പകരം വീട്ടൽ

Updated: Mar 13

ലോകത്ത് മിക്കയിടത്തും നിലനില്ക്കുന്ന പൊതുവായ ഒരു ആത്മീയ ചിന്തയാണ് 'പകവീട്ടൽ ദൈവശാസ്ത്രം' അല്ലെങ്കിൽ 'പകരത്തിനു പകരം ആത്മീയത' എന്ന പേരിൽ അറിയപ്പെടുന്നത്. ഇപ്പറഞ്ഞ ചിന്ത ഇന്ന മതത്തിലേ ഉള്ളൂ എന്നില്ല. ഏതാണ്ട് എല്ലാ മതങ്ങളിലും മേൽപ്പറഞ്ഞ ദൈവശാസ്ത്രം പിന്തുടരുന്ന ആളുകൾ ഉണ്ടാകും. ബൈബിളിലും - പ്രത്യേകിച്ച് പഴയ നിയമത്തിൽ - ഇങ്ങനെ വായിച്ചെടുക്കാവുന്ന ധാരാളം സന്ദർഭങ്ങൾ കാണാനുണ്ട്. ദൈവാനുഗ്രഹങ്ങൾ നാം പ്രാപിക്കുകയാണ് എന്നതാണ് മേല്പറഞ്ഞ ദൈവശാസ്ത്രത്തിൻ്റെ ആധാരം. നാം ഈ ജീവിതത്തിൽ നന്മ ചെയ്താൽ തൻ്റെ നന്മകൾ ദൈവം നമ്മിലേക്ക് ചൊരിയും. നാം തിന്മ ചെയ്താൽ ദൈവം നമ്മെ ശിക്ഷിക്കും. കാരണം, ദൈവം നീതിമാനാണ്. അതുകൊണ്ടുതന്നെ, ലോകത്തിൽ നമുക്കുചുറ്റും കാണുന്ന മനുഷ്യ സഹനങ്ങൾ അവരുടെ തിന്മയുടെ അല്ലെങ്കിൽ അവർ ചെയ്ത പാപത്തിന്റെ ഫലമാണ്. അവരല്ലെങ്കിൽ അവരുടെ മുൻതലമുറക്കാർ ചെയ്ത തിന്മയുടെ ഫലമായിരിക്കുമത്.
നമ്മുടെ ജീവിതത്തിലും നമുക്ക് ചുറ്റിലും കണ്ണോടിച്ചാൽ ഈ ഒരു നിലപാടിനെ സാധൂകരിക്കുന്ന പല വാദമുഖങ്ങളും നമുക്ക് കണ്ടെത്താനാവും. മദ്യമോ മയക്കുമരുന്നോ നിരന്തരം ഉപയോഗിച്ച് ജീവിക്കുന്നയാൾ തൻ്റെതന്നെ ആരോഗ്യം അപകടത്തിലാക്കുന്നു. അതുപോലെ തന്റെ കുടുംബത്തിൻ്റെ സുസ്ഥിതിയും നശിപ്പിക്കുന്നു എന്നുവരാം. വഴിവിട്ട, അല്ലെങ്കിൽ അസന്മാർഗികമായ മാർഗങ്ങളിലൂടെ സമ്പത്ത് ആർജിക്കുന്ന ആൾ ഒരിക്കൽ കുറ്റം ചാർത്തപ്പെടുകയും, കാരാഗൃഹത്തിൽ അടക്കപ്പെടുകയും സമ്പാദിച്ചതെല്ലാം കൈവിട്ടു പോകുകയും ചെയ്തേക്കാം. ഇങ്ങനെ ഒത്തിരി ഉദാഹരണങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും. അതുകൊണ്ടുതന്നെ, ഒരുതരത്തിൽ പറഞ്ഞാൽ പകരംവീട്ടൽ ദൈവശാസ്ത്രം ശരിയാണെന്ന് പലരും വിശ്വസിക്കുന്നതിൽ കുറ്റംപറയാനാവില്ല.
ഏതു കാര്യത്തെയും ന്യായീകരിക്കാൻ പറ്റിയ വിഭവങ്ങൾ മിക്ക മതഗ്രന്ഥങ്ങളിലുമെന്ന പോലെ ബൈബിളിലും നമുക്ക് കണ്ടെത്താനാവും. "ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്? ഇവൻ്റെയോ ഇവൻ്റെ മാതാപിതാക്കളുടെയോ?" എന്ന് ജന്മനാ അന്ധനായ ഒരാളെ ചൂണ്ടിക്കൊണ്ട് ശിഷ്യന്മാർ യേശുവിനോട് ചോദിക്കുന്നിടത്ത് 'പകരംവീട്ടൽ ദൈവശാസ്ത്ര'മാണ് ഉള്ളത്. യേശു അവന് കാഴ്ച നല്കുന്നു. പിന്നെ ആകെമൊത്തം കൺഫ്യൂഷനാണ്. അതുവരെ യാതൊരു കുഴപ്പവുമില്ലായിരുന്നതാണ്. ഫരിസേയർ പറയുന്ന മുഴുവൻ ന്യായങ്ങളും ഇതേ 'പകരംവീട്ടൽ ദൈവശാസ്ത്ര'ത്തിൻ്റെ ചുവടുപിടിച്ചാണ്. യേശുവിൻ്റെ ഉത്തരം വ്യക്തമാണ്. "ഇവൻ്റെയോ ഇവൻ്റെ മാതാപിതാക്കളുടെയോ പാപം നിമിത്തമല്ല..."
ഫരിസേയരുടെ ലോജിക്ക് ശരിയാണ് : സാബത്ത് ആചരിക്കണം എന്നത് ദൈവ കല്പനയാണ്.
യേശു സാബത്ത് ലംഘിച്ചു.
അതിനാൽ യേശു പാപിയാണ്.
ദൈവം പാപിയുടെ പ്രാർത്ഥന കേൾക്കുന്നില്ല.
മേല്പറഞ്ഞ ദൈവശാസ്ത്രമനുസരിച്ച് ദൈവത്തിൻ്റെ ശക്തി ഉപയോഗിച്ച് യേശുവിന് ഒരാളെ സൗഖ്യപ്പെടുത്താൻ കഴിയില്ല. അതുകൊണ്ടാണ് ഒത്തിരി തെളിവെടുപ്പുകൾ.
പഴയനിയമത്തിലെ പല മുഖ്യധാരാ നിലപാടുകളെയും ചോദ്യം ചെയ്യുകയും ഖണ്ഡിക്കുകയും ചെയ്യുന്ന രണ്ട് ചെറു ഗ്രന്ഥങ്ങളാണ് ജോബിൻ്റെ പുസ്തകവും യോനായുടെ പുസ്തകവും. ജോബിൻ്റെ പുസ്തകം ശക്തമായ ഭാഷയിൽ തിരുത്താൻ ശ്രമിക്കുന്നതും മേല്പറഞ്ഞ 'പകരംവീട്ടൽ ദൈവശാസ്ത്ര'മാണ്.


















































































































