വിമോചന ദൈവശാസ്ത്രത്തോടുള്ള സഭയുടെ നിലപാട്


വിമോചന ദൈവശാസ്ത്രം ഇന്നു വിവിധ മേഖലകളിൽ പരാമർശിക്കപ്പെട്ടു കാണുന്നു. വിമോചന ദൈവശാസ്‌ത്രം കത്തോലിക്കാസഭയുടെ വിശ്വാ സങ്ങൾക്ക് അനുസൃതമാണോ? ഇതിൻ്റെ വക്‌താക്കളിൽ പ്രമുഖരായ ഫാ. കാപ്പനും ബിഷപ് പൗലോസ് മാർ പൗലോസും ക്രൈസ്‌തവവൈദികർ തന്നെയോ? ഇവരുടെ പഠനങ്ങൾ വിശ്വാസികൾക്കു സ്വീകരിക്കാമോ? സംശയങ്ങൾക്ക് അസ്‌സീസി മാസികയിലൂടെ മറുപടി പ്രതീക്‌ഷിക്കുന്നു. .
സജി ഫിലിപ്, || P. D. C
സെൻറ് തോമസ് കോളജ്, പാലാ
വിമോചന ദൈവശാസ്ത്രത്തെപ്പറ്റി Instruction on certain Aspects of the "Theology of Liberation" എന്ന പേരിൽ 1984 ഓഗസ്റ്റ് 6-ലും, Instruction on Christian Freedom and Liberation എന്ന പേരിൽ 1986 മാർച്ച് 22-ലും റോമിലെ വിശ്വാസസത്യങ്ങൾക്കുവേണ്ടിയുള്ള സംഘം രണ്ടു ഔദ്യോഗിക രേഖകൾ പുറപ്പെടുവിക്കുകയുണ്ടായി. ഇവയിൽനിന്ന് വിമോചന ദൈവശാസ്ത്ര ത്തോടുള്ള സഭാധികാരികളുടെ നിലപാട് വളരെ വ്യകതമായി മനസ്സിലാ ക്കുവാൻ സാധിക്കും.
ഒന്നാം വത്തിക്കാൻ രേഖ
വിമോചനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അഭിവാഞ്ച കാലത്തിനും മുഖ്യ അടയാളമാണെന്നും (1,1), അതേസമയം അവ ബൈബിളിൻ്റെ തന്നെ സുപ്രധാനമായ പ്രതിപാദ്യവിഷ യങ്ങളാണെന്നും പറഞ്ഞുകൊണ്ട്, ഒന്നാമത്തെ രേഖ വിമോചന ദൈവശാസ്ത്രത്തിൻ്റെ പ്രയോജനത്തേയും ആവശ്യകതയേയും അംഗീകരിക്കുന്നു (III.4). ദരിദ്രരോടും മർദ്ദിതരോടും വിമോചന ദൈവശാസ്ത്രത്തിനുള്ള പ്രത്യേകമായ താല്പര്യത്തേയും അതുളവാക്കുന്ന നീതിക്കുവേണ്ടിയുള്ള പ്രതിബദ്ധതയേയും രേഖ പ്രശംസിക്കുന്നു (III,3). വിമോചന ദൈവശാസ്ത്രത്തിൻ്റെ മിക്ക അടിസ്ഥാന സങ്കല്പങ്ങളോടും അതു പൂർണ മായി യോജിക്കുന്നു (1.6: 1,7; IV, 1; VII.2). വിമോചനദൈവശാസ്ത്രം പോലെതന്നെ ഈ രേഖയും ആമുഖത്തിൽ തന്നെ പാവങ്ങളുടെ പക്ഷം ചേരാനുള്ള തീരുമാനം ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്. നീതിക്കും സ്വാതന്ത്ര്യത്തിനും മനുഷ്യമഹത്ത്വത്തിനും വേണ്ടി പോരാടുന്നതിന് അത് ആഹ്വാനം ചെയ്യുന്നു. (ആമുഖം: XI, 2) ലാറ്റിനമേരിക്കൻ വിമോചന ദൈവശാസ്ത്രത്തിൻറ ''മാഗ്നാ കാർത്ത'' കളായി അംഗീകരിക്കപ്പെട്ടിട്ടുള്ള 'മെമെല്ലിൻ'' "പൂഎബ്ലാ" രേഖകളെ അതു സ്‌പഷ്മായി അംഗീകരിക്കുന്നു. വിമോചന ദൈവശാസ്ത്രത്തിൻ്റെതായി വ്യാഖ്യാനിക്കപ്പെടാവുന്ന അപകടകരമായ ചില പ്രവണതകൾക്കെതിരെ രേഖ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ, അതു സുവിശേഷത്തിൻറെ അരൂപിയിൽ പാവങ്ങളുടെ പക്ഷം ചേർന്നു പ്രവത്തിക്കുന്നവരുടെ തരം താഴ്ത്തലായോ, പാവങ്ങളെ തീരാദാരിദ്ര്യത്തിൽ അമർത്തുന്നവർക്കുള്ള അംഗീകാരമായോ തെറ്റിദ്ധരിക്കരുതെന്നും രേഖ എടുത്തുപറയുന്നുണ്ട്.
മാർക്‌സിസ്‌റ്റ് സാമൂഹികാപഗ്രഥനം
അതേസമയം, വിമോചന ദൈവശാസ്ത്രത്തിൻ്റെ ചില വക്‌താക്കളിൽ അഥവാ ചില വിമോചന ദൈവശാസ്ത്രങ്ങളിൽ വന്നുകൂടാവുന്ന അപകടകര മായ ചില പ്രവണതകളെപ്പറ്റി ഒന്നാമത്തെ വത്തിക്കാൻ രേഖ ചില മുന്നറി യിപ്പുകൾ നൽകുന്നുണ്ട്. മുഖ്യമായ മുന്നറിയിപ്പ് മാർക്സിസ്റ്റ് സാമൂഹികാ പഗ്രഥനരീതി സ്വീകരിക്കുന്നതിൽ നിന്നു വരാവുന്ന അപകടത്തെപ്പറ്റിയാണ്. നിരീശ്വരരായ മാർക്സിസ്റ്റുകളുടെ സാമൂഹികാപഗ്രഥനരീതി സ്വീകരിക്കുന്നത് ഈശ്വരവിശ്വാസത്തിനുതന്നെ ക്ഷതമേൽപ്പിച്ചേക്കുമെന്നു രേഖ ഭയപ്പെടുന്നു. എന്നാൽ, ഇതു ശാസ്ത്രീയമായ ഒരു സാമൂഹികാപഗ്രഥന രീതി മാത്രമാണെന്നും, വിമർശനാത്മകമായും വിശ്വാസത്തിനും ദൈവശാസ്ത്രത്തിനും താങ്ങായുമാണ് തങ്ങൾ ഇതു സ്വീകരിക്കുന്നതെന്നും, ഈശ്വരനിഷേധാത്മകമായ മറ്റു മാർക്സിസ്റ്റ് നിലപാടുകളുമായി ഇത് അവശ്യം ബന്ധപ്പെട്ടതല്ലെന്നും പേരെടുത്ത വിമോചന ദൈവശാസ്ത്രജ്‌ഞന്മാരെല്ലാം ഇതി വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. പ്രമുഖരായ മറ്റു പല ദൈവശാസ്ത്രജ്ഞ ന്മാരും ഈ നിലപാടിനോടു യോജിക്കുന്നവരാണ്.
ഉദാഹരണത്തിന്, മാർപ്പാപ്പാ നിയോഗിച്ചിട്ടുള്ള അന്താരാഷ്ട്രദൈവശാസ്ത്രകമ്മീഷൻ്റെ അംഗവും പശ്ചിമജർമനിയിലെ റോട്ടൻബുർഗ് രൂപതയുടെ മെത്രാനായി മാർപ്പാപ്പ ഉയർത്തിയിരിക്കുന്ന വ്യക്‌തിയുമായ വാൾട്ടർ കസ്പെർ പറയുന്നത് ഉദ്ധരിക്കട്ടെ : "Even if one formulates fundamental theological objections against the ideological interpretation of Marxism, one need not deny that it has developed important instruments which have become indispensable in the mean time to analyse social, economic and political problems. These methods become ideological only when they are made absolute, i.e., when religious phenomena are a priori analysed and discussed only in the socio-economic perspective and no more in themselves" (Walter Kasper, Der Gott Jesu Christi, Mainz 1982, 56. Tr:C.I.) സാമൂഹിക പ്രശ്ന ങ്ങളുടെ മാർക്സിസ്റ്റ് അപഗ്രഥനരീതിയെ അപ്രത്യയശാസ്ത്രപരമായ വ്യാഖ്യാനത്തിൽനിന്നു വേർതിരിച്ചു കാണണമെന്നും, സാമൂഹികവും സാ മ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെ അപഗ്രഥിക്കാനായി മാർക്സിസം വികസിപ്പിച്ചെടുത്തിട്ടുള്ള ഉപാധികൾ ഇന്ന് ഒഴിച്ചുനിർത്താൻ പാടില്ലാത്തവയാണെന്നുമാണ് അദ്‌ദേഹം പറയുന്നത്. മാർപ്പാപ്പ നിയോഗിച്ച അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ വിമോചന ദൈവശാസ്ത്രത്തെക്കുറിച്ചു നടത്തിയ പഠനത്തിലും മാർക്സ്‌സിസ്റ്റ് സാമൂഹികാപഗ്രഥന രീതിയെ തള്ളിപ്പറയുന്നില്ല. സാമൂഹികാപഗ്രഥന ദൈവശാസ്ത്രത്തിൽ മാനദണ്ഡങ്ങൾ നിന്നല്ല സാമൂഹിക ശാസ്ത്രത്തിൽ നിന്നാണ് ലഭിക്കുന്നതെന്നും, ദൈവശാസ്ത്രജ്ഞന്മാർ മാർക്സിസ്റ്റ് സാമൂഹികാപഗ്രഥന രീതി സ്വീകരിക്കുന്നതുവഴി അതിൻറ സത്യത്തിനു കൂടുതലായ മൂല്യമൊന്നും ലഭിക്കുന്നില്ലെന്നും മാത്രമേ ഈ കമ്മീഷൻ പറയുന്നുള്ളു. (cfr. Karl Lehmann et alii Theologic der Befreing Binsie-dein 1977, 180) വാസ്തവത്തിൽ, 11-ാം പീയൂസ് മാർപ്പാപ്പയുടെ 'ക്വാഡ്രജസിമോ ആന്നോ' (Quadragesimo Anno) തുടങ്ങി ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയുടെ 'ലാബോറെം എക്സർ ചെൻസ്' (Laborem Exercens) വരെയുള്ള എല്ലാ സാമൂഹികചാക്രികലേഖനങ്ങളും മാർക്സിസ്റ്റ് സാമൂഹികാപഗ്രഥനരീതിയുടെ ഘടകങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നുള്ളതും ഒരു വസ്തുത മാത്രമാണ്.
വർഗസമരവും ബലപ്രയോഗവും
ഒന്നാം വത്തിക്കാൻ രേഖയുടെ മറ്റൊരു ഭീതി വിമോചനദൈവശാസ്ത്രജ്‌ഞന്മാർ വർഗസമരത്തിൽ വിശ്വസിക്കുന്നുവെന്നും ഹിംസാപരമായ മാർഗങ്ങളെ അനുകൂലിക്കുന്നുവെന്നുമാണ്. ലാറ്റിനമേരിക്കയിൽ നിലവിലിരിക്കുന്ന വർഗവൈരുദ്ധ്യത്തെ വിമോചന ദൈവശാസ്ത്രജ്‌ഞന്മാർ ചൂണ്ടിക്കാണിക്കയും, നൂററാണ്ടുകളായി ശക്തർ അശക്തർക്കെതിരായി നടത്തുന്ന അക്രമവും ഹിംസയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നത് സത്യമാണ്. നിലവിലിരിക്കുന്ന വർഗവൈരുദ്ധ്യത്തെ ചൂണ്ടിക്കാണിക്കുന്നതും വർഗസമരത്തിൽ വിശ്വസിക്കുന്നതും തമ്മിൽ സാരമായ വ്യത്യാസമുണ്ടല്ലോ. അഹിംസയുടെ മാർഗങ്ങളിലൂടെ വേണം ശക്തർ അശക്‌തർക്കെതിരേ അഴിച്ചുവിടുന്ന ഹിംസയേയും അക്രമത്തേയും ചെറുക്കാൻ എന്നു ശഠിക്കുന്നവരാണ് മിക്ക വിമോചന ദൈവശാസ്ത്രജ്ഞന്മാരും. സ്നാപകയോഹന്നാനേയും യേശുവി നേയും പോലെ പ്രവാചകരോഷത്തോടെ വാക്കുകൾകൊണ്ട് അക്രമത്തേയും ചൂഷണത്തേയും ചെറുക്കുവാൻ ചില വിമോചന ദൈവശാസ്ത്രജ്‌ഞന്മാർ ആഹ്വാനം ചെയ്യുന്നുണ്ട്. ദീർഘനാൾ നിലനില്ക്കുന്നതും വ്യവസ്ഥാപിതവുമായ അക്രമവും അനീതിയും അവസാനിപ്പിക്കുവാൻ മറ്റു യാതൊരു മാർഗവും ഇല്ലാതെ വന്നാൽ, അവസാനത്തെ മാർഗമായി വിമോ ചകമായ ബലപ്രയോഗം അനുവദനീയമാണെന്നു ചുരുക്കം ചിലർ അഭിപ്രായപ്പെടുന്നുണ്ടെന്നത് വാസ്തുവമാണ്. തിരുസഭയുടെ പരമ്പരാഗത സന്മാർഗശാസ്ത്രത്തിലും ചില പ്രത്യേക സാഹചര്യങ്ങളിൽ ബലപ്രയോഗം (Violence) അനുവദനീയമാണെന്നു പഠിപ്പിക്കുന്നുണ്ട്. ചുരുക്കം ചിലരുടെ അഭിപ്രായം തിരുസഭയുടെ പഠനത്തിനപ്പുറം പോകുന്നില്ല എന്നതാണ് വാസ്തവം.
രണ്ടാം വത്തിക്കാൻ രേഖ
ഒന്നാമത്തെ വത്തിക്കാൻ രേഖയിൽ ഇങ്ങനെയുള്ള ചില മുന്നറിയിപ്പുകളും ഭീതികളുമുണ്ടായിരുന്നതിനാൽ, സഭാധികാരികൾ വിമോചന ദൈവശാസ്ത്രത്തിന് എതിരാണെന്ന തെറ്റിദ്ധാരണ ചിലടത്തെല്ലാം പ്രചരിക്കാനിടയായി. അങ്ങനെയല്ലെന്നു രേഖയിൽ വ്യക്തമായി പറഞ്ഞിരുന്നുവെങ്കിലും, വിമോചനദൈവശാസ്ത്രത്തെ എതിർ ത്തിരുന്നവർ അതൊന്നും വായിക്കാനും മനസ്സിലാക്കാനും കൂട്ടാക്കിയില്ല. തങ്ങളുടെ എതിർപ്രചരണം അവർ നിർബാധം തുടർന്നു. ഈ സാഹചര്യ ത്തിലാണ് വിമോചന ദൈവശാസ്ത്രത്തിനു പരസ്യവും ഔദ്യോഗികവുമായ അംഗീകാരം നൽകിക്കൊണ്ട് റോമിലെ വിശ്വാസസത്യങ്ങളുടെ സംഘം രണ്ടാമത്തെ രേഖ പുറപ്പെടുവിച്ചത്. "ലോകമെമ്പാടും സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും മർദ്ദനത്തിനു വിധേയരാക്കപ്പെടുന്ന ജനലക്ഷങ്ങളുടെ വിമോചനത്തിനു വേണ്ടി പ്രവർത്തിക്കുവാൻ കത്തോ ലിക്കർക്കു ലഭിച്ചിരിക്കുന്ന പരസ്യവും ഔദ്യോഗികവുമായ ആഹ്വാനം" എന്നാണ് ബോംബെയിൽനിന്നു പ്രസിദ്ധപ്പെടുത്തുന്ന എക്‌സാമിനർ എന്ന കത്തോലിക്കാ വാരിക ഈ രണ്ടാമത്തെ വത്തിക്കാൻ രേഖയെ വിശേഷിപ്പി ച്ചത് (ഏപ്രിൽ 19, 1986, പേജ് 365).
സ്വാതന്ത്ര്യത്തിനും വിരോചനത്തിനും വേണ്ടിയുള്ള ആധുനികലോകത്തിൻറ അടങ്ങാത്ത അഭിവാഞ്ച്‌ചയെ രേഖ ആദരിക്കുന്നു (nos. 1; 61). മനുഷ്യവ്യക്തിയുടെ മഹത്ത്വത്തെയും മൗലികാവകാശങ്ങളേയും അവയുടെ സാക്ഷാത്ക്കരണത്തിനുള്ള തടസ്സങ്ങളേയും പറ്റിയുള്ള അവബോധത്തിൽനിന്നാണ് ഈ അഭിവാഞ്ച്‌ച ഉടലെടുക്കുന്നതെന്നു രേഖ തുടർന്നു പറയുന്നു. അതു രാഷ്ട്രത്തിനുള്ളിലും അന്താരാഷ്ട്രതലങ്ങളിലും നടമാടുന്ന അനീതികളുടേയും മർദ്ദനങ്ങളുടേയും നേർക്ക് അതു വിരൽ ചൂണ്ടുന്നു. മനുഷ്യൻ്റെ ദൈവദത്തമായ സ്വാതന്ത്ര്യത്തിൻ്റെ പൂർണവിനിയോഗത്തിന് സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും സാംസ്ക്കാരികവുമായ മണ്ഡലങ്ങളിൽ ആഴമായ മാറ്റങ്ങൾ ആവശ്യമാണെന്നും രേഖ എടുത്തുപറയുന്നു. അനീതികൾക്കു കാരണം പാപകരമായ സാമൂഹിക ഘടനകളും മനുഷ്യഹൃദയത്തിലുള്ള പാപകരമായ പ്രവണതകളുമാകയാൽ, വിമോചനപ്രക്രിയ വ്യക്‌തിപരമായ മാനസ്സാന്തരത്തെയും ഘടനകളുടെ മാററത്തേയും ഉന്നം വെക്കേണ്ടിയിരിക്കുന്നുവെന്നു രേഖ ചൂണ്ടിക്കാണിക്കുന്നു.
സാന്മാർഗികമായി അനുവദനീയമായ മാർഗങ്ങൾ ഉപയോഗിക്കുന്ന മർദ്ദിത രുടെ വിമോചനപ്രസ്ഥാനങ്ങളെ അതു പിന്താങ്ങുന്നു. വിമോചനപ്രക്രിയ യിൽ സഭയുടെ പങ്ക് എന്താണെന്നും രേഖ വ്യക്തമാക്കുന്നുണ്ട് (nos. 61-65). സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടിയുള്ള ആധുനികമനുഷ്യൻ്റെ അഭിവാഞ്ചയെയും പരിശ്രമത്തേയും സ്വന്തം ദൗത്യത്തിൻ്റെ ഭാഗമായി ത്തന്നെ സഭ കരുതുന്നു. മനുഷ്യൻ്റെ സമഗ്രവിമോചനവും സമ്പൂർണരക്ഷയു മാണ് സഭയുടെ ദൗത്യം. ഈ ദൗത്യത്തിനു ഭൗതികവും ആധ്യാത്മികവുമായ മാനങ്ങളുണ്ട്. വ്യക്തികളുടെയും സമൂഹങ്ങളുടെയും ഭൗമികമായ സുസ്‌ഥിതിക്കും സൗഭാഗ്യത്തിനും വേണ്ടി പ്രവർത്തിക്കുന്നതും സഭയുടെ ദൗത്യത്തിൻ്റെ ഭാഗം തന്നെയാണെന്ന് രേഖ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു. അങ്ങനെ വിമോചനദൈവശാസ്ത്രത്തെ സ്‌പഷ്ടമായി അംഗീകരിക്കുന്ന ഒന്നാണ് രണ്ടാം വത്തിക്കാൻ രേഖ: സഭയിൽ മറിയത്തിൻ്റെ 'മാഗ്നിഫിക്കാത്ത്' ഗീതത്തിൻ്റെ ഓർമ നിലനിർത്തുന്ന സ്വാതന്ത്യ്രത്തിൻ്റെയും വിമോചനത്തിൻ്റെയും ഈ ദൈവശാസ്ത്രം നാം ജീവിക്കുന്ന കാലഘട്ട ത്തിൻ്റെ ഒരാവശ്യം തന്നെയാണെന്നാണ് രേഖ പറയുന്നത് (no. 98).
മാർപ്പാപ്പായും സന്ന്യാസസമൂഹങ്ങളും വിമോചന ദൈവശാസ്ത്രത്തെപ്പററി
ഒന്നാമത്തെ വത്തിക്കാൻ രേഖയെത്തന്നെ പരാമർശിച്ചുകൊണ്ട് വിമോ ചനത്തെപ്പറ്റിയുള്ള ദൈവശാസ്ത്രപരവും സഭയുടെ പ്രബോധനങ്ങളിൽ അധിഷ്ഠിതവുമായ വിചിന്തനത്തെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ സ്‌പഷ്ട മായി പിന്താങ്ങുകയും പ്രോത്‌സാഹിപ്പിക്കയും ചെയ്യുകയുണ്ടായി. മായം ചേർക്കാനിടയുള്ള അംശങ്ങളെ മാററി നിർത്തിയാൽ, വിമോചനദൈവ ശാസ്ത്രം ശരിയെന്നു മാത്രമല്ല, ആവശ്യവുമാണെന്നത്രേ അദ്ദേഹം ബ്രസീ ലിൽനിന്നുള്ള മെത്രാന്മാരോടു പ്രസ്‌താവിച്ചത് (Origins 15/42, April 3, 1986, p. 684). 1986 ജനുവരി മാസത്തിൽ വിജയവാഡായിൽ സമ്മേളിച്ച ഇൻഡ്യയിലെ സന്ന്യാസസമൂഹങ്ങളുടെ കോൺഫ്രറൻസും (CRI) വിരോമോചന ദൈവശാസ്ത്രത്തെ അംഗീകരിക്കയും. ഈ ദൈവശാസ്ത്രത്തിൻ്റെ അടിസ്ഥാനത്തിൽ ഇൻഡ്യയിലെ ദരിദ്രരും മർദ്ദിതരുമായ ജനലക്ഷങ്ങളുടെ സമഗ്രവിമോചനത്തിനുവേണ്ടി പ്രവർത്തിക്കുവാൻ തങ്ങൾ പ്രതിബദ്ധരാണെന്നു പ്രസ്‌താവിക്കയുമുണ്ടായി.
വിമോചന ദൈവശാസ്ത്രം കേരളത്തിൽ
എന്നാൽ, വിമോചനദൈവശാസ്ത്രം ഏതോ അപകടകാരിയായ പാഷണ്ഡത യാണെന്നാണ് കേരളത്തിൽ ഇന്നു പലരും ധരിച്ചുവെച്ചിരിക്കുന്നത്. 1984-ൽ റോമിൽനിന്നുള്ള ഒന്നാമത്തെ രേഖ പുറത്തു വന്നപ്പോൾ, വിമോചന ദൈവശാസ്ത്രത്തിൻ്റെ അപകടങ്ങളെപ്പററി ബോധവൽക്കരണം നടത്തുവാൻ കേരളത്തിൽ പലടത്തും സെമിനാറുകൾ സംഘടിപ്പിക്കപ്പെടുകയുണ്ടായി. കത്തോലിക്കാസഭയുടെ വിശ്വാസത്തിനു കടകവിരുദ്ധമാണ് വിമോചന ദൈവശാസ്ത്രമെന്നു പലരും പ്രചാരണം നടത്തി. കേരളത്തിലെ മത്സ്യത്തൊഴിലാളി സമരവും ഏതാണ്ട് ഇക്കാലത്തു തന്നെ അരങ്ങേറിയതിനാൽ, രാഷ്ട്രീയവും സാമ്പത്തികവുമായ ശക്തികളും ഈ വിമോചനദൈവശാസ്ത്രവിരുദ്ധ സമരത്തിനു പിന്നിൽ അണിനിരന്നു. വിമോചനദൈവശാസ്ത്രത്തിൽ നിന്ന് പ്രചോദനമുൾകൊണ്ട് ചില വൈദീകരും കന്യാസ്ത്രീകളും പാവങ്ങളുടെ പക്ഷം ചേർന്ന് മത്സ്യത്തൊഴിലാളി സമരത്തിൽ പങ്കെടുത്തതു പലർക്കും "ഉതപ്പി''നു കാരണമായി. "ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി അർപ്പികരായ" വൈദികരും കന്യാസ്ത്രീകളും രാഷ്ട്രീയസമരങ്ങളിൽ പങ്കെടുക്കുന്നതും അങ്ങനെ '' രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതും" നീതിമത്ക്കരിക്കുവാൻ പോരുന്നതായിരുന്നില്ല അവർ പഠിച്ചു വെച്ചിരുന്ന പരമ്പരാഗതദൈവശാസ്ത്രം. വിമോചനദൈവശാസ്ത്രത്തിനു കേരളത്തിൽ വിലക്കു കല്‌പിക്കപ്പെടുകയും മത്സ്യത്തൊഴിലാളി സമരം തകർക്ക പ്പെടുകയും ചെയ്തു.
അങ്ങനെയിരിക്കുമ്പോളാണ് വിമോചനദൈവശാസ്ത്രത്തെ അംഗീകരിച്ചു കൊണ്ടുള്ള വത്തിക്കാൻ്റെ രണ്ടാമത്തെ രേഖ പ്രസിദ്ധീകരിക്കപ്പെട്ടത്. അതി നെപ്പറ്റി സെമിനാറുകൾ സംഘടിപ്പിക്കാനോ ബോധവൽക്കരണപരിപാടികൾ ആവിഷ്ക്കരിക്കാനോ കേരളത്തിൽ കാര്യമായി ആരുമുണ്ടായില്ല. കേരളത്തിലെ കത്തോലിക്കാ മാധ്യമങ്ങൾ അതർഹിക്കുന്ന പ്രാധാന്യവും പ്രചാരണവും ഈ രേഖയ്ക്കു നൽകിയുമില്ല. അതുകൊണ്ടാണ്' പാഷണ്ഡതയായും സഭയ്ക്കും വിശ്വസത്തിനു മെതിരായും കേരളത്തിൽ പലരും ഇന്നും വിമോചന ദൈവശാസ്ത്രത്തെ കാണുന്നത്.
ഭാരതത്തിന് ഒരു വിമോചന ദൈവശാസ്ത്രം
ലാറ്റിനമേരിക്കയിൽ ഉത്ഭവിച്ച വിമോചന ദൈവശാസ്ത്രം തീർച്ചയായും അപ്പാടെ ഭാരതീയരായ നമുക്കു സ്വീകാര്യമായിരിക്കയില്ല. ഓരോ ജനസമൂഹവും അവരവരുടെ സമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്ക്കാരി കവുമായ പശ്ചാത്തലത്തിലും പരിത:സ്ഥിതികളിലും അതുപോലെതന്നെ. അവരവരുടെ വിശ്വാസത്തിലുള്ള ജീവിതത്തിൻ്റെ അനുഭവങ്ങളെ ആധാരമാക്കിയും വേണം ദൈവശാസ്ത്രവിചിന്തനങ്ങളിൽ ഏർപ്പെടുവാൻ. നമുക്കു നമ്മുടേതായ ഒരു വിമോചനദൈവശാസ്ത്രമാണ് ആവശ്യം. നമ്മുടെ ജനങ്ങൾ നേരിടുന്ന ദാരിദ്ര്യത്തെയും ചൂഷണങ്ങളേയുമെല്ലാം കണക്കിലെടുത്തു കൊണ്ട്, അവയ്ക്ക് ആധാരമായ ഘടകങ്ങളെ വെളിച്ചത്തു കൊണ്ടുവരുവാനും അവയെ നിഷ്കാസനം ചെയ്യാ നുമുതകുന്നതായിരിക്കണം നമ്മുടെ വിമോചനദൈവശാസ്ത്രം. അതിന് ലാറ്റിനമേരിക്കയിലുടലെടുത്ത വിമോചനദൈവശാസ്ത്രം തീർച്ചയായും നമുക്ക് പ്രചോദനവും മാതൃകയുമാണ്. അതിൻ്റെ പല അടിസ്ഥാന സങ്കല്പങ്ങളെയും തത്വങ്ങളെയും നമുക്കും സ്വീകരിക്കാൻ സാധിക്കും. ഏതായാലും വർത്തിക്കാൻ രേഖകളും മാർപാപ്പയുമെല്ലാം അംഗീകരിച്ച വിമോചനദൈവശാസ്ത്രം നിഷിദ്ധമെന്നു കരുതി തള്ളിപ്പറയുവാൻ നമുക്ക് ഇനിയും ആവില്ല.
ദൈവശാസ്ത്രത്രവും അജപാലന ശുശ്രൂഷയും ആരാധനാക്രമവും ജീവിതഗന്‌ധിയാകുവാൻ
ഒരുപക്ഷേ, വിമോചനദൈവശാസ്ത്രത്തോടുള്ള ഈ അകൽച്ചയും വിരോധവുമല്ലേ കേരളത്തിലെ നമ്മുടെ ദൈവശാസ്ത്രവിചിന്തനങ്ങളേയും അജപാലന ശുശ്രൂഷകളേയും ആരാധനാക്രമപരിപാടികളേയുമെല്ലാം ജീവിത ഗാന്ധിയല്ലാത്തതും ശുഷ്കവുമാക്കിത്തീർക്കുന്നതെന്ന് ആലോചിക്കുന്നതു നന്നായിരിക്കും. മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങൾ മനസ്സിലാക്കാനോ അവരെ സഹായിക്കാനോ നമ്മുടെ ദൈവശാസ്ത്രത്തിനും അജപാലനപ്രവർത്തനങ്ങൾക്കും ആരാധനക്രമത്തിനും പലപ്പോഴും സാധിക്കുന്നില്ലെന്നതാണ് പരമാർത്ഥം. കാരണം, അമൂർത്തമായ തത്ത്വങ്ങളുടേയും തിയറികളൂടേയും ദന്തഗോപുരങ്ങളിൽനിന്നു സാധാരണ മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്ക് ഇറങ്ങിവരാനും അവിടെ നിന്നു ദൈവശാസ്ത്രവിചിന്തനങ്ങൾ നടത്തുവാനും അജപാലനപരിപാടികൾ ആവിഷ്‌ക്കരിക്കാനും ആരാധനക്രമത്തിനു രൂപം കൊടുക്കാനും നമുക്കു കഴിഞ്ഞിട്ടില്ല എന്നതുതന്നെ. ഇവിടെയെല്ലാം കാണുന്ന ഏകപക്ഷീയമായ ഊന്നലുകളെ തിരുത്തുവാൻ വിമോചന ദൈവശാസ്ത്രത്തിനു കഴിയുമെന്നതു തീർച്ചയാണ്.
വിമോചന ദൈവശാസ്ത്രത്തിൻ്റെ വക്താക്കളിൽ പ്രമുഖരായ ഫാ. കാപ്പനും ബിഷപ്പ് പൗലോസ് മാർ പൗലോസും ക്രൈസ്തവ വൈദികർതന്നെയോ എന്ന ചോദ്യത്തിനുത്തരമായി കൂടുതൽ ഒന്നും പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല.
വിമോചനദൈവശാസ്ത്രത്തിൻ്റെ വക്താക്കളെന്ന കാരണത്താൽ തീർച്ചയായും അവരുടെ ക്രൈസ്തവികതയ്‌ക്കോ പൗരോഹിത്യത്തിനോ ഭംഗം വരികയല്ല, അതൊന്നുകൂടി തിളക്കമാർന്നതാകയേയുള്ളൂ. പിന്നെ ഒരു വ്യക്തിയുടെ ക്രൈസ്തവികതയേയും പൗരോഹിത്യത്തെയും ആ വ്യക്‌തി ഉത്തമവിശ്വാസത്തോടെ വെച്ചുപുലർത്തുന്ന ബോധ്യങ്ങളുടേയും തത്ത്വങ്ങളുടേയും പേരിൽ ചോദ്യം ചെയ്യുന്നത് ഒരിക്കലും ശരിയായിരിക്കയില്ലല്ലോ. ക്രിസ്തുനാഥൻ്റെ സുവിശേഷത്തോടുള്ള പ്രതിബദ്ധതയും അതിന് അനുസൃതമായ ജീവിതവുമാണ് ഒരു വ്യക്തിയുടെ ക്രൈസ്തവികതയുടെ മാനദണ്ഡം. പൗരോഹിത്യവിശ്വസ്‌തതയുടെ മാനദണ്ഡവും മറെറാന്നല്ല.

















































































































