കാലത്തിന്‍റെ തട്ടിന്‍പുറം

പലതും സൂക്ഷിച്ചുവയ്ക്കുക
ഒരു ഹരമാണ് എനിക്ക്.
കാലഹരണപ്പെട്ട പലതിലും
പഴമയുടെ മണമുണ്ട്;
തൊട്ടുണര്‍ത്തുമ്പോള്‍
കടന്നുപോയ കാലം
എന്നില്‍ വീണ്ടും ശ്വാസമെടുക്കുന്നു.
കാലത്തിന്‍റെ വലയം ഭേദിക്കാതെ
അതെന്നെ ചുറ്റിക്കറക്കുന്നു;
മായമില്ലാത്തൊരു കാലത്തിന്‍റെ
മായാത്ത ശേഷിപ്പുകളിലൂടെ...
തട്ടിന്‍പുറമാണ് എന്‍റെ ലോകം;
ഞാനാ ലോകത്തിന്‍റെ അധിപനും.
അവിടെ
കാലം ഉപേക്ഷിച്ചവയ്ക്കൊന്നും
പഴക്കമില്ല;
ഓരോന്നിനും
ഓര്‍മയുടെ പുതുമയുണ്ട്.
കാലം കടന്നുപോകുമ്പോള്‍
പഴമയെ പുതുമയിലേക്ക്
അടയാളപ്പെടുത്തുന്ന
ഒരു രഹസ്യകല
എനിക്കറിയാം.
'നിനക്ക് ഭ്രാന്തുണ്ടോ?'
എന്ന ചോദ്യത്തിലേക്കുള്ള യാത്രയെ
ഞാന്‍ പാതിവഴിയില്‍ തടയും.
അവര്‍ക്കത്
ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍;
എനിക്ക്,
ഉപേക്ഷിക്കാനാവാത്ത
ഒരു കാലത്തിന്‍റെ ശേഷിപ്പുകള്‍.
എന്തിലേക്കുള്ള യാത്രയും
ഒടുവില്‍ ചെന്നെത്തുന്നത്
എന്‍റെ ഓര്‍മകളിലേക്കാണ്.
അവിടെ
കാലം മായ്ച്ചുകളയാത്ത മുഖങ്ങളുണ്ട്,
പറഞ്ഞുതീരാത്ത വാക്കുകളുണ്ട്,
തിരിച്ചുപിടിക്കാനാവാത്ത
ജീവിതത്തിന്‍റെ ചില ഏടുകളുണ്ട്.
ഓര്‍മകളിലേക്കുള്ള
ഭ്രാന്തമായ സഞ്ചാരത്തില്‍
ഞാന്‍ എന്നെത്തന്നെ
വീണ്ടും കണ്ടെത്തുകയാണോ,
അതോ
എന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ?
ഇന്നെന്തുണ്ട്
ഓര്‍മയിലേക്ക് കരുതിവയ്ക്കാന്‍
മറ്റൊന്ന്?
അതോ,
കരുതിവയ്ക്കാനൊന്നുമില്ലാതാകുമ്പോഴും
കരുതലോടെ സൂക്ഷിക്കുന്നതാണോ
ഈ ജീവിതം?
കാലത്തിന്‍റെ തട്ടിന്‍പുറം
ജയപ്രകാശ് എറവ്
അസ്സീസി മാസിക, നവംബർ 2026














































































































