ലോകമറിയുന്നില്ല


"ഈ സത്യാത്മാവിനെ സ്വീകരിക്കുവാൻ ലോകത്തിന് കഴിയുകയില്ല: കാരണം അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല" എന്നൊരു വാക്യമുണ്ട് യോഹന്നാൻ്റെ സുവിശേഷത്തിൽ. എല്ലാകാര്യങ്ങളെയും രണ്ടാക്കി വേർതിരിക്കുന്ന യോഹന്നാൻ്റെ പതിവുശൈലിയായി ഇതിനെയും കാണാമെന്നു കരുതാം. എന്നിരിക്കിലും എന്താവാം അർത്ഥശങ്കക്കിടയില്ലാത്തവിധം അങ്ങനെ ഒരു പ്രസ്താവം നടത്താൻ യോഹന്നാനെ പ്രേരിപ്പിക്കുന്നത്?
ലോകത്തിൻ്റെ രീതികൾ വ്യത്യസ്തമാണ് എന്നു തന്നെയാണ് യോഹന്നാൻ പലപ്പോഴും ഊന്നിപ്പറയുന്നത്. ഒരുവിധത്തിൽ ആലോചിച്ചാൽ അത് ശരിയുമാകും.
മറ്റുള്ളവരുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുക എന്ന് യേശുവിൻ്റെ ആത്മാവ് നമ്മോടു പറയുമെങ്കിലും സ്വന്തം അവകാശങ്ങൾ പിടിച്ചുപറിക്കുന്നവനോട് എതിർക്കാതിരിക്കുക എന്നു പറഞ്ഞാൽ ലോകത്തിന് അതൊരിക്കലും സ്വീകാര്യമാവില്ല.
നമുക്ക് ഈർഷ്യയുണ്ടാക്കുന്നവരെ ടോക്സിക് ആയ മനുഷ്യർ എന്നുപറഞ്ഞ് ഒഴിവാക്കാൻ ഉപദേശിക്കുന്ന ലോകത്തിന് ശത്രുവിനെ സ്നേഹിക്കുക; നിങ്ങളെ ദ്രോഹിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക എന്നതൊന്നും ഉൾക്കൊള്ളാനാവില്ല.
സമ്പത്തിനും സൗന്ദര്യത്തിനും സ്ഥാനമാനത്തിനും അമിത പ്രാധാന്യം നൽകുന്ന ലോകത്തിന്, ഇപ്പറഞ്ഞതൊന്നും സ്ഥായിയല്ലെന്നും സ്‌നേഹവും ജീവിത സംതൃപ്തിയും മനശ്ശാന്തിയുമാണ് പ്രധാനമെന്നും പറഞ്ഞാൽ സ്വീകാര്യമാവില്ല.
ഭൗതികപരതയെ സുപ്രധാനമായി കാണുന്ന ലോകത്തിന് ആത്മചൈതന്യത്തെ ഏറ്റം പ്രാധാന്യമുള്ളതായി കാണാൻ കഴിയില്ലതന്നെ.
അവനവൻ്റെ സന്തോഷത്തിന് മൂല്യം നൽകാൻ പറയുന്ന ലോകത്തിന് അവനവന്റേതിനെക്കാൾ അപരന്റെ സുഖം കാംക്ഷിക്കാൻ പറയുന്ന ചൈതന്യം മനസ്സിലാവില്ല.
അവനവൻ്റെ സ്വത്വം പോലും ദൈവത്തിൽ കണ്ടെത്തുന്ന രീതി, നീ തന്നെയാണ് നിൻ്റെ മാനകം എന്ന ലൗകിക രീതിയോട് ചേർന്നു പോകുന്നില്ല.
നീ തന്നെയാണ് നിൻ്റെ സത്യവും ധർമ്മവും നിശ്ചയിക്കേണ്ടത് എന്ന ലോകപ്രമാണത്തിന്, പരമാത്മചൈതന്യത്തിൻ്റെ കേവലമായ ഒരണു മാത്രമാണ് നീ എന്ന കാഴ്ചപ്പാട് അലോസരമുണ്ടാക്കും.
അതേയതേ. ഒരു തരത്തിൽ നോക്കിയാൽ, ലോകം അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല.

















































































































