മൗനം മരണമാവുന്നു..!


ദൂരത്ത് നിന്ന് കാണാനെത്തിയതായിരുന്നു സുഹൃത്ത്.
'സാമൂഹ്യനീതിയെക്കുറിച്ചുള്ള ഒരു ക്യാമ്പസ് സംവാദത്തിൽ പങ്കെടുത്ത് തെല്ല് വൈകിയാണ് ഞങ്ങൾ മടങ്ങിയെത്തിയത്. കാത്തിരിപ്പിന്റെ മുഷിച്ചിലോടെ, അതിലേറെ പരിഹാസത്തോടെയവൻ ചോദിച്ചു.
"നിങ്ങൾക്കീ ചിലയ്ക്കലുകൾ മതിയാക്കാറായില്ലേ...?"
അപ്രതീക്ഷിതമായിരുന്നു ആക്രമണം. അതുകൊണ്ടുതന്നെ വല്ലാതെ ചെറുതാക്കപ്പെട്ടുവെന്നൊരു തോന്നൽ. അർത്ഥമില്ലാത്ത പുലമ്പലുകളാണല്ലോ ചിലയ്ക്കലുകൾ, ആരും കാതോർക്കാൻ പാടില്ലാത്ത വിൺവാക്കുകൾ.
പിന്നീട് ഗുരുതുല്യനായ ഒരാളോടിത് പങ്കുവെച്ചപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ : 'നിങ്ങൾക്കറിയുമോ, കാടിന് തീപിടിക്കുമ്പോളാദ്യമതറിയുക കാട്ടിലെ ചെറുകിളികളാണ്; കരിയിലക്കിളികളും വണ്ണാത്തിപ്പുള്ളുകളുമൊക്കെ. അപ്പോൾ കാടിനെയറിയാത്തവർ തങ്ങളിൽ തങ്ങളിൽ പറഞ്ഞുതുടങ്ങുന്നു, എന്തൊരു ഭ്രാന്തൻ പക്ഷികൾ വെറുതെയിങ്ങനെ.....
കാടിനെയറിയാവുന്ന ഒരാളപ്പോൾ ഇങ്ങനെ പറയും : ഈ ചിലയ്ക്കൽ ഒരു ദുരന്തസൂചനയാണ്. ദൂരെയെവിടെയോ ഈ വൃക്ഷങ്ങളുടെ ഹരിതസാന്ദ്രതയിലൊരു കനൽ വീണിട്ടുണ്ട്. കാടിനും കൂടിനും ഒരു ചിതയൊരുങ്ങുന്നുണ്ട്. ഈ കനൽ ആളിപ്പടർന്നേക്കും.
നിങ്ങൾ സന്യാസികളല്ലേ? ജീവിതത്തെ വെറുക്കുന്നതുകൊണ്ടല്ലല്ലോ നിങ്ങളീ വഴികളിലെത്തിയത്. ജീവിതത്തിന്റെ ഓരോ ഫൈബറിനെയും നിങ്ങൾ സ്നേഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് മിണ്ടാതിരിക്കാനാവില്ല. സംസാരിക്കുക! സംസാരിക്കാതിരിക്കുകയെന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പാപം തന്നെയാവുന്നു.
* * *
ക്ലാസിലധ്യാപകൻ, മൗനം സമം.....
കുട്ടികൾ സംഘഗാനത്തിന്റെ താളത്തോടെ പറയുന്നു. സമ്മതം! മൗനം സമ്മതമാണെന്ന് ആരാണ് പറഞ്ഞുവെച്ചത്? ചരിത്രപുസ്തകത്തിലെ അടിമകളുടെ മൗനം സമ്മതമായിരുന്നോ? പെരുവിരലാവശ്യപ്പെട്ട ഗുരുവിന്റെ മുമ്പിൽ ഏകലവ്യൻ ഒന്നുമുരിയാടാതെ നിന്നതും സമ്മതമായിരുന്നോ....
ഇല്ല ചങ്ങാതി, ഇല്ല. മൗനം സമ്മതമാണെന്നാരോ നമ്മളെ തെറ്റിദ്ധരിപ്പിച്ചതാണ്. മൗനം പ്രതിഷേധിക്കുവാൻ ഭയപ്പെടുന്നവന്റെ പ്രതിഷേധമാണ്.
ലളിതമാനസർക്ക് വേണ്ടിയീ പൈങ്കിളിക്കഥ. നാട്ടിൻപുറത്തെ ഒരു പെണ്ണുകാണൽ. കാലിച്ചന്തയിലെത്തുന്നവന്റെ കച്ചവടക്കണ്ണുമായി ഒരുവൻ. ചോദിക്കുന്നത് പഴയ മണ്ടൻ ചോദ്യങ്ങൾ. മേരിക്കുട്ടിയുടെ പേരെന്താണ് തുടങ്ങിയ.... ഒരു നിമിഷം കൊണ്ടവളവനെ അളന്നു. അല്ലയിതല്ലയെന്റെ സ്വപ്നത്തിലെ പുരുഷൻ. ഒടുവിൽ വിരുന്നുകാർ മടങ്ങുമ്പോൾ, എല്ലാവരും മേശയ്ക്കു ചുറ്റുമൊരുമിച്ച് കൂടുമ്പോൾ കാരണവർ ചോദിക്കുന്നു.
“നിനക്കവനെ ഇഷ്ടമായോ?”
ഇല്ലെയില്ലെന്ന് നൂറുവട്ടം വിളിച്ചുപറയണമെന്നുണ്ട്. അവളുടെ സഖിക്ക്, അനുജത്തിക്ക്, അമ്മയ്ക്ക് ഒക്കെയറിയാം ഇതല്ലയവളുടെ മനസ്സിലെ പുരുഷനെന്ന്....
എന്നിട്ടും ആരോ പറയുന്നു, കണ്ടില്ലേയവളുടെ മൗനം, മൗനമെന്നാൽ.... പിന്നെയുയരുന്ന കൂട്ടച്ചിരി.
അനന്തരം, അവൾ പത്രത്തിലെ ഒരു ചെറിയ കോളം വാർത്തയായി മാറുന്നു. സ്റ്റൗവ പൊട്ടി നവവധു മരിച്ചു! സ്റ്റൗവ് കൊണ്ട് കഞ്ഞി തിളപ്പിക്കുക മാത്രമല്ല, തെളിവില്ലാതെ ഭാര്യയെ തുടച്ചുമാറ്റാമെന്നും കണ്ടുപിടിച്ച ജീനിയസ്സിന് നമോവാകം!
ഗുണപാഠം വ്യക്തമാണ് സർ, മൗനം മരണത്തിലേക്കോ, ആത്മഹത്യയിലേക്കോ ഉള്ള വഴിയാകുന്നു....
* * *
എന്റെ യുവസുഹൃത്തേ, നിന്റെ മൗനമെന്നെ ഭയപ്പെടുത്തുന്നു. നീയേന്തെയൊന്നും മിണ്ടാത്തേ.... നിസ്സംഗതയോ, അതോ ഭീതിനിറഞ്ഞ പ്രതിഷേധമോ?
കഴിഞ്ഞ ദിവസം വായിച്ചൊരു പുസ്തകത്തിൽ നമ്മുടെ യൗവനത്തെ ഒരു ചിന്തകൻ വിശേഷിപ്പിച്ചിരിക്കുന്നത്, 'ഫ്രോസൺ ജനറേഷനെന്ന്' - തണുത്തുറഞ്ഞുപോയതെന്ന്.
നിന്റെ മൗനം തന്നെയാണീ ശീതീകരണത്തിന്റെ മുഖമുദ്ര. തണുപ്പും മരണമാണ്... വിരലിന്റെ തുമ്പിലൂടെ അരിച്ചുകയറുന്ന തണുപ്പാണല്ലോ മരണം. ഈ തണുപ്പിൽനിന്നൊന്ന് കുതറി, ജാഗ്രതാപൂർവമിരുന്ന് കനലുകളുള്ളൊരു വാക്കോതാൻ നിനക്ക് കഴിഞ്ഞിരുന്നുവെങ്കിൽ....
നിങ്ങളുടെ പാതയോരത്തെ വൃക്ഷത്തിനു ചുറ്റും മഴുവേന്തിയ നിഷാദന്മാർ അണിനിരക്കുമ്പോൾ, നിങ്ങളുടെ പിൻസീറ്റിലിരിക്കുന്ന മനുഷ്യൻ ആദ്യം ഭീതിയോടും പിന്നെ ധൈര്യത്തോടും നിങ്ങളുടെ പിൻ കഴുത്തിൽ ചിത്രം വരയ്ക്കുമ്പോഴെങ്കിലും പാടില്ലായെന്നൊരു വാക്കെങ്കിലും പറയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെയെന്തിന് നമ്മുടെയീ യൗവനങ്ങൾ.....
* * *
ഓർമ്മിക്കുക, (ലളിതമായ ചരിത്രവത്കരണമെന്ന് പറയരുതേ....) ഭൂമിയിലെ എല്ലാത്തരം പടയോട്ടങ്ങൾക്കും അടിമത്തങ്ങൾക്കും അശാന്തിക്കും ഒരേയൊരു വിശദീകരണമേയുള്ളു. ആരുടെയൊക്കെയോ മൗനം!
കൗരവസദസ്സിൽ അപമാനിതയായ പാഞ്ചാലി കേണതുപോലെ, “പിതൃതുല്യരെ, ഗുരുക്കളെ എല്ലാമറിഞ്ഞിട്ടും നിങ്ങളെന്തേ ശിലപോലെ മിണ്ടാതെയിങ്ങനെ.....”
പിതൃതുല്യരായവർ, എല്ലാമറിയുന്ന ഗുരുക്കൾ മിണ്ടാതെയിരിക്കുമ്പോൾ ചെറുകിളികളെ നിങ്ങളെങ്കിലും ചിലച്ചുതുടങ്ങുക..... മറ്റാർക്കോ വേണ്ടി, ഈ ഭൂമിക്കുവേണ്ടി. എല്ലാവരും ഭയപ്പെടുന്നത് നമ്മുടെ നാവിനെയാണ്.
അതുകൊണ്ടാണല്ലോ കുട്ടിക്കാലത്തെ ഞങ്ങളുടെ നോട്ടുബുക്കുകളിൽ അന്നത്തെ പ്രധാനമന്ത്രി 'നാവടക്കൂ പണിയെടുക്കൂ'വെന്ന് എഴുതിത്തന്നത്.
രാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞ ആ പഴയ കുട്ടിക്ക് രാജാവ് വലിയ ഗൗരവമുള്ള ശിക്ഷയൊന്നും നൽകിയില്ല. അവന്റെ നാവുമാത്രമൊന്ന് പിഴുതെടുത്തു. പിന്നീടവനെ മന്ത്രിയാക്കുകയുകയും ചെയ്തു.
നട്ടെല്ലു വേണം സർ, ഇല്ലെങ്കിൽ മരിച്ചവനും ഞാനും തമ്മിലെവിടെയാണൊരു അതിർരേഖ.....?
* * *
'വാക്ക് കിളിയാണെന്ന്' തുടങ്ങുന്ന കമലദാസിന്റെ ഒരു കവിതയുണ്ട്. അതിനനുബന്ധമായിത്. ഒരു കൂട്ടിൽനിന്ന് മറു കൂട് തേടി ചിറകടിച്ചുയരുന്ന കിളി.
ചിലർ മനസ്സിന്റെ ജാലകങ്ങൾ തുറന്നുതരുന്നു. വാക്കിന്റെ പക്ഷി അവരുടെയുള്ളിലിരുന്ന് കുറുകുന്നു. മറ്റാരോ ജാലകങ്ങൾ കൊട്ടിയടയ്ക്കുന്നു. അപ്പോളടച്ചിട്ട പാളികൾക്ക് പുറത്ത് വാക്ക് ചിറകടിച്ചാർത്തു വിളിക്കുന്നു.
ഒരു വാക്കും വെറുതെയാവുന്നില്ല. അതാരെയോ സഹജബോധങ്ങളിലേക്ക് തിരികെ വിളിക്കുന്നുണ്ട്....
ട്രെയിനിലടുത്തിരുന്ന് ഉറക്കം തൂങ്ങുന്ന സഹയാത്രികനെ ദിനപത്രം കൊണ്ട് ഞാൻ കൊട്ടിവിളിക്കുന്നു.
"ഈ റെയിൽവേ ബജറ്റ് കണ്ടോ. പാവപ്പെട്ടവന്റെ ലളിതമായ സ്വപ്നങ്ങളിലേക്കാണീ ട്രെയിൻ പാളം തെറ്റിയോടുന്നത്....."
ഒരു പക്ഷേ അയാൾ വീണ്ടും മയക്കത്തിലേക്ക് വഴുതി വീണേക്കാം. സാരമില്ല.
ഒരു യാത്രയോ, ഒരു സ്നേഹമോ, ഒരു വാക്കോ - ഒന്നും ഭൂമിയിൽ പാഴാവില്ലല്ലോ.... നമുക്ക് സംസാരിച്ചു തുടങ്ങാം. നമ്മുടെ മനസ്സിലുള്ളതുപോലെ വാക്കിലും ഒരു കനൽ സൂക്ഷിക്കുക.... നമ്മൾ സഹോദരന്റെ കാവൽക്കാർ!
മൗനം മരണമാവുന്നു..!
ബോബി ജോസ് കട്ടികാട്
അസ്സീസി മാസിക, ജനുവരി 1997

















































































































