മനോനില മാറ്റാന്‍ സ്വഭാവത്തെ മാറ്റാം
- ടോം മാത്യു

- Feb 1
- 3 min read
പ്രസാദത്തിലേക്ക് 14 പടവുകള്‍

Key takeaways:
Here we completes the 14-day mood mapping exercise for managing depression and bipolar disorder.
The article discusses changing five factors to move between calm and action-oriented moods.
വിഷാദരോഗ(depression) ത്തിനും അതിന്‍റെ അതി തീവ്രനിലയായ വിരുദ്ധ ധ്രുവ മാനസിക വ്യതിയാന (bipolar disorder) ത്തിനും മരുന്നില്ലാ ചികില്‍സയായി സ്വാനുഭവത്തില്‍ നിന്ന് ഡോ. ലിസ് മില്ലര്‍ രൂപപ്പെടുത്തിയ പതിനാലു ദിവസം കൊണ്ടു പൂര്‍ത്തിയാവുന്ന മനോനില ചിത്രണം ( mood mapping ) ഈ ലക്കം കൊണ്ട് പൂര്‍ത്തീകരിക്കുന്നു. പ്രസാദാല്‍മക ഊര്‍ജം (positive energy ) കൈവരിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് ഈ അധ്യായത്തില്‍ നാം ചര്‍ച്ച ചെയ്തത്. ശാന്ത ( calm) മായ മനോനില (mood)യില്‍ നിന്ന് കര്‍മ്മോല്‍സുക (action) മനോനിലയിലേക്കും തിരിച്ചും എത്തുന്നതിന് മനോനിലയെ സ്വാധീനിക്കുന്ന അഞ്ച് ഘടകങ്ങളില്‍ എങ്ങിനെ മാറ്റം വരുത്താമെന്ന് നാം ഇവിടെ വിശകലനം ചെയ്യുന്നു. മനോനില (mood) യെ സ്വാധീനിക്കുന്ന അഞ്ച് ഘടകങ്ങള്‍ നമ്മുടെ ശാരീരികാരോഗ്യം നമ്മുടെ ചുറ്റുപാട് നമ്മുടെ ബന്ധങ്ങള്‍ നമ്മുടെ അറിവ് നമ്മുടെ സ്വഭാവം എന്നിവയാണ്. ഇവയില്‍ മാറ്റം വരുത്തി പ്രസാദാല്‍മക മനോനില കൈവരിക്കാന്‍ കഴിയുമെന്നതിനാല്‍ ഇവയെ നല്ല മനോനിലയിലേക്കുള്ള താക്കോലുകള്‍ എന്നു പറയുന്നു. കര്‍മ്മോല്‍സുക മനോനിലയില്‍ നിന്ന് ശാന്തതയിലേക്ക് തിരിച്ചെത്തുന്നതിന് സഹായിക്കുന്നതിന് അവസാന താക്കോലായ നമ്മുടെ സ്വഭാവത്തില്‍ എന്തു മാറ്റം വരുത്താമെന്ന് ഈ ലക്കത്തില്‍ നാം കാണുന്നു.
1. തന്നെ താനായി അംഗീകരിക്കുക
നമ്മുടെ കഴിവുകളെയും കഴിവുകേടുകളെയും ഗുണങ്ങളെയും ദോഷങ്ങളെയും അതായി തന്നെ സ്വീകരിക്കുക. നമ്മളായിരുന്നു കൊണ്ട് ജീവിക്കാവുന്നതുപോലെ നാം ജീവിക്കുന്നു. അതിലപ്പുറം പോകാന്‍ വ്യഥാ ശ്രമിക്കാതിരിക്കുക അത് നിരാശയേ സമ്മാനിക്കൂ. നമ്മെ നാമായി അംഗീകരിക്കുന്നതിലൂടെ നമ്മില്‍ വിട്ടുവീഴ്ചാ മനോഭാവം ഉടലെടുക്കും. അത് ശാന്തത സമ്മാനിക്കും.
2. നമ്മില്‍ സ്വസ്ഥരായിരിക്കുക
അവനവനില്‍ സ്വസ്ഥമായിരുന്നാല്‍, സ്വയം സമാധാനം കണ്ടെത്തിയാല്‍, തെളിഞ്ഞ മനസാ ക്ഷിയുണ്ടായിരുന്നാല്‍ ശാന്തി ഉറപ്പാണ്. നാമല്ലാത്ത നമ്മിലില്ലാത്ത എന്തെങ്കിലുമാകാന്‍ നാം ശ്രമിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഉദാഹരണത്തിന് നമുക്ക് ഇഷ്ടമുള്ളവരോടൊപ്പം കഴിയാനാണ് നാം ആഗ്രഹിക്കുക. പക്ഷേ ഒരു കൂട്ടം ആള്‍ക്കാര്‍ക്കിടയില്‍ സ്വസ്ഥതയോടെ കഴിയാന്‍ അത് തടസമാകും. ആ ഇഷ്ടം നല്ലതോ ചീത്തയോ ശരിയോ തെറ്റോ എന്നല്ല . ആ ഇഷ്ടം മാറ്റിയാലേ നമുക്ക് എവിടെയും സ്വസ്ഥമായിരിക്കാന്‍ പറ്റൂ എന്നതാണ് കാര്യം.
3. ശന്തമാകാന്‍ പഠിക്കുക
ശാന്തമാകാന്‍ പഠിക്കുക എന്നാല്‍ കര്‍മ്മോല്‍സുകരാകാന്‍ സ്വയം സജ്ജമാക്കുക എന്നാണര്‍ത്ഥം. സ്വയം പുതുക്കുക എന്ന നമ്മുടെ ആവശ്യം സാക്ഷാല്‍ക്കരിക്കാനുള്ള മാര്‍ഗമാണ് വിശ്രമം. മൈന്‍ഡ് സ്റ്റോര്‍ എന്ന പുസ്തകത്തില്‍ ജാണ് ബ്ലാക്ക് ഇതെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ശാന്തത സര്‍ഗാല്‍മകസമയമാണെന്ന് അദ്ദേഹം പറയുന്നു. നിങ്ങള്‍ക്ക് ജിജ്ഞാസയുള്ള കാര്യങ്ങള്‍ പിന്തുടരാനും പുതിയ ചിലതു കണ്ടെത്താനുമുള്ള സമയം വിശ്രാന്തിക്കുള്ള മികച്ച മാര്‍ഗമാണ് ഹോബികള്‍ . മീന്‍ പിടുത്തമാകട്ടെ, തുന്നലാകട്ടെ ഹോബികള്‍ നമുക്ക് വ്യത്യസ്തമായൊരു ജീവിതവീക്ഷണം തരുന്നു. അതിലേറെ അത് ശാന്തതയിലേക്ക് പെട്ടെന്ന് തുറക്കുന്ന വാതിലുകളുമാണ്. അതും ശാന്തി നിങ്ങള്‍ക്ക് ഏറെ അനിവാര്യമായിരിക്കുമ്പോള്‍.
പതിനാലാം ദിനത്തിന്‍റെ അഭ്യാസം
കര്‍മ്മോല്‍സുകത (action) യില്‍ നിന്ന് ശാന്തത (calm) യിലേക്ക് നീങ്ങുന്നതിനുള്ള മാര്‍ഗങ്ങള്‍ പരീ ക്ഷിക്കുക. അവയുടെ ഫലം വിലയിരുത്തുന്നതിന് മനോനില ചിത്രണം (mood map) ഉപയോഗിക്കുക
* ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്കെത്താന്‍ മൂന്നു വ്യത്യസ്ത വഴികള്‍ കണ്ടെത്തുക. ഏതു വഴിയിലൂടെയുള്ള മടക്കമാണ് നമ്മെ ഏറ്റവും ശാന്തരാക്കുക? തിരക്കുള്ള സമയത്ത് സ്വയം ഡ്രൈവ് ചെയ്യുന്നതിനേക്കാള്‍ ഉചിതമാവുക ചിലപ്പോള്‍ ട്രെയിനിലുള്ള യാത്രയാവും.
* വീട്ടിലെത്തിയാല്‍ ആദ്യം ചെയ്യുക എന്താണ്? മൊബൈല്‍ ഫോണില്‍ ജോലി സംബന്ധമായ മെസേജുകള്‍ എന്തെങ്കിലും ഉണ്ടോയെന്ന് നോക്കുമോ ? അതോ ടിവിയില്‍ ശ്രദ്ധിക്കുമോ ? അതുമല്ല നിങ്ങളുടെ കൊച്ചു പൂന്തോട്ടത്തില്‍ പുതിയ പൂക്കളേതെങ്കിലും വിരിഞ്ഞുവോ എന്ന് നോക്കുമോ ? ഏതെങ്കിലും ചെടിക്ക് വാട്ടം ഉണ്ടോ, വെള്ളം ആവശ്യമുണ്ടോ?
* വൈകുന്നേരം ഒരു മണിക്കൂര്‍ നിങ്ങള്‍ സാധാരണ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്ത് നോക്കിയാലോ ? ഇഷ്ടമുള്ള വിഭവം പാചകം ചെയ്യുക, പൂന്തോട്ടം ഉണ്ടാക്കുക, ചിത്രം വരയ്ക്കുക അങ്ങനെ ഉല്ലാസം പകരുന്ന എന്തെങ്കിലും ഒന്ന്? കൊള്ളാം.
മനോനില ചിത്രണത്തില്‍ ഇപ്പോള്‍ നാം യോഗ്യത നേടിയിരിക്കുന്നു. നമ്മുടെ മനോനില (mood ) അടയാളപ്പെടുത്താന്‍ മനസിലാക്കാന്‍ ഇപ്പോള്‍ പ്രാപ്തരാണ്. മനോനില മനസിലാക്കാന്‍ മനോനില ചിത്രണം എപ്രകാരം ഉപയോഗപ്രദമാക്കാമെന്ന് മറ്റുള്ളവരെ പഠിപ്പിക്കാനും നമുക്ക് കഴിയും.
മനോനില ( mood ) നിയന്ത്രണത്തിലായാല്‍ ഏതു സാഹചര്യവും കൈകാര്യം ചെയ്യാന്‍ നമുക്ക് കഴിയും. ഓര്‍ക്കുക നമ്മുടെ മനോനില അല്ല നാം. നമ്മുടെ അനുഭവം മാത്രമാണ് നമ്മുടെ മനോനില. നാം നമ്മുടെ മനോനില അല്ലെന്ന് മനസിലാക്കുമ്പോള്‍ മനോനില എന്നത് നമ്മുടെ പരിചാരകനും മാധ്യമവും മാത്രമാണെന്ന് മനസിലാക്കുമ്പോള്‍ നമ്മുടെ സാഹചര്യങ്ങള്‍ക്കുമേല്‍ നമുക്ക് നിയന്ത്രണം സാധ്യമാകുന്നു. സ്വാസ്ഥ്യം നമുക്ക് സാധ്യമാകുന്നു.
നമ്മുടെ മനോനില മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി മാര്‍ഗങ്ങളും അഭ്യാസങ്ങളുമുള്ള ഒരു നോട്ട്ബുക്ക് ഇപ്പോള്‍ നമ്മുടെ കൈവശമുണ്ട്. അത് മറ്റുള്ളവരുമായി നമുക്ക് പങ്കുവയ്ക്കാം. നിത്യ ജീവിതത്തില്‍ മനോനില ചിത്രണത്തിന്‍റെ നിരവധിയായ ഉപയോഗങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തും. ജോലിയില്‍, ബന്ധങ്ങളില്‍, സ്വകാര്യ നിമിഷങ്ങളില്‍ ഒക്കെ മനോനില ചിത്രണം നമ്മെ മികവിലേക്ക് നയിക്കുന്നു. നിങ്ങളുടെ സ്വന്തം മനോനില മെച്ചപ്പെടുത്താന്‍, ഒരു യോഗത്തിന്‍റെ നിലവാരം മാറ്റാന്‍, കുട്ടികളില്‍ ആരോഗ്യകരവും സന്തോഷകരവുമായ പെരുമാറ്റം സാധ്യമാക്കാന്‍, നാം പഠിപ്പിക്കുന്ന കുട്ടികളെ നിയന്ത്രിക്കാന്‍ വരെ നമുക്ക് മനോനില ചിത്രണം ഉപയോഗപ്പെടുത്താം. ജീവിതത്തില്‍ ആഗ്രഹിക്കുന്നതെന്തും നേടാന്‍ നമ്മെയും മറ്റുള്ളവരെയും പരുവപ്പെടുത്താന്‍ മനോനില ചിത്രണം ഉപയോഗപ്പെടുത്താം.
ഇനി നാം മനോനില (mood) യുടെ സൂക്ഷ്മമായ വിശദാംശങ്ങളിലേക്ക് കടക്കുകയാണ്. ഒപ്പം മറ്റുള്ളവരുമായുള്ള ഇടപെടലിലും നമ്മുടെ നിത്യ ജീവിതത്തിലും മനോനില ചിത്രണം( mood mapping ) എങ്ങിനെ ഉപയോഗപ്പെടുത്താമെന്നും നാം പരിശോധിക്കും. വ്യക്തിത്വം എങ്ങിനെ മനോനിലയെ സ്വാധീനിക്കും എന്നും നാം വിശകലനം ചെയ്യും. നാം എന്തുകൊണ്ട് നാം ആയി എന്ന് നാം പഠിക്കും. മനോനിലയില്‍ വലിയ ക്രമക്കേടുകള്‍ അനുഭവിക്കുന്നുവെങ്കില്‍ അതും നാം ശ്രദ്ധിക്കും. ക്രമക്കേട് ക്രമമാകുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായും.
മനോനില ചിത്രണം തികച്ചും പുതുതാണ്! പുതുതായെന്തെങ്കിലും പഠിക്കുക ആവേശകരമാണ്. പക്ഷ അതല്‍പ്പം കഠിനവുമാണ്. അതു നാം സാധിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍!
പതിനാലാം ദിവസത്തെ എക്സര്‍സൈസോടെ മനോനില ചിത്രണത്തിന്‍റെ പരിശീലന പദ്ധതി പൂര്‍ത്തിയാവുന്നു. നമ്മുടെ വ്യക്തിത്വത്തെ നിശ്ചയിക്കുന്ന പ്രധാന ഘടകമായ മനോനില (mood) യെക്കുറിച്ചുള്ള വിശകലനം അടുത്ത ലക്കങ്ങളില്‍ തുടരും.
മനോനില മാറ്റാന്‍ സ്വഭാവത്തെ മാറ്റാം
ടോം മാത്യു
അസ്സീസി മാസിക, ഫെബ്രവരി 2026

























































