top of page

പാറ്റകളുടെ സമരവീര്യം

Writer: ഹാരിസ് കപ്പൂച്ചിന്‍
ഹാരിസ് കപ്പൂച്ചിന്‍
Nov 4
3 min read
people in protest with the flags of Cockroach Janta party

ഒക്ടോബര്‍ പത്താം തീയതിയായിരുന്നു ഞങ്ങള്‍ മൂന്നു പേരുടെയും നിത്യവ്രതവാഗ്ദാനം. ദൈവസമക്ഷം ഞങ്ങള്‍ നിത്യം മനുഷ്യര്‍ക്കും ദൈവത്തിനുംവേണ്ടി ജീവിക്കുമെന്നു വാഗ്ദാനം ചെയ്തു. ശേഷം മൂന്നു തട്ടുകളുള്ള കേക്ക് അനേകം മനുഷ്യരെ സാക്ഷിനിര്‍ത്തി ഭംഗിയായിത്തന്നെ മുറിച്ചു. കൂടെയുള്ള ബ്രദേഴ്സിന്‍റെ മാതാപിതാക്കളോടും ബാക്കി എല്ലാവരോടും യാത്രപറഞ്ഞു പിരിഞ്ഞശേഷം മുറിയിലെത്തി മൊബൈല്‍ തുറന്നപ്പോള്‍ ആദ്യം കിട്ടിയ വാര്‍ത്തകളെല്ലാം CJPയുടെ കുട്ടികള്‍ ഡല്‍ഹിയില്‍ തല്ലുവാങ്ങിക്കൊണ്ടിരിക്കുന്നു എന്നുള്ളതായിരുന്നു. ഞങ്ങളുടെ നിത്യവ്രതത്തിന് അലങ്കാരങ്ങള്‍ ഒത്തിരി കൂടിപ്പോയി എന്ന് പൊലീസുകാരുടെ അടി വാങ്ങിക്കൂട്ടിയ കുട്ടികള്‍ എന്നെ സൗമ്യമായി ഓര്‍മിപ്പിച്ചു. പെട്ടെന്ന് ഓര്‍മകളുടെ അകത്തളങ്ങളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ചെറുകിട പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന്‍റെ ഓര്‍മകള്‍ അലതല്ലി. അന്ന് ഞാന്‍ ഒരു രാഷ്ട്രീയ സംഘടനയുടെ അംഗമായിരുന്നു. 2015ല്‍ ഉമ്മന്‍ചാണ്ടി സാറിനെ കല്ലെറിഞ്ഞ സംഭവത്തിനെതിരെ പ്രതിഷേധിച്ചതിന്‍റെ ചിത്രങ്ങള്‍ മനസ്സില്‍ നിറംമങ്ങാതെ കിടപ്പുണ്ടായിരുന്നു. മങ്ങാടിക്കുന്നിന്‍റെ അറ്റത്തുനിന്നു തുടങ്ങി ഇരിങ്ങാലക്കുട ടൗണ്‍വരെ മുദ്രാവാക്യം വിളിച്ചു നടന്ന ഓര്‍മകള്‍ ഉള്ളില്‍ കിനിയാന്‍ ആരംഭിച്ചു. ഞാന്‍ റെക്ടര്‍ അച്ചനോടൊന്ന് സമരത്തില്‍ പങ്കെടുക്കുന്നതിനെപ്പറ്റി ചോദിക്കണമെന്നു വിചാരിച്ചെങ്കിലും നടന്നില്ല. കാരണം വേറൊന്നുമല്ല. ഡല്‍ഹിയിലെ വിദ്യാജ്യോതി സെമിനാരിയിലെ ബ്രദേഴ്സെല്ലാം സമരത്തില്‍ പങ്കെടുക്കാന്‍ മുന്നിട്ടിറങ്ങിയെങ്കിലും, സമരം നടക്കുന്ന സ്ഥലത്തിന് അടുത്തുള്ള പ്രദേശത്തുപോലും എത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. പൊലീസ് ബാരിക്കേഡുകള്‍, പോരാത്തതിന് മെട്രോ നിര്‍ത്തലാക്കി എന്നിങ്ങനെയുള്ള വാര്‍ത്തകളും എല്ലാവര്‍ക്കും ലഭിച്ചുകൊണ്ടിരുന്നു.


കാര്യം പാറ്റകള്‍ ആണെങ്കിലും സര്‍ക്കാരിന് അവരെ ഭയക്കാതിരിക്കാന്‍ നിവൃത്തിയില്ല. സമരത്തിനു വരുന്നവരെ അവിടെ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളെയും അവര്‍ ശക്തിയുക്തം എതിര്‍ത്തു. നമ്മളെപ്പോലുള്ളവര്‍ക്ക്, പ്രത്യേകിച്ച് സെമിനാരി ടൈംടേബിളിന്‍റെയും സിലബസിന്‍റെയും ചട്ടക്കൂടിനുള്ളില്‍ ഉഴലുന്ന പാവം ആത്മാക്കള്‍ക്ക്, ഡല്‍ഹിയില്‍ സമരംചെയ്യുന്ന കുട്ടികള്‍ക്കുവേണ്ടി കരുണ കൊന്ത എത്തിച്ചു പ്രാര്‍ഥിക്കാനേ നിവൃത്തിയുള്ളൂ. ഭൂമിയില്‍ അനീതി നിറഞ്ഞാടുമ്പോഴും അവയ്ക്കെതിരെ കണ്ണടച്ച് പാപികളെ നരകത്തില്‍നിന്നും കരകയറ്റാനുള്ള ആത്മീയ വിരുന്നിനെ ആണല്ലോ മിക്ക പ്രാര്‍ഥനാ യജ്ഞങ്ങളും ഇപ്പോള്‍ പിന്താങ്ങുന്നത്. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സമരത്തിലൂടെയാണ് കുറച്ചുനാളുകളായി നമ്മുടെ രാജ്യം കടന്നുപോകുന്നത്. പ്രതികരിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. പക്ഷേ, എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല. പ്രതികരിക്കാന്‍ ശക്തിയുള്ളവരുണ്ട്, എന്നാല്‍ അവരാരും പ്രതികരിക്കുന്നില്ല. മുണ്ടും മടക്കിക്കുത്തി ഹീറോയിസം കാണിക്കുന്ന സിനിമാനടന്മാര്‍മുതല്‍ പൊതുപ്രവര്‍ത്തകര്‍വരെ നിശ്ശബ്ദരായിരിക്കുന്ന ഈ സമയത്താണ് ജെന്‍സികളുടെ CJP സ്വരമുയര്‍ത്തിയത്.


ജെന്‍സികള്‍ എന്നെ ഓര്‍മിപ്പിക്കുന്നത് ദാവീദിന്‍റെയും ഗോലിയാത്തിന്‍റെയും കഥയെയാണ്. ഗോലിയാത്ത് ആശ്രയിച്ചത് സ്വന്തം ശക്തിയിലും തന്‍റെ സൈന്യത്തിന്‍റെ എണ്ണത്തിലേക്കും പടയാളികളുടെ പടച്ചട്ടകളിലേക്കും വാളുകളിലേക്കും ആയുധങ്ങളുടെ കരുത്തിലുമായിരുന്നു. എന്നാല്‍ ഒരു ഇടയബാലന്‍ തനിക്കെതിരെ കവണയുമായിവരുമെന്ന കാര്യം അവന്‍ അറിഞ്ഞിരുന്നില്ല. തന്നെ നിലംപരിശാക്കാന്‍ ദൈവം തിരഞ്ഞെടുക്കാന്‍പോകുന്നത് ദാവീദ് എന്ന ആ ചെറിയ ബാലനെയാണെന്ന സത്യം അവന്‍ തിരിച്ചറിഞ്ഞില്ല. ഈ ദാവീദും പാറ്റയും തമ്മില്‍ മറ്റൊരു സാമ്യമുണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പാറ്റയെന്നത് എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും നമുക്കു പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയാത്ത ഒരു ജീവിയാണ്. അതിനെ പലപ്പോഴും ദുര്‍ബലതയുടെ പ്രതീകമായിട്ടാണ് കാണുന്നത്. മലര്‍ന്നുവീണാല്‍ എണീക്കാന്‍പോലും പറ്റാത്ത ഒരു ജീവി. പേരുപോലെതന്നെ അക്ഷരാര്‍ഥത്തില്‍ കൂറ. ഗോലിയാത്തിനെ സംബന്ധിച്ചിടത്തോളം ദാവീദ് വെറുമൊരു പാറ്റയായിരുന്നു. ദുര്‍ബലതയുടെ ഒരു പര്യായം. രാഷ്ട്രീയ താല്‍പര്യങ്ങളെ അതിജീവിച്ചുകൊണ്ട് പാറ്റകളെല്ലാവരും ഡല്‍ഹിയില്‍ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് മാസങ്ങള്‍ക്കുമുമ്പ് ഒന്നിച്ചുകൂടി. അതൊരു വന്‍ പ്രക്ഷോഭമായിമാറും എന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചില്ല. വിദ്യാഭ്യാസമന്ത്രിയെ അവര്‍ താഴെയിറക്കി. വിദ്യാഭ്യാസമന്ത്രിയെ രാജിവയ്പി ച്ചതുപോലെ എളുപ്പത്തില്‍ ഇലക്?ഷന്‍ കമ്മിഷണറെ പുറത്താക്കാന്‍ കഴിയില്ലെന്നറിയാം. കാരണം, ഇലക്?ഷന്‍ കമ്മിഷണറെ പുറത്താക്കുകയെന്നത് ഭരണകൂടത്തെത്തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനു സമാനമാണല്ലോ. വോട്ട് ചോര്‍ച്ചയുടെ സത്യാവസ്ഥയെപ്പറ്റി രാഹുല്‍ഗാന്ധി തെളിവുസഹിതം എല്ലാം പുറത്തുകൊണ്ടുവന്നിട്ടും അദ്ദേഹം വീണ്ടും പപ്പുവായി മാറിയതല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടായില്ല. പ്രതീക്ഷിച്ചതില്‍ കൂടുതലായി കാക്കിധരിച്ച പൊലീസുകാരുടെ കൈകളില്‍നിന്ന് വിദ്യാര്‍ഥികള്‍ എല്ലാവര്‍ക്കുംതന്നെ മര്‍ദനമേല്‍ക്കേണ്ടിവന്നു.


ഇന്‍സ്റ്റാഗ്രാമില്‍ CJPയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുമ്പോള്‍, അവരില്‍ ചിലരെങ്കിലും ഈ കുട്ടികളെ രാജ്യത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരായി ചിത്രീകരിക്കുന്നു എന്നത് ഏറെ വേദനിപ്പിക്കുന്നുണ്ട്. സമീപകാലത്ത് കേരള മാധ്യമപ്രവര്‍ത്തകര്‍ ഒരു പരിധിവരെയെ ങ്കിലും നിഷ്പക്ഷമായും അല്ലാതെയും സിജെപി യുടെ സമരത്തെ പ്രോത്സാഹിപ്പിക്കുന്നതായിട്ടു തോന്നിയിട്ടുണ്ട്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ സിജെപി പ്രവര്‍ത്തകരെ കലാപകാരികളായി ചിത്രീകരിക്കുന്ന വാര്‍ത്തകളുടെ താഴെയുള്ള കമന്‍റുകളാണ് എന്നെ ഞെട്ടിച്ചത്. പൂര്‍ണ്ണമായ സാക്ഷരത അവകാശപ്പെടുന്ന നവോത്ഥാന കേരളത്തിലെ മനുഷ്യര്‍തന്നെയാണോ കമന്‍റുകളില്‍ കുത്തിക്കുറിക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചുപോയി. അതോ യുഗപുരുഷന്‍റെ സൈബര്‍പോരാളികളുടെ വീറാണോ അവിടെ കണ്ടത്? കമന്‍റിട്ടവരുടെ പേര് തലങ്ങും വിലങ്ങും പരിശോധിച്ചു ഞാന്‍ ഉറപ്പുവരുത്തി. അതെ, അവര്‍ മലയാളികള്‍തന്നെയാണ്. യഥാര്‍ഥത്തില്‍ ആരാണ് കലാപകാരികള്‍? രാജ്യത്തെ കോര്‍പറേറ്റുകള്‍ക്കുവേണ്ടി എഴുതിക്കൊടുക്കുകയും വിദ്യാഭ്യാസമേഖലയെ പൂര്‍ണ്ണമായും തകര്‍ച്ചയിലേക്കു നയിക്കുകയും മതത്തിനധിഷ്ഠിതമായി മനുഷ്യരെ വേര്‍തിരിക്കുകയുംചെയ്ത് വിഷംതുപ്പുന്ന സര്‍ക്കാരല്ലേ രാജ്യത്തിന്‍റെ ഭീഷണി. ആ പാര്‍ട്ടിയെ ഇനിയും എന്തു ധൈര്യത്തിലാണ് നമ്മള്‍ അനുകൂലിക്കുന്നത്? വെറുപ്പിന്‍റെ മഷിയില്‍ ചരിത്രം സൃഷ്ടിക്കുന്ന ഈ പാര്‍ട്ടിയെ അനുകൂലിക്കുന്നവര്‍ക്കുപോലും അറിയാം പലയിടത്തും ഇലക്ഷനില്‍ തിരിമറി നടന്നിട്ടുണ്ട് എന്നുള്ള കാര്യം. എന്നിട്ടും എന്തിനുവേണ്ടിയാണ് നിശ്ശബ്ദതയുടെ ചതുപ്പില്‍ നമ്മള്‍ എല്ലാവരും പൂണ്ടുകിടക്കുന്നത്?


തിരഞ്ഞെടുപ്പ് കമ്മിഷന്‍പോലുള്ള പൊതു സ്ഥാപനങ്ങളില്‍നിന്ന് സുതാര്യത ആവശ്യപ്പെടുന്നത് ക്രമസമാധാനപ്രശ്നമല്ല, മറിച്ച് ഒരു പൗരന്‍റെ കടമയാണെന്ന് സിജെപി പ്രവര്‍ത്തകര്‍ നമ്മളെ ഓര്‍മിപ്പിച്ചുകഴിഞ്ഞു 'ദേശീയ പതാക ഉയര്‍ത്തുന്നത് ഒരു കുറ്റമല്ല' എന്നും സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ അവിഭാജ്യ തൂണാണെന്നുമുള്ള അവരുടെ പ്രഖ്യാപനം സമാധാനപൂര്‍വം ആയിട്ടുള്ള ഒരു സമരത്തിനുവേണ്ടിയുള്ള ആഹ്വാനംതന്നെയാണ്. ഇതിനുപുറമേ, ഇന്ത്യന്‍ ഭരണഘടനയെ അതിന്‍റെ പൂര്‍ണ്ണമായ അര്‍ഥത്തില്‍ സംരക്ഷിക്കാനുള്ള അവരുടെ ശ്രമത്തെ നമുക്കു കണ്ടില്ലെന്നു നടിക്കാനാവില്ല. തങ്ങളുടെ പ്രതിഷേധങ്ങളിലുടനീളം ഭരണഘടനയുടെ പകര്‍പ്പുകള്‍ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, രാജ്യത്തിന്‍റെ പരമാധികാര നിയമത്തോടുള്ള ആദരവ് അവര്‍ പ്രകടിപ്പിച്ചു. ജനാധിപത്യമൂല്യങ്ങള്‍ ഭീഷണി നേരിടുമ്പോള്‍ പൗരന്മാര്‍ക്ക് കാവലാളാകുന്നത് ഈ ഭരണഘടനയാണെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു. ഭരണകൂടത്തിന്‍റെ ഏകപക്ഷീയമായ നടപടികള്‍ക്കെതിരെ ഭരണഘടനയെ ഒരു പരിചയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, നിയമവാഴ്ചയും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കുകയാണ് തങ്ങളുടെ അന്തിമലക്ഷ്യമെന്ന് അവര്‍ അടിവരയിട്ടു പറയുന്നു.


മറ്റൊരു കാര്യംകൂടി, നമ്മള്‍ ക്രൈസ്തവര്‍ എന്നാണ് പൂര്‍ണ്ണമായും വര്‍ഗീയ ശക്തികള്‍ക്കെതിരെ ഉണരുക? നമ്മുടെ കുട്ടികള്‍ക്ക് രാജ്യത്തിനു വേണ്ടി നിലകൊള്ളാന്‍ സാധിക്കുന്നതിനായി വേദപാഠ ക്ലാസുകളില്‍ യഥാര്‍ഥ പൗരബോധത്തെപ്പറ്റി പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ക്രൈസ്തവരും രാജ്യത്തിന്‍റെ കാര്യത്തില്‍ നീതിബോധമുള്ളവരാണെന്ന് ലോകം അറിയേണ്ട സമയം എന്നേ കഴിഞ്ഞു. വിശുദ്ധ ഫ്രസാറ്റി ബെനിറ്റോയെപ്പറ്റി നമുക്ക് അറിയാമല്ലോ. അദ്ദേഹം മുസ്സോളിനിയുടെയും ഫാസിസത്തിന്‍റെ വളര്‍ച്ചയുടെയും അതുപോലെതന്നെ കമ്യൂണിസത്തിന്‍റെയും ശക്തനായ ഒരു വിമര്‍ശകനായിരുന്നു. അദ്ദേഹം ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ചു, ഇതു പലപ്പോഴും അദ്ദേഹത്തിന്‍റെ ജീവനെത്തന്നെ അപകടത്തിലാക്കിയിരുന്നു. 1921 സെപ്റ്റംബറില്‍ റോമില്‍ നടന്ന ഒരു കത്തോലിക്കാ യുവജന റാലിക്കിടെ, രാജകീയ ഗാര്‍ഡുകള്‍ പ്രകടനക്കാരെ ആക്രമിച്ചു. ഫ്രസാറ്റി തന്‍റെ സുഹൃത്തുക്കളെ സംരക്ഷിക്കാന്‍ ഒരു വലിയ ബാനര്‍ പോള്‍ (കൊടിമരം) ഉപയോഗിച്ച് ഗാര്‍ഡുകളെ ധീരമായി നേരിടുകയും മറ്റു പ്രവര്‍ത്തകര്‍ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 2025-ല്‍ ലിയോ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.


രാജ്യത്തിന്‍റെ നന്മയ്ക്കുവേണ്ടി നമ്മള്‍ ഉണരുകതന്നെ വേണം എന്ന ആഹ്വാനം കുറെക്കൂടി സമീപകാലത്തു ശക്തമാണ്. സിജെപിയുടെ ഈ സമരം ഒരു ജയത്തിലോ തോല്‍വിയിലോ കലാശിച്ചാല്‍ക്കൂടി അവര്‍ നമ്മളെ ഓര്‍മിപ്പിക്കുന്ന ഒരു സത്യമുണ്ട്, "അനീതിക്ക് എല്ലാക്കാലവും ജയിക്കാന്‍ കഴിയില്ല. ദാവീദിനെപ്പോലെ തന്നെ ഗോലിയാത്തിന്‍റെ പൊക്കത്തെയും പടച്ചട്ടയും ഭയപ്പെടുന്നില്ല എന്ന് ലാത്തിയടിയേറ്റു തളര്‍ന്ന അവരുടെ ശരീരം മന്ത്രിക്കുന്നുണ്ട്. അനീതിയുടെ മെത്തകളില്‍ ചുരുണ്ടുകൂടുന്ന എല്ലാവരെയും കാലം ഒരിക്കല്‍ താഴെയിറക്കുക തന്നെ ചെയ്യും. തോറ്റു തൊപ്പിയിട്ടു എന്ന് മനുഷ്യരെല്ലാവരും അവരെ നോക്കി എത്ര പരിഹസിച്ചാലും ചരിത്രത്തിന്‍റെ താളുകളില്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തി എന്ന അലങ്കാരത്തോടെ അവര്‍ വിരാജിക്കുകതന്നെ ചെയ്യും."


പാറ്റകളുടെ സമരവീര്യം

ഹാരീസ് കപ്പൂച്ചിന്‍

അസ്സീസി മാസിക, നവംബർ 2026

bottom of page