top of page

അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു-16

Writer: പ്രൊഫ. ജോര്‍ജ് ജോസഫ്
പ്രൊഫ. ജോര്‍ജ് ജോസഫ്
May 7
4 min read

16

പൊരുത്തക്കേടുകളും പൊരുത്തപ്പെടലുകളും

Illustration of a rustic house at night with glowing windows. Palm trees and bushes surround the house, creating a peaceful, cozy mood.

എലിസബത്തമ്മയുടെ ഇല്ലായ്മ വല്ലായ്മയായി എല്ലാവരും തിരിച്ചറിഞ്ഞു. ആരും ഒന്നും മിണ്ടാതായി. ചോറും കറികളും വയ്ക്കുന്നു, കഴിക്കുന്നു, ഉറങ്ങുന്നു. എല്ലാം ചെയ്യേണ്ടിവരുന്നതിനാല്‍.ചെയ്യുന്നു. കൊച്ചുത്രേസ്യാക്കുട്ടിയായിരുന്നു ബുദ്ധിമുട്ട് ഏറ്റവും അധികം അനുഭവിച്ചു കൊണ്ടിരുന്നത്. എല്ലാവരെയും ഭരിച്ച്, എല്ലാം ചെയ്ത് നടക്കുന്ന കൊച്ചുത്രേസ്യാക്കുട്ടി ആരെയും ഭരിക്കാതെ ഒന്നും ചെയ്യാതെ, നാരായണി നിര്‍ബന്ധിക്കുമ്പോള്‍ മാത്രം എന്തെങ്കിലും കഴിച്ച്, വ്യാധി ബാധിച്ചതുപോലുള്ള കിടപ്പ് തന്നെയായിരുന്നു.


കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ വീട് തീപ്പുരക്ക് സമാനമാകുമെന്നും തേങ്ങാ പോലെ കരിഞ്ഞുണങ്ങുമെന്നും കൊച്ചുതോമ തിരിച്ചറിഞ്ഞു. കൊച്ചുതോമ കൊച്ചുത്രേസ്യാക്കുട്ടിയുടെ അരികില്‍ പോയിരുന്ന് ആശ്വാസവാക്കുകള്‍ പറഞ്ഞു, "നീ വീടിനു വേണ്ടി നല്ലത് മാത്രമെ ചെയ്യൂ. ഒരു കാര്യവുമില്ലാതെ നീ എലിസബത്തമ്മയെ പറഞ്ഞു വിടില്ല. അല്ലായിരുന്നെങ്കില്‍, പേരമ്മ ഇവിടെ തലകീഴായി മറിച്ചേനെ. എനിക്കതറിയാം, കുടുംബത്തിന്‍റെ നന്മയ്ക്ക് വേണ്ടി നീ നല്ലതേ ചെയ്യു. എന്നിട്ട്, നമ്മള്‍ പിന്നെയും കഷ്ടപ്പെടുന്നത് നല്ലതാണോ? അതുകൊണ്ട് നീ പഴയ കൊച്ചുത്രേസ്യാക്കുട്ടിയാകണം. നിന്‍റെ ശബ്ദവും ബഹളവുമൊക്കെ കേള്‍ക്കാതെ എനിക്ക് കഞ്ഞി കൂടെ ഇറങ്ങുന്നില്ല."


കൊച്ചുത്രേസ്യാക്കുട്ടി കൊച്ചുതോമായെ നോക്കി. കെട്ടിപ്പിടിച്ച് ഉമ്മ വെക്കണമെന്ന് തോന്നി. ജനലും വാതിലും അടഞ്ഞു കിടന്നിരുന്നെങ്കില്‍ എന്ന് കൊച്ചുത്രേസ്യാക്കുട്ടി ആഗ്രഹിച്ചു. കൊച്ചുതോമായുടെ വിരലുകളില്‍ തൊട്ട് കൈ ഓടിച്ചു. "മ്" എന്ന് മൂളി, വിങ്ങിപ്പൊട്ടി. കൊച്ചുതോമായ്ക്ക് സന്തോഷമായി. കൊച്ചുത്രേസ്യാക്കുട്ടിക്ക് എന്തന്നില്ലാത്ത ആശ്വാസവും ഉത്സാഹവും ഉണ്ടായി.


ജോയിയുടെ വേര്‍പിരിയല്‍ കത്രീനക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. പൊതുവെ മിണ്ടാട്ടമില്ലാത്ത പ്രകൃതമായിരുന്നതിനാല്‍ കത്രീനയുടെ വിഷമം പ്രത്യേകിച്ചാരും ശ്രദ്ധിച്ചില്ല. കാലക്രമത്തില്‍ കത്രീന പള്ളിയും പ്രാര്‍ത്ഥനയുമായി കഴിയുവാന്‍ തുടങ്ങി. എല്ലാ ദിവസവും പള്ളിയില്‍ പോകും. വീട്ടിലെ പ്രാര്‍ത്ഥന മുന്‍നിന്ന് ചൊല്ലുന്നതും കത്രീനയായിരുന്നു. ജോയിയില്‍ നിന്നുള്ള വേര്‍പാട് കര്‍ത്താവിനോട് വേര്‍പിരിയാനാവാത്ത വിധം അടുപ്പിച്ചു. മഠത്തില്‍ പോകുവാനുള്ള തന്‍റെ താത്പര്യം കൊച്ചുതോമായെ അറിയിച്ചപ്പോള്‍, കൊച്ചുതോമ എതിരഭിപ്രായമാണ് പറഞ്ഞത്. കാരണം മേരിക്കുട്ടിയുടെ കല്യാണത്തില്‍ വന്ന അപാകതകള്‍ അയാളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. ഈ അപാകതകളൊന്നും വരാതെ ശ്രദ്ധയോടെ കത്രീനയെ കല്ല്യാണം കഴിച്ചു കൊടുക്കണമെന്നത് കൊച്ചുതോമയുടെ വലിയ ആഗ്രഹമായിരുന്നു. എന്നാല്‍, കത്രീനയുടെ നിര്‍ബന്ധത്തിനു മുമ്പില്‍ ദൈവഹിതമതായിരിക്കുമെന്നും, കര്‍ത്താവിന്‍റെ വഴി അവള്‍ തെരഞ്ഞെടുക്കട്ടെയെന്നും കൊച്ചുതോമ തീരുമാനിച്ചു.


കല്യാണവും മധുവിധു ആഘോഷങ്ങളും എല്ലാം കഴിഞ്ഞ് സാധാരണ ജീവിതം ആരംഭിച്ചപ്പോഴാണ് തനിക്ക് സ്വന്തമായി ഒരു പണിയുമില്ലെന്ന് ജോസഫ് കണ്ടുപിടിച്ചത്. അപ്പന്‍റെ പിറകെ എത്ര നാള്‍ നടക്കും. ജോസഫ് സ്കൂളില്‍ പഠിക്കുന്ന കാലത്ത് നിക്കറ് മാറി മുണ്ടുടുക്കുവാന്‍ കാട്ടിക്കൂട്ടിയ അസ്വസ്ഥതകള്‍ അവനറിയാതെ ചെയ്തതായിരുന്നു. എന്നാല്‍, ഇപ്പോള്‍ ജോസഫ് കാട്ടാന്‍ തുടങ്ങിയ അസ്വാരസ്യങ്ങള്‍ മനപ്പൂര്‍വ്വം ആരംഭിച്ചതാണ്. ആദ്യമെല്ലാം അമ്മയോട് മാത്രമേ പ്രതികരിച്ചിരുന്നുള്ളൂ തനിക്ക് വീട്ടില്‍ വേണ്ടത്ര സ്ഥാനമില്ലെന്നായിരുന്നു പരാതി. എല്ലാം സേവ്യറിനെയാണ് ഏല്‍പ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അത് ശരിയുമായിരുന്നു. സേവ്യര്‍ ജോലികള്‍ തേടി കണ്ടുപിടിച്ച് ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു. പ്രശ്നപരിഹാരത്തിനായി കൊച്ചുതോമ ജോസഫിനോട് പറഞ്ഞു, "നീ കളത്തിലെ കണക്ക് നോക്ക്." മുഖത്ത് അടിച്ച പോലെ മറുപടി വന്നു, "പൊതിയുടെയും കഴത്തിന്‍റെയും എണ്ണം നോക്കുന്നത് ഒരു വലിയ ജോലിയായിരിക്കും?" കൊച്ചുതോമ വിട്ടില്ല, "എന്നാല്‍ നീ പറ്റുപടിക്കാരുടെ കണക്ക് നോക്ക്." "അതിനല്ലേ ഭാസ്കരന്‍ ഉള്ളത്." കൊച്ചുതോമായ്ക്ക് മറുപടിയൊന്നും പറയാനില്ലായിരുന്നു, കാരണം കൊച്ചുതോമയ്ക്ക് കാര്യം മനസ്സിലായി. അവന്‍ സ്വന്തമായും സ്വതന്ത്രമായും എന്തെങ്കിലുമൊക്കെ ചെയ്യട്ടെ എന്ന് അയാള്‍ നിശ്ചയിച്ചു.


കൊച്ചുതോമ ജോസഫിനോട് ചോദിച്ചു, "ഉല്ലല ചന്തയിലെ കുമാരപിള്ള കച്ചവടം നിര്‍ത്തുകയാണ്, ആ കട നമ്മള്‍ എടുത്ത് നന്നായി നടത്തിയാല്‍ തലയോലപ്പറമ്പില്‍ പോകുന്നവരും നമ്മുടെ കടയില്‍ വരും. നിനക്ക് താല്പര്യം ഉണ്ടോ?" ജോസഫ് കുറച്ചുനേരം ആലോചിച്ച് നല്ലൊരു മറുപടി അറിയിച്ചു, "വൈക്കം ടൗണില്‍ കട നടത്തണമെന്നായിരുന്നു എന്‍റെ ആഗ്രഹം, ഇതാണേലും കുഴപ്പമില്ല." മേളപ്പറമ്പില്‍ സ്റ്റോഴ്സ് എന്ന് പേരിട്ട് കട വെഞ്ചരിച്ച് ഉദ്ഘാടനം ചെയ്തു. കൊച്ചിയില്‍നിന്നും ആലപ്പുഴയില്‍ നിന്നും ആയിരുന്നു ചരക്ക് എടുത്തിരുന്നത്. കൊണ്ടുവരുന്നതിന് ചിലവ് ഒന്നും ഇല്ലായിരുന്നു. ഉരുളന്‍തേങ്ങയും കോപ്രായും ഇറക്കി തിരികെ വരുന്ന കാലിവള്ളങ്ങളില്‍ മൊത്ത വ്യാപാരികള്‍ ചരക്കേറ്റി അയയ്ക്കുമായിരുന്നു. വള്ളക്കാരുടെ കയ്യില്‍ ലിസ്റ്റ് കൊടുത്തുവിട്ടാല്‍ മതിയായിരുന്നു. ചരക്കിനുള്ള തുക കൊച്ചുതോമ കൊടുത്തുകൊള്ളും. ബില്ല് കണക്കന്‍ ഭാസ്കരനെ ഏല്‍പ്പിക്കും. കണക്കന്‍ അത് കടയുടെ പേരില്‍ പറ്റെഴുതും. ഓരോ ആഴ്ചയിലും കണക്കന്‍റെ കയ്യില്‍ പണം ഏല്‍പ്പിച്ച് കണക്ക് വീട്ടി റസീപ്റ്റ് വാങ്ങണം എന്നതായിരുന്നു വ്യവസ്ഥ.


കടയിലെടുത്തു കൊടുക്കുവാന്‍ നില്‍ക്കുന്ന സുരേഷ് ഓരോ ആഴ്ചയിലും എഴുതി കൊടുക്കുന്ന കുറിപ്പ് വള്ളക്കാരുടെ കയ്യില്‍ കൊടുക്കുകയാണ് പതിവ്. കേരളത്തിലെ തന്നെ പ്രധാന കമ്പോളങ്ങളില്‍ നിന്ന് പലവ്യഞ്ജനങ്ങള്‍ എടുക്കുന്നതിനാലും ചരക്ക് കൊണ്ടുവരുന്നതിന് ചെലവൊന്നും ഇല്ലാതിരുന്നതിനാലും മറ്റു കടക്കാരേക്കാള്‍ വിലകുറച്ച് ജോസഫിന് കൊടുക്കുവാന്‍ സാധിച്ചിരുന്നു. വില കുറവായതിനാലും നല്ല സാധനങ്ങളായിരുന്നതിനാലും നല്ല ചെലവുണ്ടായിരുന്നു. സുരേഷ് വളരെ വേഗം കെട്ടിക്കൊടുക്കുമെങ്കിലും ആ തിരക്കിന് ഒരാളുടെ പ്രയത്നം പോരായിരുന്നു. വാങ്ങാന്‍ വരുന്നവര്‍ വഴക്കുണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ ജോസഫും കൂടും. സഹായത്തിന് പാപ്പിക്കുഞ്ഞിനെ കടയില്‍ വയ്ക്കാം എന്ന് ജോസഫ് ആവശ്യപ്പെടുന്നുണ്ടായിരുന്നെങ്കിലും, പാപ്പിക്കുഞ്ഞിന് ഇവിടെ പണിയുണ്ടെന്നും കടയിലേക്ക് വേണ്ട എന്നും കൊച്ചുതോമ ആവര്‍ത്തിച്ചു.


യഥാര്‍ത്ഥത്തില്‍ ജോസഫും പാപ്പിക്കുഞ്ഞും ഒന്നിച്ച് ഒരു മാസം കട നടത്തിയാല്‍ കടയടയ്ക്കുമെന്ന് കൊച്ചുതോമായ്ക്കറിയാമായിരുന്നു. പാപ്പിക്കുഞ്ഞിന് കടയില്‍ കയറിപ്പറ്റണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു. ജോസഫിനോട് അവന്‍ അത് പലവട്ടം പറഞ്ഞിട്ടുമുണ്ട്. പക്ഷേ അവസാനം ബന്ധുവായ അപ്പച്ചനെ കടയിലേക്ക് എടുത്തു. അപ്പന്‍റെ തീരുമാനം ജോസഫിന് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ബന്ധുവായതിനാല്‍ വേണ്ടെന്നു പറയാനും പറ്റിയില്ല. ജോസഫിന്‍റെ മേല്‍ ഒരു നോട്ടം കിട്ടും എന്ന് കരുതിയാണ് അപ്പച്ചനെ കടയിലേക്ക് നിയോഗിച്ചത്. സുരേഷ് പറഞ്ഞു കൊടുക്കുന്നതെല്ലാം കേട്ട് അപ്പച്ചന്‍ നന്നായി ചെയ്യുമായിരുന്നു. അപ്പച്ചന്‍റെ പെരുമാറ്റത്തിലും പ്രവര്‍ത്തനരീതിയിലും സുരേഷിനും ജോസഫിനും തൃപ്തിയായിരുന്നു.


ആദ്യമെല്ലാം കൃത്യമായി പണം അടച്ചിരുന്നു. കുസുമം ആദ്യപ്രസവത്തിന് വീട്ടില്‍ പോയപ്പോള്‍ കാര്യമെല്ലാം മാറി. പിന്നീട് പണം അടയ്ക്കുന്നത് വല്ലപ്പോഴുമായി. ഒന്ന് രണ്ട് പ്രാവശ്യം കണക്കന്‍ ജോസഫിനെ ഓര്‍മിപ്പിച്ചെങ്കിലും ജോസഫ് പരുഷമായി സംസാരിച്ചതിനാല്‍ കണക്കന്‍ ചോദിക്കാതായി. മാസത്തിലൊരിക്കല്‍ കടയുടെ കണക്ക് പൂര്‍ണമായും കൃത്യമായും എഴുതി കണക്കന്‍റെ കയ്യില്‍ സമര്‍പ്പിക്കണമെന്നത് കാലക്രമത്തില്‍ ഇല്ലാതായി. കടയുടെ കണക്കും കാശും സമയത്തെത്തുന്നില്ലെന്ന് കണക്കന്‍ കൊച്ചുതോമായെ ഒരിക്കല്‍ ധരിപ്പിച്ചു. അന്ന് വീട്ടില്‍ മുട്ടന്‍ വഴക്കുണ്ടായി. കുസുമം വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ വഴക്കുണ്ടാക്കുവാനുള്ള സ്വാതന്ത്ര്യം ഇരുകൂട്ടര്‍ക്കും ലഭിച്ചു. കച്ചവടം നിലനില്‍ക്കണമെങ്കില്‍ കണക്കും കാര്യവും വേണമെന്ന് കൊച്ചുതോമ മകന്‍ ജോസഫിനെ പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിച്ചെങ്കിലും ജോസഫ് മനസ്സിലാക്കാന്‍ തയ്യാറല്ലായിരുന്നു. അപ്പന് പക്ഷാഭേദമുണ്ടെന്നും തന്നോട് സ്നേഹമില്ലെന്നും സേവ്യറിനോടാണ് സ്നേഹമെന്നും ജോസഫ് ഉച്ചത്തില്‍ സംസാരിക്കുവാന്‍ തുടങ്ങി. കൊച്ചുതോമ അതോടെ അടിയറവ് പറയേണ്ടി വന്നു. എന്നാല്‍ മുന്‍പേറ് പണം കെട്ടി രസീപ്റ്റോടെ കുറിപ്പ് കൊടുത്താല്‍ മാത്രമേ ചരക്ക് വാങ്ങുകയുള്ളുയെന്ന് ജോസഫിന് താക്കീത് നല്‍കി. സ്വന്തമായി സമ്പാദിക്കണമെന്നോ കണക്ക് പൂഴ്ത്തി പറ്റിക്കണമെന്നോ ജോസഫിനില്ലായിരുന്നു. എന്നാല്‍ കൃത്യമായി കണക്ക് എഴുതി വയ്ക്കാനോ, ഒത്തു നോക്കാന്‍ കണക്കനെ ഏല്‍പ്പിക്കാനോ മടിയായതുകൊണ്ടാണ് ഈ പിശകെല്ലാം ഉണ്ടായത്. എന്നാല്‍ അത് സമ്മതിക്കുന്നതിന് പകരം ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തടിയൂരാനാണ് ജോസഫ് ശ്രമിച്ചത്.


കാലക്രമത്തില്‍, പലപ്പോഴും ജോസഫ് സമയത്ത് കടയില്‍ വരാതെയായി. വന്നാലും, അവസാനം വരെ ഇരിക്കാതെയുമായി. തത്ഫലമായി, അപ്പച്ചന്‍ ബന്ധുബലം ഉപയോഗിച്ച് സുരേഷിന്‍റെ മേല്‍ മുതലാളിയായി മാറി. അപ്പച്ചന്‍ പറയുന്നത് കടയിലെ കണക്കായി മാറി. വൈകുന്നേരം ഏഴ് മണിയോടെ പാപ്പികുഞ്ഞ് കടയില്‍ വരും. അന്നത്തെ അതുവരെയുള്ള വരവ് തിട്ടപ്പെടുത്തി ആവശ്യത്തിനു പണം പോക്കറ്റിലിട്ട് രണ്ടുപേരും കൂടി യാത്രയാകും. കടപൂട്ടി താക്കോലും പണവും അപ്പച്ചന്‍ വീട്ടിലേല്‍പ്പിക്കും.


ഈ കാലയളവില്‍ അപ്പച്ചന്‍ കച്ചവടം നന്നായി പഠിച്ചു. കാണാന്‍ കൊള്ളാവുന്ന ചില പെണ്‍കുട്ടികള്‍ അപ്പച്ചനോട് മാത്രമേ സാമാനങ്ങള്‍ വാങ്ങു. അവര്‍ തിരക്കിനിടയിലും കൊഞ്ചും, കൊഴയും, സാമാനങ്ങള്‍ വാങ്ങുന്നതിനിടയില്‍ കൈയേല്‍ തൊടും. പ്രത്യുപകാരമായി എല്ലാം ചോദിക്കുന്നതിലും അധികമായി അപ്പച്ചന്‍ കൊടുക്കും. ആശാനായ സുരേഷിന് കാര്യം മനസ്സിലായെങ്കിലും തിരുത്താന്‍ മുതിര്‍ന്നില്ല. കാരണം ശിഷ്യന്‍ കൊച്ചു മുതലാളി മാതിരി ആയിപ്പോയല്ലോ. ജോസഫ് പോയതിനു ശേഷം മാത്രം ചിലര്‍ കച്ചവടത്തിന് എത്തും, അവര്‍ കൂടുതലായി പലചരക്ക് വാങ്ങും, വളരെ കുറച്ചു വില തുകയായി കൊടുക്കും. ബാക്കി മുഴുവന്‍ കടം. അവരോടാണ് അപ്പച്ചന്‍ വളരെ കാര്‍ക്കശ്യത്തോടെ സംസാരിക്കുകയും ശബ്ദത്തില്‍ കടം തീര്‍ക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത്.


കാലക്രമത്തില്‍ സുരേഷിന് രോഗം മനസ്സിലായി. കപ്പല്‍ മുങ്ങുകയാണ്. കപ്പല്‍ മുങ്ങിക്കൊണ്ടിരുന്നപ്പോള്‍ കപ്പിത്താന്‍ ആവേശത്തിമിര്‍പ്പിലായിരുന്നു. തനിക്കൊരു ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. ആണ്‍കുട്ടി പിറന്നതിന്‍റെ ആവേശം കെട്ടടങ്ങുന്നതിനു മുമ്പ് കടയില്‍ സാധനങ്ങളൊന്നും ഇല്ലെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു കൊച്ചുതോമ അറിഞ്ഞിരുന്നു. കണക്കുകള്‍ എങ്ങും എത്തുന്നില്ലെന്ന് കണക്കനും അറിയിച്ചിരുന്നു. അടുത്തനാള്‍ താക്കോലിനു വന്ന അപ്പച്ചനോട് കൊച്ചുതോമ പറഞ്ഞു, "ഇനി കട എല്ലാം ഒന്ന് വൃത്തിയാക്കിയിട്ട്, പിന്നീട് തുറക്കാം. വീണ്ടും തുടങ്ങണമെന്ന് വിചാരിച്ചു തന്നെയാണ് കട അടച്ചത്. പക്ഷേ പിന്നീട് കട തുറക്കാനായില്ല. കാലക്രമത്തില്‍ മേളപ്പറമ്പില്‍ സ്റ്റോഴ്സ് എന്ന എഴുത്തും മാഞ്ഞുപോയി. എന്നാല്‍ ബന്ധുവായ അപ്പച്ചന്‍ മേളപ്പറമ്പില്‍ സ്റ്റോഴ്സ് എന്നൊരു കൊച്ചു പീടിക ചന്തക്കുള്ളില്‍ ആരംഭിച്ചു. മനസ്സുകൊണ്ട് ശപിച്ചെങ്കിലും ദീപം കൊളുത്തി കട ഉദ്ഘാടനം ചെയ്തത് കൊച്ചുതോമ ആയിരുന്നു. ജോസഫ് പിന്നീട് ഉല്ലല ചന്തയിലേക്ക് വരാതിരിക്കുവാന്‍ ശ്രദ്ധിച്ചു. പക്ഷേ പാപ്പിക്കുഞ്ഞുമായുള്ള സഹവാസം വെടിഞ്ഞില്ല.

(തുടരും)


അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു

പ്രൊഫ. ജോര്‍ജ് ജോസഫ് എം

അസ്സീസി മാസിക മേയ് 2026

bottom of page