top of page

നേര്‍ക്കുനേര്‍ ബന്ധങ്ങളും മനോനിലയും

Writer: ടോം മാത്യു
ടോം മാത്യു
Nov 13
2 min read
two persons in a conversation
വിഷാദരോഗ(depression)ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(bipolar disorder)ത്തിനും മരുന്നില്ലാ ചികിത്സയായി സ്വാനുഭവത്തില്‍നിന്ന് ഡോ. ലിസ് മില്ലര്‍ ആവിഷ്കരിച്ച മനോനില ചിത്രണ(mood mapping)ത്തിന്‍റെ പതിനാലു ദിനം പൂര്‍ത്തിയാക്കിയതിനുശേഷം നാം അനുബന്ധമായി മനോനില അഥവാ 'മൂഡി'നെക്കുറിച്ചു ചര്‍ച്ചചെയ്യുകയാണ് നമ്മുടെ മനോനിലയും മറ്റുള്ളവരുമായുള്ള ബന്ധവുമാണ് നാം ഇപ്പോള്‍ വിശകലനംചെയ്യുന്നത്. നേര്‍ക്കുനേര്‍ ബന്ധങ്ങളില്‍ നമ്മുടെ 'മൂഡ്' വഹിക്കുന്ന പങ്ക് ഈ ലക്കത്തില്‍ പരിശോധിക്കുന്നു.

രണ്ടു പേര്‍ കണ്ടുമുട്ടുമ്പോള്‍ അവരുടെ ഓരോരുത്തരുടെയും മനോനില കള്‍ ഒന്നിച്ചുചേരുകയും ഇരുവര്‍ക്കും യോജിച്ച പൊതുവായൊരു മനോനില അഥവാ 'മൂഡ്' രൂപപ്പെടുകയും ചെയ്യേണ്ടതുണ്ട്. രണ്ടിലൊരാളുടെ മനോനില ശക്തമെങ്കില്‍ അത് മറ്റേയാളുടെ മനസ്സില്‍ മതിപ്പുളവാക്കുകയും അയാളുടെ മനോനിലയെ സ്വാധീനിക്കുകയും ചെയ്തേക്കാം. കര്‍മനിരതര്‍ക്ക് അഥവാ ശക്തമായ വ്യക്തിത്വമുള്ളവര്‍ക്ക് മന്ദഗതിക്കാര്‍ അഥവാ നാണംകുണുങ്ങികളെക്കാള്‍ ശക്തമായ മനോനില ഉണ്ടാവും. ശക്തമായ ബഹിര്‍മുഖ വ്യക്തിത്വമുള്ളവര്‍ക്ക് അവരുടെ ശക്തമായ മനോനിലയുടെ മേല്‍ക്കോയ്മയാല്‍ ലജ്ജാശീലരുമായി ഒത്തുപോകാന്‍ കഴിയും. അതുപോലെതന്നെ ദുര്‍ബല ബഹിര്‍മുഖ വ്യക്തിത്വമുള്ളവര്‍ ശാന്തരെങ്കിലും കരുത്തുള്ള അന്തര്‍മുഖ വ്യക്തിത്വമുള്ളവരുമായും ചേര്‍ന്നുപോകും.


പരസ്പരം സംസാരിച്ചില്ലെങ്കില്‍പോലും ഒരേ മനോനില പങ്കുവയ്ക്കുന്ന ആളുകളുണ്ട്. എന്നാല്‍ അതു പക്ഷേ, ടെലഫോണ്‍ സംഭാഷണങ്ങളിലോ ഇ മെയില്‍ ആശയവിനിമയത്തിലോ സാധ്യമല്ല. യഥാര്‍ഥത്തില്‍ നേരിട്ടുള്ള കൂടിച്ചേരലുകളില്‍ മാത്രമേ നമ്മുടെ മനോനിലകള്‍ ഒരേ നിലയിലാകുന്നതിനുള്ള സാധ്യത തെളിയുന്നുള്ളൂ. ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതിലും ആശയവിനിമയം വികസിപ്പിക്കുന്നതിലും മനോനില അനുയോജ്യമാവേണ്ടത് അത്യാവശ്യമാണ്. രണ്ടു പേര്‍ മനോനില പങ്കുവയ്ക്കുമ്പോള്‍ അവരുടെ കൂടിച്ചേരല്‍ ചൈതന്യവത്താകുന്നു. ആ ബന്ധം ഒരേ താളം കൈവരിക്കുന്നു. ഒരേ മനോനില ഇരുവര്‍ക്കും ആത്മവിശ്വാസം പകരുന്നു. ബന്ധം ആഴപ്പെടുന്നു. മനോനിലയുടെ പങ്കുവയ്ക്കല്‍ പരസ്പരധാരണയും വളര്‍ത്തുന്നു.


ബിസിനസുകാര്‍ ഒരു മീറ്റിങ് ചേരുന്നതിന് ഏറെ ദൂരം ഒരുമിച്ചു യാത്രചെയ്യുന്നതിന്‍റെ രഹസ്യം മറ്റൊന്നല്ല. വിശ്വാസവും പൊതുനിലപാടുകളും രൂപപ്പെടുത്തുന്നതിന് അവര്‍ പരസ്പരം മനസ്സിലാക്കുകയും ഒരേ മനോനില കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. ഒരേ മനോനില പങ്കിടാന്‍ കഴിയാത്തിടത്ത് തെറ്റിദ്ധാരണകള്‍ രൂപപ്പെടുന്നു.


നേര്‍ക്കുനേര്‍ ബന്ധങ്ങളില്‍ മനോനില കൈകാര്യംചെയ്യുന്നതിനുള്ള തന്ത്രങ്ങള്‍


* മറ്റേ ആളുടെ മനോനിലയുമായി ഒത്തുപോകുംവിധം നമ്മുടെ സംഭാഷണവും ശരീരചലനങ്ങളും ക്രമപ്പെടുത്തുക. മറ്റേ ആള്‍ മന്ദഗതിക്കാരെങ്കില്‍ സംഭാഷണം സാവകാശമാക്കുക. അവര്‍ക്ക് ആവശ്യമായ സാവകാശം നല്‍കുക. അവര്‍ നിങ്ങളെക്കാള്‍ ഊര്‍ജസ്വലരെങ്കില്‍ നിങ്ങളും അതിനൊത്ത് ഉയരുക. മനോനില പൊരുത്തപ്പെടുന്നതോടെ നിങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും സുഗമമാകും.


* ആശയവിനിമയം സാധ്യമായിക്കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് അവരുടെ താളത്തിനൊപ്പം പോകുകയോ നിങ്ങളുടെ താളം തുടരുകയോ ചെയ്യാം. മറ്റേ ആളെ ശാന്തമാക്കണമെന്നുണ്ടെങ്കില്‍ സാവകാശം സംഭാഷണത്തിന്‍റെ താളവേഗം കുറച്ചുകൊണ്ടുവരിക. അവരെ കേള്‍ക്കുകയും സംഭാഷണം പ്രസാദാത്മകമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.


* നിങ്ങളുടെ ഉദ്ദേശ്യത്തിനും പരിഗണനയ്ക്കും യോജിച്ച വാക്കുകള്‍ തിരഞ്ഞെടുക്കുക. ഒരു പ്രശ്നം പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നു നിങ്ങള്‍ പറഞ്ഞാല്‍ അതു ചെയ്യാന്‍ ഉദ്ദേശിച്ചുതന്നെയാവണം. കാപട്യങ്ങള്‍ മറ്റേയാള്‍ തിരിച്ചറിയുകയും അതു വിശ്വാസമില്ലായ്മയിലേക്കു നയിക്കുകയും ചെയ്യും. വിശ്വാസമില്ലായ്മ പൊതു മനോനിലയ്ക്ക് തടസ്സമാവുകയും ആശയവിനിമയം അസാധ്യമാക്കുകയും ചെയ്യും.


* മറ്റേ ആള്‍ അത്യധികം ഊര്‍ജസ്വലനെങ്കില്‍ ആ ഊര്‍ജം ഒന്നടങ്ങാന്‍ കാത്തിരിക്കുക. അതിനുശേഷം പതിയെ ശാന്തതയിലേക്ക് ആനയിക്കുക.


* മറ്റേ ആള്‍ വിഷാദത്തിലെങ്കില്‍ അവര്‍ക്ക് സ്വയം അവരുടെ ഊര്‍ജനില ഉയര്‍ത്താനാവില്ല. അതിനാല്‍, നിങ്ങള്‍ നിങ്ങളുടെ സംഭാഷണത്തിന്‍റെ ഗതിവേഗം കുറയ്ക്കേണ്ടതുണ്ട്, അവരുടെ മനോനിലയ്ക്ക് അനുയോജ്യമായ നിലയില്‍ എത്തുംവരെ.

(തുടരും...)


നേര്‍ക്കുനേര്‍ ബന്ധങ്ങളും മനോനിലയും

ടോം മാത്യു

അസ്സീസി മാസിക, നവംബർ 2026

bottom of page