മുറിക്കപ്പെടുന്ന ശരീരരക്തങ്ങള്‍

അവനവനുവേണ്ടി മാത്രമല്ലാതെ ജീവിക്കുന്ന ഓരോ മനുഷ്യന്‍റെയും നെടുവീര്‍പ്പിന്‍റെ സുവിശേഷമാണിത്. ഒപ്പമുള്ളവര്‍ ബുദ്ധിമുട്ടരുതെന്ന ചിന്തയുള്ളവരുടെ ജീവിതപുസ്തകത്തിന്‍റെ ഒന്നാം സുവിശേഷം.
ശമ്പളം കിട്ടുന്ന ദിവസം പേപ്പറും പേനയുമെടുത്ത് അയാളിങ്ങനെ കുറിച്ചുതുടങ്ങും, അമ്മയുടെ മരുന്നിന്, അപ്പന്‍റെ വട്ടച്ചെലവിന്, മക്കളുടെ ഫീസ്, വീട്ടുചെലവുകള്‍, പള്ളിയില്‍ കൊടുക്കാനുള്ളത്... അങ്ങനെ കുറെയേറെ കണക്കുകള്‍. കുറച്ചു തുകയെങ്കിലും മിച്ചമുണ്ടാകണം എന്ന പ്രാര്‍ഥനയോടെ മേശവിരിയുടെ ചുവട്ടിലേക്ക് ആ പേപ്പര്‍ തള്ളിവയ്ക്കും. എന്നിട്ട്, ഈ തുകകള്‍ ഓരോന്നും ഓരോ കൈകളിലേക്കു വീതംവച്ചു കൊടുക്കുമ്പോള്‍ അയാളിങ്ങനെ മന്ത്രിക്കും: "ഇതെന്‍റെ രക്തത്തുള്ളികളാണ്, എന്‍റെ വിയര്‍പ്പാണ്, നിങ്ങള്‍ക്കുവേണ്ടിക്കൂടി ജലമായിത്തീര്‍ന്ന എന്‍റെ രക്തത്തുള്ളികള്‍..."
ശരിക്കും മറ്റുള്ളവര്‍ക്കുവേണ്ടി വിഭജിച്ചുകൊടുക്കുന്ന കരങ്ങളില്‍ അല്ലെങ്കില്‍ മനുഷ്യനില്‍ അവശേഷിക്കുന്നത് എന്താണ്? ആണിപ്പാടുകളല്ലാതെ... ഇടയ്ക്കിടെ അപ്പന്‍റെ കൈകളില്‍ ആദരവോടെ മുത്തണം. സൂക്ഷിച്ചുനോക്കിയാല്‍ കാണാവുന്ന ആണിപ്പഴുതുകളൊക്കെ അയാളുടെ കൈകളിലുണ്ടാകും. കുടുംബത്തിനുവേണ്ടിയും വേണ്ടപ്പെട്ടവര്‍ക്കുവേണ്ടിയും കൊടുത്തുകൊടുത്തു കീറിപ്പോയ ഒരു കരം. വാസ്തവത്തില്‍ ആദരവോടെ വേണം അപ്പന്‍റെ പണമൊക്കെ കൈകാര്യംചെയ്യാന്‍.
ഗുണകരമായ കാര്യത്തിനൊക്കെ ഉപയോഗിക്കാമായിരുന്ന എത്രയോ തുകകളാണ് പ്രയോജനമില്ലാത്ത ഓരോ കാര്യത്തിനായി നമ്മള്‍ പൊട്ടിച്ചുകളയുന്നത്. നിസ്സാരമായ ചെലവില്‍ തീര്‍ക്കാമായിരുന്ന പലതും വലിയ തുക ചെലവഴിച്ചു നടത്തണം എന്ന വാശിയില്ലേ. ഒരാള്‍ ഇതിനുള്ള തുകയെല്ലാം വഹിച്ചോളും എന്നു പറയുമ്പോള്‍ നമ്മള്‍ക്ക് ചെലവൊന്നുമില്ലല്ലോ എന്ന ചിന്തയാണ് അതിനെ സാധൂകരിക്കുന്നത്. ശരിക്കും ഏതോ ഒരാളുടെ അധ്വാനഫലത്തെ പ്രയോജനമില്ലാത്ത ഒരു കാര്യത്തിലേക്കു മുടക്കുമ്പോള്‍ ആര്‍ക്കാണത് പ്രയോജനപ്പെടുക.
ഒരാള്‍ ആദരവോടെ നല്‍കുന്ന സംഭാവനകള്‍പോലും ചെലവഴിക്കുന്നതില്‍ ന്യായമുണ്ടാകണം. പ്രയോജനമില്ലാത്ത കാര്യങ്ങള്‍ക്കായി ചെലവാക്കുന്നതുപോലും വാസ്തവത്തില്‍ അന്യായമാണ്. ഒന്നാലോചിച്ചാല്‍ വിധവയുടെ ചില്ലാക്കാശിനെ തമ്പുരാന്‍ കണ്ടത് അവരുടെ അധ്വാനത്തോടുള്ള ആദരവായിട്ടാണ്. എല്ലാവരെക്കാളും അധികമായി ഈ വിധവയാണ് ഇവിടെ സമര്‍പ്പിച്ചത് എന്നു പറയുമ്പോള്‍, എല്ലാവരെക്കാളും കൂടുതലായി നുറങ്ങപ്പെട്ടത് അവരാണ് എന്നല്ലേ? ചിലപ്പോള്‍ അവരുടെ ജോലിയുടെ കൂലിയായിക്കിട്ടിയത് ചെറിയൊരു കാശായിരിക്കും. അവളതിങ്ങനെ സൂക്ഷിച്ചു വിഭജിച്ചിട്ടുണ്ടാകും. ഒരു വീടിനു കഴിയാന്‍പോലും തികയാത്ത ആ തുക എത്ര ചെറുതായിട്ടാകും അവള്‍ വീതിച്ചിട്ടുണ്ടണ്ടാവുക. ചെറിയ ശമ്പളംകൊണ്ടു വീടോടിക്കുന്നവര്‍ക്ക് പിടുത്തംകിട്ടാവുന്നതേയുള്ളൂ കാര്യങ്ങള്‍.
ഒടുവില്‍ നമ്മുടെ അധ്വാനത്തിന്‍റെ ഒരംശം വഴിപാടായിട്ട് സമര്‍പ്പിച്ചിട്ട് പ്രാര്‍ഥിക്കണം, "തമ്പുരാനേ, നുറങ്ങപ്പെട്ട എന്‍റെ ജീവിതം അങ്ങേയ്ക്കു മുമ്പില്‍ സമര്‍പ്പിക്കുകയാണ്, കൈക്കൊണ്ട് അംഗീകരിക്കപ്പെടേണമേ..."
മുറിക്കപ്പെടുന്ന ശരീരരക്തങ്ങള്‍
ഫാ. ലിജോ തൂക്കനാല്‍
അസ്സീസി മാസിക, നവംബർ 2026














































































































