ദൈവത്തിന്റെ പാര്‍ട്ടിക്കു പോരുന്നോ?

ആമുഖം
നല്ല സമരിയാക്കാരന്റെ ഉപമപോലെ പ്രസിദ്ധമായ മറ്റൊരു ഉപമ ധൂര്‍ത്തപുത്രന്റെ ഉപമയാണ്. ബൈബിളില്‍നിന്ന് ഷേക്സ്പിയര് ഏറ്റവും കൂടുതല്‍ തവണ ഉപയോഗിച്ച കഥ ധൂര്ത്തപുത്രന്റേതാണ്. ലോകപ്രശസ്ത ഡച്ച് ചിത്രകാരന് Rembrandt van Rijnന്റെ മാസ്റ്റര്‍പീസുകളിലൊന്ന് 'ധൂര്‍ത്തപുത്രന്റെ മടങ്ങിവരവാ'ണ്. ഈ ഉപമ ഇത്രയും സുപരിചിതമായതുകൊണ്ടുതന്നെ കേട്ടുകേട്ടു മനസ്സില്‍ പതിഞ്ഞുപോയ കാര്യങ്ങള്‍ ഇതിന്റെ വായനയെ സ്വാധീനിക്കാറുണ്ട്.
തെറ്റിദ്ധരിപ്പിക്കുന്ന മുന്‍ധാരണകളും വ്യാഖ്യാനങ്ങളും
മുന്‍പറഞ്ഞതു വ്യക്തമാക്കാന്‍ ഉപമയുടെ തലക്കെട്ടുതന്നെ ഒന്നു പരിഗണിക്കാം (അധ്യായങ്ങളായും വാക്യങ്ങളായും ബൈബിളിനെ വിഭജിച്ചതും വചനഭാഗങ്ങള്ക്കു തലക്കെട്ടു നല്കിയതും മധ്യശതകങ്ങളിലാണ്. ഇവയൊന്നും ബൈബിളിന്റെ കയ്യെഴുത്തുപ്രതികളില്‍ ഉണ്ടായിരുന്നില്ല). 'ധൂര്‍ത്തപുത്രന്റെ ഉപമ' എന്ന് ലൂക്കാ 15:11-32നെ നാം വിളിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ശ്രദ്ധ മുഴുവന്‍ ധൂര്ത്തപുത്രനിലായിപ്പോയി. അയാളുടെ പാപവും തുടര്‍ന്നുള്ള മാനസാന്തരത്തിന്റെ മൂന്നു പടവുകളും (സുബോധം, പശ്ചാത്താപം, മടങ്ങിവരവ്) ധാരാളം വ്യാഖ്യാനങ്ങളുടെ വിഷയമായി ഭവിച്ചു. അപ്പന്റെ നിസ്സീമമായ ക്ഷമയ്ക്കും വ്യാഖ്യാനങ്ങളില്‍ കുറച്ചൊക്കെ ഇടംകിട്ടി. മനുഷ്യന്റെ മാനസാന്തരവും ദൈവത്തിന്റെ ക്ഷമയും മാത്രമാണ് ഉപമയുടെ കേന്ദ്രപ്രമേയമെങ്കില് പ്രശ്നം ഇതാണ്: കഥയില്‍ മൂത്തപുത്രന്റെ റോള്‍ എന്താണ്? മൂത്തവന് രംഗത്തു വരുന്നതിനുമുമ്പുതന്നെ മുന്‍പറഞ്ഞ രണ്ടു കാര്യങ്ങളും - മാനസാന്തരവും ക്ഷമയും - കഥയില്‍ പറയപ്പെട്ടുകഴിഞ്ഞു: "പിതാവാകട്ടെ, തന്റെ ദാസരോടു പറഞ്ഞു: ഉടനെ മേല്‍ത്തരം വസ്ത്രംകൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിന്‍... നമുക്കു ഭക്ഷിച്ച് ആഹ്ലാദിക്കാം. എന്റെ ഈ മകന് മൃതനായിരുന്നു; അവന് ഇതാ, വീണ്ടും ജീവിക്കുന്നു. അവന് നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു. അവര്‍ ആഹ്ലാദിക്കാന്തുടങ്ങി" (ലൂക്കാ 15:22-24).
ഉപമയുടെ പാതിവഴിയില്വച്ചുതന്നെ മകന്റെ തിരിച്ചുവരവും അപ്പന്റെ നിരുപാധിക സ്വീകരണവും വായനക്കാര്‍ കണ്ടുകഴിഞ്ഞു. ഉപമ ഈ വിഷയങ്ങളെക്കുറിച്ചു മാത്രമേ പറയാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ എങ്കില്‍, മൂത്തപുത്രന്റെ ആവശ്യംതന്നെ ഉപമയില്‍ ഇല്ലല്ലോ. അപ്പോള്‍, മൂത്തപുത്രനെക്കുറിച്ചുള്ള ഭാഗം ഉപമയുടെ ഒരു appendix മാത്രമാണോ? "അല്ലേയല്ല" എന്നതാണ് അതിനുത്തരം. ഉപമ തുടങ്ങുന്നത് ഇങ്ങനെയാണ്: "അവന് പറഞ്ഞു: ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു" (ലൂക്കാ 15:11). മൂത്തവന് കഥയുടെ ഒടുക്കം അനാവശ്യമായി കൂട്ടിച്ചേര്‍ക്കപ്പെട്ടതല്ല, തുടക്കംമുതലേ കഥാകാരന്റെ (അതായത്, ലൂക്കാ സുവിശേഷത്തിലെ യേശുവിന്റെ) മനസ്സിലുള്ളതാണ്. കഥാകാരന് തന്റെ ഉപമയിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണോ അതിനു മൂത്തപുത്രനെന്ന കഥാപാത്രവും കൂടിയേതീരൂ.
വിപരീത ധ്രുവങ്ങളില്‍ നില്ക്കുന്ന രണ്ടു പേര് കഥാപാത്രങ്ങളാകുന്ന ഉപമകള്‍ സുവിശേഷങ്ങളില്‍ പലതുണ്ടല്ലോ. ലൂക്കാ 7ലെ രണ്ടു കടക്കാരുടെ ഉപമ, ലൂക്കാ 16ലെ ധനവാന്റെയും ലാസറിന്റെയും ഉപമ, ലൂക്കാ 18ലെ ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമ തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ഇവയില്‍ ലൂക്കാ 18ലെ ഉപമയെ ഒന്നു പരിഗണിക്കുക. ഈ ഉപമയുടെ സന്ദേശം വിശദീകരിക്കുമ്പോള്‍ ഫരിസേയനെക്കുറിച്ചുമാത്രം പറഞ്ഞാല്‍, അതു ശരിയാകുമോ? ഫരിസേയനും ചുങ്കക്കാരനും തുല്യപ്രാധാന്യം കൊടുത്തുള്ള വ്യാഖ്യാനത്തിലൂടെയേ ഉപമയുടെ ആകമാന സന്ദേശം നമുക്കു പിടുത്തംകിട്ടൂ. സമാനമായ രീതിയില്‍, ധൂര്ത്തപുത്രനില്മാത്രം ശ്രദ്ധയൂന്നിയുള്ള വ്യാഖ്യാനം, ഉപമയുടെ ശരിക്കുള്ള സന്ദേശത്തോടു നീതി പുലര്ത്താത്തതായിരിക്കും.
മൂത്തപുത്രന് ഉപമയുടെ അവിഭാജ്യഘടകമാണെന്നുള്ളതിന് ഉപമയിലെ ആദ്യവാക്യം മാത്രമല്ല, മറ്റു തെളിവുകളുമുണ്ട്.(i) ലൂക്കാ 15നു തൊട്ടുമുമ്പുള്ള ഭാഗം ('ശിഷ്യത്വത്തിന്റെ വില') പറയപ്പെട്ടത് ജനക്കൂട്ടത്തോടാണ് (14:25). ലൂക്കാ 15നു തൊട്ടുശേഷമുള്ള ഭാഗം പറയപ്പെട്ടത് ('അവിശ്വസ്തനായ കാര്യസ്ഥന്') ശിഷ്യരോടാണ് (16:1). ലൂക്കാ 15 പറയപ്പെട്ടതാകട്ടെ ഫരിസേയരോടും നിയമജ്ഞരോടുമാണ് (15:2-3). അപ്പോള്‍, ലൂക്കാ 15ലെ ശ്രോതാക്കള്‍, ലൂക്കാ 14ലെയും ലൂക്കാ 16ലെയും ശ്രോതാക്കളില്‍നിന്നു വ്യതിരിക്തമായ ഒരു പ്രത്യേക ഗണത്തില്പെട്ടവരായതു കൊണ്ടും ലൂക്കാ 15 മുഴുവനായും പറയപ്പെട്ടത് ആ പ്രത്യേക ഗണത്തോടായതു കൊണ്ടും ലൂക്കാ 15നെ ഒരൊറ്റ യൂണിറ്റായി കാണേണ്ടതാണ്. (ii) ലൂക്കാ 15ലെ മൂന്ന് ഉപമകളും യേശു പറഞ്ഞത് യാതൊരു പാപവും തങ്ങള്‍ക്കില്ലെന്നു വിചാരിക്കുന്ന, എന്നാല്‍ യേശുവിനെതിരെ 'പിറുപിറുക്കു'ന്ന ഫരിസേയരോടും നിയമജ്ഞരോടുമാണ് (15:2-3). അതുകൊണ്ടുതന്നെ അപ്പനോടു 'പിറുപിറുക്കു'ന്ന മൂത്തപുത്രന് (15:29-30) ഉപമയുടെ അവിഭാജ്യഘടകമായേ പറ്റൂ. (iii) ലൂക്കാ 15 ഒരൊറ്റ യൂണിറ്റായതിനാല്‍ ആദ്യ രണ്ട് ഉപമകള്പോലെതന്നെ മൂന്നാമത്തെ ഉപമയുമാകാനാണ് കൂടുതല്‍ സാധ്യത: കാണാതായ ആടും കൂടെനടന്ന ആടുകളും (15:4-7), നഷ്ടപ്പെട്ട നാണയവും ഒക്കത്തിരുന്ന നാണയങ്ങളും (15:8-10) എന്നീ വിപരീത ധ്രുവങ്ങളെക്കുറിച്ച് ആദ്യ രണ്ട് ഉപമകള്‍ പറയുമ്പോള്‍, അതേ അധ്യായത്തിലെ മൂന്നാമത്തെ ഉപമ പുറത്തേക്കുപോയ മകനെക്കുറിച്ചുമാത്രം പറഞ്ഞാല്‍പോരാ, അകത്തിരിക്കുന്ന മകനെക്കുറിച്ചും പറയേണ്ടതുണ്ട്.
വളരെ പ്രധാനപ്പെട്ട കഥാപാത്രമായ മൂത്തവനെ അവഗണിച്ചുകൊണ്ടുള്ള ഉപമയുടെ ഏതു വ്യാഖ്യാനവും അപൂര്ണമായിരിക്കുമെന്നതു മുന്‍പറഞ്ഞ വസ്തുതകളില്‍നിന്നു വ്യക്ത മാണല്ലോ. ഈ ചിരപരിചിതമായ ഉപമയെ ചുറ്റിപ്പറ്റി വേറേ അപൂര്‍ണ വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. വിജാതീയരെ ആദിമസഭയിലേക്കുസ്വീകരിക്കണമെന്നു പഠിപ്പിക്കുന്ന ഉപമയാണ് ഇതെന്നു വി. അഗസ്റ്റിന് ധരിച്ചു. ഉപമയിലെ വിരുന്ന് കുര്‍ബാനയാണെന്നും കൊല്ലപ്പെട്ട കാളക്കുട്ടി ക്രിസ്തുവാണെന്നും പിതാവു വീടിനു പുറത്തേക്കുവന്നത് മനുഷ്യാവതാരത്തെ സൂചിപ്പിക്കുന്നുവെന്നും വ്യാഖ്യാനങ്ങളുണ്ടായി. ക്രിസ്തുവിശ്വാസം സ്വീകരിച്ചിട്ടു പിന്നീടത് ഉപേക്ഷിക്കുന്നവരെക്കുറിച്ചല്ല ഈ ഉപമയെന്നും അതുകൊണ്ട് ഇതു ക്രിസ്ത്യാനിക്കുവേണ്ടി എഴുതപ്പെട്ടതല്ലെന്നും തെര്‍ത്തൂല്യന്‍ പഠിപ്പിച്ചു. ഇത്തരം വ്യാഖ്യാനങ്ങളെല്ലാം ഉപമയുടെ സന്ദര്‍ഭം എന്താണെന്നു സുവിശേഷത്തില്‍ പറയുന്നതു ശ്രദ്ധിക്കാതെ നടത്തിയവയാണ്. പാപികളോടൊപ്പം വിരുന്നുണ്ണുന്ന യേശുവിനെതിരേ പിറുപിറുക്കുന്ന നീതിമാന്മാര്ക്കുള്ള മറുപടിയാണ് ലൂക്കാ 15ലെ മൂന്ന് ഉപമകളും. മറ്റെന്തെങ്കിലും വിഷയം ഈ ഉപമകള്‍ കൈകാര്യംചെയ്യുന്നതായി സുവിശേഷം പറയുന്നതേയില്ല.
ലൂക്കാ 15:11-32ലെ ഉപമയുടെ കേന്ദ്രപ്രമേയത്തില്നിന്നു വഴിതിരിച്ചുവിടുന്ന മറ്റു ചില കാര്യങ്ങളും കേള്‍ക്കാന്‍ ഇടയായിട്ടുണ്ട്.
(i) ധൂര്‍ത്തപുത്രന്റെ വീട്ടിലെ അമ്മയെവിടെ?
(ii) ഇളയവന് വേശ്യകളോടു കൂട്ടുചേര്‍ന്നാണ് എല്ലാം ധൂര്ത്തടിച്ചതെന്നു മൂത്തവന് എങ്ങനെ മനസ്സിലായി?
(iii) മകനെ കണ്ട് ഓടുന്ന പിതാവിന്റെകൂടെ വേലക്കാര്‍ ഓടിയെന്ന് ഉപമയില്‍ പരാമര്‍ശിക്കുന്നില്ലല്ലോ; എന്നിട്ടുമെങ്ങനെയാണ് ചെരിപ്പും മോതിരവും തന്റെ മകനെ അണിയിക്കാന്‍ വേലക്കാരോട് ആജ്ഞാപിക്കാന്‍ പിതാവിനു കഴിഞ്ഞത്?
(iv) പുതിയ നിയമത്തില്‍ രക്ഷയെന്നത് പൂര്‍ണ്ണമായും ദാനമാണെന്നിരിക്കേ, ഈ ഉപമയില്‍ മാനസാന്തരത്തിനുള്ള പ്രതിഫലമായിട്ടാണ് രക്ഷയെ ചിത്രീകരിക്കുന്നത്. ഇതു പെലാജിയന്‍ പാഷണ്ഡതയല്ലേ (നമ്മുടെ യോഗ്യതയ്ക്കുള്ള പ്രതിഫലമാണു രക്ഷയെന്ന അബദ്ധ സിദ്ധാന്തം)?
(v)ഉപമപ്രകാരം മാനസാന്തരത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഏവ?
(vi) താനൊരിക്കലും ഒരു കല്പനപോലും ലംഘിച്ചിട്ടില്ലെന്നു മൂത്തവന് ഉപമയില്‍ പറയുന്നുണ്ട്. അയാള്‍ എപ്പോഴും തന്റെകൂടെയുണ്ടെന്നും തനിക്കുള്ളതെല്ലാം അയാളുടേതാണെന്നും അപ്പനും പറയുന്നുണ്ട്. ഏറ്റവും കൂടുതല്‍ യേശു വിമര്‍ശിച്ചവരും യേശുവിനെ വിമര്‍ശിച്ചവരും ഫരിസേയരും നിയമജ്ഞരും ആണെന്നിരിക്കേ, അവരെ പ്രതിനിധീകരിക്കുന്ന മൂത്തവനെക്കുറിച്ച് ഇത്രയും നല്ല കാര്യങ്ങള്‍ യേശു പറയുമോ?
ഇവയും ഈദൃശ ചോദ്യങ്ങളും ഉപമയെന്ന സാഹിത്യരൂപം (genre) എന്താണെന്നു നാം മറന്നുപോകുന്നതുകൊണ്ട് ഉന്നയിക്കപ്പെടുന്നവയാണ്.
ഉപമ ഒരു യഥാർത്ഥ വിവരണമല്ല. ധൂര്‍ത്തപുത്രന്റെ ഉപമ ഒരു കഥയാണ്; അല്ലാതെ ഏതെങ്കിലും വീട്ടില്‍ നടന്ന കാര്യമല്ല. ആദ്യ മൂന്നു ചോദ്യങ്ങളും ഉപമയെ ഒരു യഥാര്‍ഥ സംഭവത്തിന്റെ വിവരണമായി തെറ്റിദ്ധരിച്ചതുകൊണ്ട് ഉണ്ടായതാണ്. കഥയില്‍ അമ്മ വേണോ വേണ്ടയോ എന്നതും ഇളയവന്റെ ധൂര്‍ത്തിന്റെ രീതിയെക്കുറിച്ച് മൂത്തവന് അറിഞ്ഞതും വേലക്കാരോട് പിതാവ് എപ്പോള്‍, എന്ത് ആജ്ഞാപിച്ചുവെന്നതും (ചോദ്യങ്ങള്‍ i-iii)) എല്ലാം തീരുമാനിക്കുന്നത് കഥാകൃത്താണ്. ഇത്തരം ചോദ്യങ്ങള്‍ക്കു കഥയില്‍ ഒരു പ്രസക്തിയുമില്ല (ഇടയന് ഒരാടിനെ തേടിപ്പോയപ്പോള്‍ ബാക്കി തൊണ്ണൂറ്റൊന്പതിനും എന്തു പറ്റിയെന്നതും സ്ത്രീയുടെ നഷ്ടപ്പെട്ട ഒരു നാണയം തിരിച്ചുകിട്ടിയപ്പോള്‍ അയല്‍ക്കാരെ വിളിച്ചുകൂട്ടി സന്തോഷിക്കുകവഴി ബാക്കി ഒന്‍പതു നാണയങ്ങളും ചെലവായിപ്പോയില്ലേ എന്നതുമെല്ലാം ഉപമയെ ഒരു സംഭവവിവരണമായി തെറ്റിദ്ധരിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ചോദ്യങ്ങളാണ്). യേശുവിന്റെ ജീവിതത്തിലെ ഒരു സന്ദര്‍ഭത്തില്‍ ഉന്നയിക്കപ്പെട്ട വിമര്‍ശനത്തിനു മറുപടിയായിട്ടാണ് ധൂര്‍ത്തപുത്രന്റെ ഉപമ പറയപ്പെട്ടത്. അല്ലാതെ, രക്ഷയുടെ മാനദണ്ഡമെന്തെന്നോ, എങ്ങനെയാണു മാനസാന്തരത്തിലേക്കു വരേണ്ടതെന്നോ, തനിക്ക് ഫരിസേയരെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്തെന്നോ (ചോദ്യങ്ങള്‍ iv-vi) പഠിപ്പിക്കാനായി യേശു പറഞ്ഞ ഒന്നല്ല ഈ ഉപമ.

ഉപമയുടെ സന്ദര്‍ഭം
മിശിഹായുടെ വരവോടെ പാപികള്‍ വലിയ ശിക്ഷയ്ക്കു വിധേയമാകുമെന്ന ചിന്ത പഴയനിയമ പാരമ്പര്യത്തില്‍ പ്രബലമായിരുന്നു. "സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ചൂളപോലെ കത്തുന്ന ദിനം ഇതാ വരുന്നു. അന്ന് അഹങ്കാരികളും ദുഷ്ടന്മാരും വയ്ക്കോല്പോലെയാകും. ആ ദിനം അവരെ വേരും ശാഖയും അവശേഷിക്കാത്തവിധം ദഹിപ്പിച്ചുകളയും. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം ദുഷ്ടന്മാരെ നിങ്ങള്‍ ചവിട്ടിത്താഴ്ത്തും. അവര്‍ നിങ്ങളുടെ കാല്ക്കീഴില് ചാരംപോലെ ആയിരിക്കും" (മലാക്കി 4:1, 3). "അഹറോന്റെയും ഇസ്രായേലിന്റെയും മിശിഹാ" അന്ധകാരത്തിന്റെ പുത്രന്മാരെ നീക്കംചെയ്യുകയും കര്‍ശനമായ അനുഷ്ഠാനശുദ്ധി സ്ഥാപിക്കുകയും കളങ്കമുള്ളവരെയോ അശുദ്ധരെയോ നിയമത്തോടു വിശ്വസ്തത പുലര്ത്താത്തവരെയോ ഒഴിവാക്കുകയും ചെയ്യുമെന്നു ഖുറാന് സമൂഹം പ്രതീക്ഷിച്ചിരുന്നു. സ്നാപകയോഹന്നാനും ഇതേ വിശ്വാസം പുലര്‍ത്തിയിരുന്നു എന്നുവേണം കരുതാന്‍: "എന്റെ പിന്നാലെ വരുന്നവന് എന്നെക്കാള്‍ ശക്തന്... വീശുമുറം അവന്റെ കയ്യിലുണ്ട്. അവന് കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയില്‍ ശേഖരിക്കും; പതിരു കെടാത്ത തീയില്‍ കത്തിച്ചുകളയുകയും ചെയ്യും" (മത്തായി 3:11-12).
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ യേശു ചെയ്തത് എന്തെന്നു നമുക്കറിയാം. രാജ്യദ്രോഹികളെന്ന മുദ്രയുണ്ടായിരുന്ന ചുങ്കക്കാരായ സക്കേവുസ്, ലേവി തുടങ്ങിയവരുടെകൂടെ ആളു ഭക്ഷണം കഴിക്കുന്നുണ്ട്; ഫരിസേയന്റെ വീട്ടിലെ ഭക്ഷണത്തിനിരിക്കുമ്പോള്‍ ഒരു പരസ്യ പാപിനിയുടെ സ്പര്‍ശം അനുവദിക്കുന്നുണ്ട്; പാപികളുടെയും ചുങ്കക്കാരുടെയും സുഹൃത്ത് എന്ന വിളിപ്പേരു കിട്ടുന്നുണ്ട് (തന്റെ ജീവിതത്തിലുടനീളം യേശു പുലര്‍ത്തിയ നിലപാടാണ് ആ വിളിപ്പേരിനു പിന്നിലുള്ളത്: മത്തായി 10:6; 15:24; ലൂക്കാ 5:32; 19:10). അതുകൊണ്ടുതന്നെ നിരന്തരം യേശു വിമര്‍ശിക്കപ്പെടുകയും സംശയിക്കപ്പെടുകയുമാണ്. ഫരിസേയനായ ശെമയോന്റെ ചിന്ത കൃത്യമായ ഒരുദാഹരണമാണ്: "അവനെ ക്ഷണിച്ച ആ ഫരിസേയന് ഇതു കണ്ട് സ്വഗതമായി പറഞ്ഞു: ഇവന് പ്രവാചകന് ആണെങ്കില്‍ തന്നെ സ്പര്‍ശിക്കുന്ന സ്ത്രീ ആരെന്നും ഏതു തരക്കാരി എന്നും അറിയുമായിരുന്നു. ഇവള് ഒരു പാപിനി ആണല്ലോ" (ലൂക്കാ 7:39). ഇതേ പിറുപിറുപ്പാണ് ലൂക്കാ 15ലെ ഉപമയുടെ സന്ദര്‍ഭം: "ചുങ്കക്കാരും പാപികളുമെല്ലാം അവന്റെ വാക്കുകള്‍ കേള്‍ക്കാന്‍ അടുത്തുവന്നുകൊണ്ടിരുന്നു. ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു: ഇവന് പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അവന് അവരോട് ഈ ഉപമ പറഞ്ഞു" (ലൂക്കാ 15:1-3). ധൂര്ത്തപുത്രന്റേത് ഉള്‍പ്പെടെ ലൂക്കാ 15ലെ മൂന്ന് ഉപമകളും ഫരിസേയര്‍ക്കും നിയമജ്ഞര്ക്കുമുള്ള മറുപടിയാണ്.
യേശുവിന്റെ ജനനംതന്നെ സകലര്‍ക്കുമുള്ള നല്ല വാര്‍ത്തയാണ്: "ദൂതന് അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു" (ലൂക്കാ 2:10). യേശുവിന്റെ ദൗത്യത്തിന്റെ കാതലായ ഭാവമെന്തായിരിക്കുമെന്ന് ഒരു പ്രകടനപത്രികയായി ലൂക്കാ നല്‍കുന്നുണ്ട്: "കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു" (ലൂക്കാ 4:18-19). ലേവ്യര്‍ 25 പ്രകാരം, എല്ലാ കടങ്ങളും ഇളച്ചുകൊടുക്കപ്പെടുകയും എല്ലാവരും തുല്യരാക്കപ്പെടുകയും ചെയ്യുന്ന വര്‍ഷമാണ് 'കര്‍ത്താവിനു സ്വീകാര്യമായ വത്സരം.' ഈ വത്സരത്തിന്റെ സാക്ഷാല്‍ക്കാരമാണ് തന്നിലൂടെ സംഭവിക്കുന്നത് എന്നാണ് യേശു പ്രഖ്യാപിക്കുന്നത്: "അവന് അവരോടു പറയാന്‍തുടങ്ങി: നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു" (ലൂക്കാ 4:21). പ്രസിദ്ധ ബൈബിള്‍ പണ്ഡിതനായ ജോസഫ് ഫിറ്റ്സ്മേയറുടെ നിരീക്ഷണത്തില്‍, ലൂക്കാ 15 വായിക്കേണ്ടത് യേശുവിലൂടെ തുടക്കംകുറിക്കപ്പെട്ട 'കര്‍ത്താവിനു സ്വീകാര്യമായ വത്സര'ത്തിന്റെ പശ്ചാത്തലത്തിലാണ്.
ഉപമയുടെ സന്ദേശം
ഇളയവന് ക്ഷമിക്കാനാകാത്ത തെറ്റാണു ചെയ്തതെന്നത് ആര്‍ക്കും ഒറ്റക്കേള്‍വിയില്‍ വ്യക്തമാകുന്ന കാര്യമാണ്. ശ്വാസംപോകുന്നതുവരെ അപ്പന് സ്വത്തു വീതംവച്ചുകൊടുക്കരുതെന്നാണ് പ്രഭാഷകന്‍ 33:19-24ലുള്ളത്. മകന്റെ നിര്‍ബന്ധംനിമിത്തം ഇതെല്ലാം അപ്പനു ലംഘിക്കേണ്ടിവരുന്നു. യഹൂദര്‍ക്ക് ഏറ്റവും അറപ്പുണ്ടായിരുന്ന പന്നികളോടൊപ്പം അവയെപ്പോലെ ഈ മകന് ഒടുക്കം കഴിയേണ്ടിവരുന്നു. പടുകുഴിയിലേക്കാണ് അയാള്‍ വീണത്. ഇത്തരം മക്കളെ എന്തുചെയ്യണമെന്ന് മോശ പറഞ്ഞുകൊടുത്തിട്ടുണ്ട്: "ഒരുവന്, ദുര്‍വാശിക്കാരനും ധിക്കാരിയും മാതാപിതാക്കളുടെ വാക്കു കേള്‍ക്കുകയോ ശിക്ഷിച്ചാല്പോലും അവരെ അനുസരിക്കുകയോ ചെയ്യാത്തവനും ആയ ഒരു മകന് ഉണ്ടെന്നിരിക്കട്ടെ. മാതാപിതാക്കള്‍ അവനെ പട്ടണവാതില്ക്കല് ശ്രേഷ്ഠന്മാരുടെ അടുക്കല്‍ കൊണ്ടുചെന്ന്, അവരോടു പറയണം: ഞങ്ങളുടെ ഈ മകന് ദുര്‍വാശിക്കാരനും ധിക്കാരിയുമാണ്; അവന് ഞങ്ങളെ അനുസരിക്കുന്നില്ല. ഭോജനപ്രിയനും മദ്യപനുമാണ്. അപ്പോള്‍ പട്ടണവാസികള്‍ അവനെ കല്ലെറിഞ്ഞു കൊല്ലണം. അങ്ങനെ ആ തിന്മ നിങ്ങളുടെയിടയില്‍നിന്നു നീക്കിക്കളയണം. ഇസ്രായേല്‍ മുഴുവന്‍ ഇതു കേട്ടു ഭയപ്പെടട്ടെ" (നിയമാവര്‍ത്തനം 21:18-21).
പടുകുഴിയില്‍ കിടക്കുന്ന മകന് അവസാനം സുബോധം വരികയാണ്; തുടര്‍ന്ന് അയാള്‍ വീട്ടിലേക്കു മടങ്ങുകയാണ്. എന്തൊക്കെയാണ് താന്‍ അപ്പനോടു പറയേണ്ടതെന്ന് അയാള്‍ നേരത്തേതന്നെ തയാറെടുത്തിട്ടുണ്ട് (15:18-19). എന്നാല്‍, അയാള്‍ക്കു വീടിന്റെ പടിക്കല്‍വരെ എത്തേണ്ടിവന്നില്ല; പറയാനായി തയാറാക്കിവച്ചിരുന്നത് അയാള്ക്കൊട്ടു പൂര്‍ത്തിയാക്കേണ്ടിയും വന്നില്ല (15:21). അതിനൊക്കെ മുമ്പേ അപ്പന് "ദൂരെവച്ചുതന്നെ അവനെ കണ്ടു. അവന് മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു" (ലൂക്കാ 15:20). മോശ നിയമാവര്‍ത്തന പുസ്തകത്തില്‍ എഴുതിവച്ചത് അപ്പന് മറന്നുപോയി! ചെറിയ ഒരു ചോദ്യംചെയ്യലിനുപോലും അപ്പന് തുനിയുന്നില്ല. യേശുവിലൂടെ ആവിഷ്കൃതമായ ദൈവം, മനുഷ്യന്റെ യോഗ്യതയോ, അവന്റെ മനസ്താപത്തിന്റെ പൂര്‍ണതയോ നോക്കിയല്ല തന്റെ രാജ്യത്തിലേക്ക് ആരെയും സ്വീകരിക്കുന്നത് എന്നെത്ര സുന്ദരമായിട്ടാണു ലൂക്കാ പറയുന്നത്!
ഇതേ കാര്യം കുറച്ചുകൂടെ വ്യക്തമാകാന്‍, ബുദ്ധിസ്റ്റു മതത്തിലെ മഹായാന പാരമ്പര്യത്തിലെ Lotus Sutraയിലെ 4-ാം അധ്യായത്തില്‍ കാണുന്ന ഒരു കഥയുമായുള്ള താരതമ്യം സഹായിക്കും. ധനവാനായ അപ്പനില്‍നിന്നും ദൂരേക്കു പോകുന്ന മകന് അലഞ്ഞത് അന്‍പതു കൊല്ലമാണ്. പിന്നീട് ഇരുപതു കൊല്ലം പണിയെടുത്തു യോഗ്യത നേടുന്നതോടെയാണ് അപ്പന് മകന് തന്റെ സ്വത്തുവകകളുടെ ഉടമസ്ഥാവകാശം നല്‍കുന്നത്. യേശുവിന്റെ ദൈവത്തിന്റെ മനസ്സു മനുഷ്യന്റെ യോഗ്യത അളക്കുകയല്ല, അവനെ കണ്ട് കാരുണ്യംകൊണ്ട് അലിയുകയാണ്. മോതിരവും ചെരിപ്പും അണിയിക്കുന്നതും മേല്‍ത്തരം വസ്ത്രം ധരിപ്പിക്കുന്നതുമെല്ലാം നഷ്ടപ്പെട്ടവനെ പൂര്‍ണ ബഹുമതിയോടെ തിരിച്ചെടുക്കുന്നു എന്നതിനെ സൂചിപ്പിക്കാനാണ് (ഉല്പത്തി 41:42; ഏശയ്യാ 61:10;1 മക്കബായര്‍ 6:15). തുടര്‍ന്ന് വീട്ടിലൊരു പാര്‍ട്ടിക്ക് അപ്പന് തുടക്കംകുറിക്കുന്നു.
വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ ഇളയ മകന് പിതാവില്‍നിന്ന് അകന്നുപോയിയെന്നതു വ്യക്തമാണ്. വീട്ടിനകത്തിരുന്ന് പിതാവിന്റെ സകല കല്പനകളും പാലിച്ച മൂത്തമകന് പിതാവിനൊപ്പമുണ്ടോ? അയാള്‍ പിതാവിനെ "അപ്പാ" എന്നൊന്നു വിളിക്കാന്‍പോലും കൂട്ടാക്കുന്നില്ല (15:29). "എനിക്കുള്ളതെല്ലാം നിന്റേതാണ്" എന്നപ്പന്‍ പറയുമ്പോള്‍ അയാള്‍ക്കങ്ങനെ തോന്നുന്നതേയില്ല. അതുകൊണ്ടാണ് ഒരാട്ടിന്‍കുട്ടിയെപ്പോലും തന്നില്ലെന്ന് അയാള്‍ പരാതി നിറഞ്ഞ കണക്കു പറയുന്നത്. അവിടെയുള്ളതൊന്നും അയാള്‍ക്കു സ്വന്തമായി അനുഭവപ്പെടുന്നില്ല. സ്വന്തം സഹോദരന് അയാള്‍ക്ക് തന്റെ അപ്പന്റെ മറ്റൊരു മകന് മാത്രമാണ്. അപ്പനെ കൂടാതെ സന്തോഷിക്കാന്‍ ഇളയവന് ആഗ്രഹിച്ചതുപോലെതന്നെ മൂത്തവനും ആഗ്രഹിക്കുന്നുണ്ട് (15:29). താനൊരു ദാസനും അപ്പനൊരു യജമാനനും അണെന്നാണ് അയാള്‍ക്കു തോന്നുന്നത്. കൂലിപ്പണിക്കാരന് തന്റെ ജോലിചെയ്ത് അതിന്റെ കൂലി ചോദിക്കുന്ന രീതിയിലുള്ള ബന്ധമേ മൂത്തവന് അപ്പനുമായുള്ളൂ. അയാളുടെ ബലം അപ്പന്റെ നല്ല മനസ്സല്ല, തന്റെതന്നെ യോഗ്യതയാണ്. അതുകൊണ്ടുതന്നെ സകല യോഗ്യതയും കളഞ്ഞുകുളിച്ച ഇളയവന് വന്നുകയറിയപ്പോഴുള്ള ആ വിരുന്നും ആഘോഷവും അയാള്‍ക്കൊരു പിടുത്തവുംകിട്ടാത്ത സംഗതിയാണ്. കൂലിപ്പണി ചെയ്യാത്ത ഒരാള്‍ക്ക് എങ്ങനെയാണു കൂലി കൊടുക്കുക! ഈ അസംബന്ധ നാടകത്തിന് നിന്നുകൊടുക്കാന്‍ അയാളെ കിട്ടില്ല. അതുകൊണ്ടാണ് അയാള്‍ പുറത്തുതന്നെ നില്‍ക്കുന്നത്. അങ്ങനെ, ഇളയവന് പന്നിക്കൂട്ടില്ക്കിടന്ന് അപ്പന് അപമാനം വരുത്തിയതുപോലെതന്നെ, അപ്പനൊരുക്കിയ വിരുന്നിനു പോകാതെ മൂത്തവനും അപ്പനെ വീട്ടുകാരുടെ മുന്നിലിട്ട് അപമാനിക്കുകയാണ്.
ഉപസംഹാരം
ചുരുക്കത്തില്‍, ഇളയവനും മൂത്തവനും ഇടയില്‍ വ്യത്യാസങ്ങളുള്ളപ്പോഴും അടിത്തട്ടില്‍ അവര്‍ക്കിടയില്‍ സമാനതകള്‍ ഏറെയാണ്. ഇരുവരും അപ്പനില്‍നിന്ന് അകന്നാണു നില്‍ക്കുന്നത്. എന്നാല്‍ അപ്പനാകട്ടെ, ഇളയവന് വന്നപ്പോള്‍ പുറത്തേക്ക് ഓടിയിറങ്ങിച്ചെന്ന് അവനെ അകത്തേക്കു കൂട്ടിക്കൊണ്ടുവന്നതുപോലെ, മൂത്തവനെയും അകത്തേക്കു കൊണ്ടുവരാന്‍ ഓടിച്ചെല്ലുകയാണ്. അപ്പന് മൂത്തവനെ വിളിക്കുന്നത് 'മകനേ' (ഗ്രീക്കില്‍ ഹുയിഓസ്) എന്നല്ല, 'കുഞ്ഞേ' (ഗ്രീക്കില്‍ ടെക്നോണ്‍) എന്നാണ്. വാത്സല്യംമാത്രമാണ് ആ വിളിയിലുള്ളത്. അയാള്‍ അകത്തേക്കു ചെല്ലുമോ എന്ന ചോദ്യം ഏതൊരു വായനക്കാരനും ഉപമയുടെ അവസാനമെത്തുമ്പോള്‍ ഉണ്ടാകും. ആ ചോദ്യം തന്നോടുതന്നെ ചോദിക്കാനാണ് സുവിശേഷം നമ്മെ നിര്‍ബന്ധിക്കുന്നത്. ഉപമയുടെ അവസാനംവരെ വീടിനകത്താണ് എന്നു വായനക്കാര്‍ കരുതിയ മൂത്തവന് സത്യത്തില്‍ പുറത്തുനില്ക്കുന്നതുപോലെ, ഞാനും പുറത്തു നില്‍ക്കുമോ? ഉപമയില്‍ താരതമ്യം ചെയ്തിരിക്കുന്നത് ഇളയവന് വന്നപ്പോഴുള്ള അപ്പന്റെ ആഘോഷവും മൂത്തവന്റെ പിറുപിറുപ്പും തമ്മിലാണ്. ദൈവത്തിലേക്കു തിരിഞ്ഞിരിക്കുന്ന നമുക്ക് ദൈവത്തിന്റെ കരുണയുടെ നേര്‍ക്ക് പുറംതിരിക്കാനാകുമോ? ദൈവം സന്തോഷത്തോടെ ഇറങ്ങിച്ചെല്ലുന്ന ഇടങ്ങളിലേക്കു നമുക്ക് ഇറങ്ങിച്ചെല്ലാതിരിക്കാന്‍ ആകുമോ? നിയമം ലംഘിച്ചാല്‍ ഇളയവനെക്കണക്ക് അപ്പനില്‍നിന്ന് അകലുമെന്നതു തീര്‍ച്ചയാണ്. നിയമം പാലിച്ചു പാലിച്ച് മൂത്തവനെക്കണക്കും അപ്പനില്‍നിന്ന് അകലാമെന്നതാണ് ഉപമയുടെ ശക്തമായ മുന്നറിയിപ്പ്!
"കര്‍ത്താവ് അരുളിച്ചെയ്തു: ഈ ജനം വാക്കുകൊണ്ടുമാത്രം എന്നെ സമീപിക്കുകയും അധരംകൊണ്ടുമാത്രം എന്നെ ആരാധിക്കുകയും ചെയ്യുന്നു. ഇവരുടെ ഹൃദയം എന്നില്‍നിന്ന് അകന്നിരിക്കുന്നു. എന്റെനേര്‍ക്കുള്ള ഇവരുടെ ഭക്തി, മനപ്പാഠമാക്കിയ മാനുഷിക നിയമമാണ്" (ഏശയ്യാ 29:13); "വ്യര്‍ഥമായി അവര്‍ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്പനകള് പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു" (മര്‍ക്കോസ് 7:7) എന്നീ വചനഭാഗങ്ങള്‍ തെറ്റുചെയ്യുന്നില്ലെന്നു കരുതുന്നവരുടെ തെറ്റിദ്ധാരണയെക്കുറിച്ചു കൂടുതല്‍ വ്യക്തത നല്‍കുന്നുണ്ട്. ഇളയവന് മനസ്തപിച്ചു തിരിച്ചുവന്നതുപോലെതന്നെ മൂത്തവനും മനസ്തപിച്ചു തിരിച്ചുവരേണ്ടതുണ്ട്. ഉപമയിലെ മൂത്തവനോട് അപ്പന് ചോദിച്ചതുപോലെ യേശു ഫരിസേയരോടും നിയമജ്ഞരോടും പിന്നെ നമ്മോടും ചോദിക്കുന്നു: "ദൈവം ഒരു പാര്‍ട്ടി ഒരുക്കുകയാണ്. നിങ്ങളു പോരുന്നോ?"
ദൈവത്തിന്റെ പാര്‍ട്ടിക്കു പോരുന്നോ?
ഷാജി കരിംപ്ലാനില്‍
അസ്സീസി മാസിക, നവംബർ 2026















































































































