top of page

ജോഷ്വാ, ന്യായാധിപൻമാർ, റൂത്ത്

  • Writer: ഡോ. കെ ലൂക്ക് കപ്പൂച്ചിൻ
    ഡോ. കെ ലൂക്ക് കപ്പൂച്ചിൻ
  • Jan 4, 1989
  • 5 min read

പഴയ നിയമം വായിക്കുമ്പോൾ-15


Josua standing in the hill

മുൻകാല പ്രവാചകർ എന്നറിയപ്പെടുന്ന പഴയനിയമ ഗ്രന്ഥ സമൂഹത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളവയാണ് ജോഷ്വ, ന്യായാധിപന്മാർ, സമുവേൽ (രണ്ടു പുസ്തകങ്ങൾ). രാജാക്കന്മാർ (രണ്ടു പുസ്തകങ്ങൾ) എന്നിവ. തീർത്തും ചരിത്രപരമായ വീക്ഷണത്തിൽ ഈ പുസ്തകങ്ങൾ നിയമാവർത്തനവുമായി ചേർന്ന് ഒരൊറ്റ സമഗ്രഗ്രന്ഥമാകുന്നു. ആധുനിക പണ്‌ഡിതർ ഈ പുസ്തകങ്ങളെ നിയമാവർത്തക ചരിത്ര​കൃതികൾ എന്നു വിളിക്കാറുമുണ്ട്. ജോഷ്വാ തുടങ്ങിയ പുസ്തകങ്ങളെ നിയമാവർത്തന ഗ്രന്ഥങ്ങൾ പരിശോധന ചെയ്തിരിക്കുന്നു. അവരുടെ ദൈവശാസ്ത്ര വീക്ഷണങ്ങൾ ഈ പുസ്തകങ്ങളിൽ തെളിഞ്ഞു കാണാം.


​ഉല്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ എന്നിവയെ ഉൾപ്പെടുത്തി പണ്ഡിതർ 'ചതുർഗ്രന്ഥി' എന്നു പറയാറുണ്ട്. ഇവ നിയമാവർത്തനത്തിൽ നിന്നു വേറിട്ടുനിന്ന്, രക്ഷാകര ചരിത്രത്തിന്റെ ഒരു തുടർ വിവരണം നൽകുന്നുണ്ട്. ആ നാലു പുസ്തകങ്ങളുടെ കൂടെ നിയമാവർത്തനം 34-ാം അദ്ധ്യായം കൂടി ചേർത്താൽ, ഉല്പത്തിയുടെ ആഖ്യാനത്തിൽ തുടങ്ങി മോശയുടെ മരണത്തെക്കുറിച്ചുള്ള പ്രതിപാദനത്തിൽ അവസാനിക്കുന്ന ഒരു ചരിത്രകഥനം കിട്ടും. 'ഷഡ് ഗ്രന്ഥി ', 'അഷ്ടഗ്രന്ഥി' എന്നു തുടങ്ങിയ വർഗ്ഗീകരണങ്ങളും പണ്ഡിതർ നടത്തിയിട്ടുണ്ട്. അവയ്ക്കൊക്കെയും അവയുടേതായ ന്യായീകരണങ്ങളുമുണ്ട്. കാരണം അവയ്ക്ക് ഓരോരോ വീക്ഷണ കോണുകളാണുള്ളത്.


​ഗ്രീക്ക് സെപ്തജിന്തിൻ്റെയും ലത്തീൻ വുൾഗാത്തെയുടെയും പാരമ്പര്യം പിന്തുടർന്ന്, കത്തോലിക്കരുടേതായാലും പ്രോട്ടസ്റ്റൻ്റുകാരുടേതായാലും ഇംഗ്ലീഷ് ബൈ​ബിളിൽ റൂത്തിനെയും മുൻകാല പ്രവാചക ഗ്രന്ഥങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദിനവൃത്താന്തം തുടങ്ങിയവയും ചരിത്രപരമായ പുസ്തകങ്ങളാണെങ്കിലും നിയമാവർത്തക ചരിത്ര ഗ്രന്ഥങ്ങളിൽനിന്നു വ്യത്യസ്തമായ ദൈവശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായ വീക്ഷണ കോണുകളുള്ളതിനാൽ അവയെ നാം വേറെയായാണ് പരിശോധിക്കുന്നത്. നിയമാവർത്തക ചരിത്രഗ്രന്ഥങ്ങളെ കുറിച്ചുള്ള പഠനം ജോഷ്വായുടെ പുസ്തകത്തോടുകൂടി ആരംഭിക്കാം.


​ജോഷ്വാ


​മോശയുടെ മരണത്തെത്തുടർന്ന് ജോഷ്വായാണ് ഇസ്രായേൽ ജനത്തിൻ്റെ നേതൃത്വമേറ്റെടുത്തത്. കനാൻ കീഴടക്കുകയെന്ന ദൗത്യം അദ്ദേഹം പൂർത്തിയാക്കി. തുടർന്ന് ആ ഭൂമി ഇസ്രായേൽ ഗോത്രങ്ങൾക്കിടയിൽ വിതരണം ചെയ്തു. ജോഷ്വായുടെ പുസ്തകത്തിൻ്റെ ആദ്യഭാഗം (അദ്ധ്യായം 1 മുതൽ 12 വരെ) വിശുദ്ധ നാട് കൈവശപ്പെടുത്തിയതിൻ്റെയും രണ്ടാം ഭാഗം (അദ്ധ്യായം 13 മുതൽ 23 വരെ) കനാൻ്റെ വിഭജനത്തിൻ്റെയും കഥ പറയുന്നു. അവസാന അദ്ധ്യായം ജോഷ്വായുടെ നേതൃത്വത്തിൽ യാഹ്‍വേയുമായുള്ള ഉടമ്പടി പുതു​ക്കുന്ന കാര്യമാണ് പ്രതിപാദിക്കുന്നത്.


​1 മുതൽ 11 വരെ അദ്ധ്യായങ്ങൾ, ദൈവത്തിൻ്റെ കൃത്യമായ ഉത്തരവുകളനുസരിച്ച് പടയോട്ടങ്ങളുടെ ഒരു പരമ്പരയിലൂടെ കനാൻ കൈവശപ്പെടുത്തുന്നതിൻ്റെ കഥ വിവരിക്കുന്നു. പന്ത്രണ്ടാം അദ്ധ്യായം ആ വിജയങ്ങളുടെ ഒരു സംഗ്രഹമാണ്. ജനപ്രീതികരവും ഭാവനാ സംബന്ധവുമായ രീതിയിലാണ് ആഖ്യാനം. തൻ്റെ സ്വന്തം ജനമായി തെരഞ്ഞെടുത്ത ഇസ്രായേലിനു വേണ്ടി യാഹ്‍വേയ്ക്കുണ്ടായിരുന്ന കരുതൽ മുൻനിർത്തി അവിടുന്നിലുള്ള വിശ്വാസം അവർ ഏറ്റുപറയുന്ന രീതിയിൽ ദൈവശാസ്ത്രപരമായ ഒരു ഊന്നലാണ് ഈ കഥനത്തിലുള്ളത്. പിതാക്കന്മാരോടുള്ള വാഗ്ദാനങ്ങൾ നിറവേറി എന്നതാണ് കനാൻ കീഴടക്കലിൻ്റെ അർത്ഥം.

​ജോഷ്വായുടെ യുദ്ധവിജയങ്ങളുടെ വസ്തുനിഷ്ഠത പുരാവസ്തു ശാസ്ത്രത്തിൻ്റെ കണ്ടെത്തലുകൾ ശരി വച്ചിട്ടുണ്ടെന്നാണ് നിരവധി പ്രഗല്ഭ പണ്ഡിതന്മാരുടെ അഭിപ്രായം. പരിഷ്കാരത്തിൽ ഉയർന്ന നിലവാരം പുലർത്തിയിരുന്ന കനാൻ സംസ്കാരത്തിൻ്റെ സ്ഥാനത്ത് ബി. സി. 13-ാം നൂറ്റാണ്ടിൻ്റെ അന്ത്യത്തോടെ പുതിയതും പ്രാകൃതമായ ഒരു സംസ്കാരം സ്ഥാപിക്കപ്പെട്ടു എന്നതിന് പുരാവസ്തു തെളിവുകളുണ്ട്. എന്നാൽ ജോഷ്വയുടെ പുസ്തകത്തിൽ പറയുന്നിടത്തോളം സമഗ്രവും നിർണ്ണായകവുമായിരുന്നില്ല അദ്ദേഹത്തിൻ്റെ ഉപദേശങ്ങൾ എന്നാണ് ഒരു കൂട്ടം പണ്ഡിതർ പറയുന്നത്. ന്യായാധിപന്മാരുടെ പുസ്തകത്തിലുള്ള വിവരങ്ങൾ ആധാരമാക്കിയാണ് അവർ അങ്ങനെ അഭിപ്രായപ്പെടുന്നത്. കനാൻ കൈവശപ്പെടുത്തൽ, അവിടെ ഉണ്ടായിരുന്ന ഫ്യൂഡൽ പ്രഭുക്കൾക്കെതിരെയുള്ള കർഷക കലാപമായിരുന്നു എന്നൊരു അഭിപ്രായഗതിയും പുതുതായി ഉയർന്നിട്ടുണ്ട്.


എന്തായാലും 13 മുതൽ 22 വരെ അദ്ധ്യായങ്ങൾ, ഇസ്രായേൽ ഗോത്രങ്ങൾ സ്വന്തമാക്കിയ പ്രദേശങ്ങളുടെ അതിരുകളെക്കുറിച്ച് വിലപിടിച്ച ഒട്ടേറെ വിവരങ്ങൾ തരുന്നുണ്ട്. ബൈബിൾ കാലത്തെ ഭൂമിശാസ്ത്രവും പുരാവസ്തു ശാസ്ത്രവും പഠിക്കുന്നവർക്ക് അത് ഏറെ വിലപ്പെട്ടതാണ്.


​ജോഷ്വയുടെ പുസ്തകം സംബന്ധിച്ച ഒരു സവിശേഷ പ്രശ്നം ജെറീക്കോ കീഴടക്കൽ സംബന്ധിച്ചുള്ളതാണ്. ഒരു ആധുനിക പണ്ഡിതൻ എഴുതുന്നു: "ബി. സി. 1400-നോടടുത്ത് ജെറീക്കോ നഗരം ജനവാസ കേന്ദ്രമായിരുന്നുവെന്നും വീണ്ടും 1350-നോടടുത്ത് അവിടെ ഉപേക്ഷിക്കപ്പെട്ടുവെന്നു പറയാം" (എസ്. ഹെർമാൻ, "A History of Israel in Old Testament Times", ലണ്ടൻ 1975, പേജ് 107). ഇതിനർത്ഥം ജോഷ്വയുടെ കാലത്ത് ജെറീക്കോ ഒരു അപ്രധാന കുടിപ്പാർപ്പു കേന്ദ്രമായിരുന്നുവെന്നും കോട്ടകൊത്തളങ്ങളോടുകൂടിയ ഒരു നഗരമായിരുന്നില്ലെന്നുമാണ് . അതിനാലാണത്രെ ഇസ്രായേലുകാർക്ക് അത് എളുപ്പം പിടിച്ചെടുക്കാൻ കഴിഞ്ഞത്. പിൽക്കാല തലമുറകൾ ഭാവനാശക്തിയുടെ സഹായത്തോടെ ആ സംഭവത്തെക്കുറിച്ച് ഏതോ സാഹിത്യപരമായൊരു ഒരു വിവരണം ഉണ്ടാക്കി. അദ്ധ്യായം 5:10 മുതൽ 6:27 വരെയുള്ള വിവരണം ആരാധനക്രമപരമായി ഉത്ഭവംകൊണ്ടതാണ്. ജോർദ്ദാൻ കടന്നതും വാഗ്ദത്ത ഭൂമിയിലേക്കുള്ള കവാടമായ ജെറീക്കോ പിടിച്ചെടുത്തതും ആരാധനക്രമത്തിൻ്റെ ചട്ടക്കൂട്ടിനുള്ളിൽ പുനരഭിനയിക്കുക എന്നത് ഇസ്രായേലിൻ്റെ ഒരാചാരമായിരുന്നു.


ജോഷ്വ സൂര്യനെ ആകാശ മധ്യത്തു പിടിച്ചുനിർത്തിയ കഥ (10:12-14) പല ബൈബിൾ വായനക്കാർക്കും ഒരു കീറാമുട്ടിയാണ്. വിശദമായ പഠനമാവശ്യമുള്ള ഒരു പാഠഭാഗമാണിത്. ഇസ്രായേൽ ജനത്തിനുവേണ്ടി ദൈവത്തിനുള്ള കരുതൽ എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്താനായി ഉപയോഗിച്ച ഒരു അന്യാപദേശ കഥയായി തത്കാലം അതിനെ കണ്ടാൽ മതിയാകും.


ജോഷ്വയെ പലപ്പോഴും രക്തദാഹിയായ ഒരു ജേതാവായി ചിത്രീകരിച്ചിട്ടുണ്ട്. ജെറീക്കോയുടെ പതനത്തെത്തുടർന്ന് 'അവിടെയുണ്ടായിരുന്ന സമസ്തവും അവർ നിശ്ശേഷം നശിപ്പിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വൃദ്‌ധന്മാരെയും ആടുമാടുകളെയും കഴുതകളെയും അവർ വാളിനിരയാക്കി '(6:21) എന്ന് എഴുതപ്പെട്ടിരിക്കുന്നു. പ്രാചീന ലോകത്തിൽ, യുദ്ധ വിജയത്തെത്തുടർന്ന് പരാജിതരെ കൊന്നൊടുക്കിയിരുന്നത് ഒരു സാധാരണ ​സംഭവമാണെന്ന് നാം ഓർക്കണം. അക്കാലത്തെ നാട്ടുനടപ്പുകൾ ഇസ്രായേൽകാരും പിന്തുടർന്നു എന്ന് പറയുന്നതിൽ അമ്പരപ്പിന് അവകാശമില്ല. ഇവിടെ ഉദ്ധരിച്ചതു പോലെയുള്ള വിവരണങ്ങൾ അങ്ങേയറ്റം അതിശയോക്തി പരമാണെന്നതിൽ സംശയമില്ല. അത് ജനങ്ങൾക്കിടയിലുള്ള കഥപറച്ചിൽ രീതിയുടെ ഭാഗമാണ്. രണ്ട് ലോകമഹായുദ്ധങ്ങളുടെ കാലത്ത്, അല്ലെങ്കിൽ അഹിംസയുടെ നാടായ നമ്മുടെ ഭാരതത്തിൽ സ്വാതന്ത്ര്യ പ്രാപ്തിയെത്തുടർന്ന്, അല്ലെങ്കിൽ ഏതാനും വർഷം മുമ്പ് ആസാമിൽ, ബുദ്ധനും മഹാവീരനും പ്രവർത്തിച്ച ബിഹാറിൽ... അങ്ങനെ പലയിടത്തും നടന്ന കൂട്ടക്കുരുതികൾ വച്ചുനോക്കുമ്പോൾ ജോഷ്വയുടെ പുസ്തകത്തിൽ പറയുന്ന കൊലപാതകങ്ങൾ ഒന്നുമല്ലെന്ന കാര്യവും വിസ്മരിക്കേണ്ട.


​ജോഷ്വയുടെ പുസ്തകത്തിന്റെ ഉള്ളടക്കം ഇങ്ങനെ സംഗ്രഹിക്കാം:


  1. ​കനാൻ കീഴടക്കൽ (1:1-12:24): ദൈവം ജോഷ്വയോട് ഉത്തരവാകുന്നു (1:1-11), ജോഷ്വയുടെ കൽപ്പന (1:12-18), ചാരന്മാർ രാഹാബിൻ്റെ വീട്ടിൽ (2:1-14), ജോർദ്ദാൻ കടക്കൽ (3:1-17), സ്മാരകശിലകൾ സ്ഥാപിക്കുന്നു (4:1-5:1), ഇസ്രായേൽ ഗിൽഗാലിൽ (5:2-12), കർത്താവിൻ്റെ സൈന്യാധിപൻ പ്രത്യക്ഷപ്പെടുന്നു (5:13-15), ജെറീക്കോയുടെ പതനം (6:1-27), ആയി പട്ടണത്തിലെ തോൽവി (7:1-26), ആയിപട്ടണം കീഴടക്കുന്നു (8:1-29), എബാൽ മലയിലെ ബലിപീഠം (8:30-35), ഗിബയോൻകാരുമായുള്ള സന്ധി (9:1-27), അഞ്ചു രാജാക്കന്മാരെ ജോഷ്വ കീഴടക്കുന്നു (10:1-27), തെക്കൻ ദേശദേശക്കാരുടെമേലുള്ള വിജയം (10:28-43), വടക്കൻ ദേശക്കാരുടെമേലുള്ള വിജയം (11:1-23), ജോഷ്വ കീഴടക്കിയ രാജാക്കന്മാരുടെ പട്ടിക (12:1-24).

  1. ദേശവിഭജനം (13:1-22:34): വിഭജനത്തിൻ്റെ തുടക്കം (13:1-33), ഹെബ്രോൺ കാലെബിന് (14:1-15), യൂദായുടെ ഓഹരി (15:1-62), ജോസഫിൻ്റെ സന്തതികളുടെ ഓഹരി (16:1-17:18), മറ്റു ഗോത്രങ്ങൾക്കുള്ള ഓഹരി (18:1-19:51), അഭയ നഗരങ്ങൾ (20:1-7), ലേവ്യരുടെ പട്ടണങ്ങൾ (21:1-42), കിഴക്കൻ ഗോത്രങ്ങൾ മടങ്ങുന്നു (21:43-22:34).

  1. ​ജോഷ്വയുടെ അവസാന നടപടികൾ (23:1-24:33): ജോഷ്വയുടെ വിടവാങ്ങൽ പ്രസംഗം (23:1-16), ഷെക്കെമിലെ ഉടമ്പടി (24:1-28), ജോഷ്വയുടെ മരണം (24:29-33).

അദ്വിതിയനായ നേതാവാണ് ജോഷ്വ. ആ പേരിൻ്റെ പരിഷ്കൃതരൂപം ജേഷുവ എന്നും യേശു എന്നും ആകാം. പാപത്തേയും സാത്താനെയും മരണത്തെയും കീഴടക്കുന്ന യേശുവിനു തുല്യമുള്ള ഒരു പ്രതിരൂപമാണ് ജോഷ്വ. ​കാനാൻകാരിൽനിന്ന് വാഗ്ദത്തഭൂമി വെട്ടിപ്പിടിക്കുകയും, അവിടെ ഇസ്രായേൽ ഗോത്രങ്ങളെ കുടിപാർപ്പിക്കുകയും ചെയ്തതിലൂടെ ക്രിസ്തുവെന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള രക്ഷാകര ചരിത്രത്തിൻ്റെ ചുരുൾ നിവർത്തലിന് ജോഷ്വ ആക്കം കൂട്ടി.




ന്യായാധിപന്മാർ


'വിധിനിർണ്ണയിക്കുക' എന്നർത്ഥമുള്ള 'ഷാഫാത്' എന്ന വാക്കിൽ നിന്നാണ് ഹീബ്രുവിൽ ശോഫെത്തീം (ന്യായാധിപന്മാർ) എന്ന ശീർഷകമുണ്ടായത്. പഴയ നിയമത്തിൽ ഇതിനു പ്രത്യേക അർത്ഥമുണ്ട്. അവിടെ ന്യായാധിപന്മാരായി അറിയപ്പെട്ടിരുന്നവരുടെമേൽ കർത്താവിൻ്റെ ആത്മാവ് ആവസിക്കുകയും (3:10) ആ ആത്മാവ് നിർദ്ദേശിച്ചതനുസരിച്ച് അവർ ഇസ്രായേൽ ജനത്തെ മോചിപ്പിക്കുകയും ചെയ്തിരുന്നു. ഇസ്രായേൽ ജനം കർത്താവിനോട് നിലവിളിച്ചപ്പോഴൊക്കെ (3:9) അവിടുന്ന് അവർക്ക് ഒരു വിമോചകനെ നൽകിയിരുന്നു. അങ്ങനെ, ആപത്തിലുഴലുന്ന ദൈവജനത്തെ മോചിപ്പിക്കാൻ നിയുക്തരായ വ്യക്തിപ്രഭാവമുള്ള നേതാക്കളായിരുന്നു പഴയനിയമത്തിലെ ന്യായാധിപന്മാർ. ​


കനാൻ്റെ പല ഭാഗങ്ങളും കീഴടക്കാൻ ഇസ്രായേൽക്കാർക്ക് കഴിഞ്ഞിരുന്നില്ലെന്നും അവിടെ കനാന്യസമൂഹത്തിൻ്റെ നടുക്ക് ന്യൂനപക്ഷമായി അവർ കഴിയേണ്ടിവന്നുവെന്നും ഒന്നാം അധ്യായം 27 മുതൽ 36 വരെ ഉള്ള വാക്യങ്ങൾ വ്യക്തമാക്കുന്നു. 'വിശുദ്ധനാട് ' സ്വന്തമാക്കിയതു സംബന്ധിച്ച് 'ജോഷ്വയുടെ ' പുസ്തകത്തിലുള്ളതിൽ നിന്ന് വ്യത്യസ്തമായ ഒരു വിവരണമാണ് നമുക്കിവിടെ ലഭിക്കുന്നത്.


​ദുർബലമായ ഒരു ന്യൂനപക്ഷം എന്ന നിലയിൽ പല ഇസ്രായേൽ ഗോത്രങ്ങളും പുറജാതികളുടെ നിയന്ത്രണത്തിന് വിധേയരാകേണ്ടിവന്നു. ഈ ഘട്ടത്തി ലാണ് പ്രാദേശിക നേതാക്കൾ ഉയർന്നുവന്നതും തങ്ങളുടെ സഹോദരങ്ങളുടെ രക്ഷയ്ക്കായി അവർ ആയുധമേന്തി പൊരുതിയതും. ന്യായാധിപന്മാരുടെ കൂട്ടത്തിൽ രണ്ടുതരക്കാരുണ്ട്: ഒന്ന് "ഗോത്രസൈന്യങ്ങളുടെ നായകരായ സായുധ വീര പുരുഷന്മാരോ ഏറെയൊന്നും എഴുതപ്പെട്ടിട്ടില്ലാത്ത സ്വകാര്യ നേതാക്കളോ. ഒത്തനിയേൽ, ഏഹൂദ്, ശംഗാർ, ദെബോറയും, ബാറക്കും, ഗിദെയോൻ, അബീമെലെക്, ജഫ്താ, സാംസൺ എന്നിവർ ഈക്കുട്ടത്തിൽപ്പെടുന്നു. ​


രണ്ട്- കാലഘട്ടം, കുടുംബം, സംസ്കാരസ്ഥലം എന്നു തുടങ്ങിയ വിശദാംശങ്ങളെല്ലാം നൽകപ്പെട്ടിട്ടുള്ളവരാണ് രണ്ടാമത്തേ കൂട്ടർ. ഗോത്രനേതാക്കളല്ലാത്ത ഇവർ നഗരങ്ങളുടെയോ ജില്ലകളുടെയോ അധികാരികളായിരുന്നെന്ന് ചരിത്രകാരന്മാർ കണക്കാക്കുന്നു. ഗിദെയോൻ, തോല, ജായീർ, ജഫ്താ, ഇബ്സാൻ, ഏലോൻ, അബ്ദോൻ എന്നിവർ ഇക്കുട്ടത്തിൽപ്പെടുന്നു. ​


ഗിദെയോൻ്റെയും ജഫ്തായുടെയും പേര് രണ്ടു പട്ടികയിലും വരുന്നതു ശ്രദ്ധിച്ചിരിക്കുമല്ലോ. ഒരുവശത്തു അവർ സൈനിക വീരകഥകളിലെ നായകരായിരിക്കുകയും മറുവശത്തു ജില്ലാ അധികാരികളെപ്പോലെ അവരെക്കുറിച്ചു പരാമർശങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യുന്നതുകൊണ്ടണിത്.


​ആദ്യത്തെ കൂട്ടത്തിൽപ്പെട്ട വീരനായകരുടെ കഥകളാണ് ഈ പുസ്തകത്തിൽ ഏറെയും. രണ്ടാമത്തെ കൂട്ടത്തിൽപ്പെട്ട ന്യായാധിപരെക്കുറിച്ചുള്ള പരാമർശങ്ങൾ പിൽക്കാലത്തു കൂട്ടിചേർത്തതാണ്.


​ പണ്ഡിതന്മാർ ന്യായാധിപ പുസ്തകത്തിൻ്റെ രണ്ട് എഡിഷനുകളെക്കുറിച്ച് സംസാരിക്കുന്നുണ്ട് . ഒന്ന് നിയമവർത്തനത്തിന് മുമ്പുള്ളതും മറ്റേത് അതിന് പിമ്പുള്ളതും. ആദ്യത്തെ കരടുരൂപം രാജവാഴ്ചയുടെ തുടക്കത്തിലോ മധ്യത്തിലോ ഉള്ള അത്രയ്ക്ക് സമഗ്രമല്ലാത്ത ഒരു സമാഹാരമായിരുന്നു. വിവരങ്ങൾ പരസ്പരബന്ധമോ പ്രത്യേകമായാ എന്തെങ്കിലും ദൈവശാസ്ത്രപരിഗണനകളോ കൂടാതെ ഒന്നിനു പിറകെ ഒന്നായി അടക്കി യിരിക്കുകയായിരുന്നു. വിപ്രവാസ (ബി. സി. 587-537)ത്തിനു ശേഷമാണ് രണ്ടാമത്തെ എഡിഷൻ നിയമവർത്തന ചട്ടക്കൂട്ടിൽ തയ്യാറാക്കപ്പെട്ടത്, പാപം, ശിക്ഷ, പശ്ചാത്താപം, രക്ഷ എന്നിങ്ങനെയാണ് ഈ ചട്ടക്കൂട്. ഇങ്ങനെ തയ്യാറായ പുസ്തകത്തോട് ചെറുകിട ന്യായാധിപരെക്കുറിച്ചുള്ള പരാമർശങ്ങളും (10:1-5, 12:8-15) ദാൻ ഗോത്രത്തിൻ്റെ പൂജാഗൃഹത്തെക്കുറിച്ചുളള കഥയും (17, 18 അധ്യായങ്ങൾ) ബെഞ്ചമിനെതിരായ യുദ്ധത്തിൻ്റെ കഥയും. (19 മുതൽ 21 വരെ അധ്യായങ്ങൾ) കൂട്ടിച്ചേർത്തു.


​ന്യായാധിപന്മാരുടെ കാലഘട്ടം കൃത്യമായി നിർണയിക്കുക പ്രയാസമാണ്. ബി. സി. 1200-നോടടുത്തു നടന്നിരിക്കാവുന്ന കനാൻ കുടിയേറ്റം നടന്ന് കുറച്ചു കാലം കഴിഞ്ഞാണ് ന്യായാധിപന്മാരുടെ ഈ കാലഘട്ടം തുടങ്ങിയെന്നും ബി. സി. 1020-നോടടുത്ത് ശൗൽ രാജാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ ആ കാലഘട്ടം അവസാനിച്ചുവെന്നും കരുതാവുന്നതാണ്. അതായത് ന്യായാധിപന്മാരുടെ കാലഘട്ടം ഏതാണ്ട് ഒന്നര നൂറ്റാണ്ട് നീണ്ടുനിന്നു.


ന്യായാധിപ പുസ്തകം താഴെപറയുന്ന വിധം വിഭജിക്കാം .

  1. ആമുഖം (1:1-3:6): ഒന്നാം ആമുഖം (1:1-2:5). രണ്ടാം ആമുഖം (2:6-3:6).

  2. ഇസ്രായേലിൻ്റെ ന്യായാധിപന്മാർ (3:7-16:31): ഒത്തനിയേൽ (3:7-11), ഏഹൂദ് (3:12-30), ഷംഗാർ (3:31), ദെബോറയും, ബാരേക്കും (4:1-5:31), ഗിദെയോൻ (6:1-8:39), അബീമെലെക് (9:1-57), തോല (10:1-2), ജായീർ (10:3-16), ജഫ്താ (10:17-12:7), ഇബ്സാൻ (12:8-10), ഏലോൻ (12:11-12), അബ്ദോൻ (12:13-15), സാംസൺ (13:1-16:31).

  3. അനുബന്ധങ്ങൾ (17:1-21:25): ഒന്നാം അനുബന്ധം (17:1-18:31). രണ്ടാം അനുബന്ധം (19:1-21:25).

​ദൈവജനത്തിൻ്റെ വ്യക്തിപ്രഭാവമുള്ള വിമോചകർ എന്ന നിലയിൽ, പരമോന്നത വിമോചകനായ ക്രിസ്തുവിൻ്റെ വിവിധ പ്രതിരൂപങ്ങളാണിവർ. ന്യായാധിപന്മാർക്ക് അവരുടെ അവരുടേതായ കുറ്റങ്ങളും കുറവുകളുമുണ്ടായിരുന്നുവെന്നത് ഒരു വസ്തുതയാണ്. ഏഹൂദ് ചതി പ്രയോഗിച്ച് മോവാബ് രാജാവിനെ കൊല്ലുന്നു (3:19-23), ഗിദെയോൻ ബഹുഭാര്യസ്ഥാനായിരുന്നു (8:30), സാംസൺ നിരവധി സ്ത്രീകളുമായി ബന്ധപ്പെടുന്നു (14:1;16:1,4), ഒടുവിൽ അത് അദ്ദേഹത്തിൻ്റെ നാശത്തിനുതന്നെ കാരണമാകുന്നു (16:17-22). പാപമുദ്രിതമായ മനുഷ്യത്വതലത്തിൽ ബൈബിൾ ചരിത്രം എങ്ങനെ ചുരുൾ നിവരുന്നുവെന്നും എന്നാൽ ദൈവത്തിൻ്റെ പദ്ധതികളെ പാപത്തിനു തകർക്കാനാവില്ലെന്നും അങ്ങനെ രക്ഷാചരിത്രം അനുസൃതം പുരോഗമിക്കുന്നുവെന്നും കാണിക്കുന്നതിനു വേണ്ടിയാണ് ഈ വിശദാംശങ്ങളത്രയും.


​റൂത്ത്


​ഹീബ്രു ബൈബിളിൽ കെത്തുബ്ബിം(എഴുത്തുകൾ) എന്നറിയപ്പെടുന്ന വിഭാഗത്തിലാണ് റൂത്തിൻ്റെ പുസ്തകം ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഗ്രീക്ക്, ലത്തീൻ ബൈബിളുകളിലും അതനുസരിച്ച് ഇംഗ്ലീഷ് ബൈബിളിലും ന്യായാധിപ പുസ്തകത്തിൻ്റെ തൊട്ടുപിന്നാലെ അത് വച്ചിരിക്കുന്നു. അതിൽ പറയുന്ന ചരിത്രം, ന്യായാധിപന്മാരുടെ കാലത്തു (1:1) എന്ന് കരുതപ്പെടുന്നതു ക്കൊണ്ടുമാത്രമാണിത്. തലമുറകൾതോറും ബൈബിൾ വായനക്കാരെ സദാ ആകർഷിച്ചിട്ടുള്ള ശുഭപര്യവസായിയായ ഒരു ലഘുകഥയാണ് റൂത്തിൻ്റെത്.


​പ്രാവാസാനന്തരകാലത്ത്, കൃത്യമായി പറഞ്ഞാൽ, വിദേശീയ ഭാര്യമാരെ ഒഴിവാക്കാൻ യഹൂദരോട് ആവശ്യപ്പെട്ട എസ്രായുടെയും നെഹമിയയുടെയും (എസ്രാ 10:1-5, നെഹ. 13:23-27) കാലത്ത് എഴുതപ്പെട്ടതാണ് ഈ പുസ്തകമെന്ന് ആധുനിക ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു. പ്രാവാസാനന്തര ഘട്ടത്തിൽ യഹൂദസമൂഹത്തിൽ രണ്ടു പ്രവണതകൾ സ്പഷ്ടമായികാണാം. ഒന്ന് - സർവത്രീകത. മറ്റേത് - വിഭാഗീയത. രക്ഷയെന്ന ദൈവീകദാനത്തിന് എല്ലാം മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നു എന്നതിലാണ് ആദ്യത്തേത് ഉന്നുന്നത് . പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടു എന്നതിൽ ഉന്നികൊണ്ട് ഇസ്രായേൽ ജനത്തിൻ്റെ സവിശേഷത എടുത്തു പറയുകയാണ് രണ്ടാമത്തേതിൽ. എസ്രായുടെയും, നെഹമിയയുടെയും നിർദേശങ്ങൾക്കു പിന്നിൽ ഈ രണ്ടാമത്തെ പ്രവണതയാണ് പ്രവർത്തിച്ചിരുന്നത്.


​സാർവത്രിക ഉയർത്തിപ്പിടിച്ചിരിക്കുന്നവർ, ഭൂമുഖത്തു ഇസ്രായേൽ ദൈവഗ്രഹത്തിൻ്റെ ഒരു അടയാളമാകേണ്ടതാണ് (എശയ്യ 49:6) എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. ഈ ആശയം പ്രകടമാക്കുന്നതിന് അവർ ഈ രണ്ടു പുസ്തകങ്ങൾ രചിച്ചു- റൂത്തും യോനായും. മോവാബ്യ സ്ത്രീയായ റൂത്ത് യഹൂദിയായ അമ്മായിയമ്മ നവോമിയോട് പറയുന്നു: "അമ്മയുടെ ചർച്ചക്കാർ എൻ്റെ ചാർച്ചക്കാരും അമ്മയുടെ ദൈവം എൻ്റെ ദൈവമായിരിക്കും." (1:16). അവൾ ഇസ്രായേൽ സമൂഹത്തിലെ ഒരംഗമാകാനും യഹൂദവിശ്വാസം കൈക്കൊള്ളാനും (ഈ പുസ്തകത്തിൻ്റെ രചയിതാവിൻ്റെ അഭിപ്രായത്തിൽ, ആരെയും ഒഴിച്ചുനിർത്താതെ എല്ലാവർക്കുമായി തുറന്നിരിക്കുന്ന വിശ്വസമാണിത്) തീവ്രമായി ആഗ്രഹിക്കുന്നു. റൂത്ത് യഹൂദവിശ്വാസം സ്വീകരിച്ചതിന് പ്രതിഫലമുണ്ടായി - അവൾ ദാവീദ് രാജാവിൻ്റെ മുതുമുത്തശ്ശിയായി (4:13-22).


​ഇസ്രായേൽക്കാരുടെ പരമ്പരാഗതവിശ്വാസമനുസരിച് ദാവീദിന് മോവാബ്യ രാജവംശവുമായി ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് താൻ രക്ഷാസങ്കേതത്തിലായിരുന്നകാലത്ത് തൻ്റെ മാതാപിതാക്കളെ മോവാബ്യരാജാവിനോടുകൂടി പാർപ്പിച്ചത് (1 സാമുവേൽ 22:3-4). ഈ പരമ്പര റൂത്തിൻ്റെ ഈ ഗ്രന്ഥകാരൻ്റെ മനസ്സിലുണ്ടായിരുന്നതെന്നതിൽ സംശയമില്ല.


​റൂത്തിൻ്റെ പുസ്തകത്തിൻ്റെ ഉള്ളടക്കം വളരെ വ്യക്തമാണ്. അതിൻ്റെ വായന വളരെ എളുപ്പവും ആഹ്ളാദകരവുംതന്നെ.


​ആമുഖം (1:1-5), നവോമിയും റൂത്തും (1:6-18), ബെത്‌ലെഹെമിലേക്കുള്ള മടക്കം (1:19-22), റൂത്ത് ബോവാസിൻ്റെ വയലിൽ (2:1-23), നവോമിയുടെ ഉപദേശം (3:1-5), റൂത്തും ബോവാസും (3:16-18), ബോവാസിൻ്റെ ബന്ധു അവകാശം കൈമാറുന്നു (4:1-6), ബോവാസിൻ്റെ അവകാശം (4:7-12), റൂത്തിന് പുത്രൻ പിറക്കുന്നു (4:13-17), വംശാവലി (4:18-21).


​റൂത്തിൻ്റെ പുസ്തകത്തിൻ്റെ സർവദേശീയമായ വീക്ഷണഗതി, ക്രിസ്തുവിൻ്റെ ദൗത്യത്തിൻ്റെ സാർവത്രിക സ്വഭാവം വിളിച്ചറിയിക്കുന്ന പുതിയ നിയമത്തിലേക്കു വിരൽ ചൂണ്ടുന്നു. അതുകൊണ്ടുതന്നെ, ക്രിസ്തുവിൻ്റെ വംശാവലിയിൽ റൂത്തിൻ്റെ പേര് പ്രത്യക്ഷപ്പെടുന്നതിൽ അത്ഭുതമില്ല (മത്തായി 1:5).

ജോഷ്വാ, ന്യായാധിപൻമാർ, റൂത്ത്

‍‍ഡോ. കെ ലൂക്ക് OFM Cap.

അസ്സീസി മാസിക, ജനുവരി, 1989

bottom of page