ക്രൈസ്തവജീവിതത്തിലെ പ്രലോഭനങ്ങളും പ്രതിബന്ധങ്ങളും

ദൈവശാസ്ത്രവേദി

യേശു പ്രഖ്യാപിച്ച സുവിശേഷത്തിലും യേശുവിൻ്റെ പെസഹാരഹസ്യത്തിലും വിശ്വസിച്ചവർ ഈ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുകയും അതു ജീവിക്കാൻ പ്രതിബദ്ധരാകുകയും ചെയ്തത് ജ്ഞാനസ്നാനം സ്വീകരിച്ചുകൊണ്ടായിരുന്നു. വിശ്വാസം ഏറ്റുപറയുവാനും അതു ജീവിക്കാൻ ഉറച്ച തീരുമാനമെടുക്കാനും പ്രായപൂർത്തിയായവർക്കു മാത്രമേ സാധിക്കയുള്ളുവല്ലോ. ആദ്യത്തെ രണ്ടു നൂറ്റാണ്ടുകളിൽ ശിശുക്കൾക്കു ജ്ഞാനസ്നാനം നൽകിയിരുന്നുവെന്നതിനു വ്യക്തമായ തെളിവുകളൊന്നുമില്ല. എന്നാൽ, മൂന്നാം നൂറ്റാണ്ടു മുതൽ, വിശ്വാസികളായ മാതാപിതാക്കളുടെ കുഞ്ഞുങ്ങൾക്കും ജ്ഞാന സ്നാനം നൽകിയിരുന്നു. മാതാപിതാക്കൾ വിശ്വാസികളായതുകൊണ്ട് തങ്ങളുടെ കുഞ്ഞുങ്ങൾക്കു ശിശുപ്രായം മുതൽ വിശ്വാസ പരിശീലനം നൽകുകയും, പ്രായപൂർത്തിയാകുമ്പോൾ അവർ സ്വമേധയാ വിശ്വാസം ഏറ്റുപറയുകയും ജീവിക്കുകയും ചെയ്‌തുകൊള്ളുമെന്ന സഭയുടെ പ്രത്യാശയും ബോധ്യവുമാണ് ശിശു ജ്ഞാനസ്‌നാനത്തിനു പിന്നിൽ നാം കാണുന്നത്. എന്നാൽ, ഈ പ്രതീക്ഷയ്ക്ക് ഇന്നു വളരെയേറെ മങ്ങലേല്പ്‌പിക്കപ്പെട്ടിരിക്കുകയാണ്, വിശിഷ്യ നമ്മുടെ കേരള ക്രൈസ്‌തവ സമൂഹത്തിൽ. ഇതെല്ലാം കഴിഞ്ഞ ലക്കങ്ങളിൽ നാം കണ്ടുകഴിഞ്ഞല്ലോ.
കുടുംബങ്ങൾ അന്നും ഇന്നും
പണ്ടൊക്കെ യേശുവിൻ്റെ അരൂപി നിറഞ്ഞു നില്ക്കുകയും അതു ജീവിക്കുകയും ചെയ്യുന്ന കുടുംബങ്ങളായിരുന്നു ഭൂരിഭാഗവും. മാതാപിതാക്കളുടെ ത്യാഗോജ്ജ്വലമായ സ്നേഹവും സ്വയം മറന്നുള്ള ശുശ്രൂഷയും സഹോദരീ സഹോദരന്മാരുടെ ഒരുമയും സ്നേഹവും സഹകരണവുമെല്ലാം അനുഭവിച്ചാണ് കുഞ്ഞുങ്ങൾ വളർന്നു വന്നത്. സത്യവും നീതിയും അഗതികളോടുള്ള അനുകമ്പയും കുടുംബത്തിലെ ചോദ്യം ചെയ്യപ്പെടാനാവാത്ത മൂല്യങ്ങളായിരുന്നു. പ്രാർത്ഥനയും കൗദാശിക ജീവിതവും ക്രൈസ്‌തവ കുടുംബങ്ങളുടെ മുഖമുദ്രയായിരുന്നു. ഈ കുടുംബാന്തരീക്ഷത്തിലാണ് വളർന്നുവന്ന കുഞ്ഞിൻ്റെ ആദ്യത്തെ സാമൂഹ്യവത്ക്കരണവും ക്രൈസ്‌തവവത്ക്കരണവും നടന്നത്. യേശുനാഥനോടുള്ള വ്യക്തിപരമായ ആഭിമുഖ്യത്തിൽ വളർന്നുവരുവാൻ ഇതെല്ലാം ആ വ്യക്തിയെ സഹായിച്ചു.
എന്നാൽ ഇങ്ങനെയുള്ള ഒരു ക്രിസ്‌തീയാന്തരീക്ഷം പല കുടുംബങ്ങളിൽനിന്നും ഇന്ന് അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്. മാതാപിതാക്കൾ രണ്ടുപേരും ഇന്നു മിക്കവാറും ജോലിക്കാരാണ്. മക്കളോടു സ്നേഹമുണ്ടെങ്കിലും, ജോലികഴിഞ്ഞു ക്ഷീണിച്ചുവരുന്ന അവർക്ക് ആ സ്നേഹം പ്രകടിപ്പിക്കാനുള്ള സമയമോ 'മൂഡോ' കാണുകയില്ല. ജോലിക്കാരായി വിദേശങ്ങളിൽ പോയിരിക്കുന്നവരുടെ കാര്യം പറയുകയും വേണ്ടാ. മാതാപിതാക്കൾ തമ്മിൽ പിണക്കവും വഴക്കും പതിവായ കുടുംബങ്ങൾ കുറച്ചൊന്നുമല്ല. കുഞ്ഞുങ്ങളെ കുഞ്ഞു പ്രായത്തിൽത്തന്നെ അതു വളരെ പ്രതികൂലമായി ബാധിക്കുമെന്നതു വ്യക്തമാണല്ലോ. അപ്പൻ്റെ മദ്യപാനവും അടിയും തൊഴിയും, അമ്മയുടെ കണ്ണുനീരും കണ്ടാണ് ഇന്നു പല കുഞ്ഞുങ്ങളും വളരുന്നത്. ഈ കുഞ്ഞുങ്ങൾക്ക് ക്രൈസ്തവമായി ജീവിക്കാൻ കുടുംബത്തിൽ നിന്നു കിട്ടുന്ന പ്രചോദനം എത്രമാത്രം എന്ന് ഊഹിക്കാമല്ലോ. സഹോദരങ്ങൾ തമ്മിൽ പണ്ടുണ്ടായിരുന്ന സ്നേഹത്തിന്റെയും ഒരുമയുടെയും സഹകരണത്തിന്റെയും അനുഭവം ഇന്നത്തെ അണു കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്കു തിർത്തും അന്യമാണ്. ഒരുമയുടെയും സഹകരണത്തിന്റെയും സ്ഥാനത്ത് മറ്റുള്ളവരെ പിന്തള്ളി മുന്നേറാനുള്ള കടുത്ത സമ്മർദ്ദമാണ് മാതാപിതാക്കളിൽ നിന്നു തന്നെ കുഞ്ഞുങ്ങൾക്കനുഭവപ്പെടുക. കുടുംബ പ്രാർത്ഥനയുടെ സമയവും സ്ഥാനവും റ്റി.വി. സീരിയലുകൾ ഇന്നു മിക്കവാറും പിടിച്ചടക്കി കഴിഞ്ഞിരിക്കുയാണ്.
പൊതുസമൂഹത്തിലെ മൂല്യത്തകർച്ച
കുടുംബങ്ങളിൽ നിന്ന് ഈ കുഞ്ഞുങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തുമ്പോൾ, യേശുവിൻ്റെ അരൂപിക്കു തീർത്തും നിരക്കാത്ത മൂല്യങ്ങളും ജീവിത ശൈലികളുമാണ് അവരെ കാത്തിരിക്കുക. കഴിയുന്നിടത്തോളം കൂടുതൽ സ്വത്ത്, സ്വാധീനം, സുഖം, അധികാരം തുടങ്ങിയവ നേടുകയാണ് ജീവിതത്തിൻ്റെ ലക്ഷ്യമായി അവിടെ കണക്കാക്കപ്പെടുന്നത്. ഈ ലക്ഷ്യം ഏതുവിധേനയും നേടാം. ധർമ്മ-അധർമ്മ വിവേചനമൊന്നും അവിടെ പ്രസക്തമല്ല. കൈക്കൂലി, കള്ളക്കടത്ത്, കരിഞ്ചന്ത, വിഷമദ്യ നിർമ്മാണവും വിപണനവും, മയക്കുമരുന്നുകളുടെ കടത്തൽ, എല്ലാം വലിയ അപകടമില്ലാത്ത ധനാഗമ മാർഗ്ഗങ്ങളായിട്ടാണ് കരുതപ്പെടുക, മുകളിൽ പിടിപാടുള്ളവർക്കു പ്രത്യേകിച്ചും. ആദ്യം ഞാനും എന്റെ താല്പര്യങ്ങളും, പിന്നെ എന്റെ കുടുംബവും അതിൻ്റെ താല്പര്യങ്ങളും, അതുകഴിഞ്ഞാൽ എന്റെ ബന്ധു മിത്രാദികളും അവരുടെ താല്പര്യങ്ങളും - ഇങ്ങനെ പോകുന്നു പൊതുജീവിതത്തിലുള്ളവരുടെയും മുൻഗണനാക്രമം. എനിക്കും എനിക്കുള്ളവർക്കും മുന്നേറണം. മറ്റുള്ളവരുടെ കാര്യം എനിക്കു പ്രശ്നമല്ല. കഴിവും കൈയ്യൂക്കുമുള്ളവൻ വിജയിക്കും. ചരിത്രത്തിന്റെ ഈ പ്രക്രിയയിൽ കുറെപ്പേർ പിന്തള്ളപ്പെടും. വീഴുന്നവരും മുറിവേല്പിക്കപ്പെടുന്നവരും പ്രാന്തവത്ക്കരിക്കപ്പെടുന്നവരും ഒക്കെയുണ്ടാകും. അതൊക്കെ ചരിത്രത്തിൻ്റെ അനുദ്ദിഷ്ട സംഭവങ്ങൾ മാത്രം. തിരിഞ്ഞു നോക്കാനും അവരെ പരിഗണിക്കാനും പോയാൽ എൻ്റെ മുന്നേറ്റത്തിന് പ്രതിബന്ധമാകും.സമൂഹത്തിൽ ഏറെക്കുറെ സാർവ്വത്രികമായി പ്രതിഫലിക്കുന്ന ഈ മനോഭാവത്തിന്റെ പശ്ചാത്തലത്തിൽ യേശുവിൻ്റെ അനുയായി ആയി ജീവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന വ്യക്തിക്ക് പൊതുസമൂഹത്തിൽ നേരിടേണ്ടിവരുന്ന
പ്രതിബന്ധങ്ങൾ ഊഹിക്കാനാവുമല്ലോ
സഭകളുടെ ക്രൈസ്തവസാക്ഷ്യം
പിന്നെ ശേഷിക്കുന്ന അഭയവും ആശാകേന്ദ്രവും സഭാസമൂഹമാണ്. സഭയിൽ നിന്നാണല്ലോ ശിശു ജ്ഞാനസ്‌നാനം സ്വീകരിച്ചതും ക്രൈസ്തവ ജീവിതത്തിൻ്റെ അനുഗ്രഹ വിത്തുകൾ ആ വ്യക്തിയുടെ ഹൃദയത്തിൽ പാകപ്പെട്ടതും. അവ മുളച്ചു വളരുന്നതിനുള്ള ചൂടും വെളിച്ചവും വളവും ജലവുമെല്ലാം സ്വാഭാവികമായി ലഭിക്കേണ്ടതും സഭയിൽ നിന്നുതന്നെയാണല്ലോ. സഭയുടെ പ്രാർത്ഥനാ ജീവിതത്തിലും ആരാധനക്രമത്തിലും കൗദാശിക ജീവിതത്തിലും പങ്കുചേരുവാൻ വലിയ ബുദ്ധിമുട്ടില്ലാതെ ഒരുവനു സാധിക്കുന്നുണ്ട്. ദൈവവചനത്തിന്റെ വ്യാഖ്യാനങ്ങൾ കുറെയെല്ലാം ഇടവക ദേവാലയത്തിൽനിന്ന് അവനു ലഭിക്കുന്നുണ്ട്. നൊവേനകൾ, പെരുന്നാളുകൾ തുടങ്ങിയ ഭക്താഭ്യാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും പങ്കുചേരുവാൻ അവനു വിഷമമൊന്നുമില്ല. ക്രൈസ്തവ വിശ്വാസത്തെയും ജീവിതത്തെയും പറ്റിയുള്ള താത്ത്വികമായ പഠനങ്ങൾ മതബോധന ക്ലാസ്സുകളിൽ അവനു ലഭ്യമാണ്. എന്നാൽ, വിശ്വാസത്തിൻ്റെയും ആരാധനയുടെയും ഭക്തിയുടെയുമെല്ലാം താത്ത്വിക തലങ്ങളിൽനിന്നും ജീവിതത്തിലേക്കു കടക്കുമ്പോൾ, യേശുവിന്റെ അരൂപിക്കും മൂല്യങ്ങൾക്കും ചേരാത്ത പലതിനും അവനു സാക്ഷിയാകേണ്ടി വരുന്നുവെന്നത് ഒരു ദുഃഖസത്യമാണ്.
വിവിധ സഭകൾ തമ്മിൽ നിലനില്ക്കുന്ന വ്യവഹാരങ്ങളും പൊതുസമ്പർക്ക മാധ്യമങ്ങളിലൂടെ നടത്തുന്ന ആരോപണ പ്രത്യാരോപണങ്ങളുമാണ് അവയിലൊന്ന്. ഒരേ സഭയ്ക്കുള്ളിൽ വിവിധ ഗ്രൂപ്പുകൾ തമ്മിൽ നടക്കുന്ന വഴക്കുകളും വിവിധ രൂപതകൾ തമ്മിലുള്ള യോജിപ്പില്ലായ്‌മയും മറ്റൊരുദാഹരണമാണ്. സ്നേഹത്തിൻ്റെയും ഐക്യത്തിന്റെയും പ്രതീകമായ വിശുദ്ധ കുർബാന തന്നെ ഒരേ രീതിയിയിൽ അർപ്പിക്കാൻ ആവുന്നില്ല. യേശു പഠിപ്പിച്ച 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന ജപം പോലും സ്വന്തം സഭയിലുള്ള മറ്റു സഹോദരങ്ങളുമായി ഒന്നിച്ചു പ്രാർത്ഥിക്കുവാൻ കഴിയാത്ത അവസ്ഥ. ഇവയെല്ലാം യേശുവിന്റെ അരൂപിയിൽ സ്നേഹത്തിലും ഐക്യത്തിലും ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കു മുമ്പിൽ ചോദ്യചിഹ്നങ്ങളായി ഉയർന്നു നിൽക്കുകയാണ്.
നനയുന്ന കൂരകൾക്കുള്ളിൽ പട്ടിണികൊണ്ടു പൊരിയുകയും രോഗങ്ങൾകൊണ്ടു വലയുകയും ചെയ്യുന്ന ദരിദ്രർ താമസിക്കുന്ന ചെറ്റക്കുടിലുകൾക്കു സമീപം തന്നെ കോടികൾ മുടക്കി പണിതുയർത്തപ്പെടുന്ന കത്തീഡ്രലുകളും ദേവാലയങ്ങളും യേശുവിൻ്റെ സുവിശേഷത്തിനു സാക്ഷ്യം നൽകുന്നവയല്ല തന്നെ. ബഹുലക്ഷങ്ങൾ മുടക്കിയുള്ള ജൂബിലിയാഘോഷങ്ങളുടെയും പെരുന്നാളുകളുടെയും കാര്യം പറയുന്നില്ല. ആതുര ശുശ്രൂഷാരംഗത്ത് പണ്ടു കാലങ്ങളിൽ വീരോചിതമായ സേവനം ചെയ്തിട്ടുള്ള സഭയും സഭയിലെ സന്യാസ സ്ഥാപനങ്ങളുമൊക്കെ നടത്തുന്ന ആശുപത്രികളിൽ ഇന്നു നടപ്പിലിരിക്കുന്ന 'ബ്ലാക് ബിൽ' സമ്പ്രദായത്തിന്റെ ബലിയാടുകളാകേണ്ടി വരുന്ന നാലാം ഗ്രേഡ് ജോലിക്കാർക്കും ബഹു. സിസ്റ്റേഴ്സ്സിനും പോലും യേശുവിന്റെ സുവിശേഷമൂല്യങ്ങളിൽ വിശ്വസിക്കാനും അവ ജീവിക്കാനും എളുപ്പമല്ല. സർവ്വോപരി, ഈ ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തിയ ശേഷം, കിടപ്പാടം വിറ്റുപോലും ബില്ലടയ്ക്കേണ്ടിവരുന്ന രോഗികളും അവരുടെ ബന്ധുക്കളും ഈ സ്ഥാപനങ്ങളുടെ സുവിശേഷ സാക്ഷ്യത്തെപ്പറ്റി ചോദ്യങ്ങളുയർത്തുന്നുവെങ്കിൽ, അവരെ കുറ്റം പറയാനാവില്ല.
സഭയുടെ ചരിത്രത്തിലെ മഹത്തരമായ മറ്റൊരദ്ധ്യായമായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾ. വിദ്യാഭ്യാസസാങ്കേതിക പരിശീലനരംഗങ്ങളിൽ അധികമൊന്നും സാധ്യതകളില്ലാതിരുന്ന ഒരു കാലത്ത് പൊതുജനത്തെയും വിശിഷ്യ സമൂഹ ത്തിലെ പാവപ്പെട്ടവരെയും ദുർബലവിഭാഗങ്ങളെയും ഉദ്ധരിക്കാനായി സഭയും സന്യാസ സ്ഥാപനങ്ങളും വളരെയധികം ത്യാഗം സഹിച്ചു സ്‌കൂളുകളും തൊഴിൽപ രിശീലനകേന്ദ്രങ്ങളും പണിതുയർത്തി മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്കിക്കൊണ്ടു ചെയ്ത സേവനത്തെ ആദരവോടെ ഇന്ന് എല്ലാവരും അംഗീകരിക്കുന്നു. കാലക്രമത്തിൽ സർക്കാരു തന്നെ സ്‌കൂളുകളും കോളേജുകളും സ്ഥാപിച്ചു നടത്താനും പ്രൈവറ്റ് എയ്‌ഡഡ് സ്‌കൂളധ്യാപകർക്കു കനത്ത ശമ്പളം നല്‌കാനും തുടങ്ങിയതോടെ വിദ്യാഭ്യാസം ഒരു സേവനരംഗമെന്നതിനെക്കാൾ ആകർഷകമായ ഒരു തൊഴിൽരംഗമായി മാറി. അതോടെ അദ്ധ്യാപകാനദ്ധ്യാപകരുടെ നിയമനത്തിനും വിദ്യാർത്ഥികളുടെ അഡ്‌മിഷനുമൊക്കെ "നിർബന്ധിത സംഭാവനകൾ" തുടങ്ങിയ അക്രൈസ്തവ മാർഗ്ഗങ്ങളുപയോഗിച്ച് പണം സമ്പാദിക്കാനുള്ള പ്രലോഭനത്തിൽ ചിലരെല്ലാം വീണുപോയി.
സേവനത്തോടൊപ്പം ലാഭേച്ഛയും കൂടി കലർന്ന ധാരാളം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുമുണ്ടായി, ക്രൈസ്‌തവ സമൂഹങ്ങൾക്കുള്ളിലും വെളിയിലും ക്രൈസ്‌തവ മൂല്യങ്ങൾക്കു നിരക്കാത്ത രീതിയിൽ ഈ മേഖലകളിൽ പലയിടത്തും വ്യാപിച്ച ഈ ദുഷ്പ്രവണതകൾ ഭാരതീയ കത്തോലിക്കാ മെത്രാൻ സംഘത്തിന്റെയും (സി. ബി.സി.ഐ.) മറ്റും ഇടപെടലിന്റെ ഫലമായി കുറഞ്ഞ് ഏറെക്കുറെ ഇല്ലാതായി വന്നപ്പോഴാണ്, ഹയർ സെക്കൻഡറി സ്‌കൂളുകളും പ്രൊഫഷനൽ കോളേജുകളും കേരളത്തിന്റെ പ്രൈവറ്റ് മേഖലയിൽ ഒരാവശ്യമായി ഭവിച്ചത്. അന്യസംസ്ഥാനങ്ങളിൽ പോയി ഭീമമായ ഡൊണേഷനും ഫീസുമെല്ലാം കൊടുത്തു പഠിക്കേണ്ടിവന്നിരുന്നവർക്ക് സ്വന്തം സംസ്ഥാനത്തു തന്നെ ചെലവുകുറഞ്ഞു പഠിക്കാൻ സാധിക്കുകയെന്നത് ഒരനുഗ്രഹം തന്നെയെന്നതിൽ സംശയമില്ല. ഹയർ സെക്കൻഡറി സ്‌കൂളുകളും പ്രൊഫഷനൽ കോളേജുകളുമൊക്കെ നടത്തുന്നതിനു കെട്ടിടങ്ങളും ലാബുകളും മറ്റും പണിതു സജ്ജമാക്കാൻ വൻ മുതൽമുടക്കുണ്ടെന്നതു വ്യക്തമാണല്ലോ. ഇതിനാവശ്യമായ ഫണ്ട് സാന്മാർഗ്ഗികവും നീതി യുക്തവുമായ മാർഗ്ഗങ്ങളിലൂടെ സമാഹരിക്കുന്നതിനെ കുറ്റപ്പെടുത്താനാവില്ല. എന്നാൽ, ഇതിന്റെ പേരിലും മറവിലും അനാശാസ്യവും അവിഹിതവുമായ വിധത്തിൽ ഫണ്ടുശേഖരണം നടത്തി ലാഭമുണ്ടാക്കാനുള്ള പ്രലോഭനത്തിൽ സഭയും സന്യാസ സമൂഹങ്ങളും നടത്തുന്ന സ്ഥാപനങ്ങളും വീണുപോകുമ്പോൾ, അതു സുവിശേഷമൂല്യങ്ങളായ സത്യവും നീതിയും ദരിദ്രരോടുള്ള ആർദ്രതയുമൊക്കെ സാംശീകരിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരുവനു നേരിടുന്ന കടുത്ത പ്രതിബന്ധമായി തീരുന്നുവെന്നു പറയാതെ വയ്യാ. ഇങ്ങനെ സഭാമണ്ഡലങ്ങളിൽ തന്നെ പ്രത്യക്ഷപ്പെടുന്ന സുവിശേഷ മൂല്യങ്ങൾക്കെതിരായ പ്രവണതകളും സാക്ഷ്യങ്ങളും സഭാമക്കളെ ഒന്നുകിൽ ഉള്ള വിശ്വാസം കളഞ്ഞു കുളിക്കുവാൻ പ്രലോഭിപ്പിക്കും. അല്ലെങ്കിൽ വിശ്വാസ ജീവിതം നയിക്കാൻ കൂടുതൽ സഹായകമെന്ന് അവർ കരുതുന്ന മറ്റു കൂടാരങ്ങളിലേക്കു മാറിപ്പാർക്കുവാൻ പ്രേരിതരാക്കും. അതിനു കരിസ്‌മാറ്റിക്കുകാരെയും മറ്റും പഴിപറഞ്ഞിട്ടു കാര്യമില്ല.
പ്രകാശത്തിന്റെ തുരുത്തുകൾ
പറഞ്ഞകാര്യങ്ങൾ പലതും ഏറെ നിഷേധാത്മകമായ കാര്യങ്ങൾ ആയിപ്പോയതിൽ വിഷമമുണ്ട്. നിഷേധാത്മകമായ കാര്യങ്ങളാണല്ലോ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതും സഭയുടെയും സമൂഹത്തിന്റെയും പ്രതിച്ഛായയ്ക്കു കൂടുതൽ മങ്ങലേല്പിക്കുന്നതും. അവയിലേക്കു ശ്രദ്ധതിരിക്കുന്നതു വഴിയേ അവയെ തിരുത്താനും പ്രതിച്ഛായയെ പ്രകാശപൂരിതമാക്കാനും സാധിക്കയുള്ളുവെന്ന തിരിച്ചറിവാണ് നിഷേധാത്മകങ്ങളായ ചില കാര്യങ്ങളെപ്പറ്റി പരാമർശിക്കാൻ പ്രേരിപ്പിച്ചത്. അതേ സമയം, പ്രകാശത്തിൻ്റെ പല തുരുത്തുകളും സഭയിലും സമൂഹത്തിലും കാണുവാൻ കഴിയുമെന്നതു കൃതജ്ഞതയോടെ ഓർക്കുന്നു. ഉദാഹരണത്തിന്, അവശർക്കും അശരണർക്കുംവേണ്ടി മദർ തെരേസായുടെ സഹോദരിമാർ ചെയ്യുന്ന നിസ്വാർത്ഥമായ സേവനങ്ങളും, ബഹു. കുറ്റിക്കലച്ചൻ തുടങ്ങിയതും ഇന്നു നാടിന്റെ നാനാഭാഗങ്ങളിൽ അത്മായർതന്നെ മുൻകൈയെടുത്തു നടത്തുന്നതുമായ 'ആകാശപ്പറവ'കളുടെ സങ്കേതങ്ങളും, അതുപോലെ തന്നെ ബഹു. കൈപ്പൻപ്ലാക്കലച്ചൻ, ബഹു. ഫ്രാൻസിസ് ഡൊമനിക് അച്ചൻ, ബഹു. സിസ്റ്റർ ലിറ്റി (സിസ്റ്റേഴ്‌സ് ഓഫ് പ്രോവിഡൻസ്), കോട്ടയം മെഡിക്കൽ കോളേജിൽ ക്ലാർക്കായിരുന്ന ശ്രീ പി. യു. തോമസ് മുതലായവരും, പിന്നെ അങ്ങിങ്ങു ചില അച്ചന്മാരും സിസ്റ്റേഴ്സും ചെയ്യുന്ന തത്തുല്യമായ നിസ്തുലമായ സേവനങ്ങളും പ്രത്യേകിച്ച് എടുത്തു പറയേണ്ടവയാണ്. ഇവയ്ക്കെല്ലാം ദൈവത്തിനു നന്ദി പറയുന്നതോടൊപ്പം, ഇവരുടെ മാതൃക മറ്റനേകർക്ക് പ്രചോദനമായി തീരട്ടെയെന്ന് നമുക്ക് ആശംസിക്കാം പ്രാർത്ഥിക്കാം.
ഡോ. സിപ്രിയൻ ഇല്ലിക്കമുറി OFM Cap.
അസ്സീസി മാസിക, ഡിസംബർ 2004

















































































































