top of page

വിജയത്തിന്‍റെ വഴികള്‍

  • Writer: ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
    ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
  • Mar 1
  • 2 min read

Updated: Mar 10

A sketch of a person relaxing on a bench, leaning back with legs extended. The image is monochrome, creating a peaceful, contemplative mood.

നമ്മുടെയെല്ലാവരുടെയും ഉള്ളില്‍ ഒരു രത്നമുണ്ട്. വിലയുള്ള ഒരു രത്നമാണത്. ആ വിലപ്പെട്ട രത്നത്തെ ചില പൊടിപടലങ്ങള്‍ മറച്ചുകളയുന്നു. അതില്‍നിന്നു പുറപ്പെടുന്ന പ്രകാശകിരണങ്ങളെ ചില പുകപടലങ്ങള്‍ മൂടിക്കളയുന്നു. ജീവിതത്തെ തകര്‍ച്ചയിലേക്കു നയിക്കുന്ന ചില ശീലങ്ങള്‍ നമ്മുടെയുള്ളിലുണ്ട്. നമ്മുടെയുള്ളിലെ പ്രകാശത്തിനു മങ്ങലേല്‍പ്പിക്കുന്ന 7 ശീലങ്ങളെ കുറിച്ച് നമുക്ക് ധ്യാനിക്കാം.


ഒന്നാമത്തെ ശീലം നാളത്തേയ്ക്ക് മാറ്റിവയ്ക്കലാണ്. ഏതു കാര്യത്തിലും 'നാളെയാവട്ടെ' എന്ന ചിന്ത. അല്പസമയം കൂടി കഴിഞ്ഞിട്ടു ചെയ്യാം എന്ന ചിന്ത. രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കാന്‍ തീരുമാനിച്ചു കിടക്കും. അലാം അടിക്കുമ്പോള്‍ ഒന്നുകൂടി തിരിഞ്ഞുകിടക്കും. ഇങ്ങനെ ഓരോ ദിവസവും ഓരോന്നിനും ഒഴികഴിവു പറയുന്നവര്‍ ഭാവിയെ പണയം വയ്ക്കുന്നവരാണ്. ഓരോ പുഴയും ഒഴുകിക്കൊണ്ടിരിക്കും. ഒഴുകുന്ന പുഴയില്‍ ഒരേ വെള്ളത്തില്‍ കാലു കഴുകാന്‍ സാധിക്കില്ല. ഓരോ സെക്കന്‍റും ഓടിയകലുമ്പോള്‍ ഇന്നില്‍ ശ്രദ്ധയോടെ ജീവിക്കണം. നല്ല ഇന്നലെകള്‍ ഉണ്ടാവണമെങ്കില്‍ നല്ല ഇന്നുകള്‍ സൃഷ്ടിക്കുക. നല്ല നാളെകള്‍ ലഭിക്കണമെങ്കില്‍ ഇപ്പോള്‍ കൈയ്യിലുള്ള സമയം ശരിക്കും വിനിയോഗിക്കുക. പലരും നഷ്ടപ്പെട്ട ഇന്നലെകളെക്കുറിച്ചു കരയാറുണ്ട്. പക്ഷേ, "ഇന്നില്‍" ശ്രദ്ധിക്കാറില്ല.


എല്ലാക്കാര്യത്തിലും ഞാനൊരു പരാജയമാണെന്ന ചിന്ത അപകടമാണ്. എനിക്കൊരു കഴിവുമില്ല എന്ന് സ്വയം ചിന്തിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണിത്. ചെറിയ ഉത്തരവാദിത്വം പോലും ഏറ്റെടുക്കുവാന്‍ മടിക്കുന്ന അവസ്ഥ. മറ്റെല്ലാവരും സമര്‍ത്ഥരാണ്. ഞാന്‍ മാത്രം ഒന്നിനും കൊള്ളാത്തവന്‍. ഈ ചിന്ത മനസ്സിനെ നിരന്തരം മഥിക്കുമ്പോള്‍ എന്‍റെ മുഖഭാവത്തില്‍ പോലും മാറ്റം വരും. നിരാശ നിറഞ്ഞ, മൂടിക്കെട്ടിയ മുഖവുമായി ഞാന്‍ ചുറ്റിസഞ്ചരിക്കും. എന്‍റെ സംസാരത്തിലും ഇടപെടലിലുമെല്ലാം ഈ ചിന്ത വന്നുനിറയും. അവസാനം ഞാന്‍ 'കെട്ട' ഒരു മനുഷ്യനായിത്തീരും. ഹൃദയത്തില്‍ ദുഃഖമാണെങ്കില്‍ മുഖത്തത് പ്രതിഫലിക്കും. മനസ്സില്‍ പ്രാര്‍ത്ഥനയുണ്ടെങ്കില്‍ മുഖത്തുനിന്നും മനസ്സിലാക്കാം. ചില മുഖങ്ങളില്‍ നല്ല പ്രസാദം കാണുവാന്‍ കഴിയും. ചിലരെക്കുറിച്ചു നാം പറയും: "അയാള്‍ കെട്ട മനുഷ്യനാണ്". സ്വയം കഴിവില്ല എന്നുള്ള ഉള്‍ചിന്ത അവസാനം എന്‍റെ പ്രമാണമായി ഞാന്‍ സ്വീകരിക്കും. ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ വിജയിക്കുവാന്‍ കഴിയില്ല.


മറ്റുള്ളവരുടെ അംഗീകാരം തേടാന്‍ ബോധപൂര്‍വം ശ്രമിക്കുന്നവര്‍ പരാജിതരാവും. ശ്രദ്ധ കിട്ടുവാന്‍ വേണ്ടി എന്തും ചെയ്യുവാന്‍ മടിക്കാത്തവര്‍ മുടിയിലും വസ്ത്രത്തിലുമൊക്കെ എന്തെങ്കിലും പ്രത്യേകത വരുത്തുവാന്‍ ശ്രമിക്കും. ഏതു മൃതസംസ്ക്കാരത്തില്‍ പോയാലും ഇവര്‍ക്കു ശവമായി കിടക്കാനാണിഷ്ടം. ഏതു വിവാഹത്തിനു പോയാലും വരനോ വധുവോ ആയി നിറഞ്ഞു നില്‍ക്കുവാന്‍ ആഗ്രഹം. ശരീരത്തിന്‍റെ ചലനങ്ങളിലും വാക്കുകളുടെ പ്രയോഗത്തിലുമൊക്കെ ഇവര്‍ പ്രത്യേകത കാണിക്കും. അപരന്‍റെ അംഗീകാരം കിട്ടുവാന്‍ ഏതറ്റം വരെയും പോകുവാനുള്ള ശ്രമമാണിവര്‍ നടത്തുക. ഇങ്ങനെയുള്ളവര്‍ സ്വന്തം വഴികള്‍ വെട്ടുവാന്‍ ശ്രമിക്കണം. സ്വന്തം ലോകത്തെ മെനഞ്ഞെടുക്കണം. അപരന്‍റെ തീരുമാനത്തിനുവേണ്ടി കാത്തിരിക്കാതെ സ്വന്തം തീരുമാനങ്ങളെടുക്കുവാന്‍ കഴിയണം. ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ വിജയിക്കുവാന്‍ കഴിയൂ.


പരാജയത്തെ ഭയപ്പെടുന്നവരാണ് മറ്റൊരു കൂട്ടര്‍. മുന്നില്‍ക്കാണുന്ന മതിലിനെ കണ്ട് യാത്ര നിറുത്തുന്നവര്‍. പ്രതിസന്ധികള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കുന്നവര്‍ക്ക് ജീവിതയാത്രയില്‍ മുന്നേറാന്‍ കഴിയില്ല. പ്രതിസന്ധികളില്‍ പുതിയ വഴികള്‍ കണ്ടെത്തുന്നവരാണ് വിജയം നേടുന്നവര്‍. ഓരോ പ്രാവശ്യവും വീഴുമ്പോള്‍ സ്വയം എഴുന്നേല്‍ക്കുവാന്‍ ശ്രമിക്കുന്ന കുഞ്ഞുങ്ങളെ നാം കാണാറില്ലേ? വീഴുന്നിടത്തു കിടന്ന് നിലവിളിക്കാതെ ആ വീഴ്ചയില്‍ നിന്നും പാഠം പഠിച്ച് നാം മുന്നോട്ടു നീങ്ങണം. ചരിത്രത്തില്‍ വിജയം നേടിയവരെല്ലാം ഒരിക്കല്‍ പരാജയപ്പെട്ടവരാണ്. പരാജയപ്പെട്ട അനുഭവങ്ങളില്‍ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്നവര്‍ ചരിത്രപുരുഷന്മാരായി മാറി. ചരിത്രത്തിന്‍റെ ഭാഗമായി ജീവിച്ചുതീര്‍ക്കാതെ ചരിത്രം സൃഷ്ടിക്കുന്നവരായി നാം ജീവിക്കണം. ലോകം അവരുടെ കാല്‍ചുവട്ടില്‍ വീഴും.


ചില മനുഷ്യര്‍ അവരുടെ ജീവിതകാലം മുഴുവന്‍ മറ്റുള്ളവരുമായി താദാത്മ്യം നടത്തും. നമ്മുടെ സാധാരണ ജീവിതത്തെ ചെറുതായി കാണരുത്. ഓരോരുത്തര്‍ക്കും ഓരോ ജീവിതസാഹചര്യമാണ് ദൈവം കൊടുക്കുന്നത്. ഒരാളെ വിളിച്ചിരിക്കുന്നത് 100 മീറ്റര്‍ ഓട്ടത്തിലേക്കാണ്. മറ്റൊരാളെ വിളിച്ചിരിക്കുന്നത് മാരത്തോണ്‍ ഓട്ടത്തിലാണ്. 100 മീറ്റര്‍ ഓട്ടക്കാരന്‍ അവന്‍റെ ഓട്ടം പൂര്‍ത്തിയാക്കുന്നതു കാണുമ്പോള്‍ മാരത്തോണ്‍ ഓട്ടക്കാരന്‍ മരച്ചു നില്‍ക്കരുത്. അവന്‍ അവന്‍റെ ഓട്ടം പൂര്‍ത്തിയാക്കണം. റോസപ്പൂവിന് നല്ല നിറവും മുഴുപ്പും ഉണ്ട്. മുല്ലപ്പൂവ് ചെറുതാണ്. മുല്ലപ്പൂവ് ചെറുതാണെങ്കിലും അതിന്‍റെ സുഗന്ധം ഹരം പകരുന്നതാണ്. ദൈവം സൃഷ്ടിച്ചിരിക്കുന്ന ഓരോ വ്യക്തിക്കും പ്രത്യേകതയുണ്ട്. ആ പ്രത്യേകതകളില്‍ ജീവിക്കുക. അപരനോടു താദാത്മ്യം നടത്തി നിരാശപ്പെടരുത്.


ഒരിക്കലും നമ്മുടെ മനസ്സില്‍ പക കൊണ്ടുനടക്കരുത്. ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന പക കയ്യില്‍ പിടിച്ചിരിക്കുന്ന കനല്‍ക്കട്ട പോലെയാണ്. നമ്മള്‍ സ്വയം ദഹിക്കുകയും മറ്റുള്ളവരെ പൊള്ളിക്കുകയും ചെയ്യും. മനസ്സിലെ സ്വഭാവത്തെ അതു ബാധിക്കും. നിഷേധാത്മക ചിന്തകളുമായി ഒരാള്‍ ജീവിക്കുമ്പോള്‍ ആ വ്യക്തി വൈകാരിക, ശാരീരികരോഗങ്ങള്‍ക്ക് അടിമയാകും. ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന പല കാര്യങ്ങളും നമുക്ക് ചെയ്യുവാന്‍ പറ്റാതെ വരും. പകയില്‍ നിന്നും വിടുതല്‍ നേടി ആന്തരിക സൗഖ്യമുള്ളവരായി ജീവിക്കുന്നവര്‍ ജീവിതത്തില്‍ വിജയിക്കും.


ചിലര്‍ ഭൂതകാലത്തില്‍ ജീവിക്കുന്നവരാണ്. ഇന്നലെകളില്‍ വന്നുപോയ വീഴ്ചകളെയോര്‍ത്ത നീറുന്നവര്‍. ഇന്നലെകളുടെ തടവറയില്‍ പൂട്ടപ്പെട്ടവരാണവര്‍. നല്‍കപ്പെട്ട നിമിഷങ്ങളില്‍ ജീവക്കാത്തവര്‍ വര്‍ത്തമാനകാലം നഷ്ടപ്പെടുത്തുന്നവരാണ്. എന്‍റെ ഇന്നലെകള്‍ ഒരു പാഠപുസ്തകമാണ്. ആ പുസ്തകത്തില്‍ നിന്നും പാഠങ്ങള്‍ പഠിച്ച് ഇന്നില്‍ ജീവിക്കണം. അങ്ങനെ ജീവിക്കുന്നവര്‍ വിജയം കൊയ്തെടുക്കുന്ന വ്യക്തിത്വങ്ങളാവും.

bottom of page