top of page

ഉപമയും സ്വര്‍ഗ്ഗരാജ്യവും

  • ഡോ തോമസ് സ്കറിയ
  • Jul 9
  • 6 min read
Jesus Teaching crowd from the sitting on a boat in sea

എഴുത്തില്‍ പറയപ്പെടാതെ അവശേഷിച്ച 'അവ്യക്തമായ' കാര്യങ്ങളെ അന്വേഷിക്കുകയും അവയുടെ വിപുലീകരണശേഷി (capacity for elaboration) തിരിച്ചറിയുകയും ചെയ്യുന്ന ഇറ്റാലിയന്‍ തത്ത്വചിന്തകനാണ് ജോര്‍ജിയോ അഗംബെന്‍. വിശദീകരണം ബുദ്ധിമുട്ടാണ്, എന്നാല്‍ വിമര്‍ശനം എളുപ്പമാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. പറയപ്പെടാത്ത കാര്യങ്ങളെ മറച്ചുവെക്കാതെ, അതിനെ നിരന്തരം ഏറ്റെടുത്ത് വിശദീകരിക്കുന്ന ഒരു ചിന്തയ്ക്ക് മാത്രമേ മൗലികത അവകാശപ്പെടാന്‍ കഴിയൂ. പൂര്‍ത്തിയായ ഓരോ കൃതിയിലും കണ്ടെത്താനും വികസിപ്പിക്കാനും ആവശ്യപ്പെടുന്ന, ഒരുപക്ഷേ മറ്റാരെങ്കിലും ചെയ്യേണ്ടതായ, പറയപ്പെടാതെ പോയ എന്തെങ്കിലും അടങ്ങിയിരിക്കുന്നു എന്ന് അദ്ദേഹം എഴുതി. അഗംബെന്‍റെ ചിന്തയില്‍ ക്രിസ്തുവിജ്ഞാനീയം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ലൗകികരാജ്യത്തിന്‍റെ പ്രതിപുരുഷനായ പീലാത്തോസും സ്വര്‍ഗ്ഗീയ രാജാവായ യേശുവും ഒരു സവിശേഷസ്ഥലത്ത്, യെരൂശലേമിലെ പ്രത്തോറിയത്തില്‍, പരസ്പരം അഭിമുഖമായി നില്‍ക്കുന്ന മുഹൂര്‍ത്തത്തെ മുന്‍ നിര്‍ത്തി ലോകത്തെ വിധിക്കാനല്ല, മറിച്ച് അതിനെ രക്ഷിക്കാന്‍ വന്ന യേശുവിന് വിചാരണയെ നേരിടേണ്ടതായി വന്ന സാഹചര്യത്തെ വിലയിരുത്തുന്ന ഒരു ഗ്രന്ഥം പീലാത്തോസും യേശുവും എന്ന പേരില്‍ അഗംബെന്‍ എഴുതിയിട്ടുണ്ട്. യേശു തന്‍റെ രാജ്യം ദൂരെയുള്ളതാണെന്നും അത് ഈ ലോകത്തില്‍ ഉള്ളതല്ല എന്നും പറഞ്ഞു. ആ രാജ്യത്തെ യേശു എങ്ങനെയാണ് അവതരിപ്പിച്ചതെന്നു പരിശോധിക്കുന്ന ഒരു ലേഖനം ഉപമയും സ്വര്‍ഗ്ഗരാജ്യവും എന്ന പേരില്‍ അഗംബെന്‍ എഴുതിയിട്ടുണ്ട്.


സുവിശേഷങ്ങളില്‍ യേശു പലപ്പോഴും ഉപമകളിലൂടെയാണ് സംസാരിക്കുന്നത്. യഥാര്‍ത്ഥത്തില്‍, ക്ലാസിക്കല്‍ ലാറ്റിന്‍ ഭാഷയ്ക്ക് അപരിചിതമായിരുന്ന, 'സംസാരിക്കുക' എന്നര്‍ത്ഥമുള്ളparlare എന്ന ഇറ്റാലിയന്‍ ക്രിയ രൂപംകൊണ്ടത് കര്‍ത്താവിന്‍റെ ഈയൊരു ശീലത്തില്‍ നിന്നാണ്. 'ഇതെല്ലാം യേശു ഉപമകള്‍ വഴിയാണ് ജനക്കൂട്ടത്തോട് അരുളിച്ചെയ്തത്. ഉപമകളിലൂടെയല്ലാതെ അവന്‍ ഒന്നും അവരോട് പറഞ്ഞിരുന്നില്ല.' (മത്തായി 13:34). എന്നാല്‍ ഉപമകളുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം 'സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള പ്രഭാഷണത്തിലാണ്' അവതരിപ്പിക്കുന്നത്. മത്തായി 13:3-52-ല്‍, സ്വര്‍ഗ്ഗരാജ്യത്തെ എങ്ങനെ മനസ്സിലാക്കണമെന്ന് അപ്പോസ്തലന്മാര്‍ക്കും ജനക്കൂട്ടത്തിനും വിശദീകരിച്ചു കൊടുക്കുന്നതിനായി എട്ട് ഉപമകള്‍ യേശു പറയുന്നു. വിതക്കാരന്‍, കളകള്‍, കടുകുമണി, പുളിമാവ്, ഒളിഞ്ഞിരിക്കുന്ന നിധി, വ്യാപാരിയും മുത്തും, വീശുവല, ശാസ്ത്രി എന്നിങ്ങനെ ഉപമകള്‍ ഒന്നൊന്നായി വരുന്നു. സ്വര്‍ഗരാജ്യവും ഉപമയും തമ്മില്‍ അത്രയേറെ അടുത്തതും നിരന്തരവുമായ ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ ഒരു ദൈവശാസ്ത്രജ്ഞന് ഇങ്ങനെ എഴുതാനേ കഴിയു: 'സ്വര്‍ഗ്ഗരാജ്യം ഉപമയില്‍ ഒരു ഉപമയായിത്തന്നെയാണ് പ്രകടിപ്പിക്കപ്പെടുന്നത്', അഗംബെന്‍ 'യേശുവിന്‍റെ ഉപമകള്‍ സ്വര്‍ഗ്ഗരാജ്യത്തെ ഒരു ഉപമയായി അവതരിപ്പിക്കുന്നു' എന്ന് സമര്‍ത്ഥിക്കുന്നു.


ഉപമയ്ക്ക് ഒരു സാരുപ്യത്തിന്‍റെയോ (simile) സാദൃശ്യത്തിന്‍റെയോ രൂപമാണുള്ളത്. "സ്വര്‍ഗ്ഗരാജ്യം ഒരു കടുകുമണിക്ക് സദൃശ്യമാണ്'; "സ്വര്‍ഗ്ഗരാജ്യം വിത്തു വിതയ്ക്കുന്ന ഒരു മനുഷ്യന് തുല്യമാണ് ..." മര്‍ക്കോസ് 4:26-ല്‍ "ദൈവരാജ്യം ഒരുവന്‍ നിലത്തു വിത്തു വിതയ്ക്കുന്നതിന് സദൃശം. അതായത്, ഉപമ എന്നത് ദൈവരാജ്യവും ഈ ഭൂമിയില്‍ ഇപ്പോള്‍ ഇവിടെയുള്ള ഒന്നും തമ്മിലുള്ള ഒരു സാദൃശ്യം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഇതിനര്‍ത്ഥം, ദൈവരാജ്യത്തെക്കുറിച്ചുള്ള അനുഭവം എന്നത് ഒരു സാദൃശ്യത്തെ തിരിച്ചറിയുന്നതിലൂടെയാണ് ഉണ്ടാകുന്നത് എന്നും, ഈ സാദൃശ്യം തിരിച്ചറിയാതെ മനുഷ്യര്‍ക്ക് ദൈവരാജ്യത്തെ മനസ്സിലാക്കാന്‍ അസാധ്യമാണ് എന്നുമാണ്. ഇതില്‍ നിന്നാണ് ഉപമയോടുള്ള ആഭിമുഖ്യം ഉണ്ടാകുന്നത്. ഉപമകള്‍ സ്വര്‍ഗ്ഗരാജ്യത്തെ ഒരു ഉപമയായി പ്രകടിപ്പിക്കുന്നു, കാരണം അങ്ങനെയുള്ള ഒരു രാജ്യം എന്നാല്‍ ഒന്നാമതായി ഒരു സാദൃശ്യത്തിന്‍റെ സംഭവവും തിരിച്ചറിവുമാണ്. ഒരു സ്ത്രീ മൂന്ന് ഇടങ്ങഴി മാവില്‍ ചേര്‍ത്ത പുളിമാവിനോട്; ഒരു മനുഷ്യന്‍ വയലില്‍ കണ്ടെത്തിയ ഒളിഞ്ഞിരിക്കുന്ന നിധിയോട്; കടലില്‍ എറിഞ്ഞ് എല്ലാത്തരം മത്സ്യങ്ങളെയും ശേഖരിക്കുന്ന വലയോട്; എല്ലാറ്റിലുമുപരിയായി, വിതക്കാരന്‍റെ പ്രവൃത്തിയോട് ഉള്ള സാദൃശ്യം.


ഉപമകളില്‍ സംസാരിക്കുന്നതിന് യേശു നല്‍കുന്ന കാരണങ്ങള്‍ തന്നെ നിഗൂഢമാണ്. മത്തായി 13:10-17-ല്‍, താന്‍ എന്തിനാണ് ജനക്കൂട്ടത്തോട് ഉപമകളില്‍ സംസാരിക്കുന്നത് എന്ന് അപ്പോസ്തലന്മാര്‍ ചോദിക്കുമ്പോള്‍ യേശു നല്‍കുന്ന മറുപടി നോക്കുക. "സ്വര്‍ഗ്ഗരാജ്യത്തിന്‍റെ രഹസ്യങ്ങളെക്കുറിച്ചുള്ള അറിവ് നിങ്ങള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു, എന്നാല്‍ അവര്‍ക്ക് നല്‍കപ്പെട്ടിട്ടില്ല. ഉള്ളവന് കൂടുതല്‍ നല്‍കപ്പെടും, അവന് സമൃദ്ധിയുണ്ടാകും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളതുപോലും എടുക്കപ്പെടും. അതുകൊണ്ടാണ് ഞാന്‍ അവരോട് ഉപമകള്‍വഴി സംസാരിക്കുന്നത്: കാരണം, അവര്‍ കണ്ടിട്ടും കാണുന്നില്ല; കേട്ടിട്ടും കേള്‍ക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല. ' അപ്പോസ്തലന്മാര്‍ക്കും ഇത് മനസ്സിലായിരുന്നില്ല എന്നത് സമ്മതിക്കേണ്ടി വരും. കാരണം അതിനു തൊട്ടുപിന്നാലെ യേശുവിന് അവര്‍ക്ക് വിതക്കാരന്‍റെ ഉപമ വിശദീകരിച്ചു കൊടുക്കേണ്ടി വരുന്നുണ്ട്.

Parable of Good Samaritan

ലൂക്കാ 8:9-16 ല്‍ യേശു നല്‍കുന്ന കാരണങ്ങള്‍ വ്യത്യസ്തമായിട്ടാണ് കാണപ്പെടുന്നത്; അപ്പോസ്തലന്മാര്‍ക്ക് രാജ്യത്തിന്‍റെ രഹസ്യങ്ങളെക്കുറിച്ചുള്ള അറിവ് നല്‍കപ്പെട്ടിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്ക് അത് ഉപമകളിലൂടെയാണ് ലഭിക്കുന്നതെന്നും ആവര്‍ത്തിച്ചതിനു ശേഷം അവര്‍ കണ്ടിട്ടും കാണാതിരിക്കാനും, കേട്ടിട്ടും ഗ്രഹിക്കാതിരിക്കാനും വേണ്ടിയാണ് അത്".ഇതിന് തികച്ചും വിരുദ്ധമായി യേശു കൂട്ടിച്ചേര്‍ക്കുന്നു: "വിളക്ക് കൊളുത്തി ആരും പാത്രം കൊണ്ട് മൂടുകയോ കട്ടിലിനടിയില്‍ വെക്കുകയോ ചെയ്യുന്നില്ല", കൂടാതെ "വെളിപ്പെടാത്തതായി മറഞ്ഞിരിക്കുന്ന ഒന്നുമില്ല, അറിയപ്പെടാത്തതോ വെളിച്ചത്തു വരാത്തതോ ആയ രഹസ്യമായി ഒന്നുമില്ല". പുരാതന കാലത്ത് നിലവിലിരുന്ന ഒരു ആലങ്കാരികശൈലി അനുസരിച്ച്, ഉപമകള്‍ എന്നത് മനസ്സിലാക്കാന്‍ പാടില്ലാത്തവര്‍ അത് മനസ്സിലാക്കാതിരിക്കാന്‍ വേണ്ടി രഹസ്യഭാഷയിലാക്കിയ ഒരു പ്രഭാഷണമാണ്. എങ്കിലും, അതേ സമയം തന്നെ അവ ആ രഹസ്യത്തെ പൂര്‍ണ്ണമായി വെളിപ്പെടുത്തുകയും ചെയ്യുന്നു.


ഉപമകളില്‍ സംസാരിക്കുന്നതിന് യേശു നല്‍കുന്ന വിശദീകരണങ്ങള്‍ തന്നെ വിതക്കാരന്‍റെ ഉപമയ്ക്കുള്ള ഒരു ആമുഖമായി വര്‍ത്തിക്കുന്ന മറ്റൊരു ഉപമയായിരിക്കാനാണ് സാധ്യത "ആകയാല്‍ വിതക്കാരന്‍റെ ഉപമ കേള്‍ക്കുവിന്‍...".ഉപമകള്‍ ഒരു സാദൃശ്യമായി അവതരിപ്പിക്കുന്ന, ദൈവരാജ്യവും ലോകവും തമ്മിലുള്ള പൊരുത്തം, "സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു ' (മത്തായി 3:2, 10:7; മര്‍ക്കോസ് 1:15; ലൂക്കാ 10:9) എന്ന പരമ്പരാഗതമായ ശൈലിയിലൂടെ ഒരു സാമീപ്യമായും യേശു പ്രകടിപ്പിക്കുന്നുണ്ട്. ദൈവരാജ്യത്തിന്‍റെ സാമീപ്യം എന്നത് കാലഗണനാപരമായ (temporal) ഒരു ക്രമം മാത്രമല്ല.യുഗാന്ത്യത്തോട് അനുബന്ധിച്ച് സംഭവിക്കുന്ന ഒരു പരമമായ സംഭവത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതുപോലെ,അത് അതിനേക്കാളുമുപരിയായി ഒരു സ്ഥലപരമായ (spatial) ക്രമം കൂടിയാണ്. അത് അക്ഷരാര്‍ത്ഥത്തില്‍ "കൈയെത്തും ദൂരത്ത്" (close at hand) ഉള്ളതാണ്. ഇതിനര്‍ത്ഥം, എല്ലാറ്റിലും വെച്ച് അത്യന്താപേക്ഷിതമായ ഒന്നായ ദൈവരാജ്യം, ഉപമകളില്‍ അത് സാദൃശ്യം പുലര്‍ത്തുന്ന ഈ ഭൂമിയിലെ അവസാനത്തിന് തൊട്ടുമുമ്പുള്ള കാര്യങ്ങളോട് കാതലായ രീതിയില്‍ "അടുത്തുനില്‍ക്കുന്ന ഒന്നാണ്" എന്നാണ്. ദൈവരാജ്യത്തിന്‍റെ ഈ സാദൃശ്യം ഒരു സാമീപ്യം കൂടിയാണ്. ആ പരമമായ യാഥാര്‍ത്ഥ്യം ഒരേസമയം അടുത്തുള്ളതും സദൃശ്യവുമാണ്.


സുവിശേഷങ്ങളില്‍ ഭൂതകാലവും ഭാവികാലവും തമ്മില്‍ സവിശേഷമായ ഒരു ആശയക്കുഴപ്പം നിലനില്‍ക്കുന്നു എന്ന വസ്തുതയും ദൈവരാജ്യത്തിന്‍റെ ഈ സവിശേഷമായ സാമീപ്യത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട് എന്ന് അഗംബെന്‍ വ്യക്തമാക്കുന്നു. എത്രത്തോളമെന്നാല്‍, അഷ്ടസൗഭാഗ്യങ്ങളില്‍ ദുഃഖിക്കുന്നവര്‍ ആശ്വസിപ്പിക്കപ്പെടും എന്നും, ശാന്തശീലര്‍ ഭൂമിയെ അവകാശമാക്കും എന്നും, നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ തൃപ്തരാക്കപ്പെടും എന്നും, ഹൃദയശുദ്ധിയുള്ളവര്‍ ദൈവത്തെ കാണും എന്നും പറയുമ്പോള്‍, ആത്മാവില്‍ എളിയവരും നീതിനിമിത്തം പീഡിപ്പിക്കപ്പെടുന്നവരും ഭാഗ്യവാന്മാര്‍ "എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാകുന്നു"for theirs is the Kingdom of heaven) എന്നാണ് അര്‍ത്ഥമാക്കുന്നത്. അത് എങ്ങനെയെന്നാല്‍ ഭാവികാലം പ്രതീക്ഷിക്കുന്നിടത്തുപോലും "സ്വര്‍ഗ്ഗരാജ്യം" എന്ന പ്രയോഗത്തിന് വര്‍ത്തമാനകാലം (present tense) ആവശ്യമായിരുന്നതുപോലെയാണ്. ലൂക്കാ 11:20-ല്‍ യേശു സംശയലേശമന്യേ പറയുന്നു: "ഇപ്പോള്‍ ദൈവരാജ്യം നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു."


എങ്കിലും മര്‍ക്കോസ് 14:25-ല്‍, സന്ദര്‍ഭം തീര്‍ച്ചയായും ഒരു ഭാവികാലം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു വര്‍ത്തമാനകാല പ്രയോഗമാണ് നാം കാണുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തില്‍ ഞാന്‍ ഇതു നവമായി പാനം ചെയ്യുന്ന ദിവസം വരെ മുന്തിരിയുടെ ഫലത്തില്‍ നിന്ന് ഇത് ഞാന്‍ കുടിക്കുകയില്ല" കാലങ്ങള്‍ തമ്മിലുള്ള വേര്‍തിരിവില്ലായ്മയുടെ ഈ യഥാര്‍ത്ഥ അതിര് ഏറ്റവും വ്യക്തമായ രീതിയില്‍ പ്രകടിപ്പിക്കപ്പെടുന്നത് ഒരുപക്ഷേ ലൂക്കാ 17:20-21 ലായിരിക്കാം. ഫരിസേയര്‍ അവനോട്: ദൈവരാജ്യം എപ്പോഴാണ് വരുന്നത് എന്ന് ചോദിച്ചപ്പോള്‍ യേശു മറുപടി പറയുന്നു: "ദൈവരാജ്യത്തിന്‍റെ വരവ് നിരീക്ഷിക്കാനാകുന്ന ഒന്നല്ല, 'ഇതാ ഇവിടെ' എന്നോ 'അതാ അവിടെ' എന്നോ ആളുകള്‍ പറയുകയുമില്ല, കാരണം ദൈവരാജ്യം നിങ്ങളുടെ കൈയെത്തും ദൂരത്തുണ്ട്" എന്നതിന്‍റെ അര്‍ത്ഥം ഇതാണ്, അല്ലാതെ "നിങ്ങളുടെ ഇടയില്‍" എന്നല്ല. ദൈവരാജ്യത്തിന്‍റെ സാന്നിധ്യം എന്നത് സാന്നിധ്യത്തിന്‍റെ ഒരു കാര്യമാണ്. ഒരു സാമീപ്യത്തിന്‍റെ രൂപമാണതിനുള്ളത്. മത്തായി 6:10-ലെ പ്രാര്‍ത്ഥനയില്‍ "നിന്‍റെ രാജ്യം വരേണമേ," എന്ന അപേക്ഷ കാലങ്ങള്‍ തമ്മിലുള്ള ഈ പ്രകടമായ ആശയക്കുഴപ്പത്തിന് ഒട്ടും വിരുദ്ധമല്ല. അനുജ്ഞാസൂചകത്തിന് യഥാര്‍ത്ഥത്തില്‍ കാലഗണനാപരമായ സ്വഭാവമില്ല.


ദൈവരാജ്യത്തിന്‍റെ സാന്നിധ്യം ഒരു സാമീപ്യത്തിന്‍റെ രൂപത്തിലായതുകൊണ്ട് തന്നെ, അത് അതിന്‍റെ ഏറ്റവും അനുയോജ്യമായ പ്രകടനം കണ്ടെത്തുന്നത് ഉപമകളിലാണ്. വിതക്കാരന്‍റെ ഉപമയില്‍ (മത്തായി 13:18-23) പ്രമേയമാക്കിയിരിക്കുന്നത് ഉപമയും ദൈവരാജ്യവും തമ്മിലുള്ള ഈ പ്രത്യേക ബന്ധത്തെയാണ്. യേശു വിത്തും ദൈവരാജ്യത്തിന്‍റെ വചനവും തമ്മില്‍ ഒരു സാദൃശ്യം സ്ഥാപിക്കുന്നു; മര്‍ക്കോസ് 4:15-ല്‍ "കര്‍ഷകന്‍ വചനം വിതയ്ക്കുന്നു" എന്ന് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. വഴിയരികില്‍ വിതച്ച വിത്ത്: "രാജ്യത്തിന്‍റെ സന്ദേശം കേള്‍ക്കുകയും അത് മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്നവരെ" സൂചിപ്പിക്കുന്നു. പാറപ്പുറത്ത് വീണ വിത്ത് വചനം കേള്‍ക്കുകയും എന്നാല്‍ അത് വേരു പിടിക്കാത്തതിനാല്‍ താല്‍ക്കാലികമായി മാത്രം നിലനില്‍ക്കുകയും ചെയ്യുന്നവരാണ്. "വചനം നിമിത്തം കഷ്ടപ്പാടോ പീഡനമോ ഉണ്ടാകുമ്പോള്‍ അവര്‍ പെട്ടെന്ന് വീണുപോകുന്നു." മുള്ളുകള്‍ക്കിടയില്‍ വീണ വിത്ത്, വചനം കേള്‍ക്കുകയും എന്നാല്‍ ഈ ലോകത്തിന്‍റെ ഉത്കണ്ഠകളാല്‍ അത് ശ്വാസംമുട്ടി ഫലശൂന്യമായിപ്പോവുകയും ചെയ്യുന്നവരാണ്. നല്ല മണ്ണില്‍ വീണ വിത്ത്: "വചനം കേട്ട് മനസ്സിലാക്കുന്നവനെ" സൂചിപ്പിക്കുന്നു.


അതിനാല്‍, ഉപമ നേരിട്ട് ദൈവരാജ്യത്തെക്കുറിച്ചല്ല, മറിച്ച് "ദൈവരാജ്യത്തിന്‍റെ വചനത്തെ"ക്കുറിച്ചാണ്. അതായത്, യേശു ഇപ്പോള്‍ ഉച്ചരിച്ച വചനങ്ങളെക്കുറിച്ച് തന്നെ. അതുകൊണ്ട് വിതക്കാരന്‍റെ ഉപമ എന്നത് ഉപമകളെക്കുറിച്ചുള്ള ഒരു ഉപമയാണ്. അതില്‍ ദൈവരാജ്യത്തിലേക്കുള്ള പ്രവേശനം ഉപമ മനസ്സിലാക്കുന്നതിനോട് സമീകരിച്ചിരിക്കുന്നു. ഉപമകള്‍ മനസ്സിലാക്കുന്നതും ദൈവരാജ്യവും തമ്മില്‍ ഒരു സാദൃശ്യമുണ്ടെന്ന വസ്തുത, ഒറിജന്‍ നടത്തിയ ഏറ്റവും സമര്‍ത്ഥമായ കണ്ടെത്തലായിരുന്നു. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹം ഗ്രീക്ക് തത്ത്വചിന്തയെ ക്രിസ്തീയ സിദ്ധാന്തവുമായി പൊരുത്തപ്പെടുത്താന്‍ ശ്രമിച്ച ഒരു പണ്ഡിതനും തത്ത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായിരുന്നു. സഭ അദ്ദേഹത്തെ എപ്പോഴും നല്ലവരില്‍ മികച്ചവനായും അതേ സമയം ദുഷ്ടന്മാരില്‍ മോശക്കാരനായും കണക്കാക്കുന്നു. ഒറിജന്‍ തന്നെ പറയുന്നതുപോലെ, ഒരു യഹൂദനില്‍ നിന്നാണ് അദ്ദേഹം ഈ ഉപമ കേട്ടത്. പ്രചോദിതമായി എഴുതപ്പെട്ട തിരുവെഴുത്തുകള്‍ അതിന്‍റെ സങ്കീര്‍ണ്ണത കാരണം ഒരു വീട്ടിലെ പൂട്ടിയിട്ട നിരവധി മുറികള്‍ പോലെയാണ്. ഓരോ മുറിയുടെയും മുന്നില്‍ ഓരോ താക്കോല്‍ വെച്ചിട്ടുണ്ടാകും, എന്നാല്‍ അത് ആ മുറിയുടേതായിരിക്കില്ല. താക്കോലുകള്‍ മുറികള്‍ക്ക് ചുറ്റും ചിതറിക്കിടക്കുകയായിരിക്കും, അവ സ്ഥാപിച്ചിരിക്കുന്ന മുറികളുടെ പൂട്ടുകള്‍ക്ക് അവ പാകമാകുകയുമില്ല."


"തുറന്നാല്‍ ആരും അടയ്ക്കാത്തതും, അടച്ചാല്‍ ആരും തുറക്കാത്തതുമായ" ദാവീദിന്‍റെ താക്കോലാണ് തിരുവെഴുത്തുകളുടെ വ്യാഖ്യാനത്തിന് വഴിയൊരുക്കുന്നതും, അതേ സമയം ദൈവരാജ്യത്തിലേക്ക് പ്രവേശനം നല്‍കുന്നതും. ഒറിജന്‍റെ അഭിപ്രായത്തില്‍, തിരുവെഴുത്തുകളുടെ ശരിയായ വ്യാഖ്യാനത്തെ തടസ്സപ്പെടുത്തുന്ന നിയമപാലകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് യേശു ഇങ്ങനെ പറഞ്ഞത്, "കപടഭക്തരായ നിയമജ്ഞരേ, പരീശന്മാരേ, നിങ്ങള്‍ക്ക് അയ്യോ കഷ്ടം! നിങ്ങള്‍ മനുഷ്യരുടെ മുന്‍പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു; നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നുമില്ല, പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെ അനുവദിക്കുന്നുമില്ല" (മത്തായി 23:13).


അഗംബെന്‍ തന്‍റെ കൃതികളില്‍ പതിവായി പരാമര്‍ശിക്കുന്ന ഒരു എഴുത്തുകാരനാണ് ഫ്രാന്‍സ് കാഫ്ക. പല നിരൂപകരും കാഫ്കയോടുള്ള അദ്ദേഹത്തിന്‍റെ ആഭിമുഖ്യത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. കാഫ്കയുടെ മരണാനന്തരം 1931-ല്‍ മാക്സ് ബ്രോഡ് പ്രസിദ്ധീകരിച്ച, ഒരു അപൂര്‍ണ്ണ കൃതിയുടെ ശീര്‍ഷകമാണ് 'ഉപമകളെക്കുറിച്ച്' (On Parables‑). ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ, ഇത് ഉപമകളെക്കുറിച്ചുള്ള ഒരു അന്യാപദേശമാണ്. ഉപമകളെക്കുറിച്ചുള്ള ഉപമ ഇനി ഒരു ഉപമയല്ല എന്നാണ് ആ കഥ പറയുന്നത്. കാഫ്കയുടെ 'ഉപമകളെക്കുറിച്ച'് എന്ന കഥയെ അഗംബെന്‍ ഉപമയും സ്വര്‍ഗ്ഗരാജ്യവും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കാന്‍ സ്വീകരിക്കുന്നു.


ജ്ഞാനികളുടെ വാക്കുകള്‍ എപ്പോഴും വെറും ഉപമകള്‍ മാത്രമാണെന്നും, നമുക്കുള്ള ഒരേയൊരു ജീവിതമായ ഈ ദൈനംദിന ജീവിതത്തില്‍ അവ ഒന്നിനും കൊള്ളാത്തവയുമാണെന്നും പലരും പരാതിപ്പെടുന്നു. അപ്പുറത്തേക്ക് കടക്കു എന്ന് ഒരു ജ്ഞാനി പറയുമ്പോള്‍, നാം യഥാര്‍ത്ഥത്തിലുള്ള ഏതെങ്കിലും ഒരു സ്ഥലത്തേക്ക് കടന്നുപോകണം എന്നല്ല അദ്ദേഹം ഉദ്ദേശിക്കുന്നത്. അധ്വാനം മൂല്യമുള്ളതാണെങ്കില്‍ നമുക്ക് എങ്ങനെയെങ്കിലും ചെയ്യാന്‍ കഴിയുന്ന ഒന്നാണത്. മറിച്ച്, അതിശയകരമായ ഏതോ ഒരു അക്കരെയെയാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്, നമുക്ക് അപരിചിതമായ ഒന്നാണത്. ജ്ഞാനിക്ക് പോലും കൂടുതല്‍ വ്യക്തമായി നിര്‍വ്വചിക്കാന്‍ കഴിയാത്ത ഒന്നാണത്, അതിനാല്‍ തന്നെ ഈ കാര്യത്തില്‍ നമുക്ക് ഒട്ടും സഹായകരമാകാന്‍ അതിന് കഴിയുകയുമില്ല. മനസ്സിലാക്കാന്‍ കഴിയാത്തത് മനസ്സിലാക്കാന്‍ കഴിയാത്തത് തന്നെയാണ് എന്ന് വെറുതെ പറയാന്‍ മാത്രമാണ് ഈ ഉപമകളെല്ലാം യഥാര്‍ത്ഥത്തില്‍ തുനിയുന്നത്, അത് നമുക്ക് ഇതിനകം തന്നെ അറിയാവുന്നതുമാണ്. എന്നാല്‍ ഓരോ ദിവസവും നമുക്ക് പോരാടേണ്ടി വരുന്ന വേവലാതികള്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു കാര്യമാണ്.


അപ്പോള്‍ മറ്റൊരു ശബ്ദം ഈ പ്രശ്നത്തിന് ഒരു പരിഹാരം നിര്‍ദ്ദേശിക്കുന്നു: "എന്തുകൊണ്ടാണ് ഇത്ര മടി? നിങ്ങള്‍ ഉപമകളെ പിന്തുടരുകയായിരുന്നെങ്കില്‍ നിങ്ങള്‍ സ്വയം ഉപമകളായി മാറുമായിരുന്നു, അതിലൂടെ നിങ്ങളുടെ ദൈനംദിന ആശങ്കകളില്‍ നിന്നെല്ലാം നിങ്ങള്‍ മുക്തരാകുകയും ചെയ്യുമായിരുന്നു." രണ്ടാമത്തെ ജ്ഞാനി "അതും ഒരു ഉപമയാണെന്ന് ഞാന്‍ പന്തയം വെയ്ക്കുന്നു" എന്നു പറഞ്ഞു എല്ലാ തെളിവുകളും അനുസരിച്ച്, ഒരു ഉപമയായി മാറുന്നതും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് പുറത്തുകടക്കുന്നതും വെറുമൊരു ഉപമ മാത്രമാണ് എന്ന് അയാള്‍ വാദിച്ചു. ആദ്യത്തെ ജ്ഞാനിക്ക് അത് സമ്മതിച്ചു കൊടുക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലായിരുന്നു "നീ ജയിച്ചിരിക്കുന്നു" എന്ന് അയാള്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ മാത്രമാണ് അദ്ദേഹത്തിന് തന്‍റെ നിര്‍ദ്ദേശത്തിന്‍റെ അര്‍ത്ഥം വ്യക്തമാക്കാനും, പ്രതീക്ഷിക്കാത്ത വിധം തന്‍റെ പരാജയത്തെ ഒരു വിജയമാക്കി മാറ്റാനും കഴിയുന്നത്. രണ്ടാമന്‍ തികച്ചും ലഘുവായി, "പക്ഷേ നിര്‍ഭാഗ്യവശാല്‍ ഉപമയില്‍ മാത്രമാണല്ലോ," എന്ന് അഭിപ്രായപ്പെടുമ്പോള്‍, അദ്ദേഹം യാതൊരു പരിഹാസവുമില്ലാതെ മറുപടി നല്‍കുന്നു: "അല്ല, യഥാര്‍ത്ഥത്തില്‍: ഉപമയില്‍ നിങ്ങള്‍ തോറ്റിരിക്കുന്നു."

Illustration of Parable from the Gospel

അഗംബെന്‍ ഈ കഥയെ വ്യാഖ്യാനിച്ചുകൊണ്ട് യാഥാര്‍ത്ഥ്യവും ഉപമയും തമ്മിലുള്ള വ്യത്യാസം നിലനിര്‍ത്താന്‍ നിര്‍ബന്ധം പിടിക്കുന്നവര്‍ ഉപമയുടെ അര്‍ത്ഥം മനസ്സിലാക്കിയിട്ടില്ല എന്നു വ്യക്തമാക്കുന്നു. ഒരു ഉപമയായി മാറാതിരിക്കുക എന്നാല്‍ ദൈവരാജ്യത്തിന്‍റെ വചനവും ദൈവരാജ്യവും തമ്മില്‍, വ്യവഹാരവും (discourse) യാഥാര്‍ത്ഥ്യവും തമ്മില്‍ ഇനിമേല്‍ യാതൊരു വ്യത്യാസവുമില്ല എന്ന് ഗ്രഹിക്കുക എന്നതാണ്. ഇക്കാരണത്താല്‍, യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള പുറത്തുകടക്കല്‍ ഇപ്പോഴും ഒരു ഉപമ മാത്രമാണെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധം പിടിക്കുന്ന രണ്ടാമത്തെ പ്രഭാഷകന് തോല്‍ക്കാന്‍ മാത്രമേ കഴിയൂ. എന്നാല്‍ തങ്ങളെത്തന്നെ വചനമായും ഉപമയായും മാറ്റുന്നവര്‍ക്ക് ഇവിടെയാണ് വിജയം കൈവരുന്നത്. പദനിരുക്തിപരമായ ചരിത്രം (etymological derivation) അതിന്‍റെ മുഴുവന്‍ സത്യവും വെളിപ്പെടുത്തുന്നില്ല. ദൈവരാജ്യം അത്രമേല്‍ അടുത്താണ്, "അക്കരയ്ക്ക് കടക്കാതെ" തന്നെ അതിനെ പിടിച്ചെടുക്കാന്‍ സാധിക്കും.


മധ്യകാല വ്യാഖ്യാനശാസ്ത്രത്തിന്‍റെ (medieval hermeneutics) പാരമ്പര്യം അനുസരിച്ച്, തിരുവെഴുത്തുകള്‍ക്ക് നാല് അര്‍ത്ഥങ്ങളുണ്ട്. ഇതിനെ ഏദനിലെ നാല് നദികളോടും, സ്വര്‍ഗ്ഗം (Pardes) എന്ന വാക്കിന്‍റെ നാല് വ്യഞ്ജനാക്ഷരങ്ങളോടും ഉപമിക്കുന്നു. അക്ഷരാര്‍ത്ഥം അഥവാ ചരിത്രാര്‍ത്ഥം (literal or historical); രൂപകാര്‍ത്ഥം (allegoric); ധര്‍മ്മോപദേശപരമായ അര്‍ത്ഥം ( moral); കൂടാതെ ആദ്ധ്യാത്മികം അഥവാ ഗുപ്താര്‍ത്ഥം. ഇതില്‍ അവസാനത്തെ അര്‍ത്ഥം അതിന്‍റെ പേരില്‍ തന്നെ അന്തര്‍ലീനമായിരിക്കുന്നതുപോലെ അര്‍ത്ഥങ്ങള്‍ക്ക് ഒപ്പമുള്ള മറ്റൊരര്‍ത്ഥമല്ല, മറിച്ച് അത് മറ്റൊരു തലത്തിലേക്കുള്ള പ്രവേശനത്തെയാണ് സൂചിപ്പിക്കുന്നത്.


സജാതീയമായ (homogeneous) ഒന്നായി കാണുക എന്നത് ഒരു പൊതുവായ തെറ്റാണ്. ഉദാഹരണത്തിന്, അക്ഷരാര്‍ത്ഥം ഒരു നിശ്ചിത സ്ഥലത്തെയോ വ്യക്തിയെയോ പരാമര്‍ശിക്കുന്നുവെന്നും, അദ്ധ്യാത്മികാര്‍ത്ഥം മറ്റൊരു സ്ഥലത്തെയോ വ്യക്തിയെയോ പരാമര്‍ശിക്കുന്നുവെന്നും കരുതുന്നത് പോലെയാണത്. അനന്തമായ വ്യാഖ്യാനങ്ങള്‍ എന്ന ശൂന്യമായ ആശയത്തിന് കാരണമായ ഈ അര്‍ത്ഥദ്വന്ദ്വതയ്ക്ക് എതിരെ, ഒറിജന്‍ (Origen) നമ്മെ ഓര്‍മ്മിപ്പിക്കാന്‍ മടിക്കുന്നില്ല.


ചരിത്രപരമായ സംഭവങ്ങള്‍ മറ്റ് ചരിത്രപരമായ സംഭവങ്ങളുടെ മാതൃകകളാണെന്നോ, ഭൗതികമായ കാര്യങ്ങള്‍ മറ്റ് ഭൗതികമായ കാര്യങ്ങളുടെ മാതൃകകളാണെന്നോ ആരും കരുതരുത്. മറിച്ച്, ഭൗതികമായ കാര്യങ്ങള്‍ ആത്മീയ കാര്യങ്ങളുടെ മാതൃകകളാണെന്നും, ചരിത്രപരമായ സംഭവങ്ങള്‍ ദാര്‍ശനികമായി ഗ്രഹിക്കാവുന്ന സംഭവങ്ങളുടെ മാതൃകകളാണെന്നുമാണ് കരുതേണ്ടത്. അക്ഷരാര്‍ത്ഥവും അദ്ധ്യാത്മികാര്‍ത്ഥവും രണ്ട് വ്യത്യസ്ത അര്‍ത്ഥങ്ങളല്ല, മറിച്ച് അവ സമാനരൂപമുള്ളവയാണ് (homologous). അദ്ധ്യാത്മികാര്‍ത്ഥം എന്നത് അക്ഷരത്തെ അതിന്‍റെ യുക്തിഭദ്രമായ അര്‍ത്ഥത്തിനപ്പുറത്തേക്ക് ഉയര്‍ത്തുന്നതല്ലാതെ മറ്റൊന്നുമല്ല, അതായത് അതിനെ സ്വന്തം ബോധ്യത്തിലേക്ക് രൂപാന്തരപ്പെടുത്തുക എന്നതാണ് . അത് കൂടുതല്‍ അര്‍ത്ഥങ്ങളുടെ നിര്‍ത്തലാക്കലാണ്. അക്ഷരത്തെ മനസ്സിലാക്കുക, ഉപമയായി മാറുക എന്നാല്‍ ദൈവരാജ്യത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുക എന്നാണ്. ഉപമ സംസാരിക്കുന്നത് "നാം ദൈവരാജ്യമല്ല എന്നതുപോലെയാണ്," എന്നാല്‍ കൃത്യമായും അങ്ങനെയൊരു രീതിയിലൂടെ മാത്രമാണ് അത് നമുക്കായി ദൈവരാജ്യത്തിന്‍റെ വാതില്‍ തുറന്നുതരുന്നത്.


അങ്ങനെയെങ്കില്‍, "ദൈവരാജ്യത്തിന്‍റെ വചനത്തെ" ക്കുറിച്ചുള്ള ഉപമ എന്നത് ഭാഷയെക്കുറിച്ചുള്ള ഒരു ഉപമയാണ്. അതായത്, സംസാരിക്കുന്നവരായ നമുക്ക് മനസ്സിലാക്കാന്‍ ഇപ്പോഴും എപ്പോഴും അവശേഷിക്കുന്ന ഒന്നാണത്. ഭാഷയിലുള്ള നമ്മുടെ വാസത്തെ ഗ്രഹിക്കുക എന്നതിനര്‍ത്ഥം വാക്കുകളുടെ അര്‍ത്ഥത്തെ അതിന്‍റെ എല്ലാ അര്‍ത്ഥശങ്കകളോടും സൂക്ഷ്മതകളോടും കൂടി അറിയുക എന്നതല്ല. അതിലുപരിയായി, ഭാഷയില്‍ അപകടത്തിലായിരിക്കുന്നത് ദൈവരാജ്യത്തിന്‍റെ സാമീപ്യമാണ്, ഈ ലോകവുമായുള്ള അതിന്‍റെ സാദൃശ്യമാണ് എന്ന് തിരിച്ചറിയുക എന്നാണ് അതിന്‍റെ അര്‍ത്ഥം ദൈവരാജ്യം അത്രമേല്‍ അടുത്തും അത്രമേല്‍ സദൃശവുമായിരിക്കുന്നതിനാല്‍ അതിനെ അംഗീകരിക്കാന്‍ നാം പാടുപെടുന്നു. കാരണം, അതിന്‍റെ സാമീപ്യം ഒരു വിളിയാണ്. അത് നാം പൂര്‍ത്തീകരിക്കേണ്ട ഒരു ആവശ്യവുമാണ്. വചനം നമുക്ക് നല്‍കപ്പെട്ടത് ഉപമയായാണ്, കാര്യങ്ങളില്‍ നിന്ന് നമ്മെ അകറ്റാനല്ല, മറിച്ച് അവയെ നമ്മോട് ചേര്‍ത്തു നിര്‍ത്താനാണ്, അതിലും അടുത്തു നിര്‍ത്താനാണ് യേശു ഉപമകള്‍ ഉപയോഗിച്ചത്. ഒരു മുഖത്ത് നാം സാദൃശ്യം തിരിച്ചറിയുമ്പോള്‍ എന്നപോലെ; ഒരു കൈ നമ്മെ ലഘുവായി സ്പര്‍ശിക്കുമ്പോള്‍ എന്നപോലെ ഉപമകള്‍ നമ്മോടു സംസാരിച്ചു. ഉപമകളില്‍ സംസാരിക്കുക എന്നാല്‍ ലളിതമായി സംസാരിക്കുക എന്ന് തന്നെയാണ് എന്ന് അഗംബന്‍ വ്യക്തമാക്കുന്നു.


അഗംബെന്‍ ഒരു അതുല്യദാര്‍ശനിക പ്രതിഭയാണെന്ന് ഇന്ന് ലോകം അംഗീകരിച്ചിരിക്കുന്നു. സര്‍ഗ്ഗാത്മകമായ ഉള്‍ക്കാഴ്ചകളും തനിക്ക് ചുറ്റുമുള്ള ലോകത്തോടുള്ള പ്രതികരണങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ജീവിക്കുന്ന ഒരു ചിന്തകന്‍റെ ഉദാത്തമാതൃകയായി അഗംബെനെ വിലയിരുത്താം. സൗന്ദര്യശാസ്ത്രം (aesthetics) ഭാഷാശാസ്ത്രം ഭവശാസ്ത്രം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച, തികച്ചും 'അരാഷ്ട്രീയ' ചിന്തകനായിരുന്ന, അഗംബെന്‍ പിന്നീട് ഒരു രാഷ്ട്രീയചിന്തകനായിത്തീര്‍ന്നു. എന്നാല്‍ ദൈവശാസ്ത്രം അദ്ദേഹത്തിന്‍റെ ചിന്തകളെ സ്വാധീനിക്കുകയും അത് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി മാറുകയും ചെയ്തു. അതിന്‍റെ ഉദാഹരണങ്ങളില്‍ ഒന്നാണ് ഉപമയും സ്വര്‍ഗരാജ്യവും എന്ന ലേഖനം.


ഉപമയും സ്വര്‍ഗ്ഗരാജ്യവും

ഡോ തോമസ് സ്കറിയ

അസ്സീസി മാസിക, ജൂലൈ 2026

bottom of page