ബീജം


വിശുദ്ധ ലിഖിതങ്ങളിൽ മുത്തുകളും പവിഴങ്ങളും രത്നങ്ങളും എല്ലായിടത്തുമായി ചിതറിക്കിടക്കുകയാണ്. ലോകത്തെവിടെയായായും അതങ്ങനെ തന്നെയാണ്. അശ്രദ്ധമായി നടന്നാൽ മിക്കവാറും നാമൊന്നും കണ്ടെന്നുവരില്ല. ശ്രദ്ധയോടെ നടന്നാലാവും എന്തുതന്നെയും കണ്ടെത്തുക.
ഒരിക്കൽ ചണ്ടിയെന്നുകരുതി പുറംകാലുകൊണ്ട് തട്ടിക്കളഞ്ഞത്, അതേ വഴിയേ തിരികെ വരുമ്പോഴാകും അമൂല്യമായതെന്ന് നാം തിരിച്ചറിയുന്നത്.
ഒരാൾക്ക് ഒരിക്കൽ വെളിപ്പെടും പോലല്ല അയാൾക്ക് മറ്റൊരിക്കൽ വെളിപ്പെടുക. തികച്ചും വിഭിന്നമായ രീതിയിലാവും മറ്റൊരാൾക്ക് വെളിപ്പെടുക.
കലെയ്ഡോസ്കോപ്പിലെ വളപ്പൊട്ടുകൾക്ക് സ്ഥാന ചലനം ഉണ്ടായതിനു ശേഷമാണ് അത് മറ്റൊരു വിസ്മയം തീർക്കുക. എന്നാൽ, ദൈവവചനത്തിൽ വാക്കുകൾക്കോ വാക്യങ്ങൾക്കോ യാതൊരു ചലനവും ഉണ്ടാകുന്നില്ലെങ്കിൽ പോലും ഓരോ നോട്ടത്തിലും പുത്തൻ വിസ്മയങ്ങളാണ് അവ നമുക്കുമുന്നിൽ ഇതൾവിടർത്തുക!
അതുതന്നെയാണ് വിശുദ്ധ ലിഖിതങ്ങളുടെ ഏകതാനതയും!
"നിങ്ങൾ ജനിച്ചിരിക്കുന്നത് നശ്വരമായ ബീജത്തിൽ നിന്നല്ല, അനശ്വരബീജമായ ദൈവവചനത്തിൽ നിന്നത്രേ" (1Pet. 1.23).

















































































































