top of page

അനാവിം

Writer: ബോബി ജോസ് കട്ടിക്കാട്
ബോബി ജോസ് കട്ടിക്കാട്
Nov 18
4 min read


അന്ന് ആ ദിവസം ഫ്രാന്‍സിസിന് ഭിക്ഷാടനത്തിനു കൂട്ടുകിട്ടിയത് മഫെയ എന്ന സഹോദരനായിരുന്നു. തങ്ങള്‍ക്കു ലഭിച്ച അപ്പക്കഷണങ്ങളുമായി ഒരുറവയുടെ അരികിലെത്തി. പരന്ന ഒരു പാറയെ ഊട്ടുമേശയായി സങ്കല്പിച്ചു. അവരെ വലംചുറ്റി ഒഴുകുന്ന തെളിഞ്ഞ ജലം.


സ്തോത്രഗീതംപോലെ അയാളുടെ ഹൃദയം കവിഞ്ഞൊഴുകി. ഇല്ലായ്മ എന്ന ധനത്തെ അയാള്‍ പാടി വാഴ്ത്തി. ഇല്ലാത്ത മേശവിരി, കത്തിയും മുള്ളും, അനവധി വിഭവങ്ങള്‍, മേല്‍ക്കൂര എല്ലാം ധാരാളിത്തത്തിന്‍റെ സ്പര്‍ശമില്ലാതെ ദൈവം നേരിട്ടു വിളമ്പുന്ന അനുഗ്രഹത്തിന്‍റെ മേശയായി അയാള്‍ക്കനുഭവപ്പെട്ടു. ഭൗതികതയുടെ കടമ്പകളെല്ലാം അടര്‍ന്നുപോകുമ്പോള്‍ മാലാഖമാര്‍ക്കുമാത്രം പിടുത്തംകിട്ടുന്നൊരു സരളഭാഷ തങ്ങള്‍ക്കു ലഭിക്കുന്നതായി അയാള്‍ കൂട്ടിച്ചേര്‍ത്തു. അവരിരുവരും കരഞ്ഞുകൊണ്ടേയിരുന്നു.


ദാരിദ്ര്യം അയാള്‍ക്കു പ്രേയസിയായിരുന്നു. ദേശത്തിന്‍റെ ഓരോരോ ഇടങ്ങളില്‍, കോട്ടജാലകങ്ങളുടെ പിന്നില്‍, തങ്ങളുടെ പ്രേമഭാജനങ്ങള്‍ ഉറ്റുനോക്കുന്നുവെന്ന ആത്മവിശ്വാസത്തില്‍ സഞ്ചരിക്കുന്ന ചെറുപ്പക്കാരെപ്പോലെ അയാളും തന്‍റെ പ്രതിശ്രുത വധുവില്‍ അഭിമാനത്തിന്‍റെ നങ്കൂരമിട്ടു. ഒരേയൊരു വ്യത്യാസമേയുള്ളൂ. അയാളുടെ വധു നഗരവിളുമ്പുകളിലൂടെ നഗ്നപാദയായി അലയുന്നു എന്നതുമാത്രം.


ഫ്രാന്‍സിസ്കന്‍ പുരാണങ്ങളിലൊന്നില്‍ സഹോദരന്മാര്‍ ദാരിദ്ര്യവധുവിനെ

(Lady poverty) കൈക്കുപിടിച്ച് ഒരു കുന്നിന്‍മുകളില്‍ ചെല്ലും. അനന്തതയിലേക്കു കരങ്ങള്‍ വിരിച്ചുപിടിച്ച് ഇതാണ് ഞങ്ങളുടെ ആവൃതിയെന്ന് ഉറക്കെ പാടും. ഒരു കൂര്‍ത്ത കല്ല് തലയിണയാക്കി മൃദുഹാസത്തോടെ അവള്‍ അവരുടെ മധ്യേ മയക്കംനടിച്ചു കിടക്കും.


എല്ലാം ഒരു പഴയ ദൂതിന്‍റെ ഓരോരോ കാലത്തിലെ പ്രതിധ്വനികളായി വായിക്കപ്പെടും. കട്ടമരത്തിലിരുന്ന് ഒരാള്‍ തന്‍റെ തീരത്തെ ഉറക്കെ ആശീര്‍വദിക്കയാണ്: ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍. എന്തെന്നാല്‍ ദൈവരാജ്യം അവരുടേതാണ്. Anawim എന്നൊരു പദമാണ് hebrew ബൈബിളില്‍ അവര്‍ക്കുവേണ്ടി കരുതിവയ്ക്കുന്നത്. 'ദൈവത്തില്‍ ആശ്രയിക്കുന്ന ശാന്തശീലര്‍' എന്നുകൂടി അതിന് അര്‍ഥമുണ്ട്. ബൈബിളിലെ പഴയനിയമത്തില്‍ വളരെ പ്രാധാന്യത്തോടെ ഉപയോഗിച്ചിരിക്കുന്ന ഒന്നാണിത്.


വിരലില്‍ എണ്ണിയെടുക്കാവുന്ന ഏതാനും ചിലരിലൊഴികെ നൂറ്റാണ്ടുകളോളം 'ഹൈബര്‍നേറ്റു' ചെയ്തുകിടന്ന ആദ്യ നൂറ്റാണ്ടിലെ ആ വിശുദ്ധ ദാരിദ്ര്യസങ്കല്പം പിന്നീട് അതിന്‍റെ സമസ്ത മിഴിവോടുകൂടി തെളിഞ്ഞുകത്തിയത് അസ്സീസിയിലെ ആ നിസ്വനിലും അയാളുടെ തുടര്‍ച്ചയിലുമായിരുന്നു. എല്ലാത്തിനെയും സഹോദരി, സഹോദരാ എന്നു വിളിച്ചയാള്‍ ദാരിദ്ര്യത്തെമാത്രം പ്രേയസിയായി എണ്ണി Lady Poverty.


ബിഷപ്പിന്‍റെ ഉമ്മറത്ത് ഊരിവച്ച ആഡംബര അങ്കിക്കും മടങ്ങിപ്പോകുന്നതിനു തൊട്ടുമുന്‍പ് അഴിച്ചുമാറ്റാനാവശ്യപ്പെട്ട കണ്ടംവച്ച ആ സന്ന്യാസ അങ്കിക്കും ഇടയില്‍ അയാള്‍ സ്വപ്നത്തിലെ ആ സഖിയുടെ കൈപിടിച്ച് സഞ്ചാരത്തിലായിരുന്നു.


മടിശ്ശീല കരുതാത്ത സഞ്ചാരത്തിന്‍റെ ഭൂപടങ്ങളായിരുന്നു ആ മരപ്പണിക്കാരന്‍ കിനാവു കണ്ടത്. നാമെത്തിച്ചേര്‍ന്ന കാലത്തിന്‍റെ പരിണാമങ്ങളില്‍ ഇന്നതൊരു മുത്തശ്ശിക്കഥപോലെ അനുഭവപ്പെടുന്നുണ്ടെങ്കില്‍പ്പോലും. അത്തരം അനുശാസനങ്ങള്‍ക്ക് ഹ്രസ്വമെങ്കിലും മതിപ്പുകിട്ടിയ ഒരു കാലമുണ്ടായിരുന്നു. സ്വര്‍ണ്ണമോ, വെള്ളിയോ ഇല്ല. ഒരേയൊരു ധനം അവന്‍റെ നാമമാണെന്നും ആ ശരണത്തില്‍ ഭൂമിയുടെ വീണ്ടെടുപ്പുകള്‍ സാധ്യമാണെന്നുമൊക്കെ വിളിച്ചുപറയാന്‍ ധൈര്യംകാട്ടിയ മനുഷ്യരുടെ കാലമുണ്ടായിരുന്നു. എത്ര നല്ലതാണ് ദൈവവുമായി എന്തെങ്കിലും ഒരു കേസുകെട്ടുളള മനുഷ്യരുടെ കൈവശം നാണയമില്ലാത്തത്. പിന്നെ എല്ലാവരും എല്ലാത്തിനോടും സമരസപ്പെട്ടു. ഒരു തിരിച്ചുവരവ് അസാധ്യമാക്കുന്നമട്ടില്‍.



എന്നിട്ടും എത്ര കുതറിയോടിയാലും പിന്തുടരുന്ന ചില അനുഭൂതികളെപ്പോലെ അവരുടെ ദാരിദ്ര്യം മാനവരാശിയോടൊപ്പം കഴിഞ്ഞ രണ്ടു സഹസ്രാബ്ദത്തോളം പല ഭാഷ്യങ്ങളില്‍ കൂട്ടുവന്നു. നിരന്തരം യാത്രചെയ്യുന്നവര്‍ക്കിടയിലെ കൗതുകഫലമായ ഒരു 'ഹിച്ച് ഹൈക്കിങ്ങില്‍'പോലും നേരത്തേ സൂചിപ്പിച്ച 'പെനിലെസ്' യാത്രകളുടെ ധ്വനികളുണ്ട്. മനുഷ്യരുടെ ഔദാര്യത്തെ ഇന്ധനമായി നിനച്ചുള്ള സഞ്ചാരരീതിയാണിത്. നാടോടികള്‍ക്കിടയില്‍ ഈ രീതി സര്‍വസാധാരണമാണ്. പാതയോരത്ത് തള്ളവിരലുയര്‍ത്തിക്കാട്ടി ലിഫ്റ്റ് വാങ്ങിയും കടകളുടെ ഇറയങ്ങളില്‍ ഉറങ്ങിയും ഇരന്നു ഭക്ഷിച്ചുമൊക്കെ ഈ ഇളമുറക്കാര്‍ നടത്തുന്ന സഞ്ചാരങ്ങളില്‍ പരിവ്രാജകരുടെ കാല്‍പെരുമാറ്റം കാതോര്‍ത്താല്‍ കേള്‍ക്കാവുന്നതേയുള്ളൂ. 'മിനിമലിസ'മാണ് മറ്റൊരു ഭംഗിയുള്ള പദം. ബുദ്ധ+ക്രൈസ്തവധാരകളുടെ പ്രകാശം അതിനെ ഒരാത്മീയചര്യയോടു ചേര്‍ത്തുനിര്‍ത്തുന്നു. വളരെക്കുറച്ചു കാര്യങ്ങളില്‍ ജീവിതം സാധ്യമാണെന്നു ശഠിക്കുന്ന അതിന്‍റെ പ്രയോക്താക്കള്‍ കേവലം ഒരു ആഭിമുഖ്യം എന്നതിനെക്കാള്‍ ജീവിതസമ്പ്രദായമായി അതിനെ തിരിച്ചറിഞ്ഞു. മലകയറുന്നൊരാള്‍ ശിഖയിലേക്കെത്തുന്നതനുസരിച്ച് പൊക്കണത്തിലെ ഓരോരോ കാര്യങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നു കണ്ടെത്തി വളരെക്കുറച്ചു കാര്യങ്ങളിലേക്കെത്തുന്നതുപോലെ.


'മിനിമലിസം' എന്ന ജീവിതവഴി അടുത്തകാലങ്ങളിലാണ് ചിന്താധാരയായി വികസിച്ചത്. കൂടുതല്‍ ഏകാഗ്രമാകാനും ജീവിതമൂല്യങ്ങളെയും സൗഖ്യത്തെയും നിലനിര്‍ത്താനുംവേണ്ടി ഭൗതികവും ആത്മീയവുമായ ഘടകങ്ങളില്‍ ഭാരമുള്ള ചിലതിനെ ആവശ്യാനുസരണം ഉപേക്ഷിക്കാനുള്ള ആഹ്വാനമാണത്. താങ്ങാനാവുന്നതിലധികം വസ്തുക്കളും വിവരങ്ങളും വന്നുകുമിയുമ്പോള്‍ ജീവിതത്തിനുമേലുള്ള നിയന്ത്രണം നഷ്ടമാകുന്നു.


സ്വതന്ത്രവും ലളിതവുമായ ജീവിതസങ്കല്പങ്ങളില്‍ പുലരുകയാണ് അഭികാമ്യം. അങ്ങനെ നോക്കുമ്പോള്‍ അംഗീകൃത മിനിമലിസ്റ്റായി പറയാനാകുന്നത് ഗാന്ധിയെയാണ്. ലോകത്തിന്‍റെ സൗന്ദര്യം നമ്മുടെ കൈകളിലാണെന്ന ബോധ്യമാണ് പ്രധാനം. നങ്കൂരമില്ലാത്ത സഞ്ചാരമാണത്. അതിന്‍റെ ഗൃഹപാഠങ്ങളില്‍നിന്ന് കൗതുകകരമായ ചില ഓര്‍മകളുണ്ട്. അവനവന്‍റെ അടുക്കളയില്‍നിന്ന് ഒഴിവാക്കാവുന്ന കുപ്പികളും പാത്രങ്ങളുമാണ് ആദ്യചുവടുകളിലൊന്ന്. വീടിനുള്ളിലെ ഡ്യൂപ്ലിക്കേറ്റുകളെ ഒരു ചാക്കിലിറക്കി കെട്ടിവയ്ക്കുകയാണ് മറ്റൊരു പാഠം. ഒരു വര്‍ഷത്തിനിടയില്‍ അതു തുറക്കേണ്ട ആവശ്യം വന്നില്ലെങ്കില്‍ അതിനെ അനാവശ്യമായി ഗണിച്ച് ഒഴിവാക്കാവുന്നതാണ്.


അഞ്ഞൂറൂ വര്‍ഷങ്ങളുടെ അകലങ്ങളില്‍ ജീവിച്ച ലോകത്തിലെ ഏറ്റവും പ്രിയങ്കരങ്ങളായ ബുദ്ധയ്ക്കും ക്രിസ്തുവിനും ഇടയിലുള്ള പൊതുവായ കാര്യങ്ങളിലൊന്ന് അതിസങ്കീര്‍ണമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പശ്ചാത്തലത്തില്‍ തളിര്‍ത്തിട്ടും ജീവിതത്തെ ആവിഷ്കരിക്കാനുള്ള സരളവരികളില്‍ അവര്‍ പുലര്‍ത്തിയ നിതാന്ത ജാഗ്രതയായിരുന്നു. ആ അര്‍ഥത്തിലാണ് തങ്ങള്‍ പിറന്ന മതങ്ങളില്‍ അവര്‍ അനഭിമതരാകുകയും അത്തരം സങ്കീര്‍ണതകളുടെ ഭാരമില്ലാത്ത ഇതര ദേശങ്ങളുടെ ആധാരവും അത്താണിയുമായിമാറിയതും.


അലങ്കാരങ്ങളും തൊങ്ങലുകളുമില്ലാതെ അപ്പായെന്ന ഋജുവായ വിശേഷണത്തിലൂടെ ആ പരമചൈതന്യത്തെ ചൂണ്ടിക്കാട്ടുകവഴി ക്രിസ്തുവില്‍ ഈ വിചാരത്തിനു വല്ലാതെ മുഴക്കമുണ്ടായി. ദീര്‍ഘമായ പ്രാര്‍ഥനകളെ 'സ്വര്‍ഗസ്ഥനായ പിതാവേ'യെന്ന സാര്‍വലൗകിക പ്രാര്‍ഥനകൊണ്ടു Replace ചെയ്തു. ചോരയുടെ ചൂരുകൊണ്ടു മനംമറിയുന്ന മൃഗബലി സങ്കല്പങ്ങളെ അപ്പവും വീഞ്ഞുംകൊണ്ടു പവിത്രമാക്കി. ഓര്‍ത്താല്‍ ജ്ഞാനസ്നാനംപോലും എത്ര ആഴമുള്ളതാണ്. ഒരിറ്റു ജലം മൂര്‍ധാവിലേക്കിറ്റുവീഴ്ത്തുന്നു. അതില്‍ക്കൂടുതല്‍ എന്തു പറയുവാനാണ്? എന്തുകൊണ്ടു പറയുവാനാണ്? ജലത്തോളം സരളവും സാന്ദ്രവുമായ മറ്റെന്തുണ്ടാകും മാനവഭാവനയില്‍? പാലാഴിമഥനത്തില്‍ കടഞ്ഞെടുത്ത അമൃത് ശുദ്ധജലമാണെന്നുള്ള വ്യാഖ്യാനമൊക്കെ ഹൃദയസ്പര്‍ശിയാകുന്നത് അങ്ങനെയാണ്.



Brother Sun, Sister Moon എന്ന ഇറ്റാലിയന്‍ സിനിമ കണ്ടിട്ടില്ലെങ്കില്‍ അതിനൊന്നു മനസ്സുവച്ചാല്‍ നന്നായിരുന്നു. 1972ല്‍ ഫ്രാങ്കോ സിഫ്രെല്ലി എന്ന സംവിധായകന്‍ ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയാണത്. ഒരു കത്തീഡ്രല്‍പള്ളിയിലെയും ഒരു ഗ്രാമീണദേവാലയത്തിലെയും ആരാധനയുടെ സമാന്തര കാഴ്ചയുണ്ടതില്‍.


ആദ്യത്തേത് അതിന്‍റെ കണിശതകൊണ്ടും ആഡംബരത്തോടടുത്തുനില്‍ക്കുന്ന അലങ്കാരങ്ങള്‍കൊണ്ടും കാഴ്ചക്കാരെ വിസ്മയിപ്പിക്കുമ്പോള്‍ രണ്ടാമത്തേത് ഒരു ഇടയഗീതംപോലെ അകക്കാമ്പിനെ മസൃണമാക്കുന്നു. ലാളിത്യത്തിന്‍റെ സുവിശേഷ നൈരന്തര്യമായി ഫ്രാന്‍സിസ് ഈ അസാധാരണ ചിത്രത്തില്‍ പ്രതിധ്വനിക്കുന്നുണ്ട്. വെറുതെയല്ല സഭയുടെ ഭാവി ഫ്രാന്‍സിസിന്‍റെ ഭാവിയാണെന്ന ശീര്‍ഷകത്തില്‍ പുസ്തകമെഴുതാന്‍ ചിലര്‍ ധൈര്യപ്പെടുന്നത്. ഇന്ത്യയുടെ ഭാവി ഗാന്ധിയുടെ ഭാവിയാണെന്നൊക്കെ പറഞ്ഞതുപോലെ, ആശയക്കുഴപ്പമില്ലാത്ത വിചാരങ്ങളാണിത്.


ഒരു കാര്യം നിലനില്‍ക്കണമെങ്കില്‍ അതു പച്ചയായി ൃമം നില്‍ക്കേണ്ടതുണ്ട്. അവനവന്‍റെ ഏകാന്തതയെയും ആന്തരികതയെയും ഭാസുരമാക്കാന്‍ ഉപയുക്തമല്ലാത്ത എല്ലാത്തില്‍നിന്നും കുതറിനടക്കുക എന്നതാണ് സാരം. വസ്ത്രത്തെക്കാള്‍ പ്രധാനമാണ് ശരീരമെന്നും അപ്പത്തെക്കാള്‍ മൂല്യമുള്ളതാണ് പ്രാണനെന്നുമുള്ള യേശുമൊഴികളില്‍ ആ സനാതനപാഠത്തിന്‍റെ പൊരുളുണ്ട്. Essential, Existential എന്നീ പദങ്ങള്‍ക്കിടയിലുള്ള നേരിയ വ്യത്യാസം കണ്ടെത്തുക ശ്രമകരമാണ്. എന്നിട്ടും അതിലാണ് ജീവിതാനന്ദത്തിന്‍റെ അര്‍ഥവും ആഴവും ഉള്ളടക്കംചെയ്തിരിക്കുന്നത്. മഹാഭാരതം ഉദ്യോഗപര്‍വത്തില്‍ 'ആരാലും തോല്‍പിക്കപ്പെടാത്ത അസംഖ്യം സൈനികര്‍ വേണമോ അതോ നിരായുധനായി, യുദ്ധം ചെയ്യാതെ നില്‍ക്കുന്ന ഞാന്‍ വേണമോ?' എന്ന പാര്‍ഥസാരഥിയുടെ ചോദ്യം ഇതുതന്നെയാണ് അര്‍ഥമാക്കുന്നത്.


Use common words to say uncommon things എന്ന ഷോപ്പനോവറുടെ പാഠം കൃത്യമായി പാലിച്ചത് ഭൂമിയുടെ ഗുരുക്കന്മാരായിരുന്നു. കുട്ടിക്കഥകള്‍കൊണ്ടും കൊച്ചുവര്‍ത്തമാനങ്ങള്‍കൊണ്ടും അവര്‍ പറഞ്ഞത് അസാധാരണ ജീവിതപാഠമായിരുന്നു. 2 കോറി 1:13ല്‍ പൗലോസ് പറയുന്നതുപോലെ, 'നിങ്ങള്‍ക്കു വായിക്കാനും മനസ്സിലാക്കാനും സാധിക്കുന്നതൊഴിച്ച് മറ്റൊന്നും ഞങ്ങള്‍ എഴുതുന്നില്ല' എന്ന ധൈര്യമാണത്. സൈക്കിള്‍ പഠിക്കുന്ന കുട്ടികളാണ് നിരത്തിലൂടെ അതിവേഗത്തിലോടിച്ചുപോകുന്നതെന്നു നിരീക്ഷിച്ചിട്ടുണ്ടോ? തീരെ പതുക്കെ ചക്രമുരുളുമ്പോള്‍ ഓര്‍ക്കണം അവന്‍ അതിന്‍റെ 'മാസ്റ്റര്‍' ആയെന്ന്. അപ്പോള്‍ അതാണ് കാര്യം. Hack away all the inessentials‑ എന്ന് തോറോ പറഞ്ഞുതരും.


കണ്‍വര്‍ജസിന്‍റെ ശാസ്ത്രമാണിത്. വെയിലില്‍ അക്ഷരാര്‍ഥത്തില്‍ തീയാളുന്നു എന്നു പറഞ്ഞാല്‍ നിങ്ങളുടെ കുട്ടിക്കതു ബോധ്യപ്പെടണമെന്നില്ല. എന്നാല്‍ ഒരു ലെന്‍സിലേക്ക് അതിനെ കേന്ദ്രീകരിക്കുമ്പോള്‍ കടലാസിനും കരിയിലയ്ക്കും തീപിടിക്കുന്നതുപോലെ ഓരോരോ കാര്യങ്ങളിലേക്കു ബുദ്ധിയും ഹൃദയവും ഏകാഗ്രമാകുമ്പോള്‍ എല്ലാത്തിലും തീയാളുന്നു എന്നൊരു സുകൃതംകൂടിയുണ്ട് ലളിതപാഠങ്ങളില്‍. സെറാഫിക് പുണ്യവാനെന്നാണ് അസ്സീസിയിലെ ഫ്രാന്‍സിസിനുള്ള വിശേഷണം. അഗ്നിച്ചിറകുള്ള മാലാഖമാരാണ് സെറാഫുകള്‍. അയാള്‍ പുലര്‍ത്തുകയും പകര്‍ത്തുകയും ചെയ്ത കനലിനു പിന്നില്‍ നിശ്ചയമായും ഒരു ഏകോപനം ഉണ്ടായിരിക്കും.


തന്നെ വിശ്വസിക്കുന്നതിനുമുന്‍പ് നാണയമാറ്റക്കാര്‍ നാണയം പരിശോധിക്കുന്നതുപോലെ സൂക്ഷ്മതയോടെ ഉരച്ചുനോക്കണമെന്ന് രാമകൃഷ്ണ പരമഹംസര്‍ തന്‍റെ ശിഷ്യരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ധനത്തോടുള്ള തന്‍റെ വിപ്രതിപത്തി അദ്ദേഹത്തിന്‍റെ ഭാഷണങ്ങളിലെ തുടര്‍ച്ചയായ ഒരു വിചാരമായിരുന്നു. അതിന്‍റെ സത്യസന്ധത പരിശോധിക്കുവാന്‍ നരേന്ദ്രന്‍ തീരുമാനിച്ചു. ഗുരുവിന്‍റെ അഭാവത്തില്‍ കിടക്കയുടെ താഴെ ഒരു നാണയംവച്ചു. പിന്നീട് അതിനു മീതേ ഇരുന്ന ഗുരു ഏതോ ക്ഷുദ്രജീവിയുടെ ദംശനമേറ്റെന്നമട്ടില്‍ ഉറക്കെ നിലവിളിച്ചു. വൈകാതെ ഒളിപ്പിച്ചുവച്ച ആ നാണയത്തെ അവര്‍ കണ്ടെടുത്തു. അങ്ങനെ നാണയത്തെക്കുറിച്ചുള്ള ഗുരുവിന്‍റെ പാഠത്തെ നരേന്ദ്രന്‍ അതിലൂടെ അടിവരയിട്ടു പഠിച്ചു. പൂര്‍ണ്ണമായി ഗുരുചരണങ്ങളില്‍ അര്‍പ്പിക്കുകയും ചെയ്തു.


ഗുരുക്കന്മാര്‍ എന്തുകൊണ്ടാണ് ധനത്തെ ഇത്രയും കഠിനമായി നേരിടുന്നത്. അതില്‍ അപകടത്തിന്‍റെ ഒരു വിത്ത് അത്ര ആഴത്തിലല്ലാതെ മൂടിയിട്ടിട്ടുണ്ടെന്ന് അവര്‍ ഭയന്നു."Behind every great fortune there is a crime‑' എന്ന പ്രസ്താവന എത്ര സത്യസന്ധമായ നിരീക്ഷണമാണ്. മൂന്നു പ്രതലങ്ങളിലായി കണ്ടെത്തേണ്ട വീണ്ടുവിചാരമാണിത്.


a) അതു രൂപപ്പെടുന്ന രീതി. കണക്കില്ലാത്ത ധനത്തിനു പിന്നില്‍ അധാര്‍മികമായ ഒരു ജീവിതമുണ്ട്. ഏതെങ്കിലും തരത്തില്‍ ഒരു ചൂഷണത്തിന്‍റെ കഥയുണ്ട് അതിനു പിന്നില്‍. പ്രകൃതി/മനുഷ്യന്‍ ഇതിലേതെന്ന് ഒന്നുറപ്പാക്കിയാല്‍ മാത്രംമതി.


b) അതു ചെലവഴിക്കുന്ന രീതി. ആഡംബരം ഒരു പാപമാണെന്ന് ആരുമിപ്പോള്‍ പറഞ്ഞുകൊടുക്കാറില്ലത്രേ. എന്താണ് ആഡംബരമെന്ന് ഏറ്റവും ഭംഗിയായി പറഞ്ഞുതന്നത് ഗാന്ധിയാണ്. പാര്‍ക്കുന്ന പരിസരത്തിനു നിരക്കാത്തത് എന്താണോ അത്. മലയാളിയുടെ പരിസരത്തില്‍ കൊടിയ ദാരിദ്ര്യമുണ്ട്. ലോകത്ത് എവിടെയായിരിക്കുമ്പോഴും ഓര്‍ക്കണം പാര്‍ക്കുന്ന വന്‍നഗരങ്ങളല്ല നിങ്ങളുടെ പരിസരം. മറിച്ച് സൗജന്യമായി ലഭിക്കുന്ന ഒരു ഭക്ഷണക്കിറ്റില്‍ ജീവിതം നിലനിര്‍ത്തുന്ന വലിയൊരു ശതമാനം മനുഷ്യരുള്ള ആ ചെറിയ ദേശമാണ് നിങ്ങളുടെ പരിസരം. ഇതു പറയുവാന്‍ ഏറ്റവും അര്‍ഹതയുള്ളയാള്‍ ഗാന്ധിതന്നെയാണ്. അവസാനത്തെ ഭാരതീയനും മേല്‍ക്കുപ്പായം തുന്നുന്ന നാളില്‍മാത്രം താനുമതു ധരിക്കാമെന്ന് ഒരു കുഞ്ഞിനോടു പറഞ്ഞു ബോധ്യപ്പെടുത്തുന്ന ബാപ്പു. ആ ചെറിയ തോര്‍ത്തുടുത്തു ചെന്നതിന്‍റെ പേരില്‍ പേപ്പല്‍ കൂടിക്കാഴ്ചയ്ക്കു സഭ്യമായ വസ്ത്രധാരണമല്ല എന്നു പറഞ്ഞ് അനുവാദം നിഷേധിക്കപ്പെട്ട അയാള്‍. ഭിത്തിയിലെ ക്രൂശിതരൂപത്തിലെ യേശുവിന്‍റെ തോര്‍ത്ത് അയാളുടേതിനെക്കാള്‍ ചെറുതാണെന്ന കാര്യംപോലും തിരക്കിനിടയില്‍ മറന്നുപോയി.


c) അതു ശേഖരിച്ചുവയ്ക്കുന്ന രീതി. രേഖപ്പെടുത്തിയ ധനം രൂപപ്പെട്ട രീതിയില്‍ ഒരപാകതയുമില്ലെന്ന് നിങ്ങള്‍ ആണയിടുമ്പോള്‍, പരമാവധി ലളിതമായാണ് ജീവിക്കുന്നതെന്ന് ഉറപ്പുവരുത്തുമ്പോള്‍, അതു ശേഖരിച്ചുവയ്ക്കുന്ന രീതിയിലാണ് ഒടുവില്‍ നമുക്കു ചുവടുതെറ്റാന്‍ പോകുന്നത്. അതുകൊണ്ടാണ് രണ്ടുള്ളവന്‍ ഒന്നു കൊടുക്കട്ടെ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് പുതിയ നിയമം ആരംഭിക്കുന്നത്. ഓര്‍മിക്കണം യേശുപോലുമല്ല അതു പറഞ്ഞത്. അയാള്‍ക്കു മുന്നോടിയായി വന്ന സ്നാപകയോഹന്നാനാണത്. അയാളതു പറഞ്ഞ് അരങ്ങില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോള്‍ ഗ്രീന്‍റൂമില്‍ താടിയും മുടിയുമൊക്കെവച്ച് ഒരാള്‍ ഒരുങ്ങുന്നുണ്ട്. ഇനി അയാള്‍ക്കു പ്രവേശിക്കാനുള്ള നേരമാണ്. വളരെ മൃദുലമായി അയാള്‍ പറഞ്ഞുതുടങ്ങും: നീ പരിപൂര്‍ണ്ണനാവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക.


ക്രാഷ് ലാന്‍ഡിങ് ആണ്. സീറ്റ് ബെല്‍റ്റ് മുറുക്കി അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് ശ്വാസമടക്കിയിരിക്കുക!

അനാവിം

ബോബി ജോസ് കട്ടികാട്

അസ്സീസി മാസിക, നവംബർ 2026

bottom of page