top of page

പ്രസ്താവന

Writer: George Valiapadath Capuchin
George Valiapadath Capuchin
Mar 11
1 min read
Two people in biblical attire examine a bloodstained cloth with somber expressions. The background is a mix of muted gray and brown hues.

കത്തോലിക്കർക്കിടയിലെ "കുരിശിൻ്റെ വഴി" എന്ന ആത്മീയ യാത്രാ പ്രാർത്ഥനയിൽ ആറാം സ്ഥലത്ത് കണ്ടുമുട്ടുന്ന ഒരു സ്ത്രീയാണ് വെറോണിക്ക. (വെറോണിക്കയെക്കുറിച്ച് കഴിഞ്ഞ വർഷം എഴുതിയിരുന്നു. )


വെറോണിക്കയെക്കുറിച്ച് സുവിശേഷങ്ങളിൽ പരാമർശമില്ല. എങ്കിലും ആദിമ സഭയുടെ കാലംതൊട്ടേ അങ്ങനെയൊരു പാരമ്പര്യ കഥ നിലവിലുണ്ട്. കുരിശു ചുമന്നുകൊണ്ട് യേശു കാൽവരിയിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഗ്ലാമറാെന്നും അന്ന് കുരിശിനില്ല. പല വിധ ശിക്ഷകൾ നിലവിലുള്ളതിൽ ഏറ്റവും നിന്ദ്യമായ വധശിക്ഷാ രീതിയായിരുന്നു കുരിശ്. കുറ്റവാളികളോട് അദമ്യമായ പകയും ജുഗുപ്സയും പ്രകടിപ്പിക്കുക എന്നത് എക്കാലത്തും ആൾക്കൂട്ടത്തിൻ്റെ കാപട്യമാർന്ന സദാചാര ബോധത്തിൻ്റെ പ്രകടനപരതയാണല്ലോ. അതുകൊണ്ടുതന്നെ, കുറ്റം എന്താണെന്നറിയില്ലെങ്കിലും കാണുന്നവരൊക്കെ ഒന്ന് കൈവെക്കും, അല്ലെങ്കിൽ ഒരു കല്ലോ ചീത്ത തക്കാളിയോ എടുത്ത് എറിയുകയെങ്കിലും ചെയ്യും. താൻ പരിശുദ്ധനാണ് എന്ന് കാണിക്കാനുള്ള അവസരം നമ്മളാരും നഷ്ടപ്പെടുത്തില്ല. ഒരു വൃത്തികെട്ട വാക്കെങ്കിലും തുപ്പിയില്ലെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ട് എന്താ കാര്യം? അമ്മാവന്മാരും അമ്മായിമാരും അതിൽ കുറച്ചിൽ വരുത്താറില്ല.


അത്തരം ഒരു പശ്ചാത്തലത്തിലാണ് ഒരു പെണ്ണ് ജനക്കൂട്ടത്തിൽ നിന്ന് വേറിട്ട ഒരു നിലപാട് കാട്ടുന്നത്. വെറോണിക്ക എന്നേ അവൾക്ക് പേര് വരൂ. അവളിൽ കാരുണ്യമേയുള്ളൂ. സഹാനുഭൂതിയേ ഉള്ളൂ. അവൾ തൻ്റെ തലയിലെ തട്ടം കൊണ്ട് കുരിശു ചുമക്കുന്ന കുറ്റവാളിയുടെ മുഖം തുടക്കുകയാണ്. ആ സീൻ ഒന്ന് സങ്കല്പിച്ചു നോക്കണം. സാധ്യത വച്ചുനോക്കിയാൻ, മിക്കവാറും അവൾ അവനെക്കാൾ പ്രായമുള്ള ഒരു സ്ത്രീ ആയിരുന്നിരിക്കണം. എങ്ങനെയാണ് ഒരു സ്ത്രീ തൻ്റെ ശിരോവസ്ത്രം കൊണ്ട് ഒരാണിൻ്റെ മുഖം തുടക്കുക? അടുത്തു ചെന്ന്, ഒരുകൈ കൊണ്ട് അയാളുടെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച്, തൻ്റെ മുഖം അയാളുടെ മുഖത്തോട് വളരെ ചേർത്തിട്ടാവണം തൻ്റെ ശിരോവസ്ത്രം കൊണ്ട് അയാളുടെ മുഖം തുടച്ചിട്ടുണ്ടാവുക.


നാടകം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. അപ്പോൾ എങ്ങനെയായിരിക്കും പശ്ചാത്തല സംഗീതം? കുറേപ്പേർ കൂക്കിവിളിക്കും. കുറേപ്പേർ വൃത്തികേട് പറയും. കുറേപ്പേർ കുറ്റവാളിയെ കമൻ്റടിക്കും.

സ്വാഭാവികം.


അവളാണ് പെണ്ണ്! അവളങ്ങനെ ചെയ്തതുകൊണ്ട് കുരിശു ചുമക്കുന്നയാളിന്റെ കുരിശ് മാറിപ്പോയോ?

ഇല്ല.

അയാളുടെ വധശിക്ഷ മാറിക്കിട്ടിയോ?

ഇല്ലേയില്ല.

മരണത്തിലേക്ക് തന്നെയല്ലേ വീണ്ടും അയാൾ നടക്കുന്നത്?

തീർച്ചയായും.


"ഇയാളെ എനിക്കറിയാം: ഇയാൾ ഒരു തെറ്റും ചെയ്തിട്ടില്ല. നീയൊക്കെക്കൂടി എന്തിനാണ് ഇയാളെ ഇങ്ങനെ ഇല്ലായ്മ ചെയ്യുന്നത് എന്ന് അരിയാഹാരം കഴിക്കുന്നവർക്കൊക്കെ മനസ്സിലാവും" എന്നൊന്നും അവൾ വിളിച്ചുപറഞ്ഞില്ല.


പിന്നെ എന്താണ് അവൾ ചെയ്തത്? അവളുടെ കാരുണ്യ പ്രവൃത്തി ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റ് ആയിരുന്നു.

യഥാർത്ഥ പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റ്.

രാഷ്ട്രീയം പറഞ്ഞാൽ അത് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റ് ആകണമെന്നില്ല.

കാരുണ്യം മാത്രമാണ് ശരിയായ പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റ് !

bottom of page