യൗസേപ്പിന്‍റെ മനസ്സ്
- ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

- May 1
- 2 min read

Key Takeaway:
Content of this article covers Joseph's dreams, silence, reputation, and role as guardian.
മെയ്മാസം ഒന്നാം തീയതി വിശുദ്ധ യൗസേപ്പ് പിതാവിനെ പ്രത്യേകമായി സഭ ഓര്‍ക്കുന്നു. തൊഴിലാളി മദ്ധ്യസ്ഥനായ യൗസേപ്പിനെ ലോകം സ്മരിക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം നമുക്കൊന്നു യാത്ര ചെയ്യാം. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ആദ്യത്തെ രണ്ട് അദ്ധ്യായങ്ങളിലായി യൗസേപ്പ് പിതാവ് നാലു സ്വപ്നങ്ങള്‍ കാണുന്നുണ്ട്. ദൈവീകസന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്നവന് സുഖമായി ഉറങ്ങുവാന്‍ കഴിയുമെന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. മാലാഖമാരെ സ്വപ്നം കാണണമെങ്കില്‍ ഹൃദയം ശുദ്ധമായിരിക്കണം. പകലത്തെ കാഴ്ചകളും ചിന്തകളും രാത്രിയില്‍ സ്വപ്നമായി കടന്നുവരും. സങ്കീര്‍ത്തനം 47: 2 ല്‍ നാം ഇപ്രകാരം വായിക്കുന്നു, "തന്‍റെ പ്രിയപ്പെട്ടവര്‍ ഉറങ്ങുമ്പോഴും കര്‍ത്താവ് അവര്‍ക്ക് വേണ്ടതു നല്‍കുന്നു." ദൈവകരം പിടിച്ച്, ദൈവത്തോട് ആലോചന ചോദിച്ചുപോകുന്ന മനുഷ്യന്‍റെ മനസ്സ് സ്വസ്ഥമായിരിക്കും. ഏതു കാറ്റും കോളും ഉയര്‍ന്നാലും അത്തരക്കാര്‍ തളരില്ല. മനസ്സു ശാന്തമാക്കുവാനുള്ള ഏകവഴി ദൈവാശ്രയമാണ്. എന്നെ കാണുന്ന, എന്നെ താങ്ങിനിറുത്തുന്ന ഒരു ദൈവമുണ്ടെന്ന തിരിച്ചറിവ് നമ്മെ ബലപ്പെടുത്തും. ഈ ബലമാണ് യൗസേപ്പ് പിതാവില്‍ നിന്നും നാം പഠിക്കുന്നത്.
ഒരക്ഷരം പോലും ഉരിയാടാത്ത യൗസേപ്പിനെയാണ് സുവിശേഷം നമുക്കു പരിചയപ്പെടുത്തുന്നത്. നിന്‍റെ വാക്കുകള്‍ "അതേ, അതേ" എന്നോ "അല്ല, അല്ല" എന്നോ ആയിരിക്കണം. പാഴ്വാക്കുകള്‍ പറയാതിരിക്കാന്‍ ശ്രമിക്കണം. പറഞ്ഞുപോയ വാക്കിനെക്കുറിച്ച് പിന്നീട് ഖേദിക്കാനിടയാകരുത്. ഒരു പുഞ്ചിരികൊണ്ടു പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ പറഞ്ഞു പൊലിപ്പിക്കുന്നവരുണ്ട്. സങ്കീര്‍ത്തനം 143: 3 ല്‍ ഇപ്രകാരം പറയുന്നു: "ദൈവമേ, എന്‍റെ അധരങ്ങള്‍ക്കു കാവല്‍ ഏര്‍പ്പെടുത്തേണമേ." ഞാന്‍ പറയുന്ന കാര്യങ്ങള്‍ കൊണ്ട് ആര്‍ക്കെങ്കിലും ഗുണമുണ്ടോ? ഈ കാര്യങ്ങള്‍ പറഞ്ഞാല്‍ എനിക്കു ഗുണമുണ്ടോ? ആരെക്കുറിച്ചാണോ ഞാന്‍ പറയുന്നത്, അവര്‍ക്ക് ഗുണമുണ്ടോ? ഞാന്‍ പറയുന്ന വിഷയത്തിന് എന്തെങ്കിലും പരിഹാരമുണ്ടോ? ഇതൊന്നുമല്ലെങ്കില്‍ ഞാന്‍ മൗനം പാലിക്കുന്നതാണ് നല്ലത്. മൗനം പാലിക്കുന്ന മനുഷ്യന് ആഴമേറിയ ചിന്തകളുണ്ടാകും. നല്ല മൗനത്തില്‍ അര്‍ഥസമ്പുഷ്ടമായ വാക്കുകള്‍ പുറത്തുവരും. രണ്ട് അധരങ്ങള്‍ക്കിടയിലുള്ള വിടവിന് ഒരാള്‍ ഏര്‍പ്പെടുത്തുന്ന കാവലാണ് മൗനം. മൗനം പാലിക്കുന്നവരെ ലോകം ശ്രദ്ധിക്കും. ഒന്നുമുരിയാടാതെ മൗനം പാലിക്കുന്ന ജീവിതം ഒത്തിരി കാര്യങ്ങള്‍ നമ്മോടു സംസാരിക്കും. ഈ സുന്ദരമായ പാഠം യൗസേപ്പില്‍ നിന്നു നാം പഠിക്കണം.
സല്‍പ്പേരു സൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു യൗസേപ്പ്. താന്‍ മൂലം ആരുടെയും പേരു നശിക്കരുതെന്ന് യൗസേപ്പ് തീരുമാനിച്ചിരുന്നു. അപരനെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറഞ്ഞ്, അയാളെ തകര്‍ക്കുവാന്‍ പറ്റും. വെടി വച്ചോ, കത്തികൊണ്ട് കുത്തിയോ ഒരു വ്യക്തിയെ കൊല്ലാന്‍ പറ്റും. സ്വഭാവഹത്യ നടത്തിയും ഒരാളെ ഇല്ലാതാക്കാന്‍ കഴിയും. ആഫ്രിക്കക്കാരുടെ ഇടയിലുള്ള ഒരു രീതി നമ്മെ ശരിക്കും ചിന്തിപ്പിക്കേണ്ടതാണ്. ഒരു മരം വലുതായി വളരുമ്പോള്‍ അതിനെ മുറിച്ചുമാറ്റുവാന്‍ പദ്ധതിയിടും. മരങ്ങള്‍ വെട്ടിമാറ്റുന്നത് നിയമപരമായി നിരവധി പ്രശ്നങ്ങളുണ്ടാക്കും. മരത്തെ ഇല്ലാതാക്കാന്‍ ചെയ്യുന്ന ഒരു സമ്പ്രദായം അവര്‍ക്കിടയിലുണ്ട്. ഏതു മരത്തെ വെട്ടിവീഴ്ത്താന്‍ ആഗ്രഹിക്കുന്നുവോ അതിന്‍റെ ചുറ്റും ആളുകള്‍ വന്നിരിക്കും. ഒരു മാസത്തോളം ആ മരത്തെ നോക്കി അസഭ്യവര്‍ഷം നടത്തും. ഒരു മാസം കഴിയുമ്പോള്‍ ആ വൃക്ഷത്തിന്‍റെ ഇലകള്‍ വാടിത്തുടങ്ങും. കമ്പുകള്‍ ഉണങ്ങാനും തുടങ്ങും. അപ്രകാരം മരം ഉണങ്ങിക്കഴിയുമ്പോള്‍ ആ മരത്തെ അവര്‍ വെട്ടിയിടും. അപ്പോള്‍ ആര്‍ക്കും ഒരു പ്രതിക്ഷേധവും ഇല്ല. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ നമുക്കുണ്ടോ? ഒരു വ്യക്തിയെക്കുറിച്ച് അപവാദം പറഞ്ഞു സ്വഭാവഹത്യ നടത്താറുണ്ടോ? അതിന്‍റെ പരിണിതഫലമായി ആത്മഹത്യയിലേക്ക് ചിലര്‍ വഴുതിവീഴാറുണ്ടോ? എനിക്കു പേരുദോഷം വന്നാലും ഞാന്‍ മൂലം ആരുടെയും സല്‍പ്പേരു നശിക്കാന്‍ ഇടയാകരുത്! ഈ മാതൃക യൗസേപ്പ് പിതാവ് നമുക്കു നല്‍കുന്നു.
യൗസേപ്പ് പിതാവിനെ കാവല്‍ക്കാരന്‍ എന്നാണ് വിളിക്കുന്നത്. തിരുക്കുടുംബത്തിന്‍റെ കാവല്‍ക്കാരന്‍, തിരുസഭയുടെ കാവല്‍ക്കാരന്‍, സല്‍പ്പേരിന്‍റെ കാവല്‍ക്കാരന്‍ എന്നൊക്കെ അദ്ദേഹം അഭിസംബോധന ചെയ്യപ്പെടുന്നു. ഉല്‍പ്പത്തി 2: 10 ല്‍ പറയുന്നു: "നിങ്ങള്‍ ഏദന്‍തോട്ടത്തിന്‍റെ ഉടമസ്ഥരല്ല, കാവല്‍ക്കാരാണ്."ڔമറിയത്തിന്‍റെയും ഉണ്ണിയേശുവിന്‍റെയും ജീവിതത്തിന് കാവല്‍ നിന്നവനാണ് യൗസേപ്പ്. ഏറ്റവും വിലപ്പെട്ട സ്വര്‍ണ്ണത്തിനും മറ്റു വസ്തുക്കള്‍ക്കും കാവല്‍ നില്‍ക്കാന്‍ തെരഞ്ഞെടുക്കുന്നത് ഏറ്റവും വിശ്വസ്തരെയാണ്. സ്വര്‍ഗ്ഗത്തില്‍ നിന്നും പിതാവായ ദൈവം നോക്കിയപ്പോള്‍ ഏറ്റവും വിലപ്പെട്ട ദൈവപുത്രനും ദൈവമാതാവിനും വിശ്വസ്തതയോടെ കാവല്‍ നില്‍ക്കുവാന്‍ യൗസേപ്പിനെ തെരഞ്ഞെടുത്തു. തന്‍റേതല്ലാത്ത ജീവനും സ്വത്തിനും അദ്ദേഹം കാവല്‍ നിന്നു. "ഞാനാണോ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരന്‍" എന്ന് ഏദനില്‍ മുഴങ്ങിയ സ്വരത്തിന് യൗസേപ്പു പ്രത്യുത്തരം നല്‍കി. ആ പ്രത്യുത്തരം ജീവിതം കൊണ്ടാണ് യൗസേപ്പു നല്‍കിയത്.
ചെയ്യുന്ന ജോലികളോടു വിശ്വസ്തത പുലര്‍ത്തി, തൊഴിലാളി മദ്ധ്യസ്ഥനായ യൗസേപ്പിനെ വണങ്ങാം. യൗസേപ്പു പിതാവിന്‍റെ സുന്ദരമായ ജീവിതമാര്‍ഗ്ഗങ്ങള്‍ നമുക്കു സ്വന്തമാക്കാം. ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെ ദൈവത്തില്‍ ലയിക്കാം. സുന്ദരമായ സ്വപ്നങ്ങള്‍ സൂക്ഷിച്ചുകൊണ്ടു നമുക്കും യാത്ര തുടരാം.
യൗസേപ്പിന്‍റെ മനസ്സ്
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അസ്സീസി മാസിക മേയ് 2026

























































