ഉയിരുകൊടുത്ത് അന്യനെ സ്നേഹിച്ചവന്‍


2025 ജൂലൈ മാസം പ്രസിദ്ധീകരിച്ച അസ്സീസി മാസികയില്‍, യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മിച്ച 'മഞ്ഞുമ്മല്‍ ബോയ്സ് (2024)' എന്ന സിനിമയെ സംബന്ധിച്ച്, ജോര്‍ജ് വലിയപാടത്ത് കപ്പൂച്ചിന്‍ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ക്രിസ്തുദര്‍ശനങ്ങളെ മുന്‍നിറുത്തി ഒരു സിനിമയെ വിലയിരുത്തുന്നതില്‍ രണ്ട് അഭിപ്രായങ്ങളുണ്ടായേക്കാം. പക്ഷേ, സിനിമ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാകുമ്പോഴും, കഥയിലെ യഥാര്‍ഥ മനുഷ്യര്‍ നമ്മളോടൊപ്പം ജീവിച്ചുകൊണ്ടിരിക്കുന്നവരാകുമ്പോഴും എതിരഭിപ്രായങ്ങള്‍ക്ക് വേണ്ടത്ര വിലകല്‍പിക്കേണ്ടതുണ്ടോ എന്നത് വലുപ്പമേറിയ ഒരു ചോദ്യചിഹ്നമാകും. ക്രിസ്തുദര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍തന്നെയാണ് ഈ ലക്കത്തിലെ സിനിമയെയും പരിചയപ്പെടുത്തുന്നത്. അതിന്‍റെ നന്മതിന്മകള്‍ വായനക്കാരുടെ വിവേചനാധികാരത്തിനു വിടുന്നു.
യഥാര്‍ഥ കഥയെ അടിസ്ഥാനമാക്കി മലയാളത്തില്‍ എണ്ണം പറഞ്ഞ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. 1980ല്‍ കരിക്കന്‍വില്ലയില്‍ നടന്ന കൊലപാതകത്തെ ആസ്പദമാക്കി നിര്‍മിച്ച 'മദ്രാസിലെ മോന്‍' (1982) മുതല്‍ ആ ലിസ്റ്റ് ആരംഭിക്കുന്നു. എന്നാല്‍ അതിനുമുന്‍പ് ഇറങ്ങിയ സിനിമകളിലൊന്നും യഥാര്‍ഥ സംഭവങ്ങളെയോ, യഥാര്‍ഥ ജീവിതങ്ങളെയോ ആസ്പദമാക്കിയിട്ടില്ലെന്ന് അതിന് അര്‍ഥമില്ല. അതിനുമുമ്പും എഴുത്തുകാര്‍ കേരളത്തിലെ ജാതിവ്യവസ്ഥ, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയവയൊക്കെ തങ്ങളുടെ കഥാപരിസരത്ത് എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഒരു നിശ്ചിത സംഭവത്തെ ഭാവനയുമായി കൂട്ടിയിണക്കി കഥപറയുന്ന രീതിയിലുള്ള സിനിമകളുടെ പട്ടിക മദ്രാസിലെ മോന്‍ എന്ന സിനിമയില്‍നിന്നും ആരംഭിക്കുന്നു എന്നു മാത്രം. മദ്രാസിലെ മോന്‍ എന്ന സിനിമയ്ക്കുശേഷം ആ പട്ടികയില്‍ വന്ന ശ്രദ്ധേയമായ ചലച്ചിത്രങ്ങളാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് (1988), പിറവി (1989), മാളൂട്ടി (1990), തലപ്പാവ് (2008), പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ (2009), ട്രാഫിക് (2011), സെല്ലുലോയ്ഡ് (2013), എന്ന് നിന്‍റെ മൊയ്തീന്‍ (2015), ടേക്ക് ഓഫ് (2017), ആമി (2018), ക്യാപ്റ്റന്‍ (2018), വെള്ളം (2021), വികൃതി (2019), വൈറസ് (2019), പട (2022), 2018: എവരിവണ്‍ ഈസ് എ ഹീറോ (2023), മഞ്ഞുമ്മല്‍ ബോയ്സ് (2024), ആടുജീവിതം (2024) തുടങ്ങിയവ.
അടിസ്ഥാനപരമായി സിനിമ കലയോടൊപ്പം വലിയ ഒരു വാണിജ്യമേഖലകൂടിയാണ്. അവിടെ സാമ്പത്തികഭദ്രത ഉറപ്പിക്കാനായതെല്ലാം അതിന്‍റെ പിന്നണിപ്രവര്‍ത്തകര്‍ നിര്‍മിച്ചെടുക്കാറുണ്ട്. 'യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി' എന്നൊരു തലക്കെട്ട് സിനിമയുടെ പേരിനൊപ്പം വരുന്നതോടെ കാഴ്ചക്കാരെ വൈകാരികമായി സിനിമയിലേക്ക് ആകര്‍ഷിക്കാന്‍പറ്റും. ഇതു സിനിമയുടെ സാമ്പത്തികഭദ്രതയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. അക്കാദമികമായി സിനിമകളെ സമീപിക്കുന്നവരുടെ ഒരു നിരീക്ഷണമുണ്ട്, 'സായിപ്പ് സിനിമയുടെ എണ്‍പതു ശതമാനവും നിര്‍മിക്കുന്നത് പേപ്പറിലാണ്' എന്ന്. ഇപ്പറഞ്ഞതിനെ 'യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി' എന്ന തലക്കെട്ടോടെ ഇറങ്ങുന്ന സിനിമയുടെ പിന്നാമ്പുറത്തേക്കു വിളക്കിച്ചേര്‍ക്കാനാകും. എങ്ങനെയെന്നാല്‍ ഒരു സിനിമ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി എന്നു പറയുമ്പോള്‍ ആ സിനിമ മുഴുവനായും യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി എന്നൊരര്‍ഥമൊരിക്കലുമില്ല. യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവത്തിനു മുന്നിലോ, പിന്നിലോ, ഇഴചേര്‍ത്തോ ഒക്കെ എഴുത്തുകാരന്‍ തന്‍റെ ഭാവനയെ സമര്‍ഥമായി വികസിപ്പിച്ചെടുക്കുന്നതാണ് അത്തരം സിനിമകള്‍. യഥാര്‍ഥ സംഭവത്തെ ഇരുപതു ശതമാനം എന്നു വെറുതെ സങ്കല്‍പിച്ചാല്‍ ബാക്കി എണ്‍പതു ശതമാനം എഴുത്തുകാരന്‍റെ കയ്യിലാണ്. അതില്‍ അയാള്‍ എത്ര കണ്ട് വിജയിക്കുന്നുവോ അതായിരിക്കും ആ സിനിമയുടെ വിജയരഹസ്യം.
ഇത്തരത്തില്‍ യഥാര്‍ഥത്തില്‍ നടന്ന സംഭവങ്ങളെ ആധാരമാക്കി നിര്‍മിച്ച സിനിമയാണ് 'ഉയിര്‍'/ 2026/മലയാളം/145 മിനിറ്റ്. കണ്ണൂര്‍ ജില്ലയിലെ ധര്‍മടം പൊലീസ്സ്റ്റേഷന്‍റെ പരിധിയില്‍വരുന്ന ഒരു ഗ്രാമത്തില്‍ നടന്ന കൊലപാതകവും അതിന്‍റെ അന്വേഷണത്തിലൂടെയുമാണ് 'ഉയിര്‍' വികസിക്കുന്നത്. ഉദ്വേഗജനക ഒരു അപസര്‍പ്പകകഥ എന്നനിലയില്‍ 'ഉയിര്‍' ഏറെക്കുറെ വിജയിച്ചു എന്നുതന്നെ പറയാം. ത്രില്ലര്‍ ഷോണ്‍റയില്‍ സുഖമായി ഒഴുകിക്കൊണ്ടിരുന്ന സിനിമ വൈകാരികമായി സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സഹനത്തിന്‍റെയും പുതിയൊരു മാനം കാഴ്ചക്കാര്‍ക്കു നല്‍കിയാണ് അവസാനിക്കുന്നത്. അതുകൊണ്ട് സിനിമയെ അപസര്‍പ്പക കഥകളുടെ പട്ടികയില്‍മാത്രം പെടുത്താനുമാവില്ല. ആദ്യം പറഞ്ഞപോലെ എഴുത്തുകാരന്‍റെ ഭാവനാസമ്പത്തിന് ഉദാഹരണമാണത്.
അന്വേഷണ ഉദ്യോഗസ്ഥനായി തിരശ്ശീലയിലെത്തുന്നത് റോഷന്‍ മാത്യു ആണ്. ഒപ്പം ബൈജു സന്തോഷ്, ശ്രുതി മേനോന്‍, വിനോദ് സാഗര്‍ തുടങ്ങിയ പ്രമുഖരും വിവിധ വേഷങ്ങളിലെത്തുന്നു. സംവിധാനം എം. പത്മകുമാറും രചന ഷാജി മാറാടും നിഖില്‍ കെ. മേനോനും ചേര്‍ന്നു നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയും എഡിറ്റിങ് രഞ്ജന്‍ എബ്രഹാമും സംഗീതം മണികണ്ഠന്‍ അയ്യപ്പയും നിര്‍വഹിച്ചിരിക്കുന്നു.
ധര്‍മടം പൊലീസ് സ്റ്റേഷന്‍റെ പരിധിയില്‍വരുന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കൊലപാതകത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. കൊല്ലപ്പെട്ട സ്ത്രീക്ക് തന്‍റെ മക്കളെ മുംബൈയിലേക്കു പുറപ്പെടുന്ന ട്രെയിനില്‍ നഷ്ടപ്പെടുന്നതാണ് സിനിമയുടെ ഹൃദയഭേദകമായ ഭാഗം. അന്വേഷണ ഉദ്യോഗസ്ഥന്‍ കുട്ടികളെ അന്വേഷിച്ച് മുബൈയ്ക്കു പുറപ്പെടുന്നതും കണ്ടെത്തുന്നതുംകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ഉദ്വേഗജനകമായ സിനിമയെ വൈകാരികതലത്തിലേക്കു തള്ളിവിടുന്നത് അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുംബൈയാത്രകളും അവിടത്തെ കാഴ്ചകളുമാണ്.
കൊലപാതകം അന്വേഷിക്കാന്‍വരുന്ന എസ്ഐ അജീബ് റഹ്മാന്‍റെ വേഷമാണ് റോഷന്‍ മാത്യു ചെയ്തിരിക്കുന്നത്. റോഷന്‍ ജീവന്‍കൊടുത്ത അജീബ് റഹ്മാന്‍ യഥാര്‍ഥത്തിലുള്ള വ്യക്തിയാണ്. താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ഇപ്പോള്‍ സേവനംചെയ്യുന്ന അദ്ദേഹത്തിന്‍റെ പേര് എസ്. അന്‍ഷാദ് എന്നാണ്. യഥാര്‍ഥ ജീവിതത്തില്‍ സ്വന്തം ജീവന്‍ പണയംവച്ച് മുംബൈപോലൊരു നഗരത്തില്‍ച്ചെന്ന് ആ കുട്ടികളെ കണ്ടുപിടിച്ച് തിരികെ നാട്ടിലെത്തിച്ചു. മുംബൈപോലെ നിയമത്തിനും നിയമപാലകര്‍ക്കും യാതൊരു വിലയും കല്പിക്കാതെ വിഹരിക്കുന്ന ഒരുപറ്റം കിരാതരായ മനുഷ്യരുടെ കയ്യില്‍ പെട്ടുപോയ രണ്ടു കുട്ടികളെ സ്വന്തം ജീവന്‍ പണയംവച്ച് നേടിയ അന്‍ഷാദിനെ ക്രിസ്തുദര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഉപമിക്കുന്നതില്‍ എന്തെങ്കിലും ശരികേടുണ്ടെന്നു വിചാരിക്കുന്നില്ല. എന്തെന്നാല്‍ ക്രിസ്തു പഠിപ്പിച്ച ഏറ്റവും വലിയ ദര്‍ശനം വി. യോഹന്നാന്‍റെ പുസ്തകത്തിലെ പതിനഞ്ചാം അധ്യായത്തിലെ പതിമൂന്നാം വാക്യമാണ്. സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹം ഇല്ല (യോഹന്നാന്‍ 15:13). സ്വന്തം ജീവന്‍ കുറെ കൊടുംകുറ്റവാളികളുടെ കയ്യില്‍ ഇട്ടുകൊടുത്ത് രണ്ടു കുരുന്നു ജീവനുകളെ രക്ഷിച്ച് സ്വന്തം ജീവിതത്തിലേക്കു കൂടെക്കൂട്ടിയ ആളാണ് അദ്ദേഹം. അവിടെനിന്നും മോചിപ്പിച്ചു എന്നുമാത്രമല്ല ഇപ്പോഴും അവര്‍ക്ക് അഭയവും ആശ്രയവും ആയി അയാള്‍ അവരോടൊപ്പം ജീവിക്കുന്നു. കുട്ടികളുടെ ഭാവിയെപ്രതി അവരെ പരസ്യപ്പെടുത്തുന്നില്ല എന്നുമാത്രം.
ചെറുപ്പത്തില്‍ സ്വന്തം സഹോദരിയെ ട്രെയിനില്‍വച്ചു കാണാതായതിന്‍റെ ഭീകരത അജീബ് റഹ്മാനെ വേട്ടയാടുന്നതായി സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. അങ്ങനെയൊന്നുണ്ടെങ്കില്‍ മാത്രമേ അയാളില്‍ മനുഷ്യത്വം പ്രവര്‍ത്തിക്കൂ എന്നൊരു അതിവായന സംവിധായകന്‍ ഇതിലൂടെ നടത്തിയിട്ടുണ്ടെങ്കില്‍ അയാള്‍ മനുഷ്യമനസ്സുകളെക്കുറിച്ച് ഇനിയും പഠിക്കാനുണ്ടെന്നു മാത്രമേ പറയാനാവൂ. ജാതിയും മതവും പറഞ്ഞ് നിരന്തരം പോരടിക്കുന്ന മനുഷ്യര്‍ ഒന്നിച്ചുനില്‍ക്കേണ്ട സന്ദര്‍ഭങ്ങളില്‍ എല്ലാം മറന്ന് ഒന്നിച്ചുനില്‍ക്കുന്നത് നമ്മള്‍ നിരന്തരം കാണുന്ന കാഴ്ചയാണ്.
അസ്സീസി മാസികയില്‍ വിവിധ കാലഘട്ടങ്ങളില്‍ പ്രസിദ്ധീകരിച്ച വ്യത്യസ്ത ലേഖനങ്ങളിലെല്ലാം (2025 ഒക്ടോബര്‍: 'നരിവേട്ട' ഒരു സത്യ കഥയോ?), (2026 ജനുവരി: 'കല-രാഷ്ട്രീയം-പോരാട്ടം'), (2026 മെയ്: 'വംശീയതയുടെ ജീവതന്മാത്രകള്‍') പൊലീസിന്‍റെ അപ്രമാദിത്യവും ക്രൂരതയും സിനിമയ്ക്കാധാരമായതിന്‍റെ ചര്‍ച്ചകളായിരുന്നെങ്കില്‍ 'ഉയിര്‍' എന്ന സിനിമയ്ക്കു പറയാനുള്ളത് കാക്കിക്കുള്ളിലെ ഒരു മാലാഖയുടെ കഥയാണ്. മേല്‍ പറഞ്ഞവയെല്ലാം യഥാര്‍ഥ കഥയെത്തന്നെ ആസ്പദമാക്കിയുള്ളതായതിനാല്‍ അവയൊന്നും ഒരു തൂലികയില്‍ പിറന്ന ഭാവനാ കഥാപാത്രങ്ങളല്ല. കാക്കി അധികാരത്തിലുള്ളവന്‍റെ മര്‍ദനോപാധിയാണെന്നതില്‍ തര്‍ക്കമില്ല എന്നു പറയുമ്പോഴും മരുഭൂമിയിലെ ചെറു വെള്ളക്കെട്ടുകള്‍പോലെ ഇങ്ങനെയും ചിലര്‍ നമ്മളോടൊപ്പം ജീവിക്കുന്നു എന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.
അപസര്‍പ്പക കഥയായതുകൊണ്ട് കഥയുടെ സാരാംശം പരമാവധി ഒഴിവാക്കിയിട്ടുണ്ട്. അത് ഇതുവരെ സിനിമ കണ്ടിട്ടില്ലാത്തവര്‍ക്ക് എന്നെങ്കിലും കാണുമ്പോഴുണ്ടായേക്കാവുന്ന ആകാംക്ഷയ്ക്ക് ഭംഗം വരാതിരിക്കാനാണ്. ആകാംക്ഷയ്ക്കും അപ്പുറം ഹൃദയത്തെ സാന്ദ്രമാക്കുന്ന ചിലതുകൂടി സംവിധായകന്‍ ഇതില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്. അത് എസ്. അന്‍ഷാദ് എന്ന മനുഷ്യസ്നേഹിയുടെ ത്യാഗത്തിന്‍റെ നിമിഷങ്ങളാണ്. അതിലൂടെ ഒരു നൂറ് അന്‍ഷാദുമാര്‍ക്കുള്ള ഊര്‍ജമാണ് സംവിധായകന്‍ പത്മകുമാര്‍ തന്‍റെ ഫ്രെയിമുകളിലൂടെ സമൂഹത്തിനു നല്‍കിയത്. അതിനുമപ്പുറം സിനിമ എന്ന കലയ്ക്ക് എന്തുവേണം.
ഉയിരുകൊടുത്ത് അന്യനെ സ്നേഹിച്ചവന്‍
വിനീത് ജോണ്‍
അസ്സീസി മാസിക, നവംബർ 2026















































































































