top of page

മദ്യവിമുക്തർക്ക് ഒരു മദ്ധ്യസ്ഥൻ : വാ. മാറ്റ് ടാൽബോത്ത്.

Writer: Assisi Magazine
Assisi Magazine
3 hours ago
3 min read

' ഇതോടെ ഞാൻ നിർത്തി' എന്ന് കെട്ടിയോളെയും കുട്ടികളെയും മുന്നിൽ സാക്ഷിനിർത്തി നിരവധിതവണ വിളിച്ചുപറഞ്ഞ മദ്യപാനികൾ ഉണ്ട്. അവർ ഇപ്പോഴും നിർത്തണമെന്ന്, നിർത്താതെ, ആഗ്രഹിക്കുന്നവരാണ്. നിർഭാഗ്യവശാൽ അവർക്ക് അതിന് കഴിയുന്നില്ല. ഇങ്ങനെ ഉള്ളവരെ മാനസാന്തരത്തിലേക്ക് മാടിവിളിക്കുന്ന ഒരു മഹാനുഭനുണ്ട് - മാറ്റ് ടാൽ ബോത്ത്. മദ്യപാനികളുടെ മധ്യസ്ഥനായി മാനിക്കപ്പെടുന്ന മനുഷ്യസ്നേഹി.


അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിൽ, ചാൾസ് ഡാൽബോത്ത്- എലിസബത്ത് ദമ്പതികളുടെ 12 മക്കളിൽ ഒരുവനായി 1856 മെയ്‌ 2 ന് മാറ്റ് ജനിച്ചു. ഭക്തയായ വിശ്വാസിയായിരുന്നു അമ്മ . പിതാവ് ചാൾസിന് എക്സൈസ് വിഭാഗത്തിൽ ആയിരുന്നു ജോലി. ഒരു മുഴു മദ്യപാനിയുടെ മുക്കുടിയന്മാരായ മക്കളിൽ ഒരുവനായാണ് മാറ്റുവളർന്നത്. കലഹ കലുഷിതമായിരുന്നു കുടുംബാന്തരീക്ഷം. മുക്കുടിയനായ അപ്പൻ മക്കളുടെ സ്വഭാവ രൂപീകരണത്തിലോ മതബോധനത്തിലോ പഠനത്തിലോ ശ്രദ്ധിച്ചില്ല. മക്കൾ പൊതുവേ താന്തോന്നികളായി മാറി. മാറ്റ ചെറുപ്പം മുതൽ വികൃതിയായി വിലസി. ക്ലാസ്സ് സമയത്ത് പോലും തെരുവീഥിയായിരുന്നു അവന്റെ വിഹാരരംഗം അടിച്ചു പൊളിച്ചു കഴിഞ്ഞു. മാറ്റിന് മുൻപിൽ കൂടുതൽ പഠിക്കാനുള്ള സാധ്യതയോ ബാധ്യതയോ ഇല്ലായിരുന്നു.


അവന് കിട്ടിയ ജോലി മദ്യശാലയിൽ ആയിരുന്നു. മദ്യശാലയിലെ ജോലിയേക്കാൾ മദ്യം ആയിരുന്നു മാറ്റിനിഷ്ടം. ഒരു കടുത്ത മദ്യപാനിയായി അയാൾ മാറി. കിട്ടുന്ന ശമ്പളമെല്ലാം ഓരോ ശനിയാഴ്ചയും കൃത്യമായി മുഴുവനായും ബാറുടമയെ മുൻകൂറായി ഏൽപ്പിച്ച്, രണ്ട് മൂന്ന് ദിവസം കൊണ്ട് അതു മുഴുവൻ കുടിച്ചു തീർക്കുന്ന രീതിയായിരുന്നു മാറ്റിന്. മാതാപിതാക്കളുടെ കണ്ണുവെട്ടിച്ചും അവരെ കബളിപ്പിച്ചും കാശ് കട്ടെടുത്തും കയ്യിൽ കിട്ടിയതും കണ്ണിൽ കണ്ടതും എല്ലാം വിറ്റും അയാൾ കുടിച്ചു തിമിർത്താടി. വിലക്കുകളൊന്നും മാർട്ടിന്റെ കാര്യത്തിൽ വിലപ്പോയില്ല. 


നിവൃത്തിയില്ലാതെ മാറ്റിനെ ഒരു കെട്ടിട നിർമ്മാണ കമ്പനിയിലേക്ക് മാറ്റി. എന്നിട്ടും മാറ്റ് - പെരുമാറ്റം മാത്രം മാറ്റിയില്ല. മദ്യപാനിയായ മാറ്റിന്റെ സ്വഭാവത്തെ സംബന്ധിച്ച് ഏതാനും സമാനതകളില്ലാത്ത സവിശേഷതകൾ ഉണ്ടായിരുന്നു.


ഒന്ന്: അദ്ദേഹം അധ്വാനശീലനും തൊഴിലിനോട് ആത്മാർത്ഥതയും അർപ്പണബോധവും ഉള്ളവനു മായിരുന്നു.


രണ്ട്: എത്ര കുടിച്ചാലും അയാൾ ബഹളം വെച്ചിരുന്നില്ല.


മൂന്ന്: ഓരോ ദിവസവും മുടങ്ങാതെ ചെയ്തിരുന്ന ഒരു കാര്യം "നന്മ നിറഞ്ഞ മറിയമേ "എന്ന പ്രാർത്ഥന ചൊല്ലലാണ്.


1878ലെ ഒരു ശനിയാഴ്ച. മാറ്റിന്റെ ഗതി മാറ്റിമറിച്ച ഒരു സംഗതി അന്ന് അരങ്ങേറി. കുടിക്കാൻ കലശലായ ആശ. കീശയിൽ കാശില്ല. കയ്യാണെങ്കിൽ കാലി. പലരോടും കെഞ്ചി. കമ്പനിക്കാർ കൊടുത്തില്ല. കൂട്ടുകാർ കണ്ട ഭാവം നടിക്കാതെ കടന്നുപോയി. നിരാശനായി, കുടിക്കാനാകാതെ അന്ന് അയാൾ വീട്ടിൽ തിരിച്ചെത്തി. പെട്ടെന്ന് മാറ്റിന്റെ മനസ്സിലൂടെ മിന്നൽ പിണർ പോലെ ഒരു ചിന്ത കടന്നുപോയി. തനിക്ക് ഒരു ദിവസമെങ്കിലും കുടിക്കാതെ കഴിയ്ക്കാനായി എന്ന തിരിച്ചറിവായിരുന്നു അത്. എങ്കിൽ ഇനി നാളെ കുടിക്കുന്നത് എന്തിനാണ്? കുടിക്കണ്ട എന്ന് തന്നെ തീരുമാനിക്കാം. മാറ്റ് തന്റെ തീരുമാനം - ഞാൻ ഇനി കുടിക്കില്ല- എന്ന് വിളംബരം ചെയ്തപ്പോൾ മാറ്റിന്റെ അമ്മയ്ക്കായിരുന്നു ഏറ്റവും ആഹ്ലാദവും,അത്ഭുദ്ധവും. അമ്മ പറഞ്ഞത് അനുസരിച്ച് മാറ്റ് പള്ളിയിൽ ചെന്ന് ദൈവസന്നിധിയിൽ കുടിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തു. പള്ളിയിൽ ഫാ. ക്വീനിന്റെ മുമ്പാകെ അടുത്ത മൂന്നുമാസത്തേക്ക് മദ്യം കഴിക്കില്ലെന്ന് മാറ്റ് എഴുതി ഒപ്പിട്ടു കൊടുത്തു. പിന്നീട് അത് ഒരു കൊല്ലത്തേക്ക് നീട്ടി. തുടർന്നെടുത്തത് ആ ജീവനാന്തം പാലിക്കാനുള്ള മദ്യവിരുദ്ധ പ്രതിജ്ഞയാണ്. അതോടെ കുടിച്ച് മുടിച്ചിരുന്ന മാറ്റ് ഒരു മദ്യവിരുദ്ധ വിപ്ലവകാരിയായി. തന്റെ സഹോദരി മേരിയിൽ നിന്നും കിട്ടിയ 'ക്രിസ്ത്യാനികൾക്ക് വേണ്ടി തുറക്കപ്പെടുന്ന തീനരകം' എന്ന പുസ്തകം അദ്ദേഹത്തിന്റെ മാനസാന്തരത്തെ ത്വരിതപ്പെടുത്തി.


1884 മുതൽ ടി ആൻഡ് സി മാർട്ടിൻ എന്ന മരകമ്പനിയിലായിരുന്നു മാറ്റിന് ജോലി. കൂദാശകൾ സ്വീകരിച്ച് സുകൃത സമ്പന്നമായ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ പുതു ജന്മത്തിൽ പലർക്കും അമർഷവും അസൂയയുമുണ്ടായിരുന്നു. പഴയ ജീവിത രീതികൾ അവലംബിക്കാനുള്ള പ്രലോഭനങ്ങൾ പ്രാർത്ഥന കൊണ്ടും തപശ്ചര്യകൾ കൊണ്ടും ആണ് മാറ്റ് അതിജീവിച്ചത്. അതിനിടെ തന്റെ പുകവലി ശീലം പൂർണമായി നിർത്തി. പല സഹപ്രവർത്തകരും ആ പുത്തൻ മനുഷ്യനെ പരിഹാസപൂർവ്വം പരിത്യജിച്ചു. അധികം വൈകാതെ തടി അറക്കുന്ന ഒരു മില്ലിൽ അദ്ദേഹം ജോലി ശരിപ്പെടുത്തി. ഇംഗ്ലണ്ടിലും അയർലണ്ടിലും എല്ലാം തൊഴിലാളികൾ സംഘടനാ പ്രവർത്തനം തുടങ്ങിയ കാലമായിരുന്നു അത്. മാറ്റ് ഐറിഷ് ട്രാൻസ്പോർട്ട് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ ആദ്യാംഗങ്ങളിൽ ഒരാളായി. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി മുഖംനോട്ടമില്ലാതെ വീറോടെ വാദിച്ചു. അതേസമയം അവരുടെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മാറ്റിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. പാവപ്പെട്ട പണിക്കാരെ സാമ്പത്തികമായും ആത്മീയമായും സഹായിച്ചിരുന്നു. തൊഴിൽ പ്രശ്നങ്ങളിൽ പോലും പ്രാർത്ഥിച്ചതിനു ശേഷം മാത്രമാണ് തീരുമാനങ്ങൾ എടുത്തിരുന്നത്. വിശുദ്ധ കുർബാനയിൽ അനുദിനം പങ്കെടുക്കണമെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. മാറ്റിന്റെ ജീവിതം പരിപൂർണ്ണ ബ്രഹ്മചാരിയുടെതായിരുന്നു.. അവിവാഹിതനും ആത്മായനുമായി ജീവിച്ച അദ്ദേഹം പരിത്യാഗപരോപകാര പ്രവർത്തികൾക്ക് വലിയ പ്രാധാന്യം നൽകി. ജഡികാഭിലാഷങ്ങളെ നിയന്ത്രിക്കാനായി സ്വന്തം ശരീരത്തെ ചങ്ങലയിൽ തളച്ചിടുമായിരുന്നു. ദൈവാനുഗ്രഹം, ദൈവസാന്നിധ്യം, ദൈവാശിർവാദം എന്നീ മൂന്ന് നിയോഗങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം ദൈവമാതാവിനോട് പ്രാർത്ഥിച്ചിരുന്നത്. ചുരുക്കത്തിൽ ലോകത്തിന്റെ നടുവിലും തൊഴിൽ ശാലയിലും എങ്ങനെ ആത്മീയ ജീവിതം നയിക്കാം എന്ന് ഈ മദ്യവിമുക്ത വിശ്വാസി തന്റെ സമകാലീന സമൂഹത്തെ ബോധ്യപ്പെടുത്തി.


നാമമാത്രമായ ഭക്ഷണം കൊണ്ട് തൃപ്തിപ്പെട്ടിരുന്ന മാറ്റ് കഠിന താപശ്ചര്യകളുടെ ഫലമെന്നോണം പെട്ടെന്ന് വയോവൃദ്ധനും രോഗിയുമായി. മിക്കവാറും ഏകാന്തമായൊരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അപ്പോഴും വീട്ടിൽ വിശ്രമ ജീവിതം നയിച്ചിരുന്നപ്പോഴും സൂസൻ എന്ന സഹോദരിയായിരുന്നു മാറ്റിന്റെ പരിചാരിക. 1925 ജൂൺ ഏഴിന് അന്ന് പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളായിരുന്നു. വിശുദ്ധ കുർബാനയ്ക്ക് പോകും വഴി മാറ്റ് തലകറങ്ങി വീണു. വൈകാതെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. ജൂൺ 11ന് വിശുദ്ധ ഫ്രാൻസിസ് സേവ്യാറിന്റെ ദേവാലയത്തിലേക്ക് കൊണ്ടുപോയി. ഗ്ലാസ്നെവിൻ സെമിത്തേരിയിൽ തികച്ചും സാധാരണ രീതിയിലായിരുന്നു മൃതസംസ്കാരം.


ജീവിതകാലത്ത് സ്വന്തം വിശുദ്ധി പരസ്യപ്പെടുത്താൻ മാറ്റ് ഒട്ടും ആഗ്രഹിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ മരണാനന്തരം ലോകം കണ്ടത് ആ കബറിടത്തിലേക്ക് തീർത്ഥാടക പ്രവാഹമായിരുന്നു. തന്റെ മധ്യസ്ഥതയിലൂടെ ഒത്തിരി മദ്യപാനികൾക്ക് മോചനം കിട്ടി. ഒട്ടേറെ അത്ഭുതങ്ങൾ ജനശ്രദ്ധ ആകർഷിച്ചു. 1972 ൽ അദ്ദേഹത്തിന്റെ ഭൗതികവശിഷ്ടങ്ങൾ ഡബ്ലിനിൽ തന്നെയുള്ള ലൂർദ് മാതാവിന്റെ പള്ളിയിലേക്ക് മാറ്റി. 1947ൽ സമാരംഭിച്ച നാമകരണ നടപടികൾ ഇപ്പോഴും തുടരുകയാണ്. പോൾ ആറാമൻ പാപ്പ 1975 ഒക്ടോബർ 3ന് മാറ്റിനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർത്തി. 1978ല്‍ തന്നെ സന്ദർശിക്കാനെത്തിയ ഒരു ഐറിഷ് തീർത്ഥാടക സംഘത്തിന് മാർപാപ്പ ഉറപ്പ് കൊടുത്തു. മാറ്റിനെ 12 മാസങ്ങൾക്കുള്ളിൽ ഞാൻ വിശുദ്ധനെന്ന് നാമകരണം ചെയ്യും എന്ന്. നിർഭാഗ്യവശാൽ, അധികം താമസിയാതെ മാർപാപ്പ പരലോക പ്രാപ്തനായി. നാമകരണ നടപടികളുടെ പൂർത്തീകരണത്തിനായി നമുക്കും പ്രാർത്ഥിക്കാം.

                     മദ്യപാനികൾക്കും മദ്യ-ലഹരിവിരുദ്ധ പ്രവർത്തകർക്കും മാതൃകയാക്കാവുന്ന സമുജ്ജ്വല വ്യക്തിത്വത്തിന്റെ ഉടമയാണ് മാറ്റ് ടാൽബോത്ത്. മദ്യപാനികളുടെ മധ്യസ്ഥനായി അദ്ദേഹം മാനിക്കപ്പെടുന്നു. മദ്യ-ലഹരിവിരുദ്ധരായി മുന്നേറാൻ, നമുക്ക് വാ. മാറ്റ് ടാൽ ബോത്തിന്റെ മഹത്തായ മാതൃക മറക്കാതിരിക്കാം.

 

  സാബു എടാട്ടുകാരൻ, മാള,

പ്രസിഡന്റ്, കേരള സംസ്ഥാന മധ്യ മേഖല,

കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതി.

 
 
bottom of page