യാക്കോബിന്‍റെ ജീവിതം


പഴയനിയമത്തിലെ ഒരു പ്രത്യേക കഥാപാത്രമാണ് യാക്കോബ്. ഒത്തിരി പ്രത്യേകതകളുള്ള ഒരു വ്യക്തിത്വത്തെ യാക്കോബില്‍ നാം കാണുന്നു. എന്‍റെ വ്യക്തിപരമായ ജീവിതത്തിന്‍റെ പല മേഖലകളിലും ഈ യാക്കോബ് കടന്നുവരാറില്ലേ? ഏശാവും യാക്കോബും സഹോദരന്മാരായിരുന്നു. ധ്യാനപൂര്‍വ്വം നമ്മുടെ ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍ യാക്കോബിന്‍റെ സ്വഭാവരീതികള്‍ ഒളിഞ്ഞും തെളിഞ്ഞും നമ്മില്‍ ഉയരുന്നതു കാണാം.
ഒന്നാമതായി മറ്റൊരു മനുഷ്യന്‍റെ പ്രയാണത്തിനു തടസ്സം നിന്നവനായിരുന്നു യാക്കോബ്. ജനിച്ചുവീണ നിമിഷത്തില്‍ മൂത്തവനായ ഏശാവിന്‍റെ കുതികാലില്‍ പിടിച്ചുകൊണ്ടായിരുന്നു വരവ്. ജ്യേഷ്ഠന്‍റെ കാലില്‍ പിടിച്ചുവലിച്ചുകൊണ്ടുള്ള ഒരു ജന്മം. ഇന്നും ഇത്തരക്കാര്‍ ഭൂമിയിലുണ്ട്. ഒരു മനുഷ്യന്‍റെ സുഗമമായ പ്രയാണത്തിന് തടസ്സം നില്‍ക്കുന്നവരെല്ലാം ഇത്തരക്കാരാണ്. ഒരാള്‍ക്ക് പേരും പ്രശംസയും വരുമ്പോള്‍ ആ വ്യക്തിയെ തകര്‍ക്കുവാനുള്ള പദ്ധതികള്‍ മെനയുന്നവരില്ലേ? തന്നേക്കാള്‍ വലിയവനായി വളര്‍ന്നുവരുന്ന ആരെയും തകര്‍ക്കുവാന്‍ ശ്രമിക്കുന്നവരുടെ പ്രതീകമായി യാക്കോബിനെ കാണാം. പുരയ്ക്കു മുകളിലേക്ക് ശാഖകള്‍ വിടര്‍ത്തി വലുതാകുന്ന മരത്തെ വെട്ടിമാറ്റും. തന്‍റെ തലയ്ക്കു മീതെ വളര്‍ന്നുവരുന്നവരെ വെട്ടിയൊതുക്കുന്ന ശൈലി നമ്മിലുണ്ടോ?
കാരുണ്യമില്ലാത്ത മനുഷ്യനായി യാക്കോബ്ബിനെ കാണേണ്ടിവരും. വിശപ്പിന്‍റെ ആധിക്യത്താല്‍ ഒരു പാത്രം പായസം ചോദിച്ച ജ്യേഷ്ടനും യാക്കോബ് പായസം വിളമ്പി. അതിനു പ്രതിഫലമായി ചോദിച്ചത് കടിഞ്ഞൂല്‍പുത്രന്‍റെ അവകാശം. അപരന്‍റെ ബലഹീനതയെ ചൂഷണം ചെയ്യുന്ന സ്വഭാവമാണിത്. ബലഹീനമായ സാഹചര്യങ്ങളെ നോക്കിയിരുന്ന് ചൂഷണം ചെയ്യുന്ന ഈ സ്വഭാവം നമ്മുടെ സമൂഹത്തിന്‍റെ ഭാഗമാണ്. കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്കു കരുണ ലഭിക്കും എന്നാണ് ക്രിസ്തുവിന്‍റെ പ്രബോധനം. അപരന്‍റെ ബലഹീനതയെ ചൂഷണം ചെയ്യുന്നത് പൈശാചികമാണ്. ചെറിയ സുഖത്തിനു വേണ്ടി വിലപ്പെട്ടവയെ ബലിയര്‍പ്പിച്ച വ്യക്തിത്വമാണ് ഏശാവിന്‍റേത്. ചെറിയതുക പലിശയ്ക്കു കൊടുത്തിട്ട് വലിയതുക ഈടാക്കുന്നവരില്ലേ? ജീവിക്കാന്‍ വേണ്ടി പണയം വയ്ക്കുന്ന സ്വര്‍ണ്ണവും സ്ഥലവും അടിച്ചുമാറ്റുന്ന മുതലാളിമാരില്ലേ? ജീവന്‍ നിലനിറുത്തുവാന്‍ വേണ്ടി സാമ്പത്തിക സഹായം തേടുന്നവരെ വഞ്ചിച്ച് സ്വത്തു കൈവശമാക്കുന്നവരില്ലേ? കരുണയില്ലാത്ത --- വഴി അപരനെ മുറിപ്പെടുത്തുന്നവരില്ലേ?അന്യന്‍റെ കണ്ണുനീരിനു മുമ്പില്‍ കരിങ്കല്ലു പോലെ ഉറച്ചു നില്‍ക്കുന്ന വ്യക്തിത്വങ്ങള്‍ നാടിനു ശാപമാണ്. അപരന്‍റെ ദുഃഖത്തില്‍ ഹൃദയത്തില്‍ അലിവു തോന്നുന്ന വ്യക്തികളായി നാം രൂപാന്തരപ്പെടണം. നിസ്സഹായന്‍റെ വേദനയില്‍ ഉള്ളലിവു തോന്നുന്നവരായി നാം മാറണം.
അനര്‍ഹമായത് കൈപ്പിടിയിലൊതുക്കുന്ന യാക്കോബിനെ വിശുദ്ധഗ്രന്ഥം നമുക്കു പരിചയപ്പെടുത്തുന്നു. അര്‍ഹതയില്ലാത്ത ജ്യേഷ്ഠസ്ഥാനം യാക്കോബ് കൈവശപ്പെടുത്തി. അര്‍ഹതയില്ലാത്തതൊന്നും ശാശ്വതമായി നിലനില്‍ക്കില്ല. അങ്ങനെ നേടുന്ന പ്രശസ്തിയും സമ്പത്തുമെല്ലാം കൈമോശം വരും. സത്യസന്ധതയിലൂടെ നേടുന്നവ മാത്രമേ ശാശ്വതമായി നിലനില്‍ക്കൂ. കൈക്കുമ്പിളില്‍ ഒതുക്കിപിടിക്കുന്ന ആലിപ്പഴം അലുത്തു പോകും. അതുപോലെ അര്‍ഹതയില്ലാത്ത കൈകളിലൊതുക്കുന്നതെല്ലാം ഇന്നല്ലെങ്കില്‍ നാളെ നഷ്ടപ്പെടാം. അനര്‍ഹമായ സ്വത്ത് നീതിക്കായി നിലവിളിക്കും.
വേഷം കെട്ടുന്നവനായ യാക്കോബിനെയും നമ്മള്‍ ധ്യാനവിഷയമാക്കുന്നു. പശ്ചാത്തപിക്കുന്നവനെപ്പോലെ വേഷം കെട്ടി. അന്ധനായ പിതാവിന്‍റെ അന്ധത മുതലെടുക്കുവാന്‍ മൂത്തവന്‍റെ വേഷം കെട്ടി അനുഗ്രഹം യാചിക്കുന്ന യാക്കോബ്! അന്ധനായ പിതാവ് ഇളയവനായ യാക്കോബിനെ മണത്തു നോക്കിയിട്ടു പറയുന്നു: "സ്വരം യാക്കോബിന്‍റേത്, തൊലി ഏശാവിന്‍റേത്." അകത്തൊരു സ്വഭാവവും പുറത്ത് മറ്റൊരു സ്വഭാവവും നമ്മള്‍ സൂക്ഷിക്കാറുണ്ടോ? വേഷം കെട്ടുന്ന പ്രവണതകള്‍ നാം അവസാനിപ്പിക്കണം. ഞാനെന്താണോ അതില്‍ക്കൂടുതലോ കുറവോ ആകരുത്. മുഖം മനസ്സിന്‍റെ കണ്ണാടിയായിരിക്കണം. പുറത്തു പത്തിയും അകത്തു കത്തിയും സൂക്ഷിക്കുന്നവരായി നമ്മള്‍ ജീവിക്കരുത്.
അഞ്ചാമതായി നാം കാണുന്നത് ചതിയനായ യാക്കോബിനെയാണ്. സ്വന്തം പിതാവിനെ ചതിച്ച് ആശീര്‍വ്വാദം മേടിക്കുന്നു. ജ്യേഷ്ഠനെയും അമ്മാവന്‍ ലാബാനെയും ചതിക്കുന്നു. എല്ലാവരെയും കബളിപ്പിച്ച യാക്കോബ് അവസാനം തളരുന്നതായി ബൈബിള്‍ വരച്ചുകാണിക്കുന്നു. മിടുക്കനായി അഭിനയിച്ച യാക്കോബിനെ ദൈവം കാണുന്നുണ്ടായിരുന്നു. കാലിന്‍റെ വേഗതയായിരുന്നു യാക്കോബിന്‍റെ ശക്തി. അവന്‍ ആശ്രയം വച്ച കാലിന്‍റെ ഇടുപ്പെല്ലില്‍ ദൈവം കരവച്ചു. പിന്നീട് ഞൊണ്ടി നടക്കുന്ന യാക്കോബിനെയാണ് ലോകം കണ്ടത്. സ്വന്തം ശക്തിയെന്ന് യാക്കോബ് കരുതിയത് ദൈവം എടുത്തുമാറ്റി.
ഇത്രയൊക്കെ തെറ്റുകള്‍ പറ്റിയിട്ടും ദൈവം അവനെ പൂര്‍വ്വപിതാവാക്കി മാറ്റി. സ്വന്തം തെറ്റുകള്‍ ഏറ്റുപറയുന്നവനെ ദൈവം കൈവെടിയുകയില്ല. എത്ര വലിയ കുറവുകളുണ്ടായാലും അനുതപിക്കുന്ന ഒരു ഹൃദയത്തിലേക്ക് നാം തിരിച്ചുവരുമ്പോള്‍ ദൈവം അനുഗ്രഹിക്കും. ജീവിതത്തില്‍ ഒരു യുദ്ധമുണ്ട്. മനുഷ്യനും ദൈവവും തമ്മിലുള്ള യുദ്ധം. ആ യുദ്ധത്തിന്‍റെ അവസാനത്തില്‍ ദൈവം വിജയിക്കും. യുദ്ധം ചെയ്ത മനുഷ്യന് ഒരു പുതിയ പേരും ലോകവും ദൈവം സമ്മാനിക്കും.
യാക്കോബിന്‍റെ ജീവിതം
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അസ്സീസി മാസിക ജൂൺ 2026

















































































































