top of page

രാഖി

ഹാരിസ് കപ്പൂച്ചിന്‍
Jul 13
2 min read
two women in a cycle ricksha

ജലന്ധറില്‍ ഒരു വേനല്‍ അതിന്‍റെ എല്ലാ പ്രാഭവത്തിലും കത്തി നില്‍ക്കുകയായിരുന്നു. വേനല്‍ എന്ന് പറഞ്ഞാല്‍ മഴ തീണ്ടാത്ത ഒരു ജൂണ്‍ മാസക്കാലം. ശരാശരി 49 ഡിഗ്രി ചൂടെങ്കിലും കാണും. പൊന്നണിഞ്ഞ ഗോതമ്പ് കതിരുകളുടെ കൊയ്ത്തിന് ശേഷം വെള്ളം തുറന്നുവിട്ട പാടങ്ങള്‍ നാട്ടിലെ കായലുകളെപ്പോലെ തോന്നിപ്പിച്ചു. ഉച്ചക്കത്തെ ചൂട് സഹിക്കാന്‍ വയ്യാതെ ഞാന്‍ പുറത്ത് കൂടെ നടക്കുമ്പോള്‍ ജനലിനരികിലേക്ക് ഒരു കല്ല് വീഴുന്ന ശബ്ദം കേട്ടു. ആ വശത്തേക്ക് നോക്കിയപ്പോള്‍ വീണ്ടുമതാ കല്ലിനു പകരം ഒരു മരക്കഷണം മുകളിലേക്ക് ഉയര്‍ന്ന് പൊങ്ങുന്നു. ആശ്രമ വളിപ്പിലെ എണ്ണിയാല്‍ തീരാത്ത മാങ്ങകള്‍ പഴുത്ത് നില്‍ക്കുന്ന മാവിന്‍ ചുവട്ടില്‍ ഒരു നാടോടി പെണ്‍കൊച്ച് ഇരുപതടി ഉയരത്തിലുള്ള മാങ്ങ നിലത്തെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നെ കണ്ടതും അവള്‍ കൂടെ കരുതിയ പ്ലാസ്റ്റിക്ക് പാത്രവും എടുത്ത് കൊണ്ട് വീട്ടിലേക്ക് ഓടി. വീട് എന്‍ എച്ചിന്‍റെ അപ്പുറത്താണ്. നാഷണല്‍ ഹൈവേയിലൂടെ നൂറു കിലോമീറ്ററിലധികം സ്പീഡില്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ പ്ലാസ്റ്റിക് കുടവുമായി അവള്‍ പെട്ടെന്ന് അപ്രത്യക്ഷയായി.


കണ്ണിന്‍റെ കൗതുകം പിടിച്ചുപറ്റിയ ആ പെണ്‍കുഞ്ഞിന്‍റെ ഭവനം ലളിതമായിരുന്നു. 4 മുളയെ ചുറ്റിയ ഇലകള്‍ കൊണ്ടുള്ള ആ ഭവനത്തിനോട് ചേര്‍ന്ന് പാവകള്‍ വില്‍ക്കുന്ന ജോലിയായിരുന്നു ആ കുടുംബത്തിന്‍റേത്. വെയിലടിച്ചു മങ്ങിയ തവിട്ട് നിറക്കാരിയുടെ മുഖം വീണ്ടും ഞാന്‍ ശ്രദ്ധിച്ചു. വാഹനങ്ങള്‍ ടെഡി ബെയര്‍ വാങ്ങിക്കാന്‍ വേണ്ടി വേഗത കുറച്ചപ്പോഴെല്ലാം അവളുടെ മുഖം നിലാവ് പൊഴിച്ചു.


പിന്നീടൊരിക്കല്‍ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാഴ്ച കാണാനിടയായി. ജലന്ദറിന് അടുത്തുള്ള ഒരു ട്രാഫിക്കില്‍ വച്ച്, ഉന്തുവണ്ടി ഘടിപ്പിച്ച ഒരു സൈക്കിള്‍ ചവിട്ടി പോവുന്ന അവളെ കണ്ടു. അവള്‍ ഒറ്റയ്ക്കായിരുന്നില്ല. അനിയത്തിക്ക് മുല കൊടുത്തുകൊണ്ട് അവളുടെ അമ്മയും ആ ഉന്തുവണ്ടിയുടെ പിന്നില്‍ ഇരിപ്പുണ്ടായിരുന്നു. ആ കാഴ്ച ശ്രദ്ധിക്കുന്ന മറ്റാരെങ്കിലുമുണ്ടോ എന്നറിയാന്‍ ഞാന്‍ ചുറ്റും നോക്കി. ആരും ഒന്നും മൈന്‍ഡ് ചെയ്യുന്നുണ്ടായിരുന്നില്ല. നഗരത്തിന്‍റെ തിരക്കുകളില്‍ വീര്‍പ്പുമുട്ടി കഴിയുന്നവര്‍ക്ക് ആ ബാലികയെ നോക്കേണ്ട ബാധ്യതയില്ല.


കോഴി വാങ്ങിക്കാന്‍ വേണ്ടിയുള്ള തത്രപ്പാടില്‍ ഞാന്‍ വേഗം കടയിലെത്തി. ആ കടയിലേക്ക് തന്നെ അവളും വന്നു. കടയുടെ മുന്നില്‍ സ്ഥാനം പിടിച്ചവര്‍ക്കൊപ്പം ആ കുട്ടി ഒരു ചുക്കി ചുളിഞ്ഞ പ്ലാസ്റ്റിക് കവറുമായി ക്ഷമാപൂര്‍വ്വം നിന്നു. അമ്മയെയും അനുജനെയും ഒറ്റയ്ക്ക് സൈക്കിള്‍ ചവിട്ടി കൊണ്ടു വന്നതിന്‍റെ സന്തോഷം മൂലമാണോ എന്നറിയില്ല , തീനാവുകള്‍ പോലത്തെ അവളുടെ കണ്ണുകളില്‍ ആത്മവിശ്വാസം കളിയാടി. പക്ഷേ പെട്ടെന്ന് കോഴി കടക്കാരന്‍റെ ഒച്ച മുഴങ്ങി:


'അങ്ങോട്ട് മാറി നില്‍ക്കെടീ വേസ്റ്റ് വരുമ്പോള്‍ ഞാന്‍ പറയാം'


എന്നെപ്പോലെ നാലു കിലോ കോഴി വാങ്ങിക്കാന്‍ വന്നതായിരുന്നില്ല അവള്‍. നമ്മുടെ നാട്ടില്‍ ആരും മൈന്‍ഡ് ചെയ്യാത്ത കോഴിയുടെ വിരലുകളും, ചിറകുകളും കുടലും എടുക്കാന്‍ വേണ്ടിയായിരുന്നു അവള്‍ വന്നത്. അതിനും 20 രൂപ കൊടുക്കണം. ഞാന്‍ ചുമ്മാ കോഴിക്കടകാരുടെ അടുത്ത് ചോദിച്ചു:


'ചേട്ടാ ഇതുകൊണ്ട് എന്ത് ചെയ്യാന്‍ പറ്റും?'


'സൂപ്പ് ബനാത്തെ ഹെ.'


സൂപ്പ് ഉണ്ടാക്കാന്‍ പറ്റുമത്രേ. ചിക്കന്‍റെ അളവ് കൂട്ടാന്‍ വേണ്ടി ബ്രദേഴ്സ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ട കാര്യം ഒരു പരിഹാസത്തോടെ എന്‍റെ നിനവില്‍ വന്നു. നമ്മുടെ ജീവിതം ഇത്രയൊക്കെ അര്‍ഹിക്കുന്നുണ്ടോ? എനിക്ക് കൂടുതല്‍ ഒന്നും സംസാരിക്കാന്‍ തോന്നിയില്ല. എന്‍റെ തൊണ്ടയില്‍ ഒരു കോഴിക്കാല്‍ കുടുങ്ങിയ പോലെ തോന്നി. കോഴിയുടെ കുടലും ചിറകും ഒക്കെ കവറിലാക്കി അവള്‍ വീണ്ടും അവളുടെ സൈക്കിള്‍ യജ്ഞം പുനരാരംഭിച്ചു. സൈക്കിളില്‍ കയറിയതും ചീത്ത കേട്ട് താഴ്ന്നുപോയ അവളുടെ ശിരസ്സ് വെയിലേറ്റ സൂര്യകാന്തികളെ കണക്ക് വീണ്ടും ഉയര്‍ന്നു.


കുഞ്ഞുങ്ങളെ ഒക്കെ ഏറ്റവും സുന്ദരിമാരും സുന്ദരന്മാരുമായി കണ്ടിട്ടുള്ളത് കുര്‍ബാന സ്വീകരണം പോലുള്ള വേദികളിലാണ് എന്ന എന്‍റെ വിശ്വാസത്തെ അവള്‍ തകിടം മറിച്ചു. ചെളി പിടിച്ച കീറിയ ഉടുപ്പിനകത്ത് മാലാഖമാരെ പോലെ ചിരിക്കാന്‍ സാധിക്കും. സൈക്കിളിന്‍റെ പെടലില്‍ കാലെത്തിക്കാന്‍ വേണ്ടി പാടുപെടുന്ന അവളെ അമ്മ നോക്കിയതു പോലുമില്ല. ആ സ്ത്രീയ്ക്ക് ഒരു വിശ്വാസമുണ്ട്, തന്‍റെ മകള്‍ ഭംഗിയായിട്ട് ആ സൈക്കിള്‍ ചവിട്ടും എന്ന്.


സന്ധ്യയ്ക്കു മുമ്പ് പള്ളി അടയ്ക്കാന്‍ വേണ്ടി ആശ്രമത്തിലെ ഗേറ്റിന്‍റെ അടുത്ത് എത്തിയപ്പോള്‍ ദാ നില്‍ക്കുന്നു വീണ്ടും ആ കൊച്ച്. ആശ്രമത്തിനു പുറത്ത് അനിയനെ സോപ്പില്‍ പുതപ്പിച്ച് നിര്‍ത്തിയിട്ട് വെള്ളമെടുക്കാന്‍ വേണ്ടി ഉള്ളിലേക്ക് വരികയായിരുന്നു അവള്‍. ആശ്രമത്തിന്‍റെ അകത്ത് കുളിപ്പിക്കാന്‍ സുപ്പീരിയര്‍ അച്ചന്‍റെ വിലക്ക് ഉണ്ടായിരുന്നതിനാല്‍ നമ്മുടെ മാഡം ഗേറ്റിന്‍റെ പുറത്ത് അനിയനെ ഭംഗിയായി കുളിപ്പിച്ചു. ഞാന്‍ വെറുതെ അവളുടെ പേര് ചോദിച്ചു. രാഖി ....


അധികം ഒന്നും ചോദിക്കാന്‍ തോന്നിയില്ല. അവളുടെ കാലു നിറയെ വടുക്കള്‍ ഉണ്ടായിരുന്നു. അപ്പന്‍റെ കള്ളുകുടിയുടെ അനന്തരഫലങ്ങള്‍ ....


അണ്ണാറക്കണ്ണന്മാരും കിളികളും ഭക്ഷിച്ച് തുപ്പിക്കളഞ്ഞ മാങ്ങ കൊണ്ട് ആശ്രമം നിറഞ്ഞിരുന്നു. കുട്ടികള്‍ക്ക് മാങ്ങ വീതിച്ചു കൊടുക്കാന്‍ മേലധികാരികള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എനിക്ക് അതില്‍ തെറ്റൊന്നും തോന്നിയില്ല. കാരണം ഏകദേശം 500ല്‍ പരം കൊച്ചുങ്ങള്‍ അലഞ്ഞു നടക്കുന്ന ഇടമാണ് ഞങ്ങളുടെ പള്ളി. അവര്‍ക്ക് മാങ്ങ വീതിച്ചു കൊടുക്കല്‍ പ്രായോഗികമായിരുന്നില്ല. ഞാന്‍ വേഗം പോയി കുറച്ചു മാങ്ങ പറിച്ച് രാഖി വെള്ളം എടുക്കാന്‍ വരാറുള്ള സ്ഥലത്ത് വച്ചു. സ്വാര്‍ത്ഥനായ രാക്ഷസന്‍റെ കഥ കേട്ടിട്ടില്ലേ?


വൃക്ഷങ്ങളിലേക്ക് വസന്തത്തെ തിരികെ കൊണ്ടുവരുന്നത് കുഞ്ഞുങ്ങളാണ്. രാഖിക്ക് നാളെ മാങ്ങ എടുക്കാന്‍ പറ്റണേ എന്ന് ഞാന്‍ വെറുതെ ആശിച്ചു. മറക്കാന്‍ പറ്റുന്നില്ല. എന്തൊരു സൗന്ദര്യത്തോടെയാണ് ഈ ദരിദ്രര്‍ ജീവിക്കുന്നത്. പട്ടികള്‍ നക്കി തുടച്ച അവരുടെ മുറിവുകളും, ഭണ്ഡാരത്തില്‍ വീണ അവരുടെ ചെമ്പ് തുട്ടുകളും കണ്ട് അത്ഭുതപ്പെട്ട യേശുവിനെ ഓര്‍ക്കുമ്പോള്‍ കരച്ചില്‍ വരുന്നു.


രാഖി

ബ്ര. ഹാരിസ് കപ്പൂച്ചിന്‍

അസ്സീസി മാസിക, ജൂലൈ 2026

bottom of page