കുറച്ചുകൂടി പ്രകാശം


"Of you my heart has said, ‘Seek his face!’ It is your face, O Lord, that I seek'' (Ps. 27:8)
വാഗമണ്‍ കുരിശുമല ആശ്രമത്തിന്‍റെ സ്ഥാപകനായ ഫ്രാന്‍സിസ് ആചാര്യയുടെ കല്ലറയില്‍ കൊത്തിവച്ചിരിക്കുന്ന ഈ വചനം അത് വായിക്കുന്നവരിലേക്കും ഒരു ചോദ്യം ഉയര്‍ത്തിവിടും: താന്‍ യഥാര്‍ത്ഥത്തില്‍ എന്താണ് തിരയുന്നത്? ബെല്‍ജിയത്തില്‍ ജനിച്ച അദ്ദേഹത്തിന്‍റെ ആത്മീയ അന്വേഷണങ്ങളുടെ ഉത്തരമാണ് വാഗമണ്‍ കുരിശുമല ആശ്രമം. പ്രാര്‍ത്ഥനയും ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്ന ബെനഡിക്ടൈന്‍ ആശ്രമശൈലിയുടെ ഇന്ത്യന്‍ പതിപ്പ്. താപസശ്രേഷ്ഠനായ ആചാര്യയുടെ ആത്മീയ സാന്നിധ്യം ദൈവത്തിന്‍റെ മുഖം തിരയുകയും ദൈവഹിതം തേടുകയും ചെയ്യുന്നവരെ ഇന്നും അനുഗ്രഹിക്കുന്നുണ്ട്. ഒരുപാടുപേര്‍ ദൈവത്തിന്‍റെ മുഖം തേടിയും സ്വയം കണ്ടെത്താനുള്ള ശ്രമത്തിലുമായി അവിടെയെത്താറുണ്ട്.
ആചാര്യയുടെ ജീവിതം നമ്മെ ഓര്‍മിപ്പിക്കുന്നത്, ദൈവാന്വേഷണം ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രം നടക്കുന്ന ഒന്നല്ലെന്നും ജീവിതത്തെത്തന്നെ ഒരു അന്വേഷണമായി മാറ്റുന്ന യാത്രയാണെന്നുമാണ്. അനുദിന ജീവിതത്തിന്‍റെ പതിവുകള്‍ക്കപ്പുറം എന്തെങ്കിലുമൊക്കെ തിരയുന്നതിനെയാണല്ലോ ആത്മീയാന്വേഷണമെന്നു പറയുന്നത്. ഉണ്ടും ഊട്ടിയും ഉറങ്ങിയും ഉറക്കിയും അതിനുള്ള വക കണ്ടെത്തിയും, ഇനിയും ജനിച്ചിട്ടില്ലാത്ത തലമുറയ്ക്കു വേണ്ടിയുള്ളതുകൂടി സമ്പാദിക്കാനുറച്ചുള്ള ഉദ്യമങ്ങള്‍ക്കുമപ്പുറം എന്തോ ഉണ്ടെന്ന തിരിച്ചറിവാണത്. ഭൗതികമായ നേട്ടങ്ങള്‍ക്കുവേണ്ടി അധ്വാനിക്കുന്നതിനൊപ്പം അതുതന്നെ ജീവിതലക്ഷ്യമാക്കാതെ അതിനുമപ്പുറം ജീവിതത്തിന് അര്‍ത്ഥവും ആഴവും തേടിയുള്ള യാത്ര.
എന്നാല്‍, ദൈവത്തെ അന്വേഷിക്കുന്നത് എന്‍റെ വ്യക്തിപരമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമാണോ? ദൈവത്തെ കൂടുതല്‍ അറിയുന്തോറും എന്‍റെ അന്വേഷണത്തിന്‍റെ അതിരുകള്‍ എന്നില്‍ത്തന്നെ അവസാനിക്കാതിരിക്കേണ്ടതല്ലേ? അനുദിന ജീവിതാവശ്യങ്ങളെക്കുറിച്ച് കരുതലുള്ള ഒരു പിതാവ് നമുക്കുണ്ട്. അതുകൊണ്ടുതന്നെ, "നിങ്ങള്‍ അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുവിന്‍" എന്നാണ് യേശുവിന്‍റെ ആഹ്വാനം (മത്തായി 6:33). അത്തരം അന്വേഷണങ്ങളാണ് ചില മനുഷ്യരെ യാത്രികരാക്കുന്നത്. തന്നില്‍നിന്ന് പുറപ്പെട്ട് അപരനിലേക്കും സമൂഹത്തിന്‍റെ പൊതുനന്മയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലേക്കും സമരങ്ങളിലേക്കുമൊക്കെ നയിക്കുന്നത്. സ്വന്തം ഇഷ്ടങ്ങളെക്കാള്‍ വിലയുള്ളത് ഇവിടെയുണ്ട് എന്ന തിരിച്ചറിവിലാണ് ഈ യാത്രയുടെ തുടക്കം. അവനവന്‍കോട്ടയില്‍നിന്ന് പുറത്തുകടക്കാനുള്ള എല്ലാ ശ്രമങ്ങളും ആത്മീയാന്വേഷണംതന്നെ.
സ്വന്തം ജീവിതത്തിനപ്പുറം മറ്റുള്ളവരുടെ ജീവിതത്തിലും ദൈവരാജ്യത്തിന്‍റെ അര്‍ഥം കണ്ടെത്തിയവരാണ് വിശുദ്ധര്‍. ദൈവാന്വേഷണം പുരോഗമിക്കുന്നത് മനുഷ്യരോടുള്ള സ്നേഹത്തിലൂടെയാണ്. അതു വിശുദ്ധിയിലേക്കുള്ള യാത്രയായി മാറുന്നു. അങ്ങനെ തങ്ങള്‍ക്കു പുറത്ത് ജീവിതത്തിന്‍റെ അര്‍ഥവും ആനന്ദവും കണ്ടെത്തിയ എല്ലാവരെയും അനുസ്മരിക്കുന്നതാണ് സകല വിശുദ്ധരുടെയും തിരുനാള്‍, നവംബര്‍ ഒന്ന്. യേശു പഠിപ്പിച്ച ദൈവരാജ്യത്തിന്‍റെ ജീവിക്കുന്ന സാക്ഷികളാണവര്‍.
ആദിമസഭയില്‍ ക്രൈസ്തവര്‍ പരസ്പരം വിളിച്ചിരുന്നത് വിശുദ്ധരെന്നായിരുന്നു. പൗലോസ് ശ്ലീഹ തന്‍റെ മിക്ക ലേഖനങ്ങളും ആരംഭിക്കുന്നത് അങ്ങനെയുള്ള അഭിസംബോധനയോടെയാണ്: "ദൈവത്തിന്‍റെ സ്നേഹഭാജനങ്ങളും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരുമായി റോമയിലുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും..." (റോമാ 1:7). എല്ലാ ജീവിതസാഹചര്യങ്ങളിലുമുള്ള നമുക്കേവര്‍ക്കും നമ്മുടെ ആത്മീയാന്വേഷണങ്ങളെ ബലപ്പെടുത്താനുള്ള പ്രചോദനമേകുന്നതാണ് ഈ തിരുനാള്‍.
വിശുദ്ധരുടെ ജീവിതം നമ്മോട് പറയുന്നത് ദൈവത്തെക്കുറിച്ച് അറിയുക എന്നതിലുപരി അവിടുത്തെ സ്നേഹത്തില്‍ ജീവിക്കുക എന്നതാണ് പ്രധാനം എന്നാണ്. എന്നാല്‍, ദൈവത്തെക്കുറിച്ചുള്ള അറിവ് എങ്ങനെ വ്യക്തിപരമായ അനുഭവമായി മാറും? മറ്റുള്ളവര്‍ പറഞ്ഞുതരുന്ന കാര്യങ്ങള്‍ക്കപ്പുറം നാം തന്നെ അന്വേഷിക്കേണ്ടതില്ലേ?
ദൈവത്തെയും ദൈവാനുഭവത്തെയും വാക്കുകള്‍കൊണ്ട് തളച്ചിടാന്‍ നമ്മള്‍ എങ്ങനെയൊക്കെയോ ശ്രമിക്കുന്നുണ്ട്. വചനപ്രഘോഷണങ്ങള്‍ സജീവമായി നടക്കുന്ന കാലമാണിത്. നിരവധി പ്രഘോഷണങ്ങളും പ്രഭാഷണങ്ങളും ഇന്‍റര്‍നെറ്റിലും അല്ലാതെയും ലഭ്യമാണ്. മനുഷ്യന്‍റെ ആത്മീയ ജീവിതത്തെ പരിപോഷിപ്പിക്കാനുള്ള വലിയ ഒരു ശ്രമം തന്നെയാണത്. അതോടൊപ്പംതന്നെ, വ്യക്തിപരമായ അന്വേഷണത്തിന്‍റെയും ഉത്തരവാദിത്വത്തിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് നാം കൂടുതല്‍ അവബോധമുള്ളവരാകേണ്ടതുണ്ട്.
ദൈവാനുഭവങ്ങളെ വിവരിക്കാന്‍ വാക്കുകള്‍ എത്രയോ പരിമിതമാണ്! ഐസ്ക്രീം കഴിക്കുമ്പോഴോ വളരെ ഇഷ്ടപ്പെട്ട എന്തെങ്കിലും ചെയ്യുമ്പോഴോ ഉള്ളില്‍ തോന്നുന്ന അനുഭവം വാക്കുകളിലൂടെ മറ്റൊരാള്‍ക്ക് പൂര്‍ണമായി പകര്‍ന്നുനല്‍കാന്‍ പ്രയാസമാണ്. അതുപോലെ, നമ്മുടെ ഇന്ദ്രിയാനുഭവങ്ങള്‍ക്കും യുക്തിക്കും അതീതനായ ദൈവത്തെ മറ്റുള്ളവര്‍ പങ്കുവയ്ക്കുന്ന വാക്കുകളിലൂടെയോ നമ്മുടെ യുക്തികളിലൂടെയോ പൂര്‍ണമായി പിടികിട്ടില്ല. വ്യക്തിപരമായി അന്വേഷിക്കേണ്ടതുണ്ട്. ദൈവം തന്നെത്തന്നെ വെളിപ്പെടുത്തേണ്ടതുമുണ്ട്.
എല്ലാ കാലത്തും നമുക്ക് ദൈവത്തോടു നടത്താവുന്ന വലിയ പ്രാര്‍ത്ഥനയാണ്, കുറച്ചുകൂടി പ്രകാശം നമ്മുടെ ഉള്ളില്‍ ചൊരിയണമേ എന്നത്. അവിടുന്ന് വെളിപ്പെടുത്താതെ നമുക്ക് ദൈവത്തെ ആഴത്തില്‍ അറിയാനാവില്ല; സ്നേഹം എന്തെന്ന് പൂര്‍ണമായി തിരിച്ചറിയാനും കഴിയില്ല. "പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല" (മത്തായി 11:27). വചനത്തിന്‍റെ ചുരുളുകള്‍ അഴിയുകയും ഉള്ളില്‍ പ്രകാശം പരക്കുകയും ചെയ്യട്ടെ. സ്നേഹമായ ദൈവത്തെ അനുഭവിക്കാന്‍ ഇടയാകട്ടെ!
എന്നാല്‍, ഈ പ്രകാശം ദൈവത്തെക്കുറിച്ചുള്ള അറിവില്‍ മാത്രം ഒതുങ്ങുന്നില്ല. നമ്മെത്തന്നെയും ഈ പ്രപഞ്ചത്തെയും മറ്റുള്ളവരെയും പുതിയൊരു കാഴ്ചപ്പാടില്‍ കാണാന്‍ അത് സഹായിക്കുന്നു. പുറംകാഴ്ചകള്‍ക്കപ്പുറം കാണാനും ആരാധനാക്രമങ്ങള്‍ക്കപ്പുറം ദൈവസാന്നിധ്യം തിരിച്ചറിയാനും അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും രൂപങ്ങളില്‍ സന്നിഹിതനായ ക്രിസ്തുവിനെ വിശ്വാസത്തോടെ അനുഭവിക്കാനും കഴിയുന്ന പ്രകാശം. മനുഷ്യനായി അവതരിച്ച ദൈവം നമ്മിലൊരാളായി ഈ ഭൂമിയിലൂടെ നടന്നുപോയി എന്ന് ബോധത്തോടെ ഓര്‍ത്തെടുക്കാനുള്ള പ്രകാശം.
പ്രപഞ്ചം എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത് എന്താണെന്നുപോലും കൃത്യമായി നിശ്ചയമില്ലാത്ത എന്‍റെ ബുദ്ധിക്ക്, സമയവും സ്ഥലവും (Time and Space‑) കൊണ്ട് മാത്രം അനുഭവങ്ങളെ വേര്‍തിരിച്ചറിയാന്‍ കഴിയുന്ന എന്‍റെ പരിമിതമായ ബുദ്ധിക്ക്, സ്ഥലകാലഭേദങ്ങള്‍ക്കപ്പുറമുള്ള മഹാപ്രപഞ്ചത്തിന്‍റെ വിശാലതയെ പൂര്‍ണമായി ഉള്‍ക്കൊള്ളാനാവില്ല. അതിന്‍റെ മുന്നില്‍ ഭൂമിയും അതിലെ ഞാനും എത്ര നിസ്സാരമാണ്! ഒരു നിഴല്‍പോലെ കടന്നുപോകുന്ന ഒരു ജീവി മാത്രമാണ് ഞാനെന്നും തിരിച്ചറിയാന്‍ പ്രകാശം വേണം.
എന്നാല്‍, ആ നിസ്സാരതയുടെ തിരിച്ചറിവില്‍ മാത്രം എന്‍റെ അന്വേഷണം അവസാനിക്കുന്നില്ല. അത്രയും നിസ്സാരനായ എനിക്കും സര്‍വപ്രപഞ്ചത്തിന്‍റെയും ഉടയവന്‍റെ ഹൃദയത്തില്‍ ഇടമുണ്ടെന്നും എന്നെയും തേടിയാണ് അവിടുന്ന് ഈ ഭൂമിയില്‍ പിറന്നതെന്നും ആഴമായി ബോധ്യപ്പെടാന്‍ അങ്ങയുടെ പ്രകാശം ചൊരിയണേ. അറിവുകളെയൊക്കെ അവബോധമായും ജീവിതത്തെ മാറ്റുന്ന ബോധ്യങ്ങളാക്കിയും മാറ്റിത്തരുന്ന പ്രകാശം.
"കര്‍ത്താവേ, അങ്ങയുടെ മുഖമാണ് ഞാന്‍ അന്വേഷിക്കുന്നത്." ആ അന്വേഷണം ഒരിക്കലും അവസാനിക്കാതിരിക്കട്ടെ. ആ മുഖത്തിന്‍റെ പ്രകാശത്തില്‍ എന്നെയും അപരനെയും ഈ ലോകത്തെയും കൂടുതല്‍ ആഴത്തില്‍ തിരിച്ചറിയാന്‍ ഇടയാകട്ടെ.
കുറച്ചുകൂടി പ്രകാശം
റോണി കിഴക്കേടത്ത്
അസ്സീസി മാസിക, നവംബർ 2026













































































































