top of page

മരണത്തിന്‍റെ വെളിച്ചത്തില്‍ ജീവിതം

Writer: പോൾ ഗ്രിഗറി
പോൾ ഗ്രിഗറി
Nov 9
2 min read
സൂര്യാസ്തമയത്തിലെ ഓറഞ്ച് ആകാശത്ത് തുറന്ന പക്ഷിക്കൂടിന് മുകളിൽ പറക്കുന്ന വെളുത്ത പ്രാവ്.

ജീവിതവീഥിയില്‍ നാം എത്ര യാത്രകള്‍ ചൊല്ലി... കണക്കറ്റ യാത്രകള്‍...

പിരിയാം, പിന്നെ കാണാം എന്ന് സൗഹൃദത്തോടു ചൊല്ലിയത്...

കൈവിടാതെ, കണ്ണുനിറഞ്ഞ് സ്ഥലംമാറിപ്പോകുമ്പോള്‍ ചൊല്ലിയത്...

മാലയിട്ട്, മധുരം നല്‍കി ആദരവോടെ നല്‍കിയ യാത്രയയപ്പുകള്‍...

വിടപറയലിന് എത്രയെത്ര മുഖങ്ങള്‍...!


പക്ഷേ, അതിലൊന്നുംപെടാത്തൊരു വിടവാങ്ങലുണ്ട്. പേരോര്‍ക്കുമ്പോഴേ നെഞ്ചുപിടയുന്ന, ഓര്‍മയില്‍പോലും വേദനയുണര്‍ത്തുന്ന ഒന്ന്.

നിങ്ങള്‍ ഈ വരി വായിച്ചുതീരുംമുമ്പേ ആ പേര് നിങ്ങളിലേക്ക് ഓടിയെത്തിയില്ലേ?

അതെ, മരണം...!


മരണം ജീവിതത്തിന്‍റെ അവസാനമാണെന്നു നാം കരുതുന്നു. എന്നാല്‍ മറ്റൊരു അര്‍ഥത്തില്‍, മരണം ജീവിതത്തെ ഏറ്റവും വ്യക്തമായി കാണിച്ചുതരുന്ന കണ്ണാടിയാണ്. ജീവിച്ചിരിക്കുമ്പോള്‍ മനുഷ്യനെക്കുറിച്ച് നമുക്കുള്ള ധാരണകള്‍ പലതാണ്. അയാളുടെ സമ്പത്ത്, പദവി, അധികാരം, പ്രശസ്തി, സ്വാധീനം... ഇവയെല്ലാം ചേര്‍ന്നാണ് പലപ്പോഴും നാം ഒരാളെ അളക്കുന്നത്. എന്നാല്‍ മരണം കടന്നുവരുമ്പോള്‍ ഈ അളവുകോലുകള്‍ക്ക് എന്തോ ഒരു അപൂര്‍ണത അനുഭവപ്പെടുന്നു. അപ്പോള്‍ ഓര്‍മിക്കപ്പെടുന്നത് അയാളുടെ സമ്പത്തിന്‍റെ വലുപ്പമല്ല; സ്നേഹത്തിന്‍റെ ആഴമാണ്. അയാള്‍ എത്ര ഉയരത്തില്‍ എത്തിയെന്നതല്ല; മറ്റുള്ളവര്‍ക്ക് അയാള്‍ എന്തായിരുന്നു എന്നതാണ്.


മരണത്തിന് മനുഷ്യന്‍റെ ജീവിതത്തെക്കുറിച്ചു ചില സത്യങ്ങള്‍ വെളിപ്പെടുത്താനുണ്ട്. നാം ജീവിതം മുഴുവന്‍ നേടിയെടുക്കാന്‍ ശ്രമിച്ച പലതും ഒരുനാള്‍ ഇവിടെത്തന്നെ ഉപേക്ഷിക്കേണ്ടിവരും. എന്നാല്‍ നാം മറ്റുള്ളവര്‍ക്കു നല്‍കിയ സ്നേഹവും കരുണയും ആശ്വാസവും അത്ര എളുപ്പത്തില്‍ മാഞ്ഞുപോകുന്നില്ല. അപ്പോള്‍ ഒരു ചോദ്യം ഉയരുന്നു: ജീവിതം എന്നത് നാം സ്വന്തമാക്കിയവയുടെ ആകെത്തുകയാണോ, അതോ മറ്റുള്ളവര്‍ക്കായി നാം ആയിത്തീര്‍ന്നതിന്‍റെ ആഴമാണോ?


"നീ പൊടിയാകുന്നു; പൊടിയിലേക്കുതന്നെ നീ മടങ്ങും" (ഉല്‍പത്തി 3:19) എന്ന വിശുദ്ധ ഗ്രന്ഥവചനം മനുഷ്യന്‍റെ നശ്വരതയെ ഓര്‍മിപ്പിക്കുന്നു. ഈ സത്യം നമ്മുടെ അഹങ്കാരത്തെ ചെറുതാക്കുകയും ജീവിതത്തിന്‍റെ മുന്‍ഗണനകളെ പുനഃപരിശോധിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ക്രൈസ്തവവിശ്വാസം മനുഷ്യന്‍റെ കഥയെ മണ്ണില്‍ അവസാനിപ്പിക്കുന്നില്ല. "ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും" (യോഹന്നാന്‍ 11:25) എന്ന ക്രിസ്തുവിന്‍റെ വാക്കുകള്‍ മരണത്തിനപ്പുറത്തേക്കുള്ള പ്രത്യാശയാണ്.


എങ്കിലും നിത്യതയില്‍ വിശ്വസിക്കുന്നു എന്നതുകൊണ്ട് ഈ ജീവിതത്തെ നിസ്സാരമായി കാണാനാവില്ല. യേശുവിന്‍റെ ഗിരിപ്രഭാഷണത്തിലെ വാക്കുകള്‍ ഇവിടെ പുതിയൊരു വെളിച്ചമാകുന്നു: "നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെ നിങ്ങളുടെ ഹൃദയവും ആയിരിക്കും" (മത്തായി 6:21). ഈ വചനം മരണത്തെക്കുറിച്ചല്ല നേരിട്ടു സംസാരിക്കുന്നത്; എന്നാല്‍ മരണത്തിന്‍റെ വെളിച്ചത്തില്‍ ജീവിതത്തെ പരിശോധിക്കാന്‍ നമ്മെ സഹായിക്കുന്നു. നമ്മുടെ ഹൃദയം എവിടെയാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്? ഒരുനാള്‍ നഷ്ടപ്പെടാവുന്ന സമ്പത്തിലും അംഗീകാരങ്ങളിലുമോ, അതോ കാലത്തിനു മായ്ച്ചുകളയാന്‍ കഴിയാത്ത സ്നേഹത്തിലും നന്മയിലുമോ?


ഒരുപക്ഷേ, ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം മരണമല്ല; ജീവിച്ചിരിക്കുമ്പോള്‍ ജീവിതത്തിന്‍റെ യഥാര്‍ഥ അര്‍ഥം തിരിച്ചറിയാതെപോകുന്നതായിരിക്കാം. ഒരാളെ സ്നേഹിക്കാന്‍ അവസരമുണ്ടായിട്ടും സ്നേഹിക്കാതിരിക്കുക, ക്ഷമിക്കാന്‍ കഴിയുമായിരുന്നിട്ടും പക സൂക്ഷിക്കുക, സഹായിക്കാന്‍ കഴിയുമായിരുന്നിട്ടും മുഖംതിരിക്കുക ഇവയെല്ലാം ജീവിതത്തിനുള്ളില്‍ സംഭവിക്കുന്ന ചെറിയ മരണങ്ങളല്ലേ? ശരീരം ജീവിച്ചിരിക്കുമ്പോഴും മനുഷ്യത്വം നമ്മില്‍നിന്ന് അല്പാല്പമായി അകന്നുപോകാം. അതുകൊണ്ടു മരണത്തെക്കുറിച്ചുള്ള ചിന്ത, മരണം വരുമ്പോള്‍ എന്തു സംഭവിക്കും എന്ന അന്വേഷണത്തില്‍മാത്രം ഒതുങ്ങരുത്; മരണം വരുന്നതിനുമുമ്പ് നമ്മുടെ ഉള്ളില്‍ എന്തെല്ലാം മരിച്ചുപോകുന്നു എന്ന ചോദ്യത്തിലേക്കും അതു നമ്മെ നയിക്കണം.


മരണം എപ്പോള്‍ വരുമെന്നു നമുക്കറിയില്ല. എന്നാല്‍ അതിനുമുമ്പുള്ള ജീവിതം എങ്ങനെയായിരിക്കണമെന്നു തിരഞ്ഞെടുക്കാന്‍ നമുക്ക് അവസരമുണ്ട്. നാളെ നമുക്കായി ആരെങ്കിലും എന്തു പറയും എന്നതിനെക്കാള്‍, ഇന്ന് നമ്മുടെ സാന്നിധ്യംകൊണ്ട് ആരുടെയെങ്കിലും ജീവിതത്തില്‍ എന്തു മാറ്റമുണ്ടാകുന്നു എന്നതല്ലേ കൂടുതല്‍ പ്രസക്തം? മരണാനന്തരം നമുക്ക് എന്തു ലഭിക്കും എന്ന പ്രത്യാശയ്ക്കൊപ്പം, മരണത്തിനുമുമ്പ് നമുക്ക് എന്തു നല്‍കാന്‍ കഴിയും എന്ന ഉത്തരവാദിത്വവും ക്രൈസ്തവജീവിതത്തിന്‍റെ ഭാഗമാണ്.


അവസാനം, മരണം നമ്മില്‍നിന്ന് എല്ലാം കവര്‍ന്നെടുക്കുന്ന ഒരു ശൂന്യത മാത്രമല്ല; ജീവിതത്തെക്കുറിച്ചു നാം മാറ്റിവച്ച ചോദ്യങ്ങളെ മുന്നിലെത്തിക്കുന്ന നിശ്ശബ്ദമായ സാന്നിധ്യംകൂടിയാണ്. അതു നമ്മെ ഭയപ്പെടുത്തുന്നതിനപ്പുറം ഉണര്‍ത്തട്ടെ. നശ്വരമായ ജീവിതത്തിനുള്ളില്‍ നിത്യതയുടെ മൂല്യങ്ങള്‍ കണ്ടെത്താന്‍ സഹായിക്കട്ടെ. മരണം നമ്മുടെ ജീവിതത്തിന്‍റെ അവസാന പേജ് ആയിരിക്കാം. എന്നാല്‍ ആ പേജ് അടയുമ്പോള്‍, അതിനു മുമ്പുള്ള പേജുകളില്‍ നാം എന്താണ് എഴുതിവച്ചത് എന്നതാണ് യഥാര്‍ഥ ചോദ്യം. ചില ചോദ്യങ്ങള്‍ നമ്മളില്‍ ഉയര്‍ന്നു നമ്മെ ശരിയായ ദിശയില്‍ സഞ്ചരിക്കാന്‍ പ്രാപ്തരാക്കട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട്.


മരണത്തിന്‍റെ വെളിച്ചത്തില്‍ ജീവിതം

പോള്‍ ഗ്രിഗറി

അസ്സീസി മാസിക, നവംബർ 2026

bottom of page