top of page

വിമോചന ദൈവശാസ്ത്രം

Writer: ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍
ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍
Apr 6, 1990
4 min read

jesus is blessing

വിമോചന ദൈവശാസ്ത്രം ഇന്നു വിവിധ മേഖലകളിൽ പരാമർശിക്കപ്പെട്ടു കാണുന്നു. ദൈവശാസ്ത്രം വിമോചന കത്തോലിക്കാസഭയുടെ വിശ്വാസങ്ങൾക്ക് അനുസൃതമാണോ? ഇതിൻ്റെ വക്താക്കളിൽ പ്രമുഖരായ ഫാ. കാപ്പനും ബിഷപ് പൗലോസ് മാർ പൗലോസും ക്രൈസ്‌തവവൈദികർ തന്നെയോ? ഇവരുടെ പഠനങ്ങൾ വിശ്വാസികൾക്കു സ്വീകരിക്കാമോ! സംശയങ്ങൾക്ക് അസ്സിസി മാസികയിലൂടെ മറുപടി പ്രതീക്ഷിക്കുന്നു.

സജി ഫിലിപ്പ്, II P. D. C.

സെൻറ് തോമസ് കോളേജ് , പാലാ


പ്രിയപ്പെട്ട സജീ,


വിമോചന ദൈവശാസ്ത്രം കത്തോലിക്കാസഭയുടെ വിശ്വാസങ്ങൾക്ക് അനുസ്യതമാണോ എന്നതാണ് സജിയുടെ എഴുത്തിലെ പ്രസക്തമായ ചോദ്യം. ഉത്തരം വ്യക്തമാകുന്നതിന് വിമോചന ദൈവശാസ്ത്രത്തിൻ്റെ സ്വഭാവവും പ്രത്യേകതകളും പശ്ചാത്തലവുമൊക്കെ അറിഞ്ഞിരിക്കുക ആവശ്യമാണ്. വെറുമൊരു ലേഖനത്തിൻ്റെ പരിധിയിൽ അതെല്ലാം വിശദീകരിക്കുക എളുപ്പമല്ല. സംക്ഷിപ്‌തമായി ചില കാര്യങ്ങൾ ഇവിടെ രേഖപ്പെടുത്തുകയാണ്.


ലാറ്റിനമേരിക്കൻ പശ്ചാത്തലം


ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ പ്രത്യേകമായ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്ക്കാരിക സാഹചര്യങ്ങളിൽ രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ഉൾക്കാഴ്‌ചകളെ കണക്കിലടുത്തുകൊണ്ട് എപ്രകാരം ക്രൈസ്തവ വിശ്വാസം അനുദിനജീവിതത്തിൽ പ്രായോഗികമാക്കാമെന്ന അവിടത്തെ വിശ്വാസികളുടേയും അവരുടെ അജപാലകരുടെയും വിചിന്തനങ്ങളിലും അനുഭവങ്ങളിലുംനിന്ന് ഉരുത്തിരിഞ്ഞതാണെന്നു പറയാം വിമോചന ദൈവശാസ്ത്രം. സമ്പൽസമൃദ്ധമായ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം ജനങ്ങളും പട്ടിണിപ്പാവങ്ങളായിട്ടാണ് ജീവിച്ചുപോരുന്നത്. രാഷ്ട്രീയവും സാമൂഹികവുമായ അവരുടെ അവകാശങ്ങളെല്ലാം അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. മനുഷ്യോചിതമായി ജീവിക്കാൻ അവർക്കു കഴിയുന്നില്ല. ഈ ദുരവസ്ഥയ്ക്കു കാരണം നൂറ്റാണ്ടുകളായി നടമാടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ ചൂഷണസമ്പ്രദായമാണെന്നത് പകൽപോലെ വ്യക്‌തമായ ഒരു പരമാത്ഥമാണ്. വിദേശ മുതലാളിത്ത രാഷ്ട്രങ്ങളുടെ സഹായത്തോടെ വെറും 30% വരുന്ന ഒരു ചെറിയ ന്യൂനപക്ഷം രാഷ്ട്രീയമായ അധികാരം കൈയ്യാളുകയും എതിർപ്പുകളെയെല്ലാം ഉരുക്കുമുഷ്ടിയോടെ അടിച്ചമർത്തുകയും ചെയ്യുന്നു. ഭൂമിയുടേയും വ്യവസായങ്ങളുടെയും ഉടമസ്ഥാവകാശവും അവർതന്നെ കൈയടക്കിവെച്ചിരിക്കയാണ്. നിയമ നിർമാണം നടത്തുന്നതും വിദ്യാഭ്യാസനയം രൂപീകരിക്കുന്നതും നീതി ന്യായം നിർവഹിക്കുന്നതും എല്ലാം അവർതന്നെ. അതെല്ലാം ന്യൂനപക്ഷത്തിൻ്റെ ആനുകൂല്യങ്ങളെ അരക്കിട്ടുറപ്പിക്കുന്നതും ഭൂരിപക്ഷത്തെ കൂടുതൽ കൂടുതൽ ചൂഷണത്തിനു വിധേയമാക്കുന്നതുമായിരിക്കുമെന്നു വ്യക്ത‌മാണല്ലോ. ഈ രാജ്യങ്ങളിലെ പട്ടിണിയും രോഗങ്ങളും അവികസിതാവസ്ഥയും മനുഷ്യനിർമിതമാണ്. ദൈവനിശ്‌ചയമല്ല എന്ന അവബോധം അജപാലകരിലും വിശ്വാസികളിലും കൂടുതൽ ആഴമായിത്തീർന്നു.


അതേസമയം, സ്വതന്ത്രമായും മനുഷ്യോചിതമായും ജീവിക്കാനും സ്വയം നിർണയിക്കാനും വളരാനും സാംസ്ക്കാരികമായി ഉന്നമനം പ്രാപിക്കാനുമുള്ള അവകാശം മനുഷ്യന് ദൈവദത്തമാണെന്ന ആധുനീക യുഗത്തിൻ്റെ ബോധ്യത്തെ രണ്ടാം വർത്തിക്കാൻ കൗൺസിലും ആറാം പോൾ മാർപ്പാപ്പായും അംഗീകരിക്കുകയും ഉറപ്പിച്ചു പ്രഖ്യാപിക്കയുമുണ്ടായി. "സഭ ആധുനീകയുഗത്തിൽ '' എന്ന വത്തിക്കാൻ കൗൺസിലിൻെറ പ്രമാണരേഖയും, "ജനതകളുടെ പുരോഗതി'' എന്ന ആറാം പോൾ

മാർപ്പാപ്പായുടെ ചാക്രികലേഖനവും ഇവിടെ പ്രത്യേകം സ്മരണീയമാണ്. വത്തിക്കാൻ കൗൺസിൽ വിഭാവനം ചെയ്‌ത സുവിശേഷവൽക്കരണവും ജീവിതനവീകരണവും ഗൗരവമായി കണക്കിലെടുത്ത ലാറ്റിനമേരിക്കയിലെ ദൈവശാസ്ത്രജ്‌ഞന്മാരും അജപാലകരും മെത്രാന്മാരും തങ്ങളുടെ പ്രത്യേകമായ ജീവിത സാഹചര്യങ്ങളിൽ എങ്ങനെ സുവിശേഷം പ്രഘോഷിക്കാമെന്നും ക്രൈസ്തവ വിശ്വസത്തിനു സാക്ഷ്യം നൽകാമെന്നും ഉറക്കെ ചിന്തിച്ചുതുടങ്ങി. എന്നാൽ വെറും താത്വികമായ വിചിന്തനങ്ങളും സിദ്ധാന്തങ്ങളുമായിരുന്നില്ല അവരുടേത്. ദാരിദ്രവും അടിമത്വവും ചൂഷണവുമെല്ലാം മുറ്റിനിൽക്കുന്ന അനുദിന ജീവിത സാഹചര്യങ്ങളിൽ വിശ്വാസം ജീവിക്കാനുള്ള പരിശ്രമത്തിൻ്റെയും അതു നൽകിയ അനുഭവങ്ങളുടെയും വെളിച്ചത്തിലുള്ള വിചിന്തനങ്ങളായിരുന്നു അവ. പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവംതന്നെ വെളിപ്പെടുത്തിത്തന്ന അവിടത്തെ തിരുവചനവും രക്ഷാകരമായ അവിടത്തെ ഇടപെടലുകളും സർവോപരി ക്രിസ്തുനാഥനിൽ സാക്ഷാത്കരിച്ച അവിടത്തെ രക്ഷാകരപ്രവൃത്തിയുമാണ് ഈ വിചിന്തനങ്ങളിൽ അവർക്ക് മാർഗ്ഗദർശിയായിത്തീർന്നത്.


വിമോചകനായ ദൈവം പഴയനിയമത്തിൽ

പഴയനിയമത്തിലെ ഏററവും സുപ്രധാനമായ രക്ഷാകരസംഭവം മർദ്ദിതരും ചൂഷിതരും ദരിദ്രതമായ ഒരു ജനതയ്ക്കുവേണ്ടി ദൈവം ചരിത്രത്തിൽ ഇടപെടുകയും, അവരെ മോചിപ്പിച്ച് സമൃദ്ധിയും സൗഭാഗ്യവും വിരാജിക്കുന്ന വാഗ്താനത്തിൻ്റെ ദേശത്തേക്ക് അവരെ നയിക്കുകയും ചെയ്യുന്നതാണ്. വഴിമദ്ധ്യേ സിനായ് മലയിൽ വെച്ച് അവിടുന്ന് അവരുമായി ഒരു ഉടമ്പടി സ്ഥാപിക്കയും, തൻെറ ജനമെന്നനിലയിൽ സ്വാതന്ത്ര്യത്തിലും സമത്വത്തിലും സാഹോദര്യത്തിലും വർത്തിക്കാൻ അവരെ പഠിപ്പിക്കയും ചെയ്യുന്നു. ഈജിപ്തിലെ അടിമത്തം യഥാർത്ഥത്തിൽ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും സാംസ്ക്കാരികവുമായ അടിമത്തമായിരുന്നു. ഈ അടിമത്തത്തിൽനിന്നുള്ള മോചനമാണ് ഇസ്രായേലിൻ്റെ അടിസ്ഥാനാനുഭവവും ദൈവത്തിലുള്ള വിശ്വാസത്തിനും പ്രത്യാശയ്ക്കുംനിദാനവും. അതിനെപ്പറ്റിയുള്ള സ്മരണ അവരുടെ ജീവിതത്തിലും ആരാധനാക്രമത്തിലുമെല്ലാം ആഴമായി വേരോടിയിരുന്നു: ആവർത്തനം 26: 5-10 കാണുക. ഇസ്രായേൽ പിന്നീട് ഉടമ്പടിയോട് അവിശ്വസ്‌തത കാണിക്കുകയും ഈജിപ്‌തിലേതുപോലെയുള്ള ശാക്തിക രാഷ്ട്രീയ ചൂഷണ സമ്പ്രദായങ്ങളും ചെറിയവരോടും ദരിദ്രരോടുമുള്ള അവഗണനയുമെല്ലാം തങ്ങളുടെ മധ്യ അനുവദിക്കുകയും ചെയ്തു. ദൈവത്തോടുള്ള വിശ്വസ്തത അവർ വെടിഞ്ഞു. അതിൻെറയെല്ലാം തിക്ത ഫലമായി, ആദ്യം ഇസ്രായേൽ രാജ്യവും, പിന്നീടു യൂദയാ രാജ്യവും നശിപ്പിക്കപ്പെടുകയും, അവർ വീണ്ടും അടിമകളും വിപ്രവാസികളുമായി ബാബിലോണിയൻ നുകത്തിനടിയിൽ കഴിയേണ്ടിവരികയും ചെയ്യുന്നു.


അങ്ങനെ ഇസ്രായേൽ ജനം തെറ്റു ചെയ്യുകയും ദൈവത്തിൻ്റെ വിമോചക രക്ഷാപദ്ധതികളിൽനിന്ന് അകന്നുപോകയും ചെയ്യുന്നുവെങ്കിലും, ദൈവം തൻ്റെ ഉടമ്പടിയോടും വാഗ്ദാനങ്ങളോടും വിശ്വസ്തത പുലർത്തുന്നു. ബാബിലോൺ അടിമകളായി കഴിയുന്നവരോടും യൂദയായിൽ ദരിദ്രരും മർദ്ദിതരുമായി അവശേഷിച്ചിരുന്നവരോടും തൻ്റെ പ്രവാചകൻവഴി “മോചനത്തിൻ്റെ സുവിശേഷം'' അവിടന്ന് അറിയിക്കുന്നു: ''ദൈവമായ കർത്താവിൻ്റെ ആത്മാവ് എൻ്റെ മേൽ ഉണ്ട്. പീഡിതരെ സദ്വാർത്ത അറിയിക്കുന്നതിന് അവിടന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കാനും തടവുകാർക്കു മോചനവും ബന്ധിതർക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കുവാനും കർത്താവിൻ്റെ കൃപാവത്സരവും നമ്മുടെ ദൈവത്തിൻ്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവർക്കു സമാശ്വാസം നൽകാനും എന്നെ അയച്ചിരിക്കുന്നു" (ഏശ 61, 1-2). ബാബിലോണിലെ അടിമത്തത്തിൽ നിന്നു മോചനം പ്രാപിച്ച് പാലസ്റ്റീനായിലേയ്ക്കു തിരിച്ചു വരികയും രാഷ്ട്രീയമായ അസ്തിത്വം ഭാഗികമായി തിരിച്ചു ലഭിക്കുകയും ജറുസലേം ദൈവാലയം പുതുക്കിപ്പണിയുകയുമെല്ലാം ചെയ്തെങ്കിലും, പ്രവാചകൻ വർണിച്ച സ്വാതത്ര്യത്തിൻ്റെയും രക്ഷയുടേയും മിഴിവും തികവും പഴയനിയമചരിത്രത്തിൻ്റെ പരിധിയിൽ ഇസ്രായേൽക്കാർക്ക് അനുഭവപ്പെടുന്നില്ല.


യേശുവിൻ്റെ വിമോചനസുവിശേഷം


എന്നാൽ. ഏശയ്യാ പ്രവാചകനിലൂടെ ദൈവം നല്‌കിയ ഈ 'മോചനത്തിൻ്റെ സുവിശേഷം'' പുതിയ നിയമത്തിൽ മനുഷ്യരക്ഷകനായി വന്ന യേശു നാഥൻ്റെ അധരങ്ങളിൽനിന്ന് വീണ്ടും മുഴങ്ങുന്നു. നസറത്തിലെ സിനഗോഗിൽ തൻ്റെ പരസ്യജീവിതത്തിൻ്റെ ആരംഭമായി യേശു ഏശയ്യായുടെ ഈ പ്രവചനഭാഗം വായിച്ചിട്ട്, തൻ്റെ ശ്രോതാക്കളോടു പറയുകയാണ്;


"നിങ്ങൾ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു"(ലൂക്കാ 4, 21). യേശുവിൻ്റെ ദൗത്യമെന്തെന്നതിനെപ്പറ്റിയുള്ള ഏററവും ആധികാരികമായ വ്യാഖ്യാനമാണ് ഇത്. അതുപോലെതന്നെ, വരുവാനിരിക്കുന്ന മിശിഹാ യേശുതന്നെയാണോ എന്നറിയുന്നതിനായി സ്മാപക യോഹന്നാൻ തൻ്റെ ശിഷ്യന്മാരിൽ രണ്ടുപേരെ യേശുവിൻ്റെ അടുത്തേക്ക് അയച്ചപ്പോഴും, അവിടുന്നു താൻ പ്രവർത്തിക്കുന്ന രോഗശാന്തികളും മറ്റത്ഭുതങ്ങളും ചൂണ്ടിക്കാട്ടിയിട്ട്. ഏശയ്യായുടെ വാക്കുകൾതന്നെ വീണ്ടും ഉദ്ധരിച്ചുകൊണ്ടു പറയുകയാണ്: "നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്തതെല്ലാം ചെന്നു യോഹന്നാനെ അറിയിക്കുക. കുരുടന്മാർ കാണുന്നു; മുടന്തന്മാർ നടക്കുന്നു. ; കുഷ്ഠരോഗികൾ സുഖപ്പെടുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു; ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുകയും ചെയ്യുന്നു" (ലൂക്കാ 7, 24). ദൈവം പഴയനിയമത്തിൽ വാഗ്ദാനം ചെയ്ത മോചനത്തിൻ്റെയും രക്ഷയുടെയും സുവിശേഷം പൂർണമായി സാക്ഷാത്ക്കരിക്കുന്നതിനായിരുന്നു ദൈവപുത്രൻ മനുഷ്യനായി അവതരിച്ചതു തന്നെ. ഇസ്രായേലിൽ മാത്രമല്ല, എല്ലാ ഭൂവിഭാഗങ്ങളിലും എല്ലാ ജനതകളിലുമുള്ള മർദ്ദിതർക്കും ചൂഷിതർക്കും ദരിദ്രർക്കും യേശുവിൻ്റെ സുവിശേഷം മോചനത്തിൻ്റെയും രക്ഷയുടേയും സന്ദേശമാണ്. തുടർന്നുള്ള യേശുവിൻ്റെ ജീവിതവും പ്രവർത്തനങ്ങളും അവസാനം മരണവും ഈ വിമോചനവും രക്ഷയും സാക്ഷാത്ക്കരിക്കുന്നതിനു വേണ്ടിയായിരുന്നു. അങ്ങനെ ബൈബിളിൽ നമുക്ക് സ്വയം വെളിപ്പെടുത്തിത്തരുന്ന ദൈവം മർദ്ദിതരുടേയും ചൂഷിതരുടേയും ദരിദ്രരുടേയും പക്ഷം ചേരുന്നവനും അവരുടെ വിമോചകനും രക്ഷകനുമാണെന്ന അവബോധമാണ് വിമോചന ദൈവശാസ്ത്രത്തിൻ്റെ സുപ്രധാനമായ ഒരു ഉറവിടമെന്നു പറയാം.


പാവങ്ങളോടുള്ള പക്ഷം ചേരൽ


ദൈവം പാവങ്ങളുടേയും മർദ്ദിതരുയും ചൂഷിതരുടേയും പക്ഷം ചേരുന്നവനും അവരുടെ വിമോചകനുമാണെങ്കിൽ, സഭയും അങ്ങനെതന്നെ ആയിരിക്കണമെന്നും വിമോചന ദൈവശാസ്ത്രം ശഠിക്കുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ പല പ്രാദേശികസഭകളും അവയുടെ തലപ്പത്തുള്ളവരും വിമോചന ദൈവശാസ്ത്രത്തിൻ്റെ ഈ ഉൾക്കാഴ്ച്ചയെ സ്വാംശീകരിക്കയും തങ്ങളുടെ അജപാലന പ്രവർത്തനങ്ങളിലും ബൈബിൾ വ്യാഖ്യാനത്തിലും ദൈവശാസ്ത്ര വിചിന്തനങ്ങളിലും അതു പ്രായോഗികമാക്കുകയും ചെയ്തു തുടങ്ങിയിരിക്കയാണ്. നൂറ്റാണ്ടുകളായി ആഗോളസഭയ്ക്കുവേണ്ടി ബൈബിൾ വ്യാഖ്യാനവും ദൈവശാസ്ത്ര വിചിന്തനങ്ങളും നടത്തിയിരുന്നത് പശ്ചിമയൂറോപ്യൻ പണ്ഡിതന്മാരായിരുന്നു. അവരുടെ വ്യാഖ്യാനങ്ങളും വിചിന്തനങ്ങളും ഒന്നാം ലോകത്തിൻ്റെയും മുതലാളിത്ത വ്യവസ്ഥിതിയുടെയും പരിചയ വലയത്തിനുള്ളിലായിരുന്നതിൽ അത്ഭുതപ്പെടാനില്ലല്ലോ. പാവങ്ങളുടെ പക്ഷം ചേർന്നുകൊണ്ടുള്ള ബൈബിൾ വ്യാഖ്യാനങ്ങൾക്കും ദൈവശാസ്ത്ര വിചിന്തനങ്ങൾക്കും പാശ്ചാത്യ യൂറോപ്യൻ പണ്ഡിതന്മാർക്കു കാണാൻ കഴിയാതെപോയ പല ഉൾക്കാഴ്ചകളും നൽകുവാൻ സാധിക്കുമെന്നു വിമോചന ദൈവശാസ്ത്രം തെളിയിച്ചുകഴിഞ്ഞു.


സമഗ്രവിമോചനവും സമ്പൂർണരക്‌ഷയും


യേശുനാഥനിലൂടെ ദൈവം നൽകുന്ന രക്ഷയെ വെറും "ആത്മരക്ഷ"യായി വെട്ടിച്ചുരുക്കുകയും തെറ്റിദ്ധരിക്കുകയും ചെയ്യുന്ന പ്രവണത സഭാതലങ്ങളിൽ ദീർഘകാലമായി നിലനിന്നിരുന്നു. ഇന്നും പലയിടത്തും നിലനിൽക്കുന്നു. ഈ വെട്ടിച്ചുരുക്കലിനെ നീതിമത്ക്കരിക്കാൻ വിമോചന ദൈവശാസ്ത്രം തയ്യാറല്ല. ബൈബിൾ വെളിപ്പെടുത്തിയതും യേശുനാഥൻ കൊണ്ടുവന്നതുമായ രക്ഷ വെറും "ആത്മരക്ഷ" മാത്രമല്ല, മനുഷ്യൻ്റെ സമഗ്രവിമോചനവും സമ്പൂർണ രക്ഷയുമാണെന്ന് കുറെനാൾ മുമ്പ് ഈ പംക്തിയിൽ തന്നെ എഴുതിയിരുന്നതിനാൽ, ഇവിടെ അതെല്ലാം ആവർത്തിക്കേണ്ടതില്ലല്ലോ ("സംശയിക്കുന്ന തോമ്മാ (ജീവൻ ബുക്‌സ്] 39-47 കാണുക). ബൈബിൾ മനുഷ്യനെ ആത്മാവെന്നും ശരീരമെന്നും രണ്ടായി വിഭജിക്കുന്നില്ല. മനുഷ്യൻ ഒന്നാണ്. യേശുനാഥനും മനുഷ്യനെ ഒന്നായിട്ടാണു കാണുന്നത്. അങ്ങനെ ഒന്നായിരിക്കുന്ന മനുഷ്യൻ്റെ - ഓരോ മനുഷ്യൻ്റെയും എല്ലാ മനുഷ്യരുടെയും... സമഗ്രമായ വിമോചനവും, സമ്പൂർണമായ രക്ഷയുമാണ് ബൈബിളും വിശിഷ്യ യേശുനാഥനും പ്രഘോഷിച്ചതും സാധ്യമാക്കിയതും. മനുഷ്യരക്ഷയെ ആത്മാവിൻ്റെ രക്ഷയെന്നോ, ശരീരത്തിൻ്റെ രക്ഷയെന്നോ, ഇഹത്തിലെ രക്ഷയെന്നോ, പരത്തിലെ രക്ഷയെന്നോ വിഭജിക്കാതെ സമഗ്ര വിമോചനവും സമ്പൂർണ രക്ഷയുമായി കാണുന്നതും വിമോചന ദൈവശാസ്ത്രത്തിൻ്റെ ഒരു പ്രത്യേകതയാണ്.


പാപകരമായ ഘടനകൾ


മനുഷ്യർ സമൂഹത്തിൻ്റെ മടിത്തട്ടിലാണ് ജനിക്കുന്നതും വളരുന്നതും വ്യക്തിത്വവും മികവും പ്രാപിക്കുന്നതും. സാമൂഹികവും രാഷ്ട്രീയവും

സാമ്പത്തികവും സാംസ്ക്‌കാരികവുമായ ഘടനകൾ അവൻ്റെ വളർച്ചയെയും വ്യക്‌തിത്വത്തേയുമെല്ലാം ആഴമായി ബാധിക്കുന്നുണ്ട്. ഈ ഘടനകൾ അവൻ്റെ സ്വതന്ത്രമായ വളർച്ചയ്ക്കും പുരോഗതിക്കും സഹായകമായിരിക്കണം. എന്നാൽ, നിലവിലുള്ള പല ഘടനകളും മനുഷ്യോചിതമായി ജീവിക്കാൻ അനുവദിക്കാതെ അവനെ വീർപ്പുമുട്ടിക്കുന്നവയാണ്. നൂറ്റാണ്ടുകളായി സ്വാർത്ഥതയുടെയും പാപത്തിൻ്റെയും ദുരന്തഫലങ്ങൾ ഉറഞ്ഞുകൂടി ദൂഷിതമാക്കിയവയാണ് ഈ ഘടനകൾ. വ്യക്തികളുടെ പാപത്തിനെന്നപോലെ ഘടനകളിൽ അലിഞ്ഞു ചേർന്നിരിക്കുന്ന പാപത്തിന് ഉത്തരവാദിത്വമേറ്റെടുക്കാൻ ആരുമുണ്ടാകയില്ലെന്നത് ഈ പാപത്തിൻ്റെ ഗൗരവത്തെ കുറയ്ക്കുകയല്ല കൂട്ടുകയാണു ചെയ്യുന്നത്. മനുഷ്യൻ്റെ പദവിക്കും സ്വാതന്ത്ര്യത്തിനുമെതിരായ ഗൗരവമേറിയ പാതകങ്ങൾക്ക് ഘടനാപരമായ പാപങ്ങൾ കാരണമാകുന്നതിനാൽ, സമൂഹം ബോധപൂർവ്വം അവയ്‌ക്കെതിരായി പ്രതികരിക്കയും ഈ ഘടനകൾക്കു മാറ്റം വരുത്തുകയും ചെയ്യണമെന്നത് വിമോചന ദൈവശാസ്ത്രം ഉന്നയിക്കുന്ന ഒരാവശ്യമാണ്.


മാർക്‌സിയൻ സാമൂഹികാപഗ്രഥനം


ഘടനകൾക്കു മാറ്റം വരുത്തണമെങ്കിൽ, സമൂഹജീവിതത്തിലെ പ്രതിഭാസങ്ങൾക്ക് അടിയിലുള്ള പ്രചോദനങ്ങളേയും പ്രവണതകളേയുമെല്ലാം ശാസ്ത്രീയമായി അപഗ്രഥിക്കയും പഠിക്കയും ചെയ്യേണ്ടിയിരിക്കുന്നു. ഇതിന് മാർക്സിസത്തിൻ്റെ സാമൂഹികാപഗ്രഥന രീതിയാണ് വിമോചന ദൈവശാസ്ത്രജ്ഞന്മാർ സ്വീകരിക്കുന്നത്. ശാസ്ത്രീയമായ മറ്റു സാമൂഹികാപഗ്രഥന രീതികളൊന്നും ഇതുവരെ ആരും വികസിപ്പിച്ചെടുത്തിട്ടില്ല എന്നതാണ് ഇതിന് അവർ നല്കുന്ന ന്യായം. മാർക്‌സിസം ഈശ്വര നിഷേധാത്മകമാണെങ്കിലും, മാർക്‌സിസ്‌റ്റ് സാമൂഹികാപഗ്രഥന രീതി ശാസ്ത്രീയമായ ഒരുപകരണം മാത്രമാണ്. നിരീശ്വരത്വവുമായി അത് അവശ്യം ബന്ധപ്പെട്ടതല്ല. അതിനാൽ അതുപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല എന്നാണ് വിമോചന ദൈവശാസ്ത്രജ്ഞൻമാർ വാദിക്കുന്നത്.


വിമോചന ദൈവശാസ്ത്രം

ഡോ സിപ്രിയൻ ഇല്ലിക്കമുറി

അസ്സീസി മാസിക, ഏപ്രിൽ 1990


bottom of page