ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ...

Updated: 1 hour ago

റോമിലെ പ്രൊട്ടസ്റ്റന്റ് സെമിത്തേരിയില്‍ വിശ്വവിഖ്യാത കവി ജോണ്‍ കീറ്റ്സിന്റെ കബറിടത്തില്‍ എഴുതിയിരിക്കുന്ന വാക്കുകള്‍ ഇതാണ്, 'ജലത്തില്‍ പേരെഴുതപ്പെട്ടവന്‍ ഇവിടെ വിശ്രമംകൊള്ളുന്നു,"Here lies one whose name was written in water.'' ഇരുപത്തിയഞ്ചാം വയസ്സില്‍ മരണമടഞ്ഞ അദ്ദേഹത്തിന്റെ പേര് ജലരേഖകളില്‍ മരണത്തോടെ മറഞ്ഞുവെന്നു കരുതുന്നു.
നവംബര്‍ - ചില നഷ്ടങ്ങളുടെ ഓര്‍മകള്‍ പലപ്പോഴും പിന്നോട്ടുവലിപ്പിക്കുന്ന ഒരു മാസം. എന്നാല്‍, കത്തോലിക്കാസഭ നവംബര്‍ മാസത്തില്‍ വിശ്വാസികളെ വിശുദ്ധീകരിക്കപ്പെടേണ്ട ഒരു കാലഘട്ടത്തിലേക്കു ക്ഷണിക്കുകയാണ്, നമ്മെ വിട്ടുപോയ പ്രിയപ്പെട്ടവര്‍ക്കായി ഹൃദയം തുറന്നു പ്രാര്‍ഥിക്കാനും മരണമുണ്ടെന്ന ഓര്‍മയില്‍ സ്വയം വിശുദ്ധീകരിക്കാനും. ഇതു കേവലം ദുഃഖത്തിന്റെ മാസമല്ല, മറിച്ച് ക്രിസ്തുവിന്റെ ഉത്ഥാനത്തിലുള്ള പ്രത്യാശയുടെയും നിത്യജീവന്റെയും പ്രഘോഷണമാണ്.
സെമിത്തേരിയില്‍ കാണേണ്ടത് മരണത്തിന്റെ ഇരുട്ടല്ല, ഈ ഭൂമിയില്‍ ജീവിച്ചിരുന്നവരുടെ മനോഹരമായ ഓര്‍മകള്‍ പൂത്തുനില്ക്കുന്ന ഉദ്യാനത്തെയാണ്. അവിടത്തെ നിശ്ശബ്ദത വെറുമൊരു നിശ്ശബ്ദതയല്ല, ജീവിതത്തിന്റെ വലിയ തിരക്കുകളില്‍നിന്ന് മരണത്തിന്റെ നിത്യശാന്തതയിലേക്കുള്ള വലിയ ദൂരംതന്നെയാകണം. ഒരുവന്റെ ജീവിതം അവസാനിക്കുന്നത് ശ്വാസം നിലയ്ക്കുമ്പോഴല്ല, അയാള്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും ആദര്‍ശങ്ങളും വിസ്മൃതിയിലാഴുമ്പോഴാണ്. അധികാരത്തിനും അംഗീകാരത്തിനും പ്രശസ്തിക്കുമൊക്കെവേണ്ടി ഒരുവന് അവന്റെ ആദര്‍ശങ്ങളെ പണയംവയ്ക്കുമ്പോള്‍ 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന വാക്യം അവനില്‍ പൂര്‍ത്തീകരിക്കും.
പ്രിയപ്പെട്ടവര്‍ എത്ര കരഞ്ഞുവിളിച്ചാലും മരിച്ചവര്‍ അതു കേള്‍ക്കുന്നില്ല. അയാള്‍ തിരിച്ചുവരികയുമില്ല. മറ്റേതോ വശ്യമായ ശബ്ദത്തിനോ അതോ നിശ്ശബ്ദതയ്ക്കോ അയാള്‍ ചെവികൊടുത്തുകഴിഞ്ഞു. അയാള്‍ക്കിപ്പോള്‍ നമ്മുടേതല്ലാത്ത വഴികളുണ്ട്, കാഴ്ചകളുണ്ട്, കഥകളുണ്ട്... കുറച്ചുനാള്‍കൂടി നമ്മുടെ ഓര്‍മയില്‍ അയാളുണ്ടാകും. അതുകഴിഞ്ഞാല്‍ മറവിയുടെ അടരുകളില്‍ അയാള്‍ അടക്കംചെയ്യപ്പെടും.
"നീ ചേച്ചിയെ മറക്കുമോ?" ഏട്ടത്തി ചോദിച്ചു.
"മറക്കില്ല," അനുജത്തി പറഞ്ഞു.
"മറക്കും," ഏട്ടത്തി പറഞ്ഞു. "ഇത് കര്‍മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതില്‍ അകല്‍ച്ചയും ദുഃഖവും മാത്രമേയുള്ളൂ."
മറ്റൊരു സായാഹ്നത്തില്‍, കണ്ണില്‍ സുറുമയും കാലില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി ചെതലിയുടെ താഴ്?വാരത്തില്‍ പൂവിറുക്കാനെത്തി. അവിടെ തനിച്ചുനിന്ന ചെമ്പകത്തിന്റെ പൂ നുള്ളിയെടുത്തപ്പോള്‍ ചെമ്പകം പറഞ്ഞു,
"അനുജത്തീ, നീയെന്നെ മറന്നുവല്ലോ..." (ഒ.വി. വിജയന്, ഖസാഖിന്റെ ഇതിഹാസം)
അയാളുടെ ഓര്‍മകളില്‍ നമ്മള് ഉണ്ടായിരിക്കുമോ? ആ ഓര്‍മകളില്‍ നമ്മള് ആരായിരിക്കും, എന്തായിരിക്കും? നമ്മള് അയാളെ ഓര്‍ക്കുന്നതുപോലെ അയാള്‍ നമ്മളെയും ഓര്‍ക്കുന്നുണ്ടാകുമോ? മരണത്തില്‍ സംഭവിക്കുന്നത് ഓര്‍മകളുടെ മരണംകൂടിയാണ്.
നവംബര്‍ 1, സ്വര്‍ഗീയ മഹത്വത്തില്‍ പങ്കുചേരുന്ന വിശുദ്ധരെ ഓര്‍മിച്ചുകൊണ്ടു നാം സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുന്നു. നവംബര്‍ 2, ദൈവത്തിന്റെ കരുണയില്‍ ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നവര്ക്കുവേണ്ടി പ്രാര്ഥിച്ചുകൊണ്ടു സകല മരിച്ച വിശ്വാസികളുടെയും ഓര്‍മദിനം ആചരിക്കുന്നു. ഈ രണ്ടു തിരുനാളുകളും ഒരേ സത്യമാണ് വിളിച്ചുപറയുന്നത്: മരണം ഒരവസാനമല്ല, ജീവിച്ചിരുന്നവര്‍ ഓര്‍മയിലേക്കു പുനര്‍ജനിക്കുന്ന ദിവസമാണ്. മദര്‍ തെരേസ പറഞ്ഞതുപോലെ, "മരണം, അതു വീട്ടിലേക്കുള്ള, സ്വര്‍ഗത്തിലേക്കുള്ള വാതില്മാത്രമാണ്."
മരണം ഒരു വിശ്വാസിക്ക് അവസാനമല്ല, മറിച്ച് ആരംഭമാണ്. ജീവിതം എത്രമാത്രം അര്‍ഥവത്തായി ജീവിച്ചോ അതിനുള്ള തുടര്‍ച്ചയാണ് നിത്യജീവനും. മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന നമ്മുടെ കടമയാണ്. അതിന്റെ ആവശ്യകത കഴിഞ്ഞ ഒരു നൂറ്റാണ്ടായി ലോകം ഫാത്തിമ ദര്‍ശനത്തിലൂടെ അറിയുകയും അതിന്റെ ആവശ്യകത അറിഞ്ഞു നാം എന്നും ജപമാലയില്‍ 'ഓ എന്റെ ഈശോയെ...' ജപം ഉള്‍ക്കൊള്ളിക്കുകയും ചെയ്യുന്നുണ്ടല്ലോ. നവംബര്‍ മാസം മുഴുവന്‍ ആഗോളസഭയ്ക്കൊപ്പം നമുക്കും മരിച്ച ആത്മാക്കള്‍ക്കായി പ്രാര്‍ഥിക്കാം.
മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക എന്നാല്‍, അവരെ തുടര്‍ന്നും സ്നേഹിക്കുക എന്നുതന്നെയാണ് അര്‍ഥം. നമ്മുടെ ഓര്‍മകളില്‍ അവര്‍ കാട്ടുചെമ്പകമായി പൂവിടുക എന്നുതന്നെയാണ്. പ്രിയപെട്ടവരുടെ കുഴിമാടങ്ങളില്‍ അര്‍പ്പിക്കുന്ന പൂക്കള്‍, കുഴിമാടങ്ങള്‍ അലങ്കരിക്കാനുള്ള വസ്തുക്കള്‍ മാത്രമല്ല, നമ്മുടെ ഓര്‍മകളില്‍ പല വര്‍ണങ്ങളില്‍, സുഗന്ധങ്ങളില്‍ അവര്‍ സജീവരാണെന്നുള്ളതിന്റെ അടയാളംകൂടിയാണ്. അതിനാല്‍, ഈ നവംബര്‍ മാസം ആചരിക്കുമ്പോള്‍, നമ്മിലോരോരുത്തരിലും നിത്യതയെക്കുറിച്ചുള്ള ആഴമായ അവബോധവും മരിച്ചവരോട് ആര്‍ദ്രമായ കരുണയും നമ്മുടെ യാത്ര അവസാനിക്കുമ്പോള്‍ മറ്റുള്ളവര്‍ കര്‍ത്താവിന്റെ അള്‍ത്താരയുടെ മുമ്പില്‍ നമ്മെയും ഓര്‍ക്കും എന്ന ദൃഢമായ പ്രത്യാശയും ഉണര്ത്തട്ടെ.
ഇതാ, വളരെ പ്രചാരത്തിലുള്ള വിശുദ്ധ ജെത്രൂദിന്റെ പ്രാര്‍ഥന: ശുദ്ധീകരണസ്ഥലത്തുനിന്ന് ആത്മാക്കളെ മോചിപ്പിക്കാനായുള്ള പ്രാര്‍ഥന:
നിത്യപിതാവേ, ശുദ്ധീകരണസ്ഥലത്തെ എല്ലാ പരിശുദ്ധാത്മാക്കള്‍ക്കും, ഇന്നു മരണമടയുന്ന എല്ലാവര്ക്കും, പ്രത്യേകിച്ച് ആകസ്മികമായി മരണപ്പെടുന്നവര്‍ക്കും എന്റെ കുടുംബത്തില്‍നിന്നും മരണമടഞ്ഞുപോയ എല്ലാവര്‍ക്കുംവേണ്ടിയും ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന കുര്ബാനകളോടൊപ്പം അങ്ങയുടെ ദിവ്യപുത്രനായ യേശുവിന്റെ ഏറ്റവും വിലയേറിയ തിരുശരീരവും തിരുരക്തവും ഞാന്‍ അങ്ങേയ്ക്ക് അര്‍പ്പിക്കുന്നു. ആമേന്‍...
"ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്നേര്ക്കു നീട്ടിയില്ലാ എങ്കിലും എങ്ങനെ നീയറിഞ്ഞൂ, എന്റെ ചെമ്പനീര്‍ പൂക്കുന്നതായ്... നിനക്കായ് സുഗന്ധം പരത്തുന്നതായ്... നിനക്കായ്..."
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ...
ഷാജി സി.എം.ഐ.
അസ്സീസി മാസിക, നവംബർ 2026













































































































