top of page

ദിനവൃത്താന്തകാരൻ എഴുതിയ ചരിത്രം

Writer: ഡോ. കെ ലൂക്ക് കപ്പൂച്ചിൻ
ഡോ. കെ ലൂക്ക് കപ്പൂച്ചിൻ
Mar 3, 1989
5 min read

​1-2 ദിനവൃത്താന്തം, എസ്രാ, നെഹമിയ എന്നീ നാലു പുസ്തകങ്ങൾ ചേർന്ന് ഒരൊറ്റ സാഹിത്യസംയുക്തമായിരിക്കുന്നു. അങ്ങനെയെങ്കിൽ കാലത്തോട്ട് എസ്രായുടേയും നെഹമിയായുടേയും കാലം വരെയുള്ള രക്ഷാകര ചരിത്രം അത് പ്രതിപാദിക്കുന്നു. ദിനവൃത്താന്തകാരന്റെ രചനയ്ക്ക് അതിന്റേതായ ദൈവശാസ്ത്രവീക്ഷണമുണ്ട്. ഉല്പത്തിമുതൽ രാജാക്കന്മാർ വരെയുള്ള ആദ്യഗ്രന്ഥങ്ങളിൽനിന്ന് ആ വീക്ഷണഗതികൊണ്ട് ഈ നാലു പുസ്തകങ്ങളും വേറിട്ടു നിൽക്കുന്നു. ആ വീക്ഷണഗതിയെ ഇങ്ങനെ സംഗ്രഹിക്കാം:


​ഒന്ന്- പ്രതികാരസിദ്ധാന്തം. വച്ചുകൊണ്ട് ചരിത്രത്തെ വീക്ഷിച്ചിരിക്കുന്നു. അതായത്, വിശ്വസ്തതയ്ക്ക് പ്രത്യുപകാരവും അവിശ്വസ്തതയ്ക്ക് കഠിനമായ ശിക്ഷയും.


​രണ്ട്- തന്റെ നേരിട്ടുള്ള ഇടപെടൽ വഴി ദൈവം ചരിത്രഗതിയെ നയിക്കുന്നുവെന്ന് ദിനവൃത്താന്തകാരൻ ബോധ്യപ്പെടുത്തിയിരിക്കുന്നു. മാനുഷിക പ്രവണത പ്രാർത്ഥനയിലേക്ക്, ആരാധനയിലേക്ക് ചുമതലയിരിക്കുകയാണ്.


​മൂന്ന്- ദൈവാലയം, അവിടുത്തെ ആരാധന, പുരോഹിതരായ ലേവ്യർ എന്നീ കാര്യങ്ങളിൽ ദിനവൃത്താന്തകാരൻ സവിശേഷമായ താല്പര്യം പുലർത്തുന്നു.


​യഥാർത്ഥത്തിൽ ഈ നാലു കൃതികളും ഒരൊറ്റ ഗ്രന്ഥകാരൻ രചിച്ചതാണ്. അയാളെ ദിനവൃത്താന്തകാരൻ എന്നറിയപ്പെടുന്നു. ബി. സി. മുന്നൂറിനു മുമ്പാകണം ഇവ രചിച്ചത്. ഗ്രീക്ക് ബൈബിളിൽ ദിനവൃത്താന്തം, എസ്രാ, നെഹമിയ എന്ന യുക്തിപൂർവ്വമായ ക്രമം പാലിച്ചിരിക്കുന്നു. എന്നാൽ ഹീബ്രു ബൈബിളിൽ എസ്രാ-നെഹമിയ-ദിനവൃത്താന്തം എന്നാണ് ക്രമം. അസാധാരണമായ ഈ ക്രമീകരണത്തിന് കാരണമെന്ത്?

​പ്രവാസാനന്തര യഹൂദസമൂഹത്തിന്റെ സവിശേഷ പ്രാധാന്യമുണ്ടായിരുന്ന സംഭവങ്ങളെ രേഖപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങളായ എസ്രാ-നെഹമിയായ്ക്കാണ് ആദ്യമായി കാണാനിക് പദവി കിട്ടിയത്. ഉല്പത്തി മുതൽ രാജാക്കന്മാർ വരെയുള്ള പുസ്തകങ്ങളുടെ ഉള്ളടക്കം ആവർത്തിക്കുകമാത്രം ചെയ്യുന്ന 1-2 ദിനവൃത്താന്തങ്ങൾക്ക് പിന്നീടു മാത്രമാണ് ഈ അംഗീകാരം ലഭിച്ചത്. തന്മൂലം ഗ്രീക്ക് കാണനിൽ അവ എസ്രാ-നെഹമിയായുടെ പിന്നിലായി.


​ഈ ക്രമീകരണത്തിന് പിന്നിൽ പ്രതീകാത്മകമായ ചില പരിഗണനകൾകൂടി ഉണ്ടായിരുന്നു. മെസപ്പൊട്ടാമിയ വിട്ട് കാനാനിലേക്ക് പോകാൻ ദൈവം അബ്രാഹാമിനോട് ആജ്ഞാപിക്കുന്നതിടത്താണ് രക്ഷാകര ചരിത്രം ആരംഭിക്കുന്നത്. അബ്രാഹാമിന്റെ പിൻഗാമികൾക്ക് പേർഷ്യയിലെ സൈറസിലൂടെ അതേ ആജ്ഞ ദൈവം നൽകുന്ന രംഗം കൊണ്ട് ഇത് ഉപസംഹരിക്കുന്നു നന്നായിരിക്കുമല്ലോ.


"രക്ഷാകര ചരിത്രം മുഴുവൻറയും ദിനവൃത്താന്തം' (chronicon totius divinae historiae) എന്ന വിശുദ്ധ ജറോമിൻറെ പ്രയോഗത്തിൽനിന്നാണ് ദിനവൃത്താന്തം (chronicles) എന്ന പേരുണ്ടായതു. സെപ്റ്റ്വജിറിൽ "ഒഴിവാക്കപ്പെട്ട കാര്യങ്ങൾ" (Ta Paraleipomena) എന്നാണു ശീഷികം. മുൻകാലഗ്രന്ഥകാമ്പോർ രേഖപ്പെടുത്താത്ത കാര്യങ്ങൾ രേഖപ്പെടുത്തുന്നു എന്ന അർത്ഥത്തിലാണത്. ഹീബ്രു മൂലത്തിൽ Dibre hayyamim (ദിനസരി) എന്നാണ് പേര്- അതായത്, ഇസ്രായേലിന്റെയും യഹൂദായുടെയും രാജാക്കന്മാരുടെ ദിനസരി.


​എസ്രാ-നെഹമിയ ഒരൊറ്റ പുസ്തകമായാണ് സെപ്റ്റുവജിന്റിൽ നിലനിൽക്കുന്നത്. രണ്ടു വ്യത്യസ്തമായി വേർതിരിച്ചു കാണുന്നത് ഒരിജന്റെ കാലത്താണ്. ഹീബ്രു ബൈബിളിൽ ഇന്ന് കാണുന്ന വിഭജനം 1448-ൽ മാത്രമാണ് ഉണ്ടായത്. ഹീബ്രുവിലെ എസ്രായുടെ ഗ്രീക്ക്-ലത്തീൻ രൂപം 'എസ്രാദ്രാസ്' എന്നാണ്. വുൾഗാത്തയിൽ നാല് 'എസ്രാ പുസ്തകങ്ങളുണ്ട്': ഹീബ്രുവിലെ എസ്രാ വുൾഗാത്തയിൽ 1 എസ്രാ ആണ്; ഹീബ്രുവിലെ നെഹമിയ, 2 എസ്രായും; 3-4 എസ്രാക്കൾ അപ്പോക്രിഫൽ പുസ്തകങ്ങളാണ്. 1-2 എസ്രാകളെ എസ്രാ-നെഹമിയ എന്ന് വിളിക്കുമ്പോൾ 3-4 എസ്രാകളെ 1-2 എസ്രാ എന്നും ചിലപ്പോൾ വിളിക്കാറുണ്ട്.


​ഗ്രന്ഥരചനയ്ക്ക് ദിനവൃത്താന്തകാരൻ ഉപയോഗപ്പെടുത്തിയ നിരവധി ഗ്രന്ഥങ്ങളുടെ പേരുകൾ 1-2 ദിനവൃത്താന്തങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഇവയെ രണ്ടായി തിരിക്കാം: ഒന്ന്- രാജാക്കന്മാരെ സംബന്ധിച്ച ഗ്രന്ഥങ്ങൾ. ഇവയുടെ രചയിതാക്കളുടെ പേര് പറയുന്നില്ല. രണ്ട്-debarim (വചനങ്ങൾ), nebuah (പ്രവചനം), hazah (ദർശനം), midrash (ഭാഷ്യം) തുടങ്ങിയവ. ആദ്യത്തെ കൂട്ടത്തിൽ 'യഹൂദായുടെയും ഇസ്രായേലിന്റെയും രാജാക്കന്മാരുടെ പുസ്തകം', 'ഇസ്രായേലിന്റെയും യഹൂദായുടെയും രാജാക്കന്മാരുടെ പുസ്തകം', 'ഇസ്രായേലിന്റെ രാജാക്കന്മാരുടെ പുസ്തകം', 'ഇസ്രായേൽ രാജാക്കന്മാരുടെ ദിനവൃത്താന്തം', 'രാജാക്കന്മാരുടെ പുസ്തകത്തിന്റെ ഭാഷ്യം' എന്നിവ ഉൾപ്പെടുന്നു.


​രണ്ടാമത്തെ കൂട്ടത്തിൽ, സാമുവലിന്റെയും നാഥാന്റെയും ഗാദിന്റെയും ദിനവൃത്താന്ത പുസ്തകങ്ങൾ, നാഥാൻ പ്രവാചകന്റെ ചരിത്രം, അഹിയായുടെ പ്രവചനം, ജെറോബോവാമിനെക്കുറിച്ച് ഇദ്ദോയ്ക്ക് ലഭിച്ച ദർശനം, ഷെമ്മായാ പ്രവാചകന്റെയും ഇദ്ദോ ദീർഘദർശിയുടേയും ദിനവൃത്താന്തങ്ങൾ, ഇദ്ദോയുടെ ചരിത്രത്തിന്റെ ഭാഷ്യം, യേഹുവിന്റെ ദിനവൃത്താന്തം, ഏശയ്യാപ്രവാചകന്റെ ദർശനം എന്നിവ ഉൾപ്പെടുന്നു. ഇക്കൂട്ടത്തിൽ "ഉസിയായുടെ ഇതരപ്രവർത്തനങ്ങൾ ആദ്യന്തം ആമോസിന്റെ മകനായ ഏശയ്യാപ്രവാചകൻ രേഖപ്പെടുത്തിയിട്ടുണ്ട്" പ്രത്യേക ശ്രദ്ധേയമാണ്. "രേഖപ്പെടുത്തിയിരിക്കുന്നു" എന്ന ക്രിയാപദം തന്നെയാണല്ലോ അവിടെ ഉപയോഗിച്ചിരിക്കുന്നത്.

ദിനവൃത്താന്തകാരൻ പരാമർശിക്കുന്ന ഈ പുസ്തകങ്ങളെല്ലാം അദ്ദേഹത്തിന് ലഭ്യമായിരുന്നോ? അദ്ദേഹം ഈ പുസ്തകങ്ങളൊക്കെ പരിശോധിച്ചിട്ടുണ്ടെന്ന് ഒരു വിഭാഗം പണ്ഡിതർ പറയുന്നുണ്ട്. എന്നാൽ 1-2 രാജാക്കന്മാരിലെ അതേ സാഹിത്യരീതി ഈ പരാമർശങ്ങൾ വഴി ആവർത്തിക്കുക മാത്രമായിരുന്നു എന്ന് കരുതുന്നവരുമുണ്ട്. ഉദാഹരണത്തിന്, 1 രാജാക്കന്മാർ 14:29 ൽ പറയുന്നു: "രഹോബോവാം ചെയ്ത മറ്റ് കാര്യങ്ങൾ യൂദാരാജാക്കന്മാരുടെ ദിനവൃത്താന്തത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ." അതുകൊണ്ട് ഈ പരാമർശങ്ങളെല്ലാം കണ്ടാൽമതിയെന്നാണ് അവർ പറയുന്നത്.


​എസ്രാ-നെഹമിയയിൽ നാലു പ്രഖ്യാപനങ്ങൾ വ്യക്തമായി കാണാം: ഒന്ന്- അരമായ, എസ്രായുടെ ഓർമ്മക്കുറിപ്പുകൾ, നെഹമിയായുടെ ഓർമ്മക്കുറിപ്പുകൾ, പുനരധിവാസത്തെക്കുറിച്ചുള്ള രംഗം. ദിനവൃത്താന്തകാരൻ സാക്ഷ്യമായ വിധത്തിൽ ഇവയെ സംശോധനം ചെയ്ത് എസ്രാ-നെഹമിയ പുസ്തകങ്ങൾ എഴുതിയിരിക്കുന്നു.


​1 ദിനവൃത്താന്തം


​1-2 സാമുവൽ പോലെയും 1-2 രാജാക്കന്മാർപോലെയും 1-2 ദിനവൃത്താന്തവും ആദ്യം ഒരൊറ്റ പുസ്തകമായാണ് എഴുതപ്പെട്ടത്. 1 ദിനവൃത്താന്തത്തിൽ വംശാവലികളുടെ വലിയൊരു പരമ്പര തന്നെയുണ്ട്. ദൈവശാസ്ത്രപരമായ ഉദ്ദേശ്യമാണ് അതിനു പിന്നിലുള്ളത്. അതായത്-ആദത്തിൽ തുടങ്ങുന്ന രക്ഷാകരചരിത്രം അതിനിഗൂഢമായും ചുരുളും നിവർന്ന് ദാവീദിൽ അതിന്റെ പരകാഷ്ഠയിലെത്തുന്നു.

​ദൈവജനത്തിന്റെ മാതൃകാഭരണാധികാരിയായ ദാവീദിനു സമർപ്പിച്ചിരിക്കുകയാണ് 1 ദിനവൃത്താന്തത്തിന്റെ സിംഹഭാഗവും. ജറുസലേം ദൈവാലയത്തിലെ ആരാധനയുടെ പ്രണേതാവ് ദാവീദാണ്. ശക്തനായ ഒരു ഭരണാധികാരിയെന്നതിനേക്കാൾ ഒരു ആരാധനക്രമവിദഗ്ദ്ധനായാണ് അദ്ദേഹം 1 ദിനവൃത്താന്തത്തിൽ പ്രത്യക്ഷപ്പെടുന്നത്. 2 സാമുവൽ 11-ൽ വിവരിക്കുന്ന ദാവീദിന്റെ പാപപ്രസംഗവും യോവാബ് കൊലപ്പെടുത്തിയതും 1 ദിനവൃത്താന്തത്തിൽ വെറുതെ വിട്ടുകളഞ്ഞിരിക്കുകയാണ്, 2 സാമുവൽ 24-ൽ വിവരിക്കുന്ന വിനാശകരമായ ജനസംഖ്യാ കണക്കെടുപ്പ് സാത്താന്റെ പ്രേരണയാലായിരുന്നെന്ന് പറഞ്ഞ് ന്യായീകരിക്കുകയും ചെയ്യുന്നു.

​എന്നാൽ ദിനവൃത്താന്തകാരൻ വേണ്ടത്ര വസ്തുനിഷ്ഠമായി എഴുതിയല്ലെന്നോ അപ്രിയ സത്യങ്ങൾ മറച്ചുവെച്ചെന്നോ പറയുന്നത് ശരിയായിരിക്കില്ല. ആധുനിക അർത്ഥത്തിലുള്ള ഒരു ചരിത്രകാരനല്ല അദ്ദേഹമെന്ന് ഓർമ്മിക്കണം. വായനക്കാരെ ഉണർത്തുകയും അവരുടെ ആധ്യാത്മിക ജീവിതത്തിനാവശ്യമായ പോഷകം നൽകുകയും ചെയ്യുക തന്റെ മുഖ്യ ഉദ്ദേശ്യമായി കണ്ട ഒരു ദൈവശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.

​1-2 ദിനവൃത്താന്തങ്ങളുടെ സ്വഭാവം, 2 ദിനവൃത്താന്തത്തിൽ കാണുന്ന "ഭാഷ്യം" (midrash) എന്ന പ്രയോഗം വ്യക്തമാക്കുന്നുണ്ട്. അന്വേഷിക്കുക എന്നർത്ഥമുള്ള darash എന്ന ക്രിയയിൽനിന്നാണ് ആ പദമുണ്ടായത്. മുൻകാല വേദകൃതികളിൽ രേഖപ്പെടുത്തിയിട്ടുള്ള രക്ഷാകരചരിത്രത്തിന്റെ അർത്ഥം അന്വേഷിച്ചറിയാനുള്ള താത്പര്യമാണ് അതിൽ പ്രതിഫലിക്കുന്നത്.


​ആദംമുതൽ സോളമന്റെ കിരീടധാരണംവരെയുള്ള സുദീർഘമായ കാലഘട്ട 1 ദിനവൃത്താന്തത്തിൽ പ്രതിപാദിക്കുന്നു. ഈ പുസ്തകത്തിന്റെ ഉള്ളടക്കം രണ്ടായി തിരിക്കാം.


​ആദംമുതൽ പ്രവാസാനന്തരകാലം വരെയുള്ള വംശാവലികൾ: ആദംമുതൽ അബ്രാഹാംവരെ, അബ്രാഹാമിന്റെ സന്തതികൾ, യൂദായുടെ പുത്രന്മാർ, ദാവീദിന്റെ സന്തതികൾ, യൂദായുടെ മറ്റു സന്തതികളും ശിമയോന്റെ സന്തതികളും, റൂബന്റെയും ഗാദിന്റെയും മനശ്ശെയുടെയും സന്തതികൾ, ലേവിയുടെ സന്തതികൾ, ഇസ്സാക്കറിന്റെയും ബെന്യാമിന്റെയും നഫ്താലിയുടെയും എഫ്രയീമിന്റെയും ആഷേരിന്റെയും സന്തതികൾ, ബന്യാമിന്റെ സന്തതികൾ, പ്രവാസത്തിൽ നിന്നു തിരിച്ചെത്തിയവരുടെ വംശാവലി.

സാവൂൾ മുതൽ ദാവീദ് വരെയുള്ള ചരിത്രം: സാവൂളിന്റെ മരണം, ദാവീദിന്റെ മരണം (ദാവീദിന്റെ സ്ഥാനാരോഹണം, ജറുസലേം കീഴ്പ്പെടുത്തൽ, ദാവീദിന്റെ യോദ്ധാക്കൾ, ഉടമ്പടിയുടെ പേടകം, ഫിലിസ്ത്യരുടെ മേൽ ദാവീദിന്റെ വിജയം, ഉടമ്പടിയുടെ പേടകം ജറുസലേമിലേക്ക്, ദൈവാലയം പണിയാനുള്ള പരിപാടി, ദാവീദിന്റെ വിജയങ്ങൾ, ജനസംഖ്യാ കണക്കെടുപ്പ്, ദൈവാലയ നിർമ്മാണത്തിന് ഒരുക്കം, ലേവ്യഗണങ്ങൾ, പുരോഹിതഗണങ്ങൾ, ഗായകൻഗണങ്ങൾ, മാറ്റുഗണങ്ങൾ, സൈനികഗണങ്ങൾ), ദൈവാലയനിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ സോളമന് ഏൽപിക്കുന്നു, ദൈവാലയനിർമ്മാണത്തിനായുള്ള കാഴ്ചകൾ, ദാവീദിന്റെ വിടവാങ്ങൽ പ്രസംഗം, മരണം.

​ദാവീദിന്റെ ചരിത്രം തന്റെ സമകാലികർക്ക് പ്രസക്തമായി അവതരിപ്പിക്കാനാണ് ദിനവൃത്താന്തകാരൻ അത് വലിപ്പവും ചെയ്തത്. അങ്ങനെ രക്ഷാകരചരിത്രത്തെക്കുറിച്ച് പ്രഘോഷണം നടത്തുകയാണ് അദ്ദേഹം. ഇന്ന് നമുക്കും ഏറെ വിലപ്പെട്ട ഒരു പ്രബോധനമാണത്.


​2 ദിനവൃത്താന്തം


​ഈ പുസ്തകം സോളമന്റെ കാലത്തെ സുദീർഘമായി കൈകാര്യം ചെയ്യുന്നുണ്ട് (അധ്യായങ്ങൾ 1-9). ദൈവജനത്തിന്റെ മാതൃകാ ഭരണാധികാരിയായി അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നു. യൂദാ, ഇസ്രായേൽ രാജ്യങ്ങളുടെ ചരിത്രവും അത് തുടർന്നു കൈകാര്യം ചെയ്യുന്നു. ഇസ്രായേലിനോട് ദിനവൃത്താന്തകാരന് വലിയ സഹാനുഭൂതിയൊന്നുമില്ല. അദ്ദേഹത്തിന്റെ കാലത്ത് സമരീയക്കാരാണ് അവിടെ അധിവസിച്ചിരുന്നത്. യഹൂദർ അവരുമായി രമ്യതയിലായിരുന്നില്ല. യൂദാ പാപകിലമായിരുന്നു എന്ന വസ്തുത ദിനവൃത്താന്തകാരൻ മറച്ചുവെക്കുന്നില്ല. തെക്കൻ രാജ്യത്തിനുണ്ടായ തകർച്ചകൾ അവിടത്തെ മതരംഗത്തിനുള്ള ശിക്ഷയായാണ് അദ്ദേഹം കാണുന്നത്. നിയമാവർത്തനക്കാർ മുമ്പുതന്നെ പ്രചരിപ്പിച്ച വീക്ഷണഗതിയാണിത്. മതരംഗത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി തന്റെ സമകാലീനരെ ബോധവാന്മാരാക്കാൻ ദിനവൃത്താന്തകാരൻ ആ വീക്ഷണഗതിക്ക് ഊന്നൽ നൽകി.

​ചരിത്രദൃഷ്ട്യാ ഏറെ ശ്രദ്ധേയമാണ് 2 ദിനവൃത്താന്തം. 1-2 രാജാക്കന്മാരിൽ കൂട്ടിച്ചേർക്കാത്ത പല വിവരങ്ങളും ആതിലുണ്ട്. ചില ഉദാഹരണങ്ങൾ: 1- രഹോബോവാം പണിത സുരക്ഷിത നഗരങ്ങളുടെ പട്ടിക, 2- ഉസിയായുടെ യുദ്ധങ്ങൾ, 3- ജറുസലേമിൽ അദ്ദേഹം പണിത ഗോപുരങ്ങൾ, 4- യോഥാം അമ്മോന്യരെ കീഴ്പ്പെടുത്തിയത്, 5- ഫിലിസ്ത്യർ പിടിച്ചടക്കിയ ആഹാസിന്റെ ചില പട്ടണങ്ങൾ, 6- ഹെസക്കിയാ ശീലോഹാം പണിതത്, 7- മനാസ്സെ ജറുസലേമിനു ചുറ്റുമതിൽ പണിതത്, 8- ജോസിയാ യുദ്ധത്തിൽ മരിച്ചത്.

2 ദിനവൃത്താന്തത്തിലെ ചില വിഭാഷങ്ങൾ സംബന്ധിച്ച് പ്രശ്നങ്ങളുണ്ടെങ്കിലും ഈ പുസ്തകം വളരെ ഭംഗിയായി വായിച്ചുപോകാവുന്നതാണ്. ഉള്ളടക്കം ഇങ്ങനെയാണ്:

​സോളമന്റെ വാഴ്ച: സോളമന് ജ്ഞാനം വരമായി ചോദിക്കുന്നത്, ദൈവാലയ നിർമ്മാണത്തിന് ഒരുക്കം, ദൈവാലയ നിർമ്മാണം, പേടകം ദൈവാലയത്തിൽ, ദൈവാലയ സമർപ്പണം, കർത്താവ് സോളമന് നൽകിയ മുന്നറിയിപ്പ്, സോളമന്റെ നേട്ടങ്ങൾ, ഷേബാ രാജ്ഞിയുടെ സന്ദർശനം, സോളമന്റെ സമ്പത്ത്, സോളമന്റെ മരണം.


​രാജ്യത്തിന്റെ വിഭജനം മുതൽ ബാബിലോണിയൻ പ്രവാസത്തിന്റെ അവസാനം വരെ: രാജ്യം പിളരുന്നത്, രഹോബോവാം, ഇസ്രായേലിന്റെ മേൽ അബിയായുടെ വിജയം, ആസായും എത്യോപ്യരുടെ മേലുള്ള വിജയവും, ആസായുടെ മതപരിഷ്കരണം, ആസായും ഇസ്രായേലിലെ ബാഷായും തമ്മിലുള്ള യുദ്ധം, ആസായുടെ മരണവും ശിക്ഷയും, യഹോശാഫാത്ത്, യഹോരാം, അഹസിയാ, അതാലിയാ, യോവാഷ്, അമസിയാ, ഉസിയാ, യോഥാം, ആഹാസ്, ഹെസക്കിയാ, മനാസ്സെ, ജോസിയാ, യഹോവാഹാസ്, യഹോയാക്കിം, യഹോയാഖിൻ, സെദെക്കിയാ, ജറുസലേമിന്റെ പതനവും പ്രവാസവും, സൈറസിന്റെ വിളംബരം.


​ദൈവവചനം സാക്ഷാത്കാരമടഞ്ഞിരിക്കുന്നു: സൈറസ് "പണ്ടുപറഞ്ഞത്" (verbum dictum) ദൈവം "ഇപ്പോൾ പറയുന്നത" (verbum dicens) ആയി മാറേണ്ടിയിരുന്നു. പ്രവാസാനന്തരകാലത്ത് ഇത് എങ്ങനെ സംഭവിച്ചു എന്ന് 1-2 ദിനവൃത്താന്തങ്ങൾ ചിത്രീകരിച്ചു കാണിക്കുന്നു.


​എസ്രാ


​ദിനവൃത്താന്തകാരൻ എഴുതിയ ദൈവജനത്തിന്റെ ചരിത്രത്തിന്റെ തുടർച്ചയാണ് എസ്രാ-നെഹമിയ എന്നീ പുസ്തകങ്ങൾ. പ്രവാസം കഴിഞ്ഞ് യഹൂദസമൂഹം പലസ്തീനിൽ തിരിച്ചു വന്നശേഷമുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ചാണ് അവയിൽ പ്രധാനമായും പറയുന്നത്.

​പേർഷ്യയിലെ സൈറസ് ബാബിലോൺ കീഴടക്കുകയും യഹൂദരെ വിട്ടയക്കുകയും ചെയ്തതോടെയാണ് ബാബിലോൺ പ്രവാസത്തിന് അന്ത്യമായത്. യഹൂദർ പേർഷ്യൻ ചക്രവർത്തിമാരുടെ കീഴിലായി. രാഷ്ട്രീയസ്വാതന്ത്ര്യം ഇല്ലായിരുന്നുവെങ്കിലും പേർഷ്യൻ ഭരണത്തിൻ കീഴിൽ ദീർഘകാലം സമാധാനത്തിലും ഐശ്വര്യത്തിലും ജീവിക്കാൻ അവർക്കു കഴിഞ്ഞു. മതപരമായ കാര്യങ്ങളിൽ അവർ പൂർണ്ണസ്വതന്ത്രരായിരുന്നു. ഇന്ന് പഴയനിയമത്തിൽ നാം കാണുന്ന കനപ്പെട്ട സാഹിത്യം അങ്ങനെ ഉണ്ടായതാണ്. പ്രവാസാനന്തരമുള്ള യഹൂദചരിത്രം അത്ര വ്യക്തമല്ല. എന്നാൽ രക്ഷാകര ചരിത്രത്തിന്റെ മണ്ഡലത്തിൽ ഏറെ ക്രിയാത്മകമായ പ്രവർത്തനങ്ങളുടെ ഒരു കാലഘട്ടമായിരുന്നു അതെന്ന് നാമറിയുന്നു.


​യഹൂദരുടെ തിരിച്ചുവരവ് നാലു ഘട്ടങ്ങളിലായാണ് നടന്നതെന്ന് കരുതപ്പെടുന്നു.

1- സൈറസിന്റെ കീഴിലുള്ള തിരിച്ചുവരവ്. ഷെഷ്ബാസാറായിരുന്നു നേതാവ്. പലസ്തീനിൽ തിരിച്ചെത്തിയ അദ്ദേഹം ദൈവാലയ പുനർനിർമ്മാണത്തിന് തുടങ്ങിയെങ്കിലും എതിർപ്പിനെത്തുടർന്ന് പണി നിർത്തിവയ്ക്കേണ്ടിവന്നു.


​2- ഡാരിയുസ് ഒന്നാമന്റെ കാലത്തെ തിരിച്ചുവരവ്. ഇക്കൂട്ടർ സെരുബാബേൽ, യേശുവാ തുടങ്ങിയവരായിരുന്നു നേതാക്കൾ. സക്കറിയായുടേയും ഹഗ്ഗായിയുടേയും പ്രേരണയാൽ അവർക്കൂട്ടർ ദൈവാലയം പുതുക്കിപ്പണിതു.


​3- അർത്താക്സെർക്സസ് ഒന്നാമന്റെ കാലത്തുള്ള തിരിച്ചുവരവ്. നെഹമിയായയിരുന്നു നേതാവ്. പേർഷ്യൻ കൊട്ടാരത്തിലെ ഉന്നതോദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ജറുസലേമിന്റെ പുറം മതിലുകൾ പുതുക്കിപ്പണിയുന്നതിൽ അദ്ദേഹം വിജയിച്ചു.


​4- നിയമം നടപ്പാക്കിയ എസ്രായുടെ നേതൃത്വത്തിലുള്ള തിരിച്ചുവരവ്.

​രണ്ടു ഭാഷകളിൽ എഴുതപ്പെട്ടതാണ് എസ്രായുടെ പുസ്തകം- ഹീബ്രുവും അരമായയും. വംശാവലികൾ, പുരാവസ്തുശേഖരത്തിൽനിന്നുള്ള വിവരങ്ങൾ, കത്തുകൾ, എസ്രായുടെ ഓർമ്മക്കുറിപ്പുകൾ തുടങ്ങിയവയെല്ലാം ഇതിലുണ്ട്. പുസ്തകത്തിന്റെ വ്യൂഹനം അത്ര എളുപ്പമല്ല. എസ്രായോ നെഹമിയായോ ആദ്യം വന്നതെന്ന കാര്യവും തർക്കവിഷയമാണ് (പിന്നാലെ വന്ന, നെഹമിയായുടെ പുസ്തകത്തിനുള്ള ആമുഖം കാണുക).


​കർത്താവിന്റെ പ്രമാണങ്ങളടങ്ങിയ മോശെയുടെ നിയമപുസ്തകവുമായാണ് എസ്രാ ജറുസലേമിലെത്തിയത് ​ജനക്കൂട്ടത്തിനു മുമ്പാകെ അദ്ദേഹം നിയമപുസ്തകം വായിച്ചു. പഞ്ചഗ്രന്ഥിയുടെ ഒരു കർത്തൃ രൂപമായിരുന്നു അത്. യഹൂദ സമൂഹം തനിമ നഷ്ടപ്പെടുത്താനുള്ള സാധ്യത കണ്ടറിഞ്ഞ അദ്ദേഹം, അന്യസമുദായങ്ങളുമായുള്ള വിവാഹബന്ധങ്ങൾ കഠിനമായി വിലക്കി. തന്മൂലം ഒട്ടേറെ കുടുംബങ്ങൾ


പ്രയാസമനുഭവിക്കേണ്ടിവന്നുവെന്നത് നേര്. എസ്രാ മുന്നിൽകണ്ട അപകടത്തിന്റെ ഗൗരവം മനസ്സിലാക്കിയാലേ, അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയെ ശരിയായി വിലയിരുത്താൻ നമുക്ക് സാധിക്കൂ.

​തിരിച്ചുവരവിന്റെ വിവരണം, എസ്രായുടെ ഓർമ്മക്കുറിപ്പുകൾ എന്നിങ്ങനെ ഈ പുസ്തകത്തെ രണ്ടായി ഭാഗിക്കാം.


​1- തിരിച്ചുവരവ്, സൈറസിന്റെ വിളംബരം, ദൈവാലയത്തിലെ പാത്രങ്ങൾ തിരിച്ചു കിട്ടുന്നു, തിരിച്ചെത്തിയവരുടെ കണക്ക്, ദൈവാലയ നിർമ്മാണം, ദൈവാലയനിർമ്മാണത്തിന് എതിർപ്പ്, നഗരത്തിന്റെ പുനർനിർമ്മാണത്തിനെതിരെ എതിർപ്പ്, ദൈവാലയത്തിന്റെ പണി തുടരുകയും പൂർത്തിയാക്കുകയും ചെയ്യുന്നു.


​എസ്രായുടെ ഓർമ്മക്കുറിപ്പുകൾ: എസ്രായുടെ നേതൃത്വത്തിലുള്ള തിരിച്ചുവരവ്, അർത്താക്സെർക്സസിന്റെ എഴുത്ത്, എസ്രായുടെ കൃതജ്ഞതാ സ്തോത്രം, എസ്രായോടുകൂടി വന്നവരുടെ പട്ടിക, മിശ്രവിവാഹത്തിന്റെ പ്രശ്നം, എസ്രായുടെ പ്രാർത്ഥന, ജനത്തിന്റെ പശ്ചാത്താപം, അന്യസ്ത്രീകളെ ഉപേക്ഷിക്കുന്നത്, അന്യ സ്ത്രീകളെ വിവാഹം ചെയ്തിരുന്നവരുടെ പട്ടിക.


​ഒരു രാഷ്ട്രം എന്ന നിലയിലുള്ള ഇസ്രായേലിന്റെ നിലനില്പ് ഇല്ലാതാക്കിയ സംഭവമാണ് 587-ലെ തകർച്ച. ബാബിലോണിലെ പ്രവാസം അവരെ ശുദ്ധീകരിക്കാനും ദൈവത്തിന്റെ പുതിയ ജനമാക്കാനും ഉപകരിച്ചു. പലസ്തീനിൽ ഈ സമൂഹത്തിനുണ്ടായ പുസ്തക പരിവർത്തനം എസ്രായുടെ പുസ്തകത്തിൽ വരച്ചുകാണിച്ചിരിക്കുന്നു.


ദിനവൃത്താന്തകാരൻ എഴുതിയ ചരിത്രം

  ഡോ. കെ. ലുക്ക് OFM Cap

 അസ്സീസി മാസിക,മാർച്ച്‌ 1989

bottom of page