ ചോദിച്ചു: 'എന്നാ സ്വര്‍ഗ്ഗത്തിലെ കസേര എനിക്കല്ലേ കൂടുതല്‍ ഇണങ്ങുക... ?'


ദൈവം പറഞ്ഞു: 'അല്ല.'


മനുഷ്യന്‍: 'എന്തുകൊണ്ടല്ല?'


ദൈവം: 'നിന്‍റെ മിടുക്ക് സ്വര്‍ഗ്ഗത്തിനും മേലെയാണ്.'

bottom of page