top of page

മഞ്ഞുമ്മൽ ബോയ്സ്

Jul 22, 2025

2 min read

George Valiapadath Capuchin
Movie Poster

മലയാള ചലച്ചിത്ര വ്യവസായത്തിൽ ഏറ്റവുമധികം സമാഹരിച്ചിട്ടുള്ള ചിത്രം എന്ന് ഖ്യാതി നേടിയ "മഞ്ഞുമ്മൽ ബോയ്സ് " കാണാൻ അവസരം ലഭിച്ചത് കഴിഞ്ഞ മാസം യാത്രക്കിടയിലാണ്. ഒരു ചലച്ചിത്രത്തെക്കുറിച്ച് എഴുതണമെന്നുണ്ടെങ്കിൽ രണ്ടുതവണയെങ്കിലും അത് കാണേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഉണ്ടായിട്ടില്ല. എന്നിരിക്കിലും ചില നിരീക്ഷണങ്ങൾ അതിനെക്കുറിച്ച് കുറിക്കണമെന്നു തോന്നി. വാസം നാട്ടിൽ അല്ലാത്തതിനാലും, മലയാളം ആനുകാലികങ്ങൾ വായിക്കുന്നില്ലാത്തതിനാലും ഈ ദിശയിലുള്ള അഭിപ്രായങ്ങൾ ആരെങ്കിലും ഇതിനകം പറഞ്ഞു കഴിഞ്ഞിട്ടുണ്ടോ എന്ന് തിട്ടമില്ല. ശ്രീ ചിദംബരം തിരക്കഥയും സംവിധാനവും നിർവഹിച്ച് 2024 ഫെബ്രുവരിയിൽ റിലീസ് ആയ ചിത്രം ഒരു സർവൈവൽ ത്രില്ലർ എന്ന ഴാൺറിൽ ഉള്ളതാണ്. എറണാകുളം ജില്ലയിലെ മഞ്ഞുമ്മലിൽ നിന്ന് സുഹൃത്തുക്കളും ഒരു പ്രാദേശിക ആർട്ട്സ് ആൻ്റ് സ്പോട്സ് ക്ലബ്ബിലെ അംഗങ്ങളുമായ പത്തുപേർ തമിഴ്നാട്ടിലേക്ക് ഒരു ടൂർ പോകുന്നതും അവർ ഗുണാ ഗുഹകൾ കാണാൻ പോകുന്നതും, ചെറുപ്പക്കാരുടെ സ്വതസിദ്ധമായ ഡെയർ ഡെവിൾറി കാണിച്ച് നിരോധിതമായ മേഖലയിലേക്ക് കടക്കുന്നതും, അവരിലൊരാൾ നിനച്ചിരിയാതെ ഒരു പാതാളക്കുഴിയിലേക്ക് വീണുപോകുന്നതും, സംഘം അയാളെ തിരിച്ചുപിടിക്കുന്നതുമാണ് ചിത്രത്തിൻ്റെ കഥാതന്തു. ഒരു ക്രിസ്തുവിശ്വാസിയുടെ കണ്ണുകളിലൂടെ ചിത്രം വീക്ഷിക്കുമ്പോൾ ക്രിസ്തുവിൻ്റെ ഛായ ചിത്രത്തിൽ ഉടനീളം വീണുകിടക്കുന്നതായി അനുഭവപ്പെട്ടു എന്നതാണ് സത്യം.


അവർ പതിനൊന്നു പേരോ മറ്റാേ ഉണ്ട്. ചെറുപ്പക്കാരുടെ വീറുകൾ, വാശികൾ, സാഹസങ്ങൾ, എടുത്തുചാട്ടങ്ങൾ ഒക്കെ വ്യക്തമാക്കുമ്പോഴും സൗഹൃദവും സ്വയം അപകടപ്പെടുത്താനും മടിക്കാത്ത ഉദാത്ത സ്നേഹവുമാണ് ചലച്ചിത്രത്തിൻ്റെ ഏറ്റവും പ്രബലമായ പ്രമേയം.

അന്യോന്യം സഹായിച്ചിട്ടും ആപത്തുകളിൽ രക്ഷിച്ചിട്ടും മറ്റും ഉള്ള സുഹൃത്തുക്കൾ തന്നെയാണവർ. ദർശന ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് പക്ഷേ, മഞ്ഞുമ്മലിലെതന്നെ എതിർ ടീമായ ക്ലബ്ബുകാരോട് വടംവലിയിൽ എന്നും തോല്ക്കുകയാണ്. എങ്കിലും ഗുണാ ഗുഹയിൽ അവർ പെയ്ൻ്റുകൊണ്ട് ഗ്രൂപ്പിൻ്റെ പേരെഴുതാൻ ആലോചിക്കുമ്പോൾ 'ദർശന ക്ലബ്, മഞ്ഞുമ്മൽ' എന്നല്ല, എതിർ ടീമിനെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് - പൊതു നാമമായി, 'മഞ്ഞുമ്മൽ ബോയ്സ്' എന്നാണ് എഴുതുന്നത്. ആ തീരുമാനം എടുക്കുന്നതാകട്ടെ, സംഘത്തിൻ്റെ നേതാവുകൂടിയായ കുട്ടനാണ്.


എല്ലാവരും പഴനിമല കയറുമ്പോൾ താല്പര്യമേതുമില്ലാതെ തിരികെ നടക്കുന്ന സുഭാഷ്. അവനോട് വണ്ടിയുടെ ഡ്രൈവർ ചോദിക്കുന്നു - 'ദൈവത്തിൽ വിശ്വാസമുണ്ടോ?'

'എന്താണ് ദൈവം?' എന്നാണ് അയാളുടെ മറുചോദ്യം.

'മുകളിൽ നിന്നുള്ള പ്രകാശം' എന്നാണ് വിശദീകരണം. സുഭാഷാവട്ടെ, കൈയ്യിൽ പണമോ, തണുപ്പിൽ പുറമേ ധരിക്കാൻ ഒരു കുപ്പായമോ, സ്വന്തമായി ഒരു ബൽറ്റ് പോലുമോ ഇല്ലാത്തവനാണ്.


മുമ്പൊരിക്കൽ സുഭാഷിന് ഒരു ദുഃസ്വപ്നം ഉണ്ടാകുന്നുണ്ട്. താൻ പാതാളത്തിലേക്ക് കുത്തനെ വീണുപോകുന്നതായും വസ്ത്രം ഉരിഞ്ഞു പോയ അയാൾ, നഗ്നനായി തിരിച്ചുകയറാൻ മാർഗ്ഗമന്വേഷിച്ച് പാതാള ഗുഹയിലൂടെ നടക്കുന്നതും അതിൻ്റെ മുകളിലെ വിടവിലൂടെ അരിച്ചെത്തുന്ന പ്രകാശത്തിലേക്ക് നോക്കി വിളിച്ചുകൂവുന്നതും ആയിരുന്നു ആ സ്വപ്നം.

"മനുഷ്യൻ്റെ പതനം" - the fall of man - എന്നാണ് മനുഷ്യകുലത്തിൻ്റെ

പാപത്തെ ക്രിസ്റ്റ്യാനിറ്റി വിശേഷിപ്പിക്കാറ്.


പതനം സംഭവിച്ച മനുഷ്യകുലത്തോടുള്ള സ്നേഹത്തെപ്രതി തൻ്റെ ജീവൻ ത്യജിച്ചുപോലും പാതാളത്തിലേക്ക് ഇറങ്ങിവന്ന് മനുഷ്യകുലത്തെ കോരിയെടുത്ത് ജീവനിലേക്ക് ഉയർത്തുന്ന രക്ഷകനായാണ് ക്രിസ്തുവിനെ ക്രിസ്റ്റ്യാനിറ്റി സങ്കല്പിക്കുന്നത്.

കുഴിയിൽ വീണവനെ മരണത്തിൽ നിന്ന് പൊക്കിയെടുത്ത് ജീവനിലേക്ക് തിരികെ കൊണ്ടുവന്നവൻ അറിയപ്പെടാതെ തലക്കൽ ഇരിക്കേ, മരണത്തിൽ നിന്ന് രക്ഷപെട്ടെത്തിയവനെ "മരണത്തെ മുഖാമുഖം കണ്ടിട്ടും ജീവനിലേക്ക് വന്ന നീ ദൈവമാണ് " എന്നുപറഞ്ഞ് രക്ഷിക്കപ്പെട്ടവനെ തൊട്ടുവണങ്ങുന്ന മുതിർന്ന സ്ത്രീയോട് കാണികൾക്ക് നർമ്മമാണ് തോന്നുന്നത്.


ദർശന ക്ലബ്ബുകാരെ സംബന്ധിച്ചിടത്തോളം ജീവിതത്തിൻ്റെ വടംവലികളിൽ അവരെന്നും പരാജയമായിരുന്നു. പരാജയത്തിൻ്റെ വസ്തുവായ കയർതന്നെയാണ് അവർക്ക് ജീവൻ്റെ മാർഗ്ഗം തുറക്കുന്നത്.


ചിത്രത്തിലെ നിരവധി വിഷ്വൽസും ഗാനഭാഗങ്ങളും ക്രിസ്തു-കഥയുമായി അതിനെ വിളക്കിച്ചേർക്കുന്നുണ്ട്.


യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്ന് ആരോടും പറയണ്ടാ, എന്ന തീരുമാനം മൂലം സുഭാഷിൻ്റെ അമ്മക്കും അവരിലൂടെ സമൂഹത്തിനും മുന്നിൽ കുട്ടൻ എന്ന ക്ലബ്ബ് ലീഡർ സുഭാഷിനെ മരണത്തോളം എത്തിച്ച നിരുത്തരവാദിയായ വില്ലനായിരുന്നു. എന്നാൽ, അയാൾ വില്ലനായിരുന്നില്ല, മറിച്ച് യഥാർത്ഥത്തിൽ അവൻ്റെ രക്ഷകനായിരുന്നു - ഹീറോയാണ് - എന്ന സുവിശേഷം തമിഴ്നാട്ടിലെ (വേളാങ്കണ്ണി?) ഒരു തീൻശാലയിൽ നിന്ന് ഓടിയെത്തുന്നത് മഞ്ഞുമ്മൽ പള്ളിയിലേക്കാണ്!


തിരക്കഥാകൃത്തും സംവിധായകനുമായ ചിദംബരം ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടുണ്ടോ എന്ന് തീരെ നിശ്ചയമില്ല. എന്നാൽ, 'വായന' വായനക്കാരൻ്റെ അവകാശമാണല്ലോ! ആ അവകാശം ഉപയോഗപ്പെടുത്തിയുള്ളത് മാത്രമാണ് എൻ്റെ വായന.


Recent Posts

bottom of page