മകളേ, നിന്നെയോര്‍ത്ത് രാജ്യം അഭിമാനിക്കട്ടെ!


ദില്ലിയില്‍ നടക്കുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളില്‍ നേതൃപരമായ പങ്കുവഹിക്കുകയും അറസ്റ്റും ലോക്കപ്പും ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടുകയും ചെയ്ത ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (ഐസ) പ്രസിഡന്‍റ് നേഹ ബോറയെക്കുറിച്ച് പിതൃസ്ഥാനത്തു നിന്നുകൊണ്ട് കെ. ശരത് ഹസ്കര്‍ എഴുതിയ കത്ത്. പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എക്സില്‍ പങ്കുവച്ച, ഹൃദയത്തിന്‍റെ ഭാഷയില്‍ എഴുതിയ വൈകാരിക ആഴമുള്ള ഈ കത്ത് എല്ലാ ഇന്ത്യക്കാരും വായിച്ചിരിക്കേണ്ടതാണ്.
വിവാഹിതനാകുമ്പോള്‍ ഒരു കുട്ടി മതി എന്നായിരുന്നു എന്‍റെ തീരുമാനം. അതൊരു പെണ്‍കുട്ടിയാകണമെന്ന് ഉള്ളംകൊതിച്ചു. പെണ്‍മകളാല്‍ ഞാന്‍ അനുഗൃഹീതനായി. അവളെ ആദ്യം കയ്യിലെടുക്കുമ്പോള്‍ ഞാനവള്‍ക്ക് ഒരു വാക്കുകൊടുത്തു. എന്‍റെ സമയത്തിനായി നിനക്ക് ഒരിക്കലും കാത്തുനില്‍ക്കേണ്ടിവരില്ല. എന്‍റെ ശ്രദ്ധയ്ക്കായി നീ ഒരിക്കലും മെനക്കെടേണ്ടിവരില്ല. എനിക്കുള്ളതെല്ലാം, എന്‍റെ സ്നേഹവും സമയവും ശ്രദ്ധയും പൂര്‍ണമായും എപ്പോഴും നിനക്കുള്ളതാണ്.
നാലും അഞ്ചും കുട്ടികളുള്ള കുടുംബങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. കുട്ടികളുടെ പരിചരണത്തിന് മാതാപിതാക്കാള്‍ രാപകല്‍ പെടാപ്പാടുപെടുന്നു. എന്നിട്ടും ചില കുട്ടികള്‍ക്ക് കാത്തിരിക്കേണ്ടിവരുന്നു. നമ്മുടെ നാട്ടില്‍ ജനങ്ങള്‍ കൂടുതലാണെന്ന് എനിക്കു തോന്നിയിരുന്നു. പ്രകൃതി അതിനു പിഴയൊടുക്കുന്നു. ഒരു കുട്ടി മതി എന്നതാണ് ശരി. ഉത്തരവാദിത്തപൂര്‍ണമായ തീരുമാനമാണതെന്ന് വര്‍ഷങ്ങളോളം ഞാന്‍ വിശ്വസിച്ചു. ഞാനതിനെ ചോദ്യംചെയ്തില്ല.
പിന്നെ, ഈ വര്‍ഷം ഞാന്‍ നേഹ ബോറയെ കണ്ടു. 29 വയസ്സാണ് അവള്‍ക്ക്. ജെഎന്‍യുവില്‍ ഗവേഷകവിദ്യാര്‍ഥി. നാടകപ്രവര്‍ത്തകയുമാണ്. ഉത്തരാഖണ്ഡിലെ ചെറിയൊരു പട്ടണമായ ഖാട്ടിമയാണ് അവളുടെ ജന്മനാട്. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നപ്പോള്‍ അവള്‍ ജന്തര്‍മന്ദിറില്‍ നിരാഹാരമിരുന്നു. താന്‍ അറിയുകപോലുമില്ലാത്ത കുട്ടികള്‍ക്കായി. വര്‍ഷങ്ങളായി ഉറക്കമിളച്ചു പഠിച്ച കുട്ടികള്‍. സമ്പാദ്യത്തിന്‍റെ നല്ലൊരു പങ്ക് കോച്ചിങ്സെന്‍ററുകളില്‍ ചെലവിട്ട മാതാപിതാക്കള്‍. അവര്‍ തോല്‍പ്പിക്കപ്പെട്ടു.
23 ദിവസം അവള്‍ പട്ടിണികിടന്നു. തിരാഹാരം തുടങ്ങുമ്പോള്‍ 66 കിലോ തൂക്കമുണ്ടായിരുന്നു അവള്‍ക്ക്. അത് 59 കിലോയില്‍ താഴെയായി. ഏഴു കിലോയിലേറെ ശരീരഭാരം നഷ്ടമായ അവളുടെ രക്തം ദിവസം മൂന്നുനാലു തവണ ഡോക്ടര്‍മാര്‍ പരിശോധനയ്ക്കായി എടുത്തുകൊണ്ടിരുന്നു.
അതു വായിച്ച അന്നു രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവളുടെ സ്ഥാനത്ത് ഞാന്‍ എന്‍റെ മകളെ കണ്ടു. ആ കാഴ്ച മനസ്സില്‍നിന്നു മായുന്നില്ല. കത്തുന്ന ചൂടില്‍ ദല്‍ഹിയിലെ തെരുവോരത്ത്, ക്ഷീണിതയും അവശയുമായി... ഒരു ഡോക്ടര്‍ വീണ്ടും അവളുടെ കൈത്തണ്ട കയ്യിലെടുക്കുന്നു. എനിക്ക് അതു കണ്ടുനില്‍ക്കാനാവില്ലായിരുന്നു എന്നെനിക്കറിയാം. നിരാഹാരം അവസാനിപ്പിക്കാന്‍ ഞാന്‍ അവളോടു കെഞ്ചിയേനേ. തന്‍റെ ദൗത്യം പൂര്‍ത്തിയാകുംവരെ നേഹ പക്ഷേ, പിന്‍വാങ്ങിയില്ല. ഒടുവില്‍ നിരാഹാരം അവസാനിപ്പിക്കവേ, തന്‍റെ ശരീരം ഭക്ഷണം കഴിക്കേണ്ടത് എങ്ങനെയെന്നു മറന്നുപോയെന്ന് അവള്‍ പറഞ്ഞു. വീണ്ടും, ഒരു ശിശുവിനെപ്പോലെ കഴിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. അപ്പോഴും, ദുര്‍ബലയെങ്കിലും പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ 600ലേറെ വിദ്യാര്‍ഥികളെ കാണാന്‍ അവള്‍ ബിഹാറിലേക്കുപോയി. അല്‍പം വിശ്രമിക്കാന്‍ വീട്ടിലേക്കുപോകാം എന്നവള്‍ കരുതിയില്ല. തന്നോടൊപ്പം നിന്നവരെ തേടി അവള്‍ എത്തി.
മനഃശാന്തിക്കുള്ള ഉപായങ്ങള്‍ നിര്‍ദേശിക്കുന്ന ആളാണ് ഞാന്‍. മാനസികോര്‍ജവുമായി ദിനവും ഇടപഴകുന്ന ആള്‍. രോഷം എത്ര ഭാരപ്പെട്ടതെന്ന് എനിക്കറിയാം. അത് അധികകാലം താങ്ങാന്‍ ആര്‍ക്കുമാവില്ല. ഭക്ഷണമില്ലാത്ത 23 ദിവസം ക്ഷോഭത്തില്‍ കഴിയാന്‍ ആര്‍ക്കുമാവില്ല. സ്നേഹത്തിനേ അത്രയും ദിവസം നിങ്ങളെ നിലനിര്‍ത്താനാകൂ.
പിന്നെ, അവളുടെ പിതാവ് കരസേനയിലാണെന്നു ഞാന്‍ വായിച്ചു. പിതാവിന്‍റെ സ്ഥലംമാറ്റത്തിനൊപ്പം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് ആ കുടുംബം പറിച്ചുനടപ്പെട്ടു. എന്‍റെ ഭാര്യാപിതാവും സൈനികനായിരുന്നു. അമ്മായിയച്ഛന്‍ എന്ന് ഞാനദ്ദേഹത്തെ ഒരിക്കലും വിളിച്ചിട്ടില്ല. പപ്പാ എന്നുമാത്രം. എന്‍റെ ഭാര്യ 13 സ്കൂളുകളിലായാണ് പഠനം പൂര്‍ത്തിയാക്കിയത്. 13 ആദ്യ സ്കൂള്‍ദിനങ്ങള്‍. സഹപാഠികളുടെ പേര്‍പോലും അറിയാത്ത അപരിചിതമായ ഒരു ക്ലാസ്മുറിയിലേക്കു പതിമൂന്നു തവണ അവള്‍ക്കു കയറിച്ചെല്ലേണ്ടിവന്നു. പിന്നീടൊരിക്കലും കണ്ടേക്കില്ലെന്ന വിങ്ങലോടെ പതിമൂന്നു തവണ കൂട്ടുകാരോടു വിടചൊല്ലി. ചിരിച്ചുകൊണ്ടു വിടചൊല്ലാനും ഭാണ്ഡംമുറുക്കാനും ആദ്യംമുതല്‍ വീണ്ടും തുടങ്ങാനും പഠിക്കുന്നവരാണ് സൈനികരുടെ മക്കള്‍. അതെത്ര മുറിവേല്‍പിക്കുന്നുവെന്ന് അവരോടാരും ചോദിക്കാറില്ല. ആ കരുത്ത് ദിനവും ഞാനെന്‍റെ ഭാര്യയില്‍ കാണാറുണ്ട്.
ദേശദ്രോഹി എന്നു വിളിച്ച് അവളുടെ മുഖത്ത് ആരോ മഷി തൂവി, റാഞ്ചിയില്‍വച്ച്. ഡല്‍ഹിയില്‍ വെടിയുണ്ടകളും ലാത്തികളും താന്‍ നേരിട്ടുകഴിഞ്ഞുവെന്ന് അവള്‍ മറുപടി പറഞ്ഞു. മഷി അവളെ ഭയപ്പെടുത്തില്ല. മഷി പുറമേ മലിനമാക്കുന്നു, അത്രമാത്രം. ഉള്ളിലേക്കെടുത്താല്‍ മാത്രമേ നിങ്ങള്‍ക്കെതിരായ ആക്രമണം നിങ്ങളെ ബാധിക്കൂ എന്നു പറയാറുണ്ട്. അവള്‍ക്കതറിയാം. അവളുടെ കുടുംബം അവളുടെ നിലപാടുകളോട് അത്രകണ്ടു യോജിക്കുന്നില്ല. വീട്ടില്‍ അതിന്‍റെ പേരില്‍ സംഘര്‍ഷങ്ങളുണ്ട്. എന്നാല്‍, നിരാഹാരസമയത്ത് അവളുടെ അമ്മ ജന്തര്‍മന്ദിറിലേക്കു വന്നു.
അവര്‍ പരസ്പരം എന്തു പറഞ്ഞുവെന്ന് എനിക്കറിയില്ല. അതറിയേണ്ട കാര്യവും എനിക്കില്ല. ഞാനുമൊരു രക്ഷാകര്‍ത്താവാണ്. തെരുവോരത്ത് അവശയും ക്ഷീണിതയുമായി, എന്നാല്‍ മനഃസ്ഥൈര്യം വിടാതെ സ്വന്തം മകളെ കാണുന്ന ഒരമ്മയുടെ വികാരം എന്തെന്ന് എനിക്കറിയാം. എല്ലാ വഴക്കുകളും ആ നിമിഷം അവിടെ അവസാനിക്കുന്നു. ഇതെന്‍റെ കുട്ടി എന്നതുമാത്രം ശേഷിക്കുന്നു. അച്ഛന്‍ തന്നോട്
ഇതുവരെ മിണ്ടിയിട്ടില്ലെന്നു നേഹ പറയുന്നു. എനിക്ക് അദ്ദേഹത്തെ അറിയില്ല. പക്ഷേ, ഞാനുമൊരു അച്ഛനാണ്. ചില കാര്യങ്ങള്‍ തുറന്നുപറയാന്‍ ആണുങ്ങള്‍ എന്നനിലയില്‍ എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. അതിനാല്‍ അദ്ദേഹത്തിനു പറയാന്‍ കഴിയാത്ത കാര്യം, ഒരു പിതാവെന്നനിലയില്‍, അദ്ദേഹത്തിനുവേണ്ടി, അവളോട്, ഈ ചെന്നൈയില്‍നിന്ന് ഞാന്‍ പറഞ്ഞുകൊള്ളട്ടെ,
"മോളേ, നിന്നില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇനി പോയി ശരിക്ക് വല്ലതും കഴിക്കൂ..."
ഇതിനെല്ലാമിടയില്‍ അപ്രതീക്ഷിതമായി ഒരു ചിന്ത എന്നിലേക്കു കടന്നുവരുന്നു. ഒരു പെണ്‍കുട്ടികൂടി എനിക്കുണ്ടായിരുന്നെങ്കില്‍... നേഹയെപ്പോലെ ഒരാള്‍... അതെന്‍റെ മോളില്‍നിന്ന് ഒന്നും അപഹരിക്കില്ല. അവളാണെന്‍റെ ലോകം. അതങ്ങനെതന്നെ ആയിരിക്കുകയുംചെയ്യും. പക്ഷേ, നേഹ, എന്നോടുതന്നെ കഠിനമായ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ നിര്‍ബന്ധിതനാക്കും. ജീവിതകാലമത്രയും നമ്മുടെ കുട്ടികളെ നാം സുരക്ഷിതരായി കാത്തുപോന്നു. അവരിനിയും സുരക്ഷിതരായി തുടരാന്‍ നാം ആഗ്രഹിക്കുന്നു. പുറന്തള്ളപ്പെടുന്നവരെ
തിരിഞ്ഞൊന്നു നോക്കാന്‍ നാം അവരെ എന്നെങ്കിലും പഠിപ്പിച്ചുവോ? ഒരിക്കല്‍ അവര്‍ മറ്റുള്ളവര്‍ക്കായി നിലകൊണ്ടാല്‍ നാം അവര്‍ക്കൊപ്പം നില്‍ക്കുമോ? നേഹയുടെ അമ്മ നിന്നതുപോലെ? അതോ, വീട്ടില്‍വന്ന് അടങ്ങിയൊതുങ്ങി മിണ്ടാതിരിക്കാന്‍ നാം അവരോട് ആവശ്യപ്പെടുമോ?
നമ്മുടെ കടമ ആ വിളക്ക് കെടാതെ കാക്കുകയാണ്. അതു നമ്മെ ഭയപ്പെടുത്തുന്നു എങ്കില്‍പോലും.
വിവ: ടോം മാത്യു
മകളേ, നിന്നെയോര്‍ത്ത് രാജ്യം അഭിമാനിക്കട്ടെ!
അസ്സീസി മാസിക, നവംബർ 2026














































































































