ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീ

ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷനെപ്പോലെയല്ല
ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീ.
ആരും വിലക്കാനില്ലെങ്കിലും
സ്വയം വിലക്കും.
അടക്കിവെയ്ക്കാനൊത്തിരിയുണ്ടാവും
അടച്ചുവെയ്ക്കാനും അടക്കി നിര്‍ത്താനും.
സമയത്തും അസമയത്തും അപരിചിതരെ
വീട്ടിനുള്ളില്‍ കയറ്റാറില്ല
വൈകിയെത്തുന്ന ഗ്യാസുകാരനും,
ഇലക്ട്രീഷ്യനും തെങ്ങുകയറ്റക്കാരനും
അധികമായ് പത്ത് കണ്ണുണ്ടോ
എന്നവള്‍ വെറുതെ സംശയിച്ചുകളയും.
ഒരക്കം തെറ്റിവന്ന മിസ്കോളില്‍
ഒരു രാത്രി ഉരുകിതീര്‍ക്കും
ആരോ വാതിലില്‍ മുട്ടിയെന്ന പേടിയില്‍
പുലരുവോളം ഇരുട്ടിനുകൂട്ടിരിക്കും.
പലിശക്കാരും പറ്റുകാരുമില്ലയില്ല
അടിപ്പാവടക്കെട്ടിന്‍ മുറുക്കത്തില്‍
വിശപ്പും കരച്ചിലും കുഴിഞ്ഞുനില്ക്കും
ഒട്ടുമിക്ക നിരാശകളെയും സാരിത്തലപ്പില്‍
വെയില്‍ തടയാനെന്ന നാട്യത്തില്‍ മറച്ചുപിടിയ്ക്കും
ഒറ്റയ്ക്കു സഞ്ചരിക്കുന്ന പുരുഷനെപ്പോലെയല്ല
ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീ
നീറി വലയുന്ന ഒരുവനു നേര്‍ക്കു പോലും
സഹതാപകണ്ണുനീളില്ല
ഒഴിഞ്ഞ സീറ്റിന്‍റെ അരികിലേക്കായ്
കാല്കുഴഞ്ഞൊരാളെ
'ഇരുന്നോന്നു' പറയില്ല.
കാലിലെ ചെരുപ്പ് പോലെ
പേടിയില്‍ ചവിട്ടിയാണ് നടപ്പ്
തനിച്ചെല്ലായിടവും ചുറ്റിവരണമെന്ന്
എന്നും സ്വപ്നം കാണും
മഞ്ഞുമലകളിലും കടല്‍ത്തീരത്തും
അലസമായി കിടക്കണമെന്നും
തെരുവിന്‍റെ വിജനതയില്‍ ഒറ്റയ്ക്കിരിയ്ക്കണമെന്നും
അവസാനിക്കാത്ത നിയോണ്‍ വെളിച്ചങ്ങളെ തൊട്ടു
രാത്രിമഴയില്‍ നനയണമെന്നുമൊക്കെ
ഏതുവഴിയിലും പ്രത്യക്ഷമാവുന്ന കാണാപിശാചുക്കളില്‍,
പിന്‍ ഭാഗത്ത് അറപ്പ് പുളയ്ക്കുന്ന തോണ്ടലില്‍,
അറിയാത്തമട്ടിലെ ആണനക്കങ്ങളില്‍
തട്ടി തടഞ്ഞ് ഓരോ യാത്രയും
തുടക്കമിട്ട സ്വപ്നത്തില്‍ തന്നെ ഒടുക്കമിടും
എന്നിട്ടുമെന്നിട്ടും തനിച്ചവള്‍ തന്നോട് തന്നെ
കഥപറഞ്ഞും പിറുപിറുത്തും
സദാ മന്ദസ്മിതം പൂകിയും
തനിക്കുള്ളില്‍ തന്നെ നിരന്തരം
സഞ്ചരിച്ചുകൊണ്ടിരിക്കും.
ഒറ്റയ്ക്ക് മരിക്കുന്ന പുരുഷനെ പോലെയല്ല
ഒറ്റയ്ക്ക് മരിക്കുന്ന സ്ത്രീ
മരിച്ചശേഷം വിശുദ്ധമായൊരു വെളിച്ചം
അവള്‍ മുഖത്ത് തൂക്കിയിട്ടിട്ടുണ്ടാവും
അടഞ്ഞ ശേഷവും ചുറ്റിക്കാണുവാന്‍
കാണാക്കണ്ണുകള്‍
മുഖത്തൊളിപ്പിച്ച് വെച്ചിട്ടുണ്ടാവും.

















































































































