top of page

അര്‍ദ്ധനാരീശ്വരന്‍

Jun 5

2 min read

ഹാരിസ് കപ്പൂച്ചിന്‍
Illustration of confusion on gender identity

ഒരു ക്രിസ്തുമസ് കാലത്തായിരുന്നു ആദ്യമായി അവരെ പരിചയപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ഞങ്ങളുടെ സെമിനാരിയുടെ അകത്തേക്ക് അപ്രതീക്ഷിതമായി കുറച്ചുപേര്‍ അന്ന് പ്രവേശിച്ചു. കേരളത്തില്‍ നിന്നുമുള്ള ബ്രദേഴ്സ് റെക്ടര്‍ അച്ചന്‍റെ അടുത്തെത്തി കാര്യം പറഞ്ഞു: 'ശിഖണ്ഡികള്‍ എത്തി'. റെക്ടര്‍ അവരെ സ്നേഹപൂര്‍വ്വം തിരുത്തി 'ശിഖണ്ഡികള്‍ അല്ല ട്രാന്‍സ് ജെന്‍ഡര്‍സ്'. തീരെ സുഖകരമല്ലാത്ത ഒരു പെരുമാറ്റം കാഴ്ചവച്ചുകൊണ്ട് അവര്‍ അല്‍പം സമയം ഞങ്ങളുടെ സെമിനാരി ക്യാമ്പസില്‍ ഓടി നടന്നു. 10000 രൂപ എങ്കിലും തന്നില്ലെങ്കില്‍ പോവില്ല എന്ന പിടിവാശിയിലായിരുന്നു അവര്‍. ട്രെയിനിലും തെരുവുകളിലും കൈകൊട്ടി പണം ചോദിച്ചിരുന്ന പതിവ് ട്രാന്‍സ്ജെന്‍ഡര്‍സ് രീതിയുടെ ഒരു അപ്ഡേറ്റ്ട് വര്‍ഷന്‍ ആയിരുന്നു അന്ന് ഞങ്ങള്‍ കണ്ടത്. ഒടുവില്‍ 3000 രൂപ കൊടുത്ത് എങ്ങനെയൊക്കെയോ അവരെ പറഞ്ഞു വിട്ടു. അതിനുശേഷം അവര്‍ ചെറുതായിട്ടെങ്കിലും ഞങ്ങള്‍ ബ്രദേഴ്സിന്‍റെ കണ്ണില്‍ അവജ്ഞയ്ക്ക് പാത്രമായി. വഴിയോരങ്ങളില്‍ ഭിക്ഷ തെണ്ടിയും, ശരീരം വിറ്റും ജീവിക്കുന്ന ഇവരെ കാണുന്ന മാത്രയില്‍ മുങ്ങുക എന്നത് ഞങ്ങളുടെ പതിവായി.


കേരളത്തിലേക്കുള്ള ട്രെയിനില്‍ മഹാരാഷ്ട്രയില്‍ പ്രവേശിച്ചാല്‍ പിന്നെ ഇവരുടെ ഊഴമാണ്. കൈകൊട്ട് എന്ന് പറയുന്നത് പണം ചോദിക്കുന്നതിനു മുമ്പുള്ള സിഗ്നലും. ട്രെയിനില്‍ കൈക്കൊട്ട് കേട്ടാല്‍ ഞങ്ങള്‍ എല്ലാവരും ഉറക്കം അഭിനയിക്കുക പതിവായിരുന്നു, കാരണം ഉറങ്ങുന്നവരെ സാധാരണയായി അവര്‍ ശല്യപ്പെടുത്താറില്ലായിരുന്നു. ബ്രദേഴ്സില്‍ ചില വിദ്വാന്മാര്‍ ചുമ്മാ പേടിപ്പിക്കാനായി ഞങ്ങളുടെ ഇടയില്‍ തന്നെ കൈകൊട്ടുമായിരുന്നു.


അങ്ങനെയൊരു ട്രെയിന്‍ യാത്രയുടെ സമയത്ത് ഞങ്ങള്‍ വീണ്ടും അവരെ കണ്ടുമുട്ടി. ഒന്നാം വര്‍ഷത്തെ പോലെയല്ല, കുറച്ചുകൂടി പക്വതയോടെ പെരുമാറാന്‍ ഞങ്ങള്‍ പഠിച്ചു തുടങ്ങിയിരുന്നു. പ്രത്യേകിച്ച് അത് ഉടുപ്പ് കിട്ടിയ വര്‍ഷവും. അന്ന് ഞങ്ങള്‍ പരിഭവം ഒന്നും കൂടാതെ അവര്‍ക്ക് ചില്ലറ എടുത്തുകൊടുത്തു, ചില്ലറ ലഭിച്ചതും പതിവുപോലെ ചെറിയൊരു അനുഗ്രഹം തന്നിട്ട് അവര്‍ കടന്നുപോയി. അര്‍ദ്ധനാരീശ്വരന്‍ എന്നൊരു സങ്കല്പമുണ്ട്. അര്‍ധനാരീശ്വരന്‍... ശിവന്‍ പകുതി പുരുഷന്‍, പകുതി സ്ത്രീ പരമാത്മാവില്‍ ആണും പെണ്ണും ഒന്നാണെന്ന സങ്കല്‍പ്പം. അവരുടെ അനുഗ്രഹത്തിന് വിലയുണ്ടെന്നാണ് വിശ്വാസം. രാമായണത്തില്‍ രാമന്‍ വനവാസത്തിന് പോകുമ്പോള്‍ "സ്ത്രീകളും പുരുഷന്മാരും അയോധ്യയിലേക്ക് മടങ്ങുക" എന്ന് പറഞ്ഞു. ഹിജഡകള്‍ രണ്ടും അല്ലാത്തതിനാല്‍ 14 വര്‍ഷം കാത്തുനിന്നു. രാമന്‍ തിരിച്ചുവന്നപ്പോള്‍ അവരുടെ ഭക്തി കണ്ട് അനുഗ്രഹിച്ചു: "നിങ്ങളുടെ അനുഗ്രഹത്തിന് ശക്തിയുണ്ടാകും". അതുകൊണ്ടാണ് ഇന്നും കല്യാണത്തിനും കുഞ്ഞ് ജനിക്കുമ്പോഴും ഹിജഡകള്‍ ബധായി കൊടുക്കാന്‍ വരുന്നത്.


ഞങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ഒരു ബ്രദറിന് പെട്ടെന്ന് ക്രിസ്തുവിന്‍റെ ഗന്ധം അടിക്കാന്‍ തുടങ്ങി. അവനൊരു ആഗ്രഹം, ഒരു ട്രാന്‍സ്ജെന്‍ഡറിന്‍റെ എങ്കിലും കഥ കേള്‍ക്കണം. ഓര്‍മ്മയുടെ വഴിയമ്പലങ്ങളില്‍ അവജ്ഞാപാത്രങ്ങളായിചുരുങ്ങിയവരെ ചേര്‍ത്തുപിടിക്കാന്‍ വേണ്ടിയൊരു ശ്രമം.....


ഞങ്ങള്‍ ആരും എതിര് പറഞ്ഞില്ല. വീണ്ടും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വന്നതും ഞങ്ങള്‍ പണം കാണിച്ചുകൊണ്ട് പറഞ്ഞു 'ഞങ്ങള്‍ 500 രൂപ തരാം ഞങ്ങള്‍ക്ക് നിന്‍റെ കഥ കേള്‍ക്കണം. നീ എങ്ങനെ ഇവിടെയെത്തി എന്നുള്ള കഥ. ചില്ലറ മാത്രം കണ്ടു മടുത്ത ആ സാധു പണം കണ്ടതും അച്ചടക്കത്തോടെ ഞങ്ങളുടെ സമീപത്ത് ഇരുന്നു. വിശപ്പടക്കാനായി ശരീരം പോലും വിട്ടുകൊടുക്കുന്നു പിന്നെയാണോ ചെറിയൊരു കഥ പറയാന്‍ ബുദ്ധിമുട്ട്. വാരി പൊത്തിയ കണ്‍മഷി...കൈ നിറയെ കെട്ടുകള്‍... അതിരു കടന്ന ലിപ്സ്റ്റിക്... ഒപ്പം പാനിന്‍റെ രൂക്ഷമായ ഗന്ധവും. വേശ്യയുടെ വസ്ത്രത്തില്‍ തൊടുന്നത് പോലും പാപമാണെന്ന് ഓര്‍ത്തിട്ടാണോ എന്നറിയില്ല അടുത്തിരുന്ന ബ്രദര്‍ അല്പം ദൂരത്തേക്ക് മാറിയിരുന്നു. എനിക്കും ശരിയാണെന്ന് തോന്നി, ട്രാന്‍സ്ജെന്‍ഡേഴ്സില്‍ ഒരു വിഭാഗം ലൈംഗിക തൊഴിലാളികളുടെ ജോലിയിലും ഏര്‍പ്പെടുന്നുണ്ടല്ലോ...


മുഖവുര ഒന്നും കൂടാതെ അവള്‍ ഓര്‍മ്മകളുടെ മാറാപ്പ് അഴിക്കാന്‍ തുടങ്ങി.....ശരീരം പാകപ്പെടുന്ന സമയത്ത് താന്‍ ആണും അല്ല പെണ്ണും അല്ല എന്ന ആദ്യമായിട്ടുള്ള തോന്നല്‍... ജനിതകത്തില്‍ പ്രകൃതിയുടെ തിരുമറി.... അപ്പന്‍റെ പഴി കേട്ടും, തല്ല് കിട്ടിയും ഉള്ള ചെറുപ്പത്തിലെ കണ്ണീര് തോരാത്ത ദിനങ്ങള്‍... ഒടുവില്‍ രാത്രിയില്‍ എന്നോ അപ്പന്‍ ജനനേന്ദ്രിയത്തില്‍ ചൂടുവെള്ളം ഒഴിച്ചു. അതോടെ വീട്ടില്‍ നിന്നുമുള്ള ഒളിച്ചോട്ടം. ജീവിക്കാന്‍ വേണ്ടി മഹാരാഷ്ട്രയിലെ തെരുവുകളില്‍ ഭിക്ഷാടനം. ആരൊക്കെയോ അവളെ ലൈംഗിക തൃപ്തിക്കായി ഉപയോഗിക്കുന്നു... പിന്നീടങ്ങോട്ട് ശരീരം വിറ്റുകൊണ്ടുള്ള ജീവിതം. ചില ദിവസങ്ങളില്‍ 10 പേര്‍.. ചിലപ്പോള്‍ അഞ്ചോ ആറോ ഒക്കെ. ഇപ്പോള്‍ ഒറ്റ ആഗ്രഹം മാത്രമേ അവള്‍ക്ക് ബാക്കിയുള്ളൂ, എന്നെങ്കിലും അമ്മയെ ഒന്ന് കാണണം, അമ്മയുടെ കൂടെയിരുന്ന് ഒരുപിടി ചോറു കഴിക്കണം. ഇത്രയും കേട്ടതും അനുസരണം ശീലിക്കാത്ത ഭൃത്യനെ പോലെ കണ്ണുനീര്‍ ഞങ്ങള്‍ പലരുടെയും മിഴികളില്‍ നിന്നും ഒഴുകാന്‍ തുടങ്ങി. ഒടുവില്‍ ഞങ്ങള്‍ പണം നീട്ടിയപ്പോള്‍ അവള്‍ പണം നിരസിച്ചു കൊണ്ട് പറഞ്ഞു: 'എത്ര നാളായി എന്നറിയോ മക്കളെ എന്നെ ആരെങ്കിലും ഒക്കെ ഒന്ന് കേട്ടിട്ട്...'


ഇത്രയും പറഞ്ഞുകൊണ്ട് അവള്‍ പന്‍വേല്‍ സ്റ്റേഷനിലെ തിരക്കുകളില്‍ അപ്രത്യക്ഷമായി.


സ്തുതിയായിരിക്കട്ടെ....


അര്‍ദ്ധനാരീശ്വരന്‍

ബ്ര. ഹാരിസ് കപ്പൂച്ചിന്‍

അസ്സീസി മാസിക ജൂൺ 2026

Jun 5

3

Related Posts

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page