തവിട്ടുപാത
- ബോബി ജോസ് കട്ടിക്കാട്

- Jul 12
- 3 min read
സഞ്ചാരിയുടെ നാള്‍വഴി

1
ഒരു വ്യാഴവട്ടം മുമ്പാണ്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ താന്‍ മാര്‍പാപ്പയായേക്കുമെന്ന് ഹോര്‍ഹെ മാറിയോ ബെര്‍ഗോളിയോ ഭയന്നു. കോണ്‍ക്ലേവിലെ അഞ്ചാമത്തേതും അവസാനത്തേതുമായ വോട്ടെടുപ്പ് നടക്കുകയാണ്. കാര്യങ്ങള്‍ 'അപകട'ത്തിലേക്കു നീങ്ങുകയാണെന്നു തോന്നിയ അദ്ദേഹം തന്‍റെ അരികിലിരുന്ന സാവോപോളോയിലെ കാര്‍ഡിനല്‍ ക്ലൗഡിയോ ഹ്യൂമിസിനെ ഉറ്റുനോക്കി. സാരമില്ലെന്ന് ഒരു ശരീരഭാഷയിലൂടെ കാര്‍ഡിനല്‍ ഹ്യൂമിസ് സമാധാനിപ്പിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് എത്തിയപ്പോള്‍ കരഘോഷം മുഴങ്ങി. പോപ്പ് ബെനഡിക്റ്റിന് പിന്‍ഗാമിയായിരിക്കുന്നു. ഹ്യൂമിസ് സ്നേഹിതനെ ആലിംഗനം ചെയ്ത് ചെവിയില്‍ മന്ത്രിച്ചു: ദരിദ്രരെ മറക്കരുത് .
ആ വാക്ക് ഉള്ളില്‍ ഇടം കണ്ടെത്തി. ഒരു ഞൊടിയില്‍ അയാള്‍ അസ്സീസിയിലെ ഫ്രാന്‍സിസിനെ ഓര്‍മ്മിച്ചു. ദരിദ്രര്‍ക്കു വേണ്ടിയുള്ള ദരിദ്രസഭയാണ് തന്‍റെ സ്വപ്നം. പാപ്പാമാര്‍ക്ക് പുതിയൊരു പേരു തിരഞ്ഞെടുക്കേണ്ട ബാധ്യതയുണ്ട്. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി ഒരു ഫ്രാന്‍സിസ് മാര്‍പാപ്പയുണ്ടായി. ഓര്‍മ്മിക്കണം, പത്തൊമ്പത് പാപ്പമാരാണ് ഇതിനകം ഫ്രാന്‍സിസ്കന്‍ ബോധത്തില്‍ നിന്ന് രൂപപ്പെട്ടിട്ടുള്ളത്. അവരിലാര്‍ക്കും ആ പേരെടുക്കാനുള്ള ധൈര്യമില്ലായിരുന്നു. ജെസ്യൂട്ട് വൈദികനായ ബെര്‍ഗോളിയോ, ഫ്രാന്‍സിസിനെ തിരഞ്ഞെടുക്കുമ്പോള്‍ കൃത്യമായ ഒരു ദൂത് ലോകത്തിനു കൈമാറുകയായിരുന്നു. നാം മറന്നുതുടങ്ങിയ ദരിദ്രരിലേക്ക് വീണ്ടും ഉറ്റുനോക്കുക. വലിയ വ്യത്യാസമാണ് ആ പേരും പേരുകാരനും സഭയുടെ ചരിത്രത്തില്‍ ഉണ്ടാക്കിയത്. ആരോ നിരീക്ഷിച്ചതുപോലെ, വെന്‍റിലേറ്ററിലേക്ക് വൈകാതെ കൈമാറേണ്ടിവരുമെന്ന് ആശങ്കപ്പെട്ട യൂറോപ്പിലെ സഭയ്ക്കു ലഭിച്ച സ്വാഭാവിക ശ്വാസമായിരുന്നു അയാള്‍. ഇതിനകം പുല്ലു മൂടി തുടങ്ങിയ എണ്ണൂറു വര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്ന് ഒരു നാട്ടുപാതയെ ചെത്തി മിനുക്കുകയായിരുന്നു അതു വഴി അയാള്‍. അതിന്‍റ സ്വാഭാവിക തളിര്‍പ്പാണ് ഫ്രാന്‍സീസിന്‍റെ ഓര്‍മ്മയ്ക്കായി പോപ്പ് ലിയോ XIV അര്‍പ്പിച്ചിരിക്കുന്ന അടുത്ത ജനുവരി വരെയുള്ള ഒരു കാലം.
അവരെ ഉറ്റുനോക്കൂ.
ദരിദ്രരെ അവഗണിക്കുമ്പോള്‍ വലിയൊരു ദുരന്തത്തിന്‍റെ വാരിക്കുഴിയിലേക്കാണ് അടുത്ത ചുവടെന്ന് ദേശവും മതവും വ്യക്തികളും മറന്നുപോയി. ഒരു തൊഴിലാളി പാര്‍ട്ടിക്കു പോലും ഇത് ആത്മപരിശോധനയ്ക്കുള്ള വിഷയമാണ്.
ദരിദ്രരാണ് ഏറ്റവും നല്ല സര്‍വകലാശാല. മാക്സിം ഗോര്‍ക്കിയുടെ ആത്മരേഖയുടെ മൂന്നാമത്തെ വാല്യം My Universities‑ എന്ന ശീര്‍ഷകത്തിലാണ്. പരുക്കന്‍ ജീവിതങ്ങളും പച്ചയായ മനുഷ്യരുമാണ് ഒരാള്‍ക്ക് തെളിച്ചം കിട്ടാവുന്ന ഏറ്റവും മികച്ച കലാശാലകള്‍. തന്‍റെ ഏറ്റവും നല്ല അധ്യാപകനായി അയാള്‍ അതില്‍ എണ്ണുന്നത് സ്മൗറി എന്ന പാചകക്കാരനെയാണ്. ഒരു ചെഗുവേരയെ രൂപപ്പെടുത്തിയതും അടിസ്ഥാനമനുഷ്യരിലൂടെയുള്ള ദീര്‍ഘസഞ്ചാരങ്ങളായിരുന്നു. The Motorcycle Diaries‑ വീണ്ടും കാണാവുന്നതാണ്.
യേശുവിന്‍റെ ആത്മബോധത്തെ രൂപപ്പെടുത്തിയതും ദരിദ്രരല്ലാതെ മറ്റാര്? ഒരു യൂണിറ്റെന്ന നിലയില്‍ ഏറ്റവും അര്‍പ്പണബുദ്ധിയുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സി എം സി വെല്ലൂരില്‍ നിന്നാണെന്ന് നിരീക്ഷിക്കപ്പെടുന്നു. വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഒരു വര്‍ഷത്തെ സേവനത്തിനായി നിയോഗിക്കപ്പെടുന്ന ആ കുട്ടികളില്‍ പലരും നഗരത്തിന്‍റെ പകിട്ടുകളിലേക്ക് മടങ്ങിവരാറേയില്ലത്രേ.
ദരിദ്രരാണ് നമ്മുടെ ശരികളെ നിശ്ചയിക്കുന്നത്. അതുകൊണ്ടാണ് ജറുസലേമിലേക്ക് രണ്ടാംവട്ടം വിളിക്കപ്പെട്ട പൗലോസിനോട് ദരിദ്രരുടെ മീതെയുള്ള ശ്രദ്ധ തുടരണമെന്ന് സ്നേഹബുദ്ധ്യാ മൂപ്പന്മാര്‍ താ ക്കീതു ചെയ്തത്. 'പാവങ്ങളെപ്പറ്റി ചിന്തവേണം എന്നുമാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടുള്ളു. അതുതന്നെയാണ് എന്‍റെ തീവ്രമായ താത്പര്യം.' (ഗലാത്യര്‍ 2:10) ആ ശ്രദ്ധയിലേക്ക് ഭേദപ്പെട്ട ജീവിതപശ്ചാത്തലമുള്ള എല്ലാവരും പുനരര്‍പ്പിക്കേണ്ട നേരമാണ് ഇനി വരാന്‍ പോകുന്നത്. വല്ലാതെ പകച്ചുപോയ ആ മനുഷ്യര്‍ കുറേക്കൂടി ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. അത് അവരെയല്ല, നമ്മളെയാണ് രക്ഷിക്കാന്‍ പോകുന്നത്.
രണ്ടാം നൂറ്റാണ്ടിലായിരുന്നു. വലേറിയന്‍ ചക്രവര്‍ത്തി ക്രൈസ്തവ ധര്‍മ്മത്തോട് ഹൃദയം കഠിനമാക്കിയിരുന്ന കാലം. സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്ന ലോറന്‍സ് എന്ന ആര്‍ച്ച് ഡീക്കനെ വിളിപ്പിച്ചു. സ്വത്തു കൈമാറിയാല്‍ പൂര്‍ണസ്വാതന്ത്ര്യം തരാമെന്ന് വാക്കു കൊടുത്തു. മൂന്നു ദിവസത്തെ അവധിയാണ് അയാള്‍ ചോദിച്ചത്. അതിനിടയില്‍ എല്ലാ ധനവും ദരിദ്രര്‍ക്ക് അയാള്‍ വീതിച്ചുനല്‍കി. വയോധികരും ആതുരരും നിസ്വരും കുഞ്ഞുങ്ങളുമുള്‍പ്പടെ ഒരു വലിയ സമൂഹം രാജാങ്കണത്തിലേക്ക് അയാള്‍ക്കു കൂട്ടുപോയി. അവരെ ചൂണ്ടിക്കാണിച്ച് ലോറന്‍സ് പറഞ്ഞു, 'ഇതാ ഞങ്ങളുടെ നിധി!'
അതങ്ങനെയല്ലെന്ന് വിചാരിക്കുന്ന നേരം മുതല്‍ എല്ലാവരും പാളുകയാണ്.
ഭൂമിയിലേറ്റവും ദരിദ്രന്‍ അവനായിരുന്നു. പിറക്കാന്‍ ഇടമില്ല , മരിക്കാന്‍ ഇടമില്ല. കുറുനരികള്‍ക്ക് പോലും മാളമുള്ള ഭൂമിയില്‍ ഒരു കൂര പണിതിട്ടില്ല. മറ്റാരുടെയോ കബറിടത്തില്‍ വിശ്രമം. നമ്മളതെല്ലാം മറന്നു.
പ്രവാചകന്‍മാര്‍ കടന്നുപോകുമ്പോള്‍ അങ്കി ഉപേക്ഷിച്ചിട്ട് പോകുന്ന രീതിയുണ്ട്. ഏലിയായുടെ അങ്കി എലീഷയുടെ മീതെയാണ് വന്നു വീണത്. അതുപോലെ മടങ്ങിപോകുമ്പോള്‍ ആ ദരിദ്രന്‍റെ അങ്കി മണ്ണിലെവിടയോ വീണിട്ടുണ്ട്. പല കാലങ്ങളില്‍ പല മനുഷ്യര്‍ക്ക് അതിന്‍റെ തുടര്‍ച്ച കിട്ടി. ഏറ്റവും ഒടുവില്‍ അത് കണ്ടെത്തിയത് ഫ്രാന്‍സീസായിരുന്നു. അതയാള്‍ക്ക് ഒരു കല്യാണ വസ്ത്രം പോലെ തോന്നി. അയാള്‍ ഇങ്ങനെ നിലവിളിക്കും: ദാരിദ്ര്യമെ, എന്‍റെ മണവാട്ടി.

2
നഗര ചത്വരങ്ങളിലൊക്കെ കുതിരയെക്കാള്‍ തലയെടുപ്പുള്ള വീരന്‍മാരുടെ ശില്‍പങ്ങളാണ്. എന്നാല്‍ അസീസ്സിയിലെ വലിയ പള്ളിക്ക് മുമ്പില്‍ അയാളും അയാളുടെ കുതിരയും ഒരേ പോലെ തല കുനിച്ച് നില്‍ക്കുകയാണ്. എല്ലാത്തരം തര്‍ക്കങ്ങളുടെയും പടയോട്ടങ്ങളുടെയും കാമ്പില്ലായ്മ അവര്‍ക്ക് ഇതിനകം തിരിഞ്ഞിട്ടുണ്ട്.
Norberto Proietti‑, എന്ന ഇറ്റാലിയന്‍ ശില്പിയുടെ Return of Francis‑ എന്ന ശില്പമാണിത്. യുദ്ധങ്ങളുടെ നിരര്‍ത്ഥകതയില്‍ അയാള്‍ ഇപ്പോള്‍ അത്ര മേല്‍ ലജ്ജിതനാണ്.
പഴയൊരു കഥയാണ്.
ഒരു മൈതാനത്ത് പെട്ടന്നൊരു ദിവസം ഒരു പച്ച ഭൂതം പ്രത്യക്ഷപ്പെടുകയാണ്. ഒരു ടെന്നീസ് പന്തിന്‍റെ വലുപ്പമേയുള്ളായിരുന്നു ആദ്യം. നോക്കിനില്‍ക്കെ അത് വലുതാവുകയാണ്. ഗ്രാമീണര്‍ മൈതാനത്തിന് ചുറ്റും തടിച്ചുകൂടി. എനിക്ക് ഇതിലൊന്നും വിശ്വാസമോ ഭയമോ ഇല്ലെന്ന് പറഞ്ഞ് ഒരു ചെറുപ്പക്കാരന്‍ അതിന്‍റെ അടുക്കലേക്ക് കുതിച്ച് വാള്‍ വീശി, പല കഷ്ണങ്ങളായി അതിനെ ഛേദിച്ചു. അടിമുടി ചോരയില്‍ കുതിര്‍ന്ന് നില്ക്കുന്ന അയാള്‍ ദേശത്തിന്‍റെ വീരകഥാപാത്രമായി.
അടുത്ത വര്‍ഷം,അതേ കാലം മൈതാനം നിറയെ ഇപ്പോള്‍ പച്ചഭൂതങ്ങളാണ്. ഇനി തനിക്കൊന്നുമാവില്ല എന്ന് പറഞ്ഞ് ആദ്യത്തെ ചെറുപ്പക്കാരന്‍ ഭീരുവായി. ഒരു വയോധികന്‍ മൈതാനത്തേക്ക് വന്നു. അങ്കലാപ്പോ, തിടുക്കമോ ഇല്ലാതെ അതിനെ നിരീക്ഷിച്ചു. പിന്നെ ഒരു പേനാക്കത്തിയെടുത്ത് അതിനെ പലതായി വകഞ്ഞു. ഓരോരോ കഷ്ണങ്ങളായി ആള്‍ക്കൂട്ടത്തിന് വച്ച് മാറി. ട്വിസ്റ്റൊന്നുമില്ല. തണ്ണിമത്തങ്ങയാണത് !
ദിവസത്തിന്‍റെ അന്ത്യത്തില്‍ കലി പോലൊരു ഫലിതമില്ല. അത് നേരത്തേ പിടുത്തം കിട്ടിയവര്‍ ഭാഗ്യവാന്‍മാര്‍! അതിലയാളുണ്ട്.
തവിട്ടുപാത
ബോബി ജോസ് കട്ടികാട്
അസ്സീസി മാസിക ജൂലൈ 2026
























