top of page

അദൃശ്യം

Writer: George Valiapadath Capuchin
George Valiapadath Capuchin
Mar 4
1 min read

Updated: Mar 6

A clear water droplet sits on a green leaf with radiating veins. Yellow text reads "seeing the unseen," creating a reflective mood.

സാന്താ ക്ലാേസ് എന്നറിയപ്പെടുന്ന സെയ്ൻ്റ് നിക്ലാവോസിനും സെയ്ൻ്റ് വാലൻ്റെെനും ഇടയിൽ എന്താണ് പൊതുവായിട്ടുള്ളത്?

രണ്ടുപേരും മതപീഡനകാലത്ത് ജീവിച്ചവരാണ്. നിക്ലാവോസ് ബിഷപ്പായിരുന്നു. വാലൻ്റൈൻ ആദ്യം വൈദികനും പിന്നീട് ബിഷപ്പും ആയിത്തീർന്നു.

രണ്ടുപേരും രക്തസാക്ഷിത്വം വരിച്ചവരാണ്.

ഏറ്റവും പ്രധാനമായി രണ്ടുപേരുടെയും പേരുകേട്ട പ്രവർത്തനങ്ങൾ രഹസ്യമായിട്ടായിരുന്നു.

കൂടുതൽ ചെറുപ്പക്കാരെ പട്ടാളത്തിലേക്ക് എത്തിക്കാൻ ക്ലൗഡിയൂസ് ചക്രവർത്തി ചെറുപ്പക്കാരുടെ കല്യാണം നിരോധിച്ചിരുന്നു. വാലൻ്റെെനാവട്ടെ രഹസ്യമായി പ്രണയികളെ വിവാഹം ചെയ്യിച്ചു. അക്കാര്യം കണ്ടുപിടിക്കപ്പെടുകയും പൊതുവർഷം 270 ഫെബ്രുവരി 14 ന് അദ്ദേഹം വധിക്കപ്പെടുകയും ചെയ്തു എന്നാണ് കഥ. അങ്ങനെയാണ് അത് പ്രണയികളുടെ ദിനമായി മാറുന്നത്.


അത്രകണ്ട് രാഷ്ട്രീയമായ ഇടപെടലായിരുന്നില്ല നിക്ലാവോസിൻ്റേത്. രാത്രി നേരങ്ങളിൽ അദ്ദേഹം ദരിദ്ര ഭവനങ്ങളിൽ രഹസ്യമായി പണവും മറ്റും സമ്മാനമായി എത്തിച്ചു കൊണ്ടിരുന്നു എന്നാണ് കഥ. അദ്ദേഹവും വധിക്കപ്പെട്ടു. ഡിസംബർ 6-ാം തിയ്യതിയാണ് സെയ്ൻ്റ് നിക്ലാവോസ് ഡെയ്.


ഏതായാലും 'ക്രിസ്ത്യൻ' പരിവേഷങ്ങൾ കവിഞ്ഞു പോയവരാണ് ഇരുവരും. ലെജൻ്റുകൾ ആയിത്തീർന്നു ഇരുവരും. രണ്ടുപേരും മതേതരമായ ഐക്കണുകളായിത്തീർന്നു. മതത്തിനപ്പുറത്ത് സെക്കുലർ ലോകത്തിലേക്ക് അവർ കടന്നുപോയത് അവരുടെ പ്രവർത്തനങ്ങളിൽ ഉൾച്ചേർന്നിരുന്ന രഹസ്യ സ്വഭാവം കൊണ്ടാണ് എന്നാണ് ഞാൻ കരുതുന്നത്. പല നാടുകളിലെയും പല മതങ്ങളിലെയും തീവ്ര മതവാദികളൊഴികേ സെക്കുലർ ലോകം ഇരുവരെയും സ്വന്തമാക്കി ആഘോഷിക്കുന്നു.


"നിൻ്റെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ"; "നീ പ്രാർത്ഥിക്കുമ്പോൾ നിൻ്റെ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യമായി പ്രാർത്ഥിക്കുക"; "നിങ്ങൾ ഉപവസിക്കുമ്പോൾ.. വിഷാദം ഭാവിക്കാതെ.. ശിരസ്സിൽ തൈലം പുരട്ടിയും മുഖം കഴുകിയും ചെയ്യുക" : എന്നും മറ്റും വായിച്ചു കൊണ്ടാണ് നോമ്പുകാലം ആരംഭിച്ചത്.


പക്ഷേ ശരിയാണ്. "മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ", എന്നും പറയുന്നുണ്ട് യേശു.


അപ്പോൾ വീണ്ടും ചോദ്യമിതാണ്. നന്മ ചെയ്യുന്നത് രഹസ്യമായിരിക്കണമോ പരസ്യമായിരിക്കണമോ?

ഇങ്ങനെയേ പാടുള്ളൂ എന്ന് പറയാൻ ഞാൻ ആളല്ല. എന്നാൽ, ഒന്നുണ്ട്. തൻ്റെ പ്രവൃത്തികൾ പലപ്പോഴും രഹസ്യമാക്കി വെക്കാൻ ശ്രമിക്കുന്നുണ്ട് യേശു. ദൈവം എന്നും അദൃശ്യനാണല്ലോ. അദൃശ്യമായി ചെയ്യുന്നവയാണ് ദൈവിക പ്രവൃത്തിയോട് ചേർന്നുപോകുന്നവ.


bottom of page