top of page

അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു- 17

Writer: പ്രൊഫ. ജോര്‍ജ് ജോസഫ്
പ്രൊഫ. ജോര്‍ജ് ജോസഫ്
Jun 5
4 min read
Three persons sitting together and discuss

17

ഉത്തരവാദിത്തങ്ങള്‍ മക്കളിലേക്ക്



ജോസഫ്, കളത്തിന്‍റെ കണക്കും കാര്യങ്ങളും നോക്കി അടങ്ങി ഒതുങ്ങി ജീവിച്ചു പോന്നു. ജോസഫിന്‍റെ സാമീപ്യം കുസുമവും കൊച്ചുമോനും നന്നായി രസിക്കുന്നുണ്ടായിരുന്നു. കൊച്ചുമോന്‍ നീന്താന്‍ തുടങ്ങിയപ്പോള്‍ കൂടെ നീന്താനും എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ വീഴാതിരിക്കാന്‍ പിടിക്കാനും കൊച്ചു ചിറ്റപ്പന്മാരും കുഞ്ഞമ്മമാരും ഉണ്ടായിരുന്നു. കൊച്ചുമോന്‍ വീഴാന്‍ പോകുന്നതായി ആര്‍ക്കെങ്കിലും തോന്നിയാലുടന്‍ അവര്‍ ഓരോരുത്തരായി മാറി മാറി എടുത്തോണ്ട് നടക്കും.


അവരോട് കുസുമം പറയും, "കൊച്ചുമോനെ താഴെവയ്ക്ക്, പിള്ളേര് വീണു വേണം നടക്കാന്‍ പഠിക്കാന്‍." എന്നാലും ആരും അവനെ താഴെ വയ്ക്കത്തില്ല. കുസുമം മനസ്സില്‍ മന്ത്രിച്ചു, "ഇതുങ്ങള്‍ എന്‍റെ കുഞ്ഞിനെ വളരാന്‍ അനുവദിക്കത്തില്ല." എന്നാലും അവരുടെ സ്നേഹം കുസുമവും രസിച്ചുകൊണ്ടിരുന്നു. കൊച്ചുമോന്‍ വളരുന്നതിനൊപ്പം കുസുമത്തിന്‍റെ വയറ്റില്‍ മറ്റൊരു ജീവന്‍ തുടിക്കാന്‍ തുടങ്ങി. അങ്ങനെ മാസങ്ങള്‍ ചിലത് കടന്നു. അപ്പനും അമ്മയും കൂടി കുസുമത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. വീട് ഉറങ്ങാനും തുടങ്ങി. ജോസഫ് മാറാനും തുടങ്ങി.


ഇത്തവണ കൊച്ചുതോമ ബോംബെയ്ക്കു പോയപ്പോള്‍ സേവ്യറിനെ കൂട്ടിനു കൊണ്ടുപോയി. വ്യാപാര ബന്ധങ്ങള്‍ മക്കളാരെങ്കിലുമൊക്കെ അറിയേണ്ടേ. അപ്പനും സേവ്യറും കൂടെ ബോംബെയ്ക്ക് യാത്രയായപ്പോള്‍ സന്തോഷത്തോടെയാണ് ജോസഫ് അവരെ യാത്രയാക്കിയത്. ജോസഫിനെ ഇതേവരെ ബോംബെയ്ക്ക് കൊണ്ടുപോകാത്തതില്‍ അവന് പരിഭവം തോന്നാതിരിക്കാന്‍, തേങ്ങ വരവ് കണക്ക്, തേങ്ങയിടീല്‍ കണക്ക് മുതലായവ ജോസഫിനെ കാണിച്ചു വേണം കണക്കന്‍ ഭാസ്കരനെ ഏല്‍പ്പിക്കാന്‍ എന്ന് പാപ്പിയോടും നാരായണന്‍കുട്ടിയോടും പറഞ്ഞതിനാല്‍, ജോസഫ് സന്തുഷ്ടനും ആയിരുന്നു. ജോസഫ് അതെല്ലാം ഉത്തരവാദിത്വത്തോടെ ചെയ്തതിനുശേഷം മാത്രമേ പാപ്പിക്കുഞ്ഞിന്‍റെ കൂടെ പതിവ് കറക്കത്തിന് ഇറങ്ങാറുണ്ടായിരുന്നുള്ളു. അന്നന്ന് എഴുതേണ്ട നിര്‍ദേശ കുറിപ്പുകള്‍ കൃത്യമായി ബുക്കില്‍ എഴുതി. കുറിപ്പുകള്‍ സാധാരണ അനുബന്ധമായി ചേര്‍ത്ത് കൊടുക്കുകയായിരുന്നു പതിവ്. ജോസഫ് ഇത്ര ഭംഗിയായി കണക്ക് എഴുതുന്നതും സമയത്ത് കൊടുക്കുന്നതും കണ്ടപ്പോള്‍ കണക്കന്‍ ഭാസ്കരന് ജോസഫിന്‍റെ മാറ്റത്തില്‍ വലിയ സന്തോഷം തോന്നി. ബോംബെയില്‍ നിന്ന് തിരിച്ചെത്തിയ കൊച്ചുതോമ, ജോസഫിനെക്കുറിച്ച് നല്ല അഭിപ്രായം കേട്ട് വളരെ സന്തോഷിച്ചു.


രണ്ടു നാളുകള്‍ക്കു ശേഷം കൊച്ചുതോമ കണക്ക് പരിശോധിച്ചപ്പോള്‍ ദിനചര്യ കുറിപ്പുകളും ബുക്കില്‍ പതിച്ചിരിക്കുന്നതും തമ്മില്‍ ചേരുന്നില്ല. അന്നന്നത്തെ കുറിപ്പുകള്‍ പരിശോധിക്കാതിരുന്നതിന് കണക്കന്‍ ഭാസ്കരനെ നന്നായി ശകാരിച്ചു. കണക്കന്‍ ഭാസ്കരനെ പറഞ്ഞതോടെ നിര്‍ത്തിയിരുന്നെങ്കില്‍ പ്രശ്നം വഷളാകില്ലായിരുന്നു. മിച്ചമുള്ള കോപം ജോസഫിന്‍റെ മേല്‍ തീര്‍ത്തു. കാരണം ആരുടെയോ കണക്ക് കൂട്ടിയെഴുതി അതിനുള്ള തുക ജോസഫ് എടുത്തെന്ന് കൊച്ചുതോമ സംശയിച്ചു. എടുക്കുന്നതിന് കൊച്ചുതോമ എതിരല്ല. എന്നാല്‍ പറയാതെ എടുക്കുന്നത് ഇഷ്ടമല്ല. ആദ്യമൊക്കെ അപ്പന്‍ പറഞ്ഞതെല്ലാം കേട്ടെങ്കിലും കള്ളന്‍ എന്നൊരു ധ്വനിയോടെ സംസാരിച്ചപ്പോള്‍ ജോസഫ് പൊട്ടിത്തെറിച്ചു. കൊച്ചുതോമായുടെ ചോദ്യത്തിനുള്ള മറുപടിയല്ല ജോസഫ് പറഞ്ഞത്, "എന്നെ കഴിവില്ലാത്തവന്‍ ആക്കിയത് അപ്പനാണ്. എല്ലായിടത്തും എന്നെ കൊച്ചാക്കി അവനെ വലുതാക്കി കാണിക്കുന്നു. കല്യാണം കഴിച്ച് ഒരു കൊച്ചായി. എന്നിട്ടും എനിക്ക് ഒരു സ്ഥാനവുമില്ല. എല്ലാം സേവ്യറിനെയാണ് ഏല്‍പ്പിക്കുന്നത്. അവന്‍ അപ്പനെ ഊമ്പിച്ചില്ലെങ്കില്‍ എന്‍റെ പേര് ഇവിടുത്തെ പട്ടിക്ക് ഇട്ടോ"


ഈ പ്രതികരണം കൊച്ചുതോമ ഒട്ടും പ്രതീക്ഷിച്ചില്ല. കൊച്ചുതോമ പുറത്തേക്ക് ഇറങ്ങിപ്പോയി


കണക്കന്‍ ഭാസ്കരന്‍ കണക്കിലെ തെറ്റ് കൊച്ചുതോമായെ അറിയിച്ചു. 'പറ്റ് തേങ്ങ' കണക്കില്‍ 'ഇടീല്‍ തേങ്ങ'യുടെ കണക്ക് മാറ്റിയെഴുതിയതായിരുന്നു തെറ്റ്. രണ്ടും ചേര്‍ത്ത് എണ്ണം ശരിയായിരുന്നു. ഇത്ര നിസ്സാര കാര്യത്തിന് ജോസഫിനെ കുറ്റപ്പെടുത്തിയതിനും കുടുംബ കലഹം ഉണ്ടാക്കി വെച്ചതിനും, കൊച്ചുതോമ തന്നെത്താന്‍ പഴിച്ചു. എന്നാല്‍ പഴിക്കപ്പെട്ടവനോട് ഒരു വാക്കുപോലും പറഞ്ഞില്ല.


കുടുംബാന്തരീക്ഷം മോശമാക്കിയതില്‍ തന്‍റെ പങ്കിനെ ഓര്‍ത്ത് കൊച്ചുതോമ വീണ്ടും വീണ്ടും സങ്കടപ്പെട്ടു. പലരോടാലോചിച്ചാണ് കൊച്ചുതോമ ഇതിനൊരു പരിഹാരം കണ്ടത്. ഒരു വീട് വെച്ച് ജോസഫിനെ മാറ്റി താമസിപ്പിക്കുക. അവരാച്ചനോട് ആലോചിച്ച് ആശാരിയെ വിളിപ്പിച്ചു. അവരാച്ചനും ആശാരിയും പറമ്പായ പറമ്പെല്ലാം സ്ഥാനം തേടി നടന്നു. സ്ഥലവും സ്ഥാനവും കണ്ടു. വീടിന്‍റെ പ്ലാന്‍ വരച്ചു. കുറ്റിയടിക്കാനുള്ള നാളും നേരവും തീരുമാനിച്ചു.


പറമ്പ് വെഞ്ചരിക്കാന്‍ അച്ചനോട് അപേക്ഷിക്കുവാന്‍ കൊച്ചുതോമ പള്ളി മേടയിലെത്തി.

അച്ചന്‍ ചോദിച്ചു, "ഇടം തീരുമാനിച്ചു അല്ലേ?"


"സ്ഥലം കണ്ടുപിടിച്ചു." കൊച്ചു തോമ മറുപടി പറഞ്ഞു.


അച്ചന്‍ വീണ്ടും ചോദിച്ചു, "സ്ഥാനം കണ്ടു?"


കൊച്ചുതോമ: "കണ്ടു."


അച്ചന്‍ വീണ്ടും: "കുറ്റിയടിക്കാനുള്ള നാളും സമയവും തീരുമാനിച്ചു, കാണുമല്ലോ?" എന്തോ മനസ്സില്‍ വച്ചാണ് അച്ചന്‍ സംസാരിക്കുന്നതെന്ന് കൊച്ചുതോമാക്ക് മനസ്സിലായി.


കൊച്ചുതോമ 'മ് ' എന്നു മൂളി.


അച്ചന്‍, "എന്താ മൂളുന്നത്? തീരുമാനിച്ചോ ഇല്ലയോ?" ചോദ്യം കനത്തു.


"തീരുമാനിച്ചു," കൊച്ചുതോമ തീര്‍ത്തു പറഞ്ഞു.


അച്ചന്‍ വീണ്ടും, "ആര്?" കൊച്ചുതോമ മറുപടി പറഞ്ഞു, "നാരായണപ്പണിക്കന്‍."


അച്ചന് വീണു കിട്ടി, "അന്നാ നാരായണപ്പണിക്കനെ വിളിച്ച് പറമ്പ് വെഞ്ചരിച്ചാല്‍ മതി."

ഇനി നിന്നിട്ട് കാര്യമില്ലന്നറിയാവുന്നതു കൊണ്ട് കൊച്ചുതോമ വീണ്ടും വരാം എന്ന തീരുമാനത്തോടെ തിരിച്ചു നടന്നു.


വൈകുന്നേരം കൊച്ചുതോമ വീണ്ടും വരുമ്പോള്‍ അച്ചന്‍ കുശിനിയിലിരുന്നു കാപ്പി കുടിക്കുകയായിരുന്നു. കൊച്ചുതോമ ലോഹ്യം പറഞ്ഞ് അകത്തു കയറി. സഞ്ചിയില്‍ പലഹാരങ്ങളും പഴവര്‍ഗങ്ങളും ഉണ്ടായിരുന്നു. മേശപ്പുറത്തേക്ക് വെച്ച ഉടന്‍ അച്ചന്‍ ചോദിച്ചു, "എനിക്കെന്താ കൈക്കൂലി തരികയാണോ?"


'എന്‍റെ സന്തോഷത്തിന്."


"തന്‍റെ സന്തോഷത്തിന് താന്‍ കൊണ്ടുപോയി തിന്നണം."


അച്ചന്‍റെ അരിശത്തിന് കാരണമെന്തെന്ന് കപ്യാര് അന്തപ്പന്‍ പറഞ്ഞ് കൊച്ചുതോമക്ക് അറിയാമായിരുന്നു. "അച്ചന് കൊച്ചു പെണ്‍പിള്ളേരെയാണ് ഹരം" എന്ന് കൊച്ചുതോമ പറഞ്ഞതായി ആരോ അച്ചനെ തെറ്റിദ്ധരിപ്പിച്ചിരുന്നു.


കൊച്ചുതോമ പൊട്ടിത്തെറിച്ചു, "കൊച്ചിയിലും കൊയിലാണ്ടിയിലും നടക്കുന്ന എനിക്ക്, അച്ചന്‍റെ കുറ്റം പറഞ്ഞോണ്ട് നടക്കാന്‍ എവിടെയാ നേരം. ആരോ പറയണത് കേട്ട് എന്നോട് പെരുമാറരുത്." കൊച്ചുതോമയുടെ കോപത്തോടുകൂടിയുള്ള പ്രതികരണം കേട്ടപ്പോള്‍ അച്ചന് മനസ്സിലായി കൊച്ചുതോമ ആത്മാര്‍ത്ഥതയോടെയാണ് സംസാരിക്കുന്നതെന്ന്. തുടര്‍ന്ന് അവര്‍ വളരെ നേരം സംസാരിച്ചിരുന്നു. നീണ്ട സംസാരം കൊച്ചുതോമായുടെ വക ഒരു പൊന്നിന്‍ കുരിശില്‍ മാത്രം അവസാനിച്ചില്ല. പിന്നീട് അച്ചന്‍ കൊച്ചുതോമായുടെ വത്സല ശിഷ്യനായി മാറിയെന്നു മാത്രമല്ല, നിത്യ സന്ദര്‍ശകനുമായി.


കല്ലിടീലും പണിയും എല്ലാം വളരെ വേഗം നടന്നുകൊണ്ടിരുന്നു. കുസുമം പ്രസവവും പ്രസവാനന്തര രക്ഷയും ചടങ്ങുകളും എല്ലാം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് തങ്ങള്‍ക്ക് ഒരു വീടു പണിയുന്നുണ്ടെന്ന് അറിയുന്നത്. വീടിന്‍റെ പണിയെക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞില്ലെന്ന് കുസുമത്തിന് മനപ്രയാസം ഉണ്ടായെങ്കിലും പെണ്ണുങ്ങള്‍ മനപ്രയാസങ്ങള്‍ മനസ്സിന് പുറത്ത് കാണിക്കരുതെന്ന ചൊല്ലുവിളിയില്‍ വളര്‍ന്നതിനാല്‍ എല്ലാം മനസ്സില്‍ സംഗ്രഹിച്ചു. അങ്ങനെ ജോസഫും കുസുമവും സ്വതന്ത്രമായ കുടുംബജീവിതം ആരംഭിച്ചു.


കുസുമം ജോസഫിനെ അടുത്തറിയുവാന്‍ തുടങ്ങിയത് ശരിക്കും അപ്പോഴായിരുന്നു. അവരുടെ സ്വകാര്യതയില്‍, പ്രത്യേകിച്ചൊന്നും അറിയാനല്ലെങ്കില്‍ പോലും, ചുമ്മാ വര്‍ത്തമാനം പറയുവാനായി, കുസുമം ചില ചോദ്യങ്ങള്‍ ചോദിക്കുന്നത് ജോസഫിനെ അലോരസപ്പെടുത്തി. കാരണം, പല ചോദ്യങ്ങള്‍ക്കും "അപ്പനെ അറിയൂ" എന്നു മറുപടി പറയുവാന്‍ ജോസഫിനു ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഒഴിഞ്ഞുമാറാനും ആയില്ല. അവസാനം ജോസഫ് വീട്ടില്‍ നിന്ന് അകലാന്‍ തുടങ്ങി. വ്യാപാര കാര്യങ്ങളില്‍ ഇടപെടാന്‍ എന്ന ഭാവേന വീട്ടില്‍ നിന്ന് കാലത്ത് ഇറങ്ങിയാല്‍ ആഹാര കാര്യങ്ങള്‍ക്കു മാത്രമേ വീട്ടില്‍ വരാറുണ്ടായിരുന്നുള്ളു.


ഇതിനിടയില്‍, കരിയില്‍ എട്ടേക്കര്‍ നിലം കൊച്ചുതോമയ്ക്ക് വാങ്ങേണ്ടതായി വന്നു. കുട്ടനാട്ടുകാരന്‍ തൊമ്മച്ചന്‍ ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടി നാട്ടില്‍ നിന്ന് ഓടി അഭയം തേടിയത് കരിയിലാണ്. കയ്യില്‍ ഉള്ള പണം കൊടുത്ത് എട്ടേക്കര്‍ കൃഷി നിലം വാങ്ങി. കുട്ടനാട്ടു വീട്ടില്‍ തൊമ്മച്ചന്‍ എന്നാണ് നാട്ടുകാര്‍ക്കിടയില്‍ അയാള്‍ അറിയപ്പെട്ടിരുന്നത്. ശുദ്ധ സുറിയാനി ക്രിസ്ത്യാനിയായിരുന്നെങ്കിലും ആ ഭാഗത്തെ പുലയരുടെ നേതാവായിരുന്നു തൊമ്മച്ചന്‍. അയാള്‍ അവരോട് ജന്മിത്ത മനോഭാവത്തോടെയല്ല പെരുമാറിയിരുന്നത്. സുഹൃത്തുക്കളായാണ് കണ്ടിരുന്നത്. എല്ലാം ഉപേക്ഷിച്ച് അന്യ നാട്ടില്‍ കുടിയേറിയപ്പോള്‍ പിടിവള്ളി നല്‍കിയത് അവരല്ലേ. അതുമാത്രമല്ല അവിടുത്തെ നാമമാത്രമായ ക്രിസ്ത്യാനികള്‍ തൊമ്മച്ചനെ വരത്തനായി കണ്ട് വേണ്ടത്ര പരിഗണന നല്‍കിയിരുന്നില്ല. തൊമ്മച്ചന്‍ മുണ്ടാര്‍ കരിയില്‍ കൃഷി ചെയ്ത് സുഖമായി ജീവിക്കുന്നുണ്ടെന്നറിഞ്ഞ് സഹോദരങ്ങള്‍ തൊമ്മച്ചനുമായി ബന്ധം പുനസ്ഥാപിക്കുകയും നാട്ടിലെ വീതം അപ്പന്‍ കൊടുക്കുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി കരിനിലം വിറ്റ് നാട്ടിലേക്ക് ചേക്കേറേണ്ടി വന്നു. വളരെ ആണ്ടുകളായി തൊമ്മച്ചനുമായി നല്ല ബന്ധത്തിലായിരുന്നു കൊച്ചുതോമ. അങ്ങനെ കരിനിലം വാങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടു. തൊമ്മച്ചന്‍റെ മൂപ്പനായിരുന്ന നല്ലചെറുക്കനെ തന്നെ കൊച്ചുതോമ നിലം നോക്കാന്‍ ഏല്പിച്ചു. നല്ലചെറുക്കന്‍ എന്നത് പേരാണ്. വയസ്സ് അറുപത് കഴിഞ്ഞിരുന്നു. മേല്‍നോട്ടക്കാരനായി ജോസഫ് നിയോഗിക്കപ്പെട്ടു. തീരുമാനത്തിലെ അടവ് മനസ്സിലായെങ്കിലും അതുവഴി തനിക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും സൗകര്യങ്ങളും ഓര്‍ത്തപ്പോള്‍ സന്തോഷത്തോടെ ജോസഫ് ആ ജോലി സ്വീകരിച്ചു.


ആദ്യ കൃഷി വന്‍ വിജയമായിരുന്നു. കൊയ്ത്തും മെതിയും ഉണക്കും പതിരു പിടുത്തവും പാടത്തു തന്നെ. സര്‍ക്കാര്‍ ലവിക്കും ജോസഫ് സ്വന്തം ഇഷ്ടപ്രകാരം വിറ്റതും കിഴിച്ച് അഞ്ചു വലിയ വള്ളം നിറയെ നെല്ല് വീട്ടിലെത്തിച്ചു. തുച്ഛമായ ചെലവില്‍ ഇത്രയും വിളവ് കണ്ട കൊച്ചുതോമയ്ക്ക് വലിയ സന്തോഷം തോന്നുകയും ജോസഫിനെ ഒരു കര്‍ഷക കുമാരനായി അംഗീകരിക്കുകയും, അങ്ങനെ വ്യാപാരരംഗത്ത് നിന്ന് ജോസഫിനെ പൂര്‍ണമായി മാറ്റുകയും ചെയ്തു.

(തുടരും...)


അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു

പ്രൊഫ. ജോര്‍ജ് ജോസഫ് എം

അസ്സീസി മാസിക ജൂൺ 2026

bottom of page