മുഷിഞ്ഞ മൂന്ന് ഒറ്റനോട്ട്..

ഇടിയും മിന്നലും

റിട്ടയര്‍ചെയ്ത ഒരച്ചന്‍ സിസ്റ്റേഴ്സ് നടത്തുന്ന ഒരു സ്ഥാപനത്തിന്‍റെ ചാപ്ലയിനായി അവിടെ താമസമുണ്ടായിരുന്നു. അച്ചന് അത്യാവശ്യമായി രണ്ടാഴ്ചത്തേക്കു അവധി വേണ്ടിവന്നപ്പോള്‍ എല്ലാദിവസവും അവര്‍ക്കു കുര്‍ബ്ബാനചൊല്ലിക്കൊടുക്കാമോ എന്നച്ചന്‍ ചോദിച്ചപ്പോള്‍ സമ്മതിച്ചു. ദിവസവും പോയിവരാന്‍ ബുദ്ധിമുട്ടുള്ള ദൂരമായിരുന്നതുകൊണ്ട് രണ്ടാഴ്ച അവിടെ താമസിക്കാമെന്നുവച്ചു. തിരിച്ചുപോരാറായപ്പോള്‍ അവരുടെതന്നെ വാഹനത്തില്‍ എന്നെയാത്രയാക്കി. നാലു മണിക്കൂറോളം യാത്രയുണ്ട്. വണ്ടിയിലേക്കു കയറുമ്പോള്‍ ഡ്രൈവറോട് ഞാനൊരു 'ഗുഡ്മോര്‍ണിങ്' പറഞ്ഞു.
"ഗുഡ്മോര്‍ണിങ് അച്ചാ."
വണ്ടിനീങ്ങി. സാമാന്യം പ്രായമുള്ള ഡ്രൈവറെ ആ ദിവസങ്ങളില്‍ പലപ്പോഴും അവിടെ കാണാറുണ്ടായിരുന്നെങ്കിലും പരിചയപ്പെട്ടിരുന്നില്ല. കുറെക്കഴിഞ്ഞപ്പോള്‍ അയാള്‍ എന്‍റെപേരുചോദിച്ചു. പേരുമാത്രംപറഞ്ഞു ഞാന്‍ നിര്‍ത്തിയതുകൊണ്ടായിരിക്കാം അയാള്‍ പറഞ്ഞു:
"അച്ചനധികം സംസാരിക്കുന്ന ആളല്ല, വല്ലതും ചോദിച്ചാലേ വര്‍ത്തമാനം പറയത്തുള്ളു എന്നു പോന്നപ്പോള്‍തന്നെ സിസ്റ്റേഴ്സ് എന്നോടു പറഞ്ഞിരുന്നു."
അതിനുള്ള മറുപടിയും ഒരുചിരിയില്‍ ഞാനൊതുക്കി. മണിക്കൂറുകള്‍ നീളുന്ന യാത്രയായതുകൊണ്ട് ആള്‍ക്ക് എന്തെങ്കിലുമൊക്കെ മിണ്ടണമെന്നുണ്ടെങ്കില്‍ എന്‍റെ നിസ്സഹകരണം അതിനു തടസ്സമാകണ്ടാ എന്നുതോന്നിയതുകൊണ്ട് കുറെക്കഴിഞ്ഞപ്പോള്‍ ഞാനും ആളുടെ പേരും നാടുമൊക്കെ ചോദിച്ച് സംസാരിക്കാന്‍ തുടങ്ങി.
"ഇവിടെ ജോലിക്കുവന്നിട്ട് ഒത്തിരിക്കാലമായിക്കാണുമല്ലേ?"
"ഇല്ലച്ചാ, കുറച്ചുനാളെ ആയുള്ളു ഞാനിവിടെ വന്നിട്ട്."
"നാട്ടില്‍നിന്നും ഇത്രേം ദൂരെവന്ന് ഈ പണിചെയ്യണമെങ്കില്‍ നല്ലശമ്പളവും കാണുമായിരിക്കുമല്ലോ."
"ഞാനൊരു സര്‍ക്കാര്‍ ജോലിക്കാരനായിരുന്നച്ചാ. റിട്ടയര്‍ചെയ്തിട്ട് രണ്ടുവര്‍ഷം കഴിഞ്ഞതേയുള്ളു. ഭാര്യയും സര്‍ക്കാര്‍ സര്‍വ്വീസിലായിരുന്നു. കഴിഞ്ഞവര്‍ഷം അവളും റിട്ടയറായി."
"മക്കള്‍?"
"മൂന്ന്. മകളാണ് ഇളയത്. അവളു ഡിഗ്രിക്കുപഠിക്കുന്നു. ആണ്‍മക്കളില്‍ മൂത്തവനു സര്‍ക്കാരുജോലിയുണ്ട്. രണ്ടാമത്തവന്‍ ഗള്‍ഫില്‍. രണ്ടുപേരുടെയും കല്യാണംകഴിഞ്ഞു, അവരുടെ ഭാര്യമാര്‍ക്കും ജോലിയുണ്ട്."
"നിങ്ങളുരണ്ടും സര്‍ക്കാര്‍ ജീവനക്കാരായിരുന്നതുകൊണ്ട് മകളെ കെട്ടിക്കാനുള്ളതൊക്കെ ഏതായാലും കരുതിവച്ചിട്ടുമുണ്ടാകുമല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ രണ്ടുപേരുടെയും പെന്‍ഷനും ഇവിടുത്തെ ഈ ജോലിയും കൂടെയാകുമ്പോള്‍ അസുഖമൊന്നും പിടിക്കാതിരുന്നാല്‍ ഇനിയുള്ളകാലം അടിച്ചുപൊളിച്ചു ജീവിക്കാമെന്നു സാരം."
"അച്ചനിപ്പളീ പറഞ്ഞതുതന്നെയാണ് മിക്കവരും എന്നോടു പറയാറുള്ളത്. ഇതെല്ലാമുണ്ടായിട്ടും പിന്നെയും ഈ ഡ്രൈവര്‍ജോലിക്കു പോന്നതിനെപ്പറ്റി പലരും കളിയാക്കാറുമുണ്ട്. അച്ചനിപ്പോള്‍ പറഞ്ഞതും ഏതാണ്ട് ആ അര്‍ത്ഥത്തില്‍തന്നെയായിരിക്കുമല്ലോ. ഇങ്ങനെ പറയുന്ന ആരോടും ഞാന്‍ തിരിച്ചൊന്നും പറയാറില്ല. ഏതായാലും ഇപ്പോള്‍ ഇഷ്ടംപോലെ സമയവുമുണ്ട്, അച്ചന്‍മാത്രമെ ഉള്ളുതാനും. അതുകൊണ്ട് അച്ചനോടു ചിലസത്യങ്ങള്‍ പറയാം. എന്‍റെ ചെറുപ്പത്തില്‍ എന്‍റെ അപ്പന്‍ റോഡുപുറമ്പോക്കില്‍ താമസിച്ചിരുന്ന കൂലിപ്പണിക്കാരനായിരുന്നു. ഞങ്ങളു നാല് ആണ്‍മക്കളില്‍ ഇളയവനായ ഞാന്‍മാത്രമാണ് പത്താംക്ലാസ്വരെ എത്തിയത്. അപ്പനുമമ്മയും ചേട്ടന്മാരുമെല്ലാം ദിവസവും പണിക്കുപോകുമായിരുന്നെങ്കിലും, അമ്മ വെള്ളിയും ശനിയും പോകാറില്ലായിരുന്നു. ആ രണ്ടുദിവസവും അമ്മയുംഞാനും മുടങ്ങാതെ പള്ളീല്‍പോകുമായിരുന്നു. ഞാന്‍ പഠിക്കാന്‍ വല്യ സമര്‍ത്ഥനൊന്നുമല്ലായിരുന്നു. പത്താംക്ലാസിലെ പരീക്ഷയ്ക്കുമുമ്പ് കുര്‍ബ്ബാനകഴിഞ്ഞയുടനെ അമ്മ എന്നെയുംകൂട്ടി ഞങ്ങടെ പള്ളീല്‍ അന്നുതാമസിച്ചിരുന്നു ഒത്തിരി പ്രായമുണ്ടായിരുന്ന ഒരു വല്യച്ചന്‍റെയടുത്തു പോയി. അച്ചന്‍ എന്‍റെതലയില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചു. അന്ന് ആ വല്യച്ചന്‍ പറഞ്ഞ വാക്കുകള്‍ ഒരിക്കലുംമറക്കാന്‍പറ്റത്തില്ല:
'എടാ കൊച്ചനെ, നീ ജയിക്കാന്‍ വേണ്ടിയൊന്നും ഞാന്‍ പ്രാര്‍ത്ഥിച്ചില്ല. നിനക്കു നല്ലതുവരണേന്നുമാത്രം പ്രാര്‍ത്ഥിച്ചിട്ടുണ്ട്, അതുപോരെ?'
പത്തില്‍ മാന്യമായിട്ടു തോറ്റു. ഞാനാ വല്യച്ചന്‍റെയടുത്തുതന്നെചെന്നു സങ്കടംപറഞ്ഞു. എന്‍റെ കണ്ണുനീരുകണ്ട് അച്ചനന്ന് അച്ചന്‍റെ മേശയുടെ വലിപ്പില്‍നിന്നും തപ്പിയെടുത്ത് മൂന്ന് ഒറ്റരൂപാനോട്ടുകള്‍ തന്നിട്ട്, അച്ചന്‍റെ ഒരു ബന്ധുവിന്‍റെ വണ്ടിവര്‍ക്കുഷോപ്പിലേക്ക് എന്നെ പറഞ്ഞുവിട്ടു. ആ വര്‍ക്ഷോപ്പിലെ ആശാനില്‍നിന്നും രണ്ടുമൂന്നുകൊല്ലംകൊണ്ട് വണ്ടിപ്പണീം ഡ്രൈവിങ്ങുംപഠിച്ചു. അങ്ങനെയാണു പന്നീടെനിക്കു സര്‍ക്കാര്‍ സര്‍വീസില്‍ ഡ്രൈവറായി കയറിപ്പറ്റാനായത്. കല്യാണംകഴിഞ്ഞു ദൈവാനുഗ്രഹത്താല്‍ ഭാര്യയ്ക്കും ജോലികിട്ടി. അങ്ങനെ ഇല്ലായ്മയില്‍നിന്നും പിടിച്ചുകയറിയ ഒരുകുടുംബമാണു ഞങ്ങളുടേത്. ഇപ്പോള്‍ ചേട്ടന്മാരൊക്കെ പണിയെടുത്തു മക്കളെ പഠിപ്പിച്ച് എന്നെക്കാളും നല്ലനിലയിലായി. അപ്പനുമമ്മയും എന്‍റെകൂട്ടത്തിലായിരുന്നു. എന്‍റെ ഭാര്യയും മക്കളും നന്നായിട്ടവരെ നോക്കി. അപ്പനാദ്യം മരിച്ചു. അഞ്ചുവര്‍ഷംമുമ്പ് അമ്മയും മരിച്ചു. ആണ്‍മക്കളു രണ്ടും പഠിക്കാന്‍ അത്ര സമര്‍ത്ഥരല്ലായിരുന്നെങ്കിലും രണ്ടുപേര്‍ക്കും ദൈവാനുഗ്രഹംകൊണ്ടു ജോലിയുംകിട്ടി, അവര്‍ക്കു നല്ല ഭാര്യമാരെയുംകിട്ടി. മകളു മിടുക്കിയാണ്, അവളു പഠിക്കുന്നു. അവളുടെ സര്‍വ്വ ചെലവുകളും ഗള്‍ഫിലുള്ള മകന്‍ സ്വയംഏറ്റെടുത്തു നടത്തുന്നു. വീട്ടുചെലവുമുഴുവന്‍ എന്‍റെകൂടെയുള്ള ഇളയവനും നടത്തുന്നു. ഞങ്ങള്‍ക്കു രണ്ടാള്‍ക്കും കിട്ടുന്ന പെന്‍ഷന്‍ വാസ്തവത്തില്‍ മിച്ചമാണെന്നു പറയാം. ഇത്രയുമാണ് ചുരുക്കമായി എന്‍റെ കുടുംബചരിത്രം.
റിട്ടയര്‍ ചെയ്തുകഴിഞ്ഞപ്പോഴും നല്ലആരോഗ്യം. മരുന്നുകഴിക്കേണ്ടതായ യാതൊരസുഖവുമില്ല. ചുമ്മാതെയിരിക്കാന്‍ ഇഷ്ടമില്ലാതിരുന്നതുകൊണ്ട് ഒരു സെക്കന്‍ഡ്ഹാന്‍ഡ് കാറുവാങ്ങി ടാക്സിപ്പണി തുടങ്ങി. മക്കള്‍ക്ക് അതത്രഇഷ്ടപ്പെട്ടില്ല. പെന്‍ഷന്‍കൊണ്ടു തികയുന്നില്ലെങ്കില്‍ അവരുതന്നോളാം. പെങ്ങളെ കെട്ടിക്കാനും കൂടുതല്‍സമ്പാദിക്കണ്ട, അതും അവരുനടത്തിക്കൊള്ളാം, ഞാന്‍ വെറുതെ ഇരുന്നാല്‍മതിയെന്ന്. ഏതായാലും ആ സമയത്തായിരുന്നു കൊറോണാവന്നതും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൊക്കെ. വണ്ടിക്ക് ഓട്ടമില്ലാതെയായതോടെ മക്കളുപറയുന്നതുപോലെചെയ്യാന്‍ ഭാര്യയും നിര്‍ബ്ബന്ധിച്ചു. അങ്ങനെ ടാക്സിവണ്ടി വിറ്റു. താമസിയാതെ ഭാര്യയും റിട്ടയറായി. എന്‍റെകൂടെ ജോലിചെയ്തിരുന്ന പലര്‍ക്കും, എനിക്കു പരിചയമുണ്ടായിരുന്ന ഒത്തിരിപ്പേര്‍ക്കും കൊറോണ പിടിച്ചു. അവരില്‍ പലരും സാമ്പത്തികമായി വല്ലാതെ വിഷമത്തിലാണെന്ന് എനിക്കറിയാമായിരുന്നു. ഭാര്യയുമായി ആലോചിച്ചപ്പോള്‍ അവളാണു പറഞ്ഞത്, എന്‍റെ പെന്‍ഷന്‍കൊണ്ട് ഞങ്ങളുടെ ആവശ്യങ്ങള്‍ക്കു തികയും, അവളുടെ പെന്‍ഷന്‍ മുഴുവന്‍ അങ്ങനെയുള്ള ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ കൊടുക്കാമെന്ന്. എനിക്കും സമ്മതമായിരുന്നു. അങ്ങനെ കൊടുത്തുതുടങ്ങിയപ്പോള്‍ ആ തുകകൊണ്ടൊന്നും തികയാതെവന്നു. അന്നേരം ഞങ്ങളാലോചിച്ച് എന്‍റെ പെന്‍ഷനുംകൂടി അതിനായിട്ട് എടുത്തുതുടങ്ങി. സത്യത്തില്‍ അവസാനം വട്ടച്ചെലവിനുപോലും കൈയ്യില്‍ കാശില്ലാതെവന്നപ്പോള്‍ മക്കളോടു ചോദിക്കാന്‍ മടിയായതുകൊണ്ട്, കുറെദൂരെ എവിടെയെങ്കിലും ഒരു ചെറിയജോലി കണ്ടുപിടിക്കാനാലോചിച്ചു. അങ്ങനെയാണ്, ഉദ്യോഗത്തിലായിരുന്നകാലത്തു പരിചയപ്പെട്ട ഒരു സിസ്റ്റര്‍വഴി ഇവിടെ എത്തിപ്പെടാനിടയായത്. ഒന്നുംചെയ്യാനില്ലാതെ ചുമ്മാതെയിരുന്നു മടുത്തതുകൊണ്ടാണെന്നു മക്കളോടു കള്ളവും പറഞ്ഞു.
ഇവിടുത്തെ എന്‍റെ ശമ്പളത്തിന്‍റെ കാര്യം അച്ചന്‍ മുമ്പേചോദിച്ചില്ലേ, സത്യത്തില്‍ ഇവിടെ ശമ്പളമായിട്ടൊന്നുമില്ലച്ചാ. ഒത്തിരി കിട്ടുമെന്നു പ്രതീക്ഷിച്ചല്ല ഞാന്‍വന്നതും. എന്‍റെയും ഭാര്യയുടെയും കാര്യങ്ങള്‍ മക്കളെ ബുദ്ധിമുട്ടിക്കാതെ നടക്കണം, അത്രമാത്രമെ ഞാന്‍ ആഗ്രഹിക്കുന്നുള്ളു. ഭാര്യയോടു മാത്രമാലോചിച്ചാണ് ഞാനിതെല്ലാം ചെയ്തിരുന്നതും. അതുകൊണ്ടു ഞാനോര്‍ത്തു അവളതൊന്നും ആരോടും, മക്കളോടുപോലും, പറയില്ലെന്ന്. കഴിഞ്ഞദിവസം, 'വട്ടച്ചെലവിനുവേണ്ടി ചാച്ചന്‍ ബുദ്ധിമുട്ടണ്ടാ, ഇലക്ഷന്‍ ഡ്യൂട്ടിക്കുപോയതിനു എക്സ്ട്രാകിട്ടിയ കാശാണ്, ഇതു ചാച്ചന്‍റെ കൈയ്യിലിരിക്കട്ടെ, ചാച്ചന്‍ പറയാറില്ലെങ്കിലും അമ്മ കാര്യങ്ങളൊക്കെ ഞങ്ങളോടു പറയാറുണ്ട്', എന്നും പറഞ്ഞ് മകന്‍ എന്‍റെ കൈയ്യിലേക്കു കുറെ നോട്ടുകള്‍ തന്നപ്പോളാണ് അവളിതെല്ലാം മക്കളോടു പറയാറുണ്ടായിരുന്നു എന്നു ഞാനറിഞ്ഞത്."
സംസാരം ഒന്നു നിര്‍ത്തിയിട്ട്, ഞാന്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാനായിരിക്കണം അയാള്‍ എന്‍റെനേരെ നോക്കി.
"നമിക്കുന്നു സഹോദരാ, സോറി, ഞാന്‍ നിങ്ങളെ തെറ്റിധരിച്ചതില്‍ ക്ഷമിക്കണം."
"അച്ചനെക്കൊണ്ടു ക്ഷമപറയിപ്പിക്കുവാന്‍വേണ്ടി പറഞ്ഞതല്ലച്ചാ. ഞാനീ ജോലിചെയ്യുന്നിടത്തുപോലും ഇതൊന്നും ആരോടും ഞാന്‍ പറഞ്ഞിട്ടില്ല. എന്തോ, അച്ചനോടിപ്പോള്‍ പറയണമെന്നുതോന്നി, അങ്ങുപറഞ്ഞുപോയെന്നുമാത്രം. അന്ന് ആ വല്യച്ചന്‍ പറഞ്ഞവാക്കുകളും, തന്നഅനുഗ്രഹവും, അന്നെനിക്കു സമ്മാനിച്ച മുഷിഞ്ഞുനാറിയ ആ മൂന്ന് ഒറ്റരൂപാനോട്ടുകളും ഞാന്‍ ഓര്‍മ്മിക്കാത്ത ദിവസങ്ങളില്ലച്ചാ."
ഒരു നിശ്വാസത്തോടുകൂടെ അയാള്‍ നിശബ്ദനായപ്പോള്‍ എന്‍റെയുള്ളില്‍ ഉടക്കിവലിക്കുന്ന കുറ്റബോധത്തിന്‍റെ മുള്ളുകളുടെ നൊമ്പരം. തീരെ ഇല്ലാത്തവര്‍ക്ക്, ഇഷ്ടംപോലെ ഉള്ളവരില്‍നിന്നും എന്തെങ്കിലും വാങ്ങിക്കൊടുത്തിട്ട്, ഞാന്‍ ഒത്തിരികൊടുത്തു എന്ന് എത്രപേരോടു ഞാന്‍ വമ്പുപറഞ്ഞിരിക്കുന്നു! അതിനൊന്നും ആ മുഷിഞ്ഞ മൂന്ന് ഒറ്റരൂപാനോട്ടിന്‍റെ വിലയില്ലല്ലോ തമ്പുരാനേ! ആ വല്യച്ചനെപ്പോലെ പ്രാര്‍ത്ഥിക്കാനും സാധിച്ചിട്ടില്ലല്ലോ ദൈവമേ! ഇവരൊക്ക എത്രയോ വലിയവര്‍.
"അച്ചാ, ഞാനല്‍പനേരം മിണ്ടാതിരുന്നത്, ഒരിക്കലും ആരോടും പറയേണ്ട എന്നുകരുതിയിരുന്ന ഒരുകാര്യം ഇപ്പോള്‍ ഓര്‍മ്മയിലേക്ക് തികട്ടിത്തികട്ടി വന്നതുകൊണ്ടാണ്. ഒന്നുകൂടെ ആലോചിച്ചപ്പോള്‍ എന്‍റെ ചില തീരുമാനങ്ങള്‍ ശരിയാണോ എന്ന് അച്ചനോടു ചോദിക്കുകയും ചെയ്യാമല്ലോ എന്ന് ഓര്‍ത്തപ്പോള്‍ പറയാമെന്നുവച്ചു. എന്‍റെവൈഫ് ഇന്നത്തെ പിള്ളേരുടെ ഭാഷേല്‍പറഞ്ഞാല്‍ ഒരു ഭയങ്കരസംഭവമാ കേട്ടോഅച്ചാ. അവളു ഭയങ്കര തന്ത്രശാലിയാ. പുറകില്‍നിന്നു ചരടുവലിച്ചു കാര്യങ്ങളൊക്കെനടത്തും, പക്ഷേ അതാരുമൊട്ട് അറിയുകയുമില്ല. അവളെന്തു ചോദിച്ചാലും മക്കളു സാധിച്ചുകൊടുക്കുകയുംചെയ്യും. ഈയിടെ അവളുതന്നെ വിഷമത്തോടെ എന്നോടുപറഞ്ഞ ഒരുകാര്യമാണ് ഇപ്പോള്‍ ഞാന്‍ പറയാന്‍പോകുന്ന വിഷയം. ഞങ്ങളുടേത് ഒരു ചെറിയ ഇടവകയാണ്. പാവപ്പെട്ടവരും ഇടത്തരക്കാരുമാണ് അധികവും. നേരത്തെ ഇതൊരു കുരിശുപള്ളിയായിരുന്നു. ഇടവകയായതിന്‍റെ ഇരുപത്തിയഞ്ചാംവര്‍ഷം ആചരിക്കുന്നതിന് ആലോചിച്ചപ്പോള്‍, ആഘോഷങ്ങളൊക്കെ ഒഴിവാക്കി ഒരുപാവപ്പെട്ട കുടുംബത്തിനു വീടുവച്ചുകൊടുക്കുവാന്‍ ഇടവകയോഗം തീരുമാനിച്ചു. പത്തുലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ് അനുസരിച്ച് ചെലവു കണക്കാക്കിയത്. ഞങ്ങളുരണ്ടുപേരുടെയും രണ്ടുമാസത്തെ പെന്‍ഷന്‍ തുക മുഴുവന്‍ അതിനായി കൊടുക്കാന്‍ ഞങ്ങളുതീരുമാനിച്ചു. ഇടവകയിലെ ഇടത്തരക്കാരെന്നുള്ളനിലയ്ക്ക് അത്രയും വലിയതുക ഞങ്ങളുകൊടുത്തു എന്ന് ആരും അറിയരുതെന്ന് ഭാര്യയ്ക്കു നിര്‍ബ്ബന്ധം. അതുകൊണ്ട് പല ഗഡുക്കളായി, പലരില്‍നിന്നും പിരിച്ചതാണ് എന്നുപറഞ്ഞ് പ്രാര്‍ത്ഥനാക്കൂട്ടായ്മവഴി ഭാര്യ ആ തുകയത്രയും കൊടുക്കുകയുംചെയ്തു.
കൊറോണകാരണം അപ്രതീക്ഷിതമായുണ്ടായ സാമ്പത്തികമാന്ദ്യത്തില്‍ പണിതീര്‍ക്കാന്‍ ആവശ്യമായ തുക പിരിഞ്ഞുകിട്ടാതെ വന്നപ്പോള്‍ വികാരിയച്ചന്‍ അക്കാര്യം പള്ളിയില്‍ വിളിച്ചുപറഞ്ഞു. ഭാര്യ ഗള്‍ഫിലുള്ള മകനോട് ആ വിവരംപറഞ്ഞു. അവന്‍ അതവിടെ അവരുടെ പ്രാര്‍ത്ഥനാകൂട്ടായ്മകളില്‍ അറിയിച്ച് അവിടുന്നുസംഭരിച്ച നല്ലയൊരു തുകയുംകൂടി അയച്ചപ്പോള്‍ വീടുപണിയാനുളളതുംകഴിഞ്ഞു നല്ലയൊരുതുക മിച്ചവുംവന്നു. രണ്ടുമാസമായി ഞങ്ങളു രണ്ടുപേരുടെയും പെന്‍ഷനും മുടങ്ങിക്കിടക്കുകയായിരുന്ന ആ സമയത്തായിരുന്നു വളരെ കഷ്ടപ്പെട്ടിരുന്ന ഒരു കുടുംബത്തെ സഹായിക്കേണ്ടിവന്നത്. ഞങ്ങളുടെ കൈയില്‍ പൈസ ഇല്ലാതിരുന്നതുകൊണ്ടും മക്കളോട് ഇനിയും ഉടനെ ചോദിക്കാന്‍ മടിച്ചതുകൊണ്ടും, പള്ളിയിലെ വീടുപണിതുകഴിഞ്ഞു നല്ലതുക ബാക്കിയുണ്ടെന്ന് അറിയാമായിരുന്നതുകൊണ്ടും, അവരെ ഞങ്ങള്‍ വികാരിയച്ചന്‍റെ അടുത്തേക്കു പറഞ്ഞുവിട്ടു. പക്ഷേ, പള്ളിക്കമ്മറ്റി തീരുമാനമനുസരിച്ച് വീടുപണികഴിഞ്ഞു ബാക്കിവന്ന തുകകൊണ്ട് പള്ളിമുറ്റത്ത് ഇന്‍റര്‍ലോക്കട്ട പതിപ്പിക്കാന്‍ തീരുമാനിച്ചുപോയി എന്നുപറഞ്ഞ് വണ്ടിക്കൂലിമാത്രം കൊടുത്ത് ആ പാവപ്പെട്ടവരെ അച്ചന്‍ പറഞ്ഞുവിട്ടു!
ഞങ്ങളുടെ രണ്ടുപേരുടെയും രണ്ടുമാസത്തെ പെന്‍ഷനും, മകന്‍ ഗള്‍ഫില്‍നിന്ന് അയച്ചതും കൈയ്യില്‍ വച്ചിരുന്നെങ്കില്‍ നമുക്ക് എത്രയോപേരെ സഹായിക്കാമായിരുന്നു എന്ന്, ഈ ദാനത്തിനെല്ലാം ചുക്കാന്‍പിടിച്ച ഭാര്യ കഴിഞ്ഞദിവസം വേദനയോടെപറഞ്ഞപ്പോള്‍, ഇതുപോലെ വേറെയും പലതും കണ്ടിട്ടുള്ളതുകൊണ്ട് പള്ളിക്ക് ഇനി ഒന്നും കൊടുക്കില്ലെന്നു ഞാന്‍ പറഞ്ഞു. അപ്പോളും അവളെന്നെ ഓര്‍മ്മപ്പെടുത്തിയത്, ഒന്നുമില്ലാതിരുന്നകാലത്ത് പള്ളിയില്‍നിന്നുകിട്ടിയ പണ്ടത്തെ വല്യച്ചന്‍റെ മുഷിഞ്ഞ മൂന്നുനോട്ടുകളെപ്പറ്റിയാണ്. അതൊരിക്കലും മറക്കുകയില്ലെങ്കിലും എന്‍റെ മനസ്സില്‍ വല്ലാത്ത തേങ്ങലാണ്. അച്ചനെന്തുപറയുന്നച്ചാ, ഞാന്‍ ഇനി പള്ളിക്കു കൊടുക്കണോ?"
"ഞാനൊരു അച്ചനാണെങ്കിലും, ഈ ചോദ്യത്തിന് ഒരുത്തരം കണ്ടെത്തുവാന്‍ എന്നെക്കാളും അനുഭവജ്ഞാനവും, നന്മയും തനിക്കുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. പോരെങ്കില്‍ പറഞ്ഞുതരാന്‍ ഏറ്റവും പറ്റിയ 'ഒരു വലിയ സംഭവം' തന്‍റെ കൂടെയുണ്ടല്ലോ, തന്‍റെ ഭാര്യ. നിങ്ങളുരണ്ടുംകൂടെ കൂടുമ്പോള്‍ താന്‍ചോദിച്ച ചോദ്യത്തിന് ദൈവത്തിനും മനസ്സാക്ഷിക്കും നിരക്കുന്ന ശരിയുത്തരം തനിക്കു കിട്ടും, തീര്‍ച്ച."
പിന്നീടുള്ള ഞങ്ങളുടെ യാത്ര ഏതാണ്ടു മൗനത്തിലായിരുന്നു.
മുഷിഞ്ഞ മൂന്ന് ഒറ്റനോട്ട്..
ഫാ. ജോസ് വെട്ടിക്കാട്ട്
അസ്സീസി മാസിക, നവംബർ 2026













































































































