മനോനിലയും നമ്മുടെ വ്യക്തിത്വവും

Updated: Mar 14
പ്രസാദത്തിലേക്ക് 14 പടവുകള്‍

Key Takeaways:
The article discusses how personality shapes mood, introducing four types of personalities.
The next installment will identify which personality type the reader belongs to.
വിഷാദരോഗ (depression) ത്തിനും അതിന്‍റെ അതി തീവ്ര നിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന (bipolar disorder) ത്തിനും ഡോ ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് രൂപം കൊടുത്ത പതിനാലു ദിനം കൊണ്ടു പൂര്‍ത്തിയാവുന്ന മരുന്നില്ലാ ചികില്‍സയായ മനോനില ചിത്രണം (mood mapping) നാം നോക്കിക്കഴിഞ്ഞു. 'മൂഡ് ' എന്ന മനോനില ( mood) യാണ് നമ്മെ വിഷാദികളോ പ്രസാദവാന്‍മാരോ ശാന്തരോ കര്‍മ്മോല്‍സുകരോ ഒക്കെ ആക്കി മാറ്റുന്നത്. അതിനാല്‍ മനോനില ചിത്രണത്തിന് അനുബന്ധമായി മനോനില (mood) യെക്കുറിച്ച് ചില കാര്യങ്ങള്‍ ഈ ലക്കം മുതല്‍ നാം ചര്‍ച്ച ചെയ്യുന്നു.
പതിനാലു ദിവസം നീണ്ടു നിന്ന മനോനില ചിത്രണം (mood mapping) നമ്മെ നമ്മുടെ മനോനില(mood) യ്ക്കു മേല്‍ നിയന്ത്രണമുള്ളവരാക്കി തീര്‍ത്തിരിക്കുന്നു. നമ്മുടെ മനോനില (mood) ഇനി നമ്മുടെ നിയന്ത്രണത്തിലാണ്. നമ്മുടെ അധികാരി ഇനി നാം തന്നെ ആണ്. മനോനില ചിത്രണം വഴി മനോനിലയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇപ്പോള്‍ നിങ്ങള്‍ക്ക് കഴിയും. അത് നാമൊരു പതിവാക്കി മാറ്റിയിരിക്കുന്നു. അത് നമുക്ക് ആരോഗ്യവും സൗഖ്യവും പ്രദാനം ചെയ്തിരിക്കുന്നു.
എന്നിരുന്നാലും നമ്മുടെ മനോനിലയെ സ്വാധീനിക്കുന്ന ചില ഘടകങ്ങളെക്കുറിച്ച് കൂടി ച നാം അറിയേണ്ടതുണ്ട്. അതെക്കുറിച്ചാണ് ഇനി നാം ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. അതിന്, നമ്മുടെ പ്രതികരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും, ഉറപ്പായും നമ്മുടെ മനോനിലയ്ക്കും കാരണമാകുന്ന നാലു തരം വ്യക്തിത്വങ്ങളെക്കുറിച്ച്, നാലു തരം മൂലപ്രകൃതിയെക്കുറിച്ച് ആദ്യമേ നാം അറിഞ്ഞിരിക്കണം.
മനോനിലയില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ വ്യക്തിത്വം (Personality) സ്ഥിരമാണ്. ഇന്നും നാളെയും കാലങ്ങളോളവും നമ്മുടെ വ്യക്തിത്വം മാറ്റമില്ലാതെ തുടരും. വ്യക്തിത്വമാണ് നമ്മെ നിര്‍വചിക്കുക. നാം ആരെന്ന് തീരുമാനിക്കുന്നതും നമ്മുടെ വ്യക്തിത്വമാണ്. നമ്മെ മറ്റുള്ളവര്‍ തിരിച്ചറിയുന്നത് അഥവാ നമ്മെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത് നമ്മുടെ വ്യക്തിത്വത്താലത്രേ. ഒരു വ്യക്തിയെപ്പോലല്ല മറ്റൊരു വ്യക്തി. ഒരാളുടെ വ്യക്തിത്വമല്ല മറ്റൊരാളുടേത്.
നമ്മുടെ മനോനില അഥവാ മൂഡ് മാറിക്കൊണ്ടിരിക്കും, എന്നാല്‍ നമ്മുടെ വ്യക്തിത്വം അഥവാ പേഴ്സണാലിറ്റി അങ്ങനെ മാറില്ല.
അതേസമയം മനോനിലയെ രൂപപ്പെടുത്തുന്നത്, നിര്‍ണയിക്കുന്നത് വ്യക്തിത്വമാണ്. ഓരോ വ്യക്തികളും എന്തുകൊണ്ട് ഇപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്നും പ്രതികരിക്കുന്നുവെന്നും വ്യക്തിത്വം വ്യക്തമാക്കുന്നു. നമ്മുടെ അനുഭവമാണ് മനോനില. നമ്മള്‍ ക്ഷീണിതനാണോ, ഊര്‍ജസ്വലനാണോ, ദുഃഖിതനാണോ പ്രസന്നനാണോ എന്നൊക്കെ നമ്മുടെ 'മൂഡ്' നിശ്ചയിക്കും. 'മൂഡാ' വട്ടെ നമ്മുടെ സാഹചര്യങ്ങളെയും നമ്മുടെ ശാരീരിക ആരോഗ്യത്തെയും നമ്മുടെ ബന്ധങ്ങളെയും നമ്മുടെ അറിവിനെയും നമ്മുടെ സ്വഭാവത്തെയും ആശ്രയിച്ചിരിക്കും.
നാല് തരം വ്യക്തിത്വങ്ങള്‍
നമ്മുടെ വ്യക്തിത്വം അഥവാ നമ്മുടെ മൂലപ്രകൃതം എന്തെന്ന അറിവ് നമുക്ക് ചില ഉള്‍ക്കാഴ്ചകള്‍ സമ്മാനിക്കും. നാം എന്തുകൊണ്ട് ഇപ്രകാരം പ്രതികരിക്കുന്നു എന്ന് അതുവഴി നമുക്ക് അറിയാന്‍ കഴിയും. അതിലൂടെ നമ്മുടെ വ്യക്തിത്വവുമായി ഒത്തുപോകുന്നവരെ നമുക്ക് കണ്ടെത്താന്‍ കഴിയും. നമ്മുടെ പ്രകൃതത്തിനു പറ്റിയ തൊഴില്‍ എന്തെന്ന് നിശ്ചയിക്കാനാവും. അതിനെല്ലാമുപരിയായി നിങ്ങള്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ കഴിയും.
ചില വ്യക്തിത്വങ്ങള്‍ തമ്മില്‍ ദീര്‍ഘകാലം ഒത്തിണങ്ങി പോകുന്നു. ചിലര്‍ നമ്മില്‍ ചേരും മുമ്പേ തല്ലി പിരിയുന്നു. വ്യക്തിത്വങ്ങള്‍ നമ്മിലുള്ള സംഘര്‍ഷങ്ങള്‍ കടുത്തതാണ്. അത് ഒഴിവാക്കേണ്ട സമ്മര്‍ദ്ദവുമാണ്. ഒത്തിണങ്ങി പോകുന്ന വ്യക്തിത്വങ്ങള്‍ക്കിടയില്‍ ബന്ധം ആരോഗ്യകരമാകുന്നു., സൃഷ്ടിപരമാകുന്നു, ആവേശകരമാകുന്നു.
ഇനി നമുക്ക് ആ നാലു തരം വ്യക്തിത്വങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. നാം അതില്‍ ഏതില്‍ പെടുമെന്ന് അറിയാം.
1 കരുത്തരായ ബഹിര്‍മുഖ വ്യക്തിത്വങ്ങള്‍
ബഹിര്‍മുഖ വ്യക്തിത്വങ്ങള്‍ പൊതുജീവിതത്തില്‍ അനായാസം തിരിച്ചറിയപ്പെടുന്നു. അവര്‍ സംഭാഷണചതുരരായിരിക്കാം. ആകര്‍ഷകത്വമുള്ള വരായിരിക്കാം. വിനോദശീലരായതിനാല്‍ ആളുകളെ വിനോദിപ്പിക്കുന്നവരായിരിക്കാം. കരുത്തുറ്റ വ്യക്തിത്വങ്ങളായിരിക്കാം അവര്‍. നല്ല രാഷ്ട്രീയക്കാര്‍ നല്ല മാനേജര്‍മാര്‍. അവര്‍ അവസരത്തിനൊത്ത് സംസാരിക്കുന്നു. പ്രവര്‍ത്തിക്കുന്നു. രാഷ്ട്രനേതാക്കളില്‍ പലരും ഇത്തരത്തില്‍ പെട്ടവരാണ്.
2 ലജ്ജാശീലരായ ബഹിര്‍മുഖ വ്യക്തിത്വങ്ങള്‍
സ്വഭാവികമായി സംസാരിക്കുന്നവരും സ്വാഭാവികമായും സഹാനുഭൂതി ഉള്ളവരും ആണ് ഇക്കൂട്ടര്‍. അതേ സമയം സങ്കോചമുള്ളവരും ആയിരിക്കും. അല്‍പ്പം ആലോചിച്ചേ എന്തും പറയൂ, പ്രവര്‍ത്തിക്കൂ. അതിനാല്‍ പൊതുജീവിതത്തില്‍ അവര്‍ അങ്ങിനെ കാണപ്പെടുന്നില്ല. സൗമ്യരായിരിക്കും അവര്‍. വ്യക്തത ഉള്ളവരും. അവരോട് സംസാരിക്കുക എളുപ്പമാണ്. മറ്റുള്ളവര്‍ക്ക് അവര്‍ പ്രാപ്യരായിരിക്കും. തിരശീലയ്ക്ക് പിന്നില്‍ അണിയറയിലാണ് പക്ഷേ അവരുടെ സ്ഥാനം
3 കരുത്തരായ അന്തര്‍മുഖ വ്യക്തിത്വങ്ങള്‍
മറ്റുള്ളവര്‍ എന്തു ചിന്തിക്കുന്നു എന്ന് നോക്കാതെ തന്‍റെ ജീവിതം തന്‍റെതായ രീതിയില്‍ ജീവിക്കുന്നവരാണിവര്‍. വാക്കുകള്‍ക്ക് പിശുക്ക് കാട്ടുന്നവര്‍. മിതഭാഷികള്‍. അവര്‍ അവരുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവര്‍ അവരുടെ ഉത്തരവാദിത്തത്തെ ഗൗരവത്തോടെ കാണുന്നു. ശക്തമായ മൂല്യബോധമുള്ള അവര്‍ അതില്‍ വിട്ടു വീഴ്ചയ്ക്കോ വ്യതിചലനത്തിനോ വഴങ്ങില്ല. പറയുന്നത് അവര്‍ പ്രവര്‍ത്തിക്കും. മറ്റുള്ളവരില്‍ നിന്നും അവരത് പ്രതീക്ഷിക്കുന്നു.
4 ലജ്ജാശീലരായ അന്തര്‍മുഖ വ്യക്തിത്വങ്ങള്‍
ലജ്ജാശീലരായ ബഹിര്‍മുഖ വ്യക്തിത്വങ്ങളെപ്പോലെ ഇവരും ആളുകളെയാം സാഹചര്യങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുന്നു. എന്തു ചെയ്യുന്നതിനു മുന്‍പും അവര്‍ കാര്യങ്ങള്‍ നിരീക്ഷിച്ച് പഠിക്കുന്നു. മുന്നോട്ടു പോകുന്നതിനു മുന്‍പ് സാഹചര്യം എന്തെന്ന് സസൂക്ഷ്മം അപഗ്രഥിക്കുന്നു. നിത്യ ജീവിതത്തിന്‍റെ ബഹളങ്ങളില്‍ നിന്ന് അവര്‍ അകന്നു നില്‍ക്കുന്നു. കാര്യങ്ങളില്‍ നല്ല വ്യക്തതയുള്ളവരാകും അവര്‍. സര്‍ഗാല്‍മകതയുള്ളവരാകും. വിട്ടുവീഴ്ചയുള്ളവരായിരിക്കില്ല അവര്‍. അവരെ പൊതുജീവിതത്തിലും അങ്ങിനെ കാണാനാകില്ല.
ഈ വ്യക്തിത്വങ്ങളില്‍ ഏതില്‍പ്പെടും നാം. അത് അടുത്ത ലക്കത്തില്‍ നോക്കാം
(തുടരും)
മനോനിലയും നമ്മുടെ വ്യക്തിത്വവും
ടോം മാത്യു
അസ്സീസി മാസിക മാർച്ച് 2026

















































































































