top of page

ഭയം

Writer: Assisi Magazine
Assisi Magazine
Mar 12
1 min read
Stone tablets with engraved commandments. Red text overlay reads "To Love God is to Fear God." Background is plain white.

"ദൈവഭയം" എന്ന സങ്കല്പനം പൊതുവേ വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടുന്ന ഒന്നാണ്. ദൈവത്തെ ഭയപ്പെടുകയാണോ സ്നേഹിക്കുകയാണോ വേണ്ടത് എന്ന തരത്തിലുള്ള ചോദ്യങ്ങൾ പല സദസ്സുകളിലും പലപ്പോഴും ഉയരുന്നത് കണ്ടിട്ടുണ്ട്. ശരിയാണ് - ആത്മബന്ധം എന്ന രീതിയിലുള്ള ബന്ധഘടനയുമായി അത് ചേർന്നു പോകാത്തതായി തോന്നാം. എന്നാൽ, ഓരോ മതത്തിനും ഓരോ വിശുദ്ധ ഗ്രന്ഥത്തിനും അതാതിൻ്റെ സാംസ്കാരിക സ്വഭാവം ഉണ്ട്. പ്രസ്തുത സാംസ്കാരിക പശ്ചാത്തലത്തിൽ വേണം അതതിൻ്റെ പരികല്പനകളെ വ്യാഖ്യാനിക്കാൻ.


ബൈബിളിൻ്റെ സാംസ്കാരിക പശ്ചാത്തലത്തിൽ "ദൈവഭയം" എന്നത് ഒരു പാമ്പിനെയോ തേളിനെയോ ഒരു അക്രമിയെയോ ഭീതിപ്പെടുന്നതുപോലെ (being terrified) ഭയപ്പെടുന്നതല്ല. ദൈവത്തിന്റെ വിശുദ്ധിയോടും അധികാരത്തോടും പ്രതാപത്തോടും തോന്നുന്ന, അഥവാ ഒരാൾ സൂക്ഷിക്കുന്ന ആഴമായ ആദരവ് ആണത്. തിന്മയെ വെറുക്കുന്നതിലേക്കും ദൈവകല്പനകൾ പാലിക്കുന്നതിലേക്കും, , ദൈവത്തെ ജീവിതത്തിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്നതിലേക്കും നയിക്കുന്ന സ്നേഹപൂർവ്വകമായ ഒരു വിധേയത്വ മനോഭാവം.


മാർപാപ്പയെ, അല്ലെങ്കിൽ ലോക പ്രശസ്തനായ ഒരു കലാകാരനെ, അതിപ്രശസ്തനായ ഒരു ചലച്ചിത്ര നടനെ - എനിക്കൊത്തിരി ഇഷ്ടവും സ്നേഹവുമാണെന്നിരിക്കിലും, തൊട്ടടുത്ത് ചെല്ലാനുള്ള അവസരം ലഭിച്ചാൽ പോലും - ബാല്യം മുതലേയുള്ള എൻ്റെ കളിക്കൂട്ടുകാരനെ എന്നവണ്ണം തോളിൽ കൈയ്യിട്ട് നില്ക്കില്ല. ആദരവോടെ ഒതുങ്ങി നില്ക്കുകയേ ഉള്ളൂ. അതാണ് ഭയഭക്തിബഹുമാനങ്ങൾ. ഭയവും ഭക്തിയും ബഹുമാനവും ഏതാണ്ട് ഒരേ കാര്യങ്ങൾ തന്നെയാണ്.


എന്തായിരിക്കും ദൈവഭയം എന്നതിൻ്റെ വ്യക്ത്യധിഷ്ഠിത ഭാവം? വിനയമാണത്. 'ദൈവഭയം' നമ്മെ വിനീതരാക്കുന്നു. പ്രകൃതിയെയും ഭൂമിയെയും അതിലെ സർവ്വതിനെയും ആദരവോടെ നോക്കാനും സമീപിക്കാനും നമ്മെ അത് പ്രാപ്തരാക്കുന്നു.


"ദൈവഭയം അറിവിൻ്റെ ആരംഭമാകുന്നു"(പ്രഭാഷകൻ 1:7)

bottom of page