top of page

മാറ്റമെവിടെ?

Writer: George Valiapadath Capuchin
George Valiapadath Capuchin
Feb 28
1 min read
Religious painting with sheep, a man, and colorful text: "Lamb of God, take away the sins of the world, have mercy on us, grant us peace." Vibrant setting.

ക്രിസ്ത്യാനികളുടെ, പ്രത്യേകിച്ച് കത്തോലിക്കരുടെ പല പ്രാർത്ഥനകളും കേട്ടാൽ മറ്റുള്ളവർക്ക് ചിരി വരും. ദൈവത്തോട് ഇത്തരം കാര്യങ്ങൾ പറയുകയോ ചോദിക്കുകയോ ചെയ്യേണ്ട കാര്യമുണ്ടോ എന്ന് പുറത്തുള്ളവർ പലപ്പോഴും മൂക്കത്ത് വിരൽ വക്കും. സത്യത്തിൽ, പരമ്പരാഗത ക്രൈസ്തവ സഭകളിൽ മിക്കവാറും എല്ലാ പ്രധാന പ്രാർത്ഥനകളും ദൈവത്തോട് നേരിട്ടാണ്. ചുരുക്കം അവസരങ്ങളിൽ വിശുദ്ധരുടെ മാധ്യസ്ഥ്യം ചോദിച്ചു കൊണ്ടുള്ളവയും ഉണ്ടാകും.


എന്തിനാണ് പ്രാർത്ഥന? ഇംഗ്ലീഷിലെ Prayer എന്ന പദത്തിനും സംസ്കൃത ധാതുവിൽ നിന്നുള്ള പ്രാർത്ഥന എന്ന വാക്കിനും വിനയപൂർവ്വമുള്ള / താണുവീണുള്ള അർത്ഥന എന്നാണല്ലോ അർത്ഥം. അപ്പോൾ സ്വാഭാവികമായും പ്രാർത്ഥനയുടെ ലക്ഷ്യം എന്തായിരിക്കണം? നമുക്ക് എന്തെങ്കിലും ആത്മീകമാേ ഭൗതികമോ ആയ അനുഗ്രഹങ്ങൾ ചോദിച്ചു കൊണ്ടാകണമല്ലോ പ്രാർത്ഥനകളെല്ലാം! അപ്പോൾ, ദൈവം മനസ്സുമാറ്റണം, അഥവാ ദൈവത്തിൽ മാറ്റം വരണം എന്നതാണ് പ്രാർത്ഥനകളുടെ ആത്യന്തികമായ ലക്ഷ്യം എന്നാണ് മിക്കവരും കരുതുന്നത്. എന്നാൽ, യാഥാർത്ഥ്യം എന്താണെന്നുവച്ചാൽ, ദൈവത്തിൽ / ദൈവത്തിൻ്റെ മനസ്സിൽ മാറ്റം വരുത്തണം എന്നതിനെക്കാൾ നമ്മിൽ മാറ്റം വരണം എന്ന് ഉദ്ദേശിച്ചുകൊണ്ടുള്ളവയാണ് ക്രൈസ്തവരുടെ പ്രാർത്ഥനകൾ മിക്കതും.


ഞാൻ മുമ്പ് ഉണ്ടായിരുന്ന നഗരത്തിൽ ഇല്ലാത്ത പരമ്പരാഗത ക്രൈസ്തവ സമൂഹങ്ങൾ ഇല്ലായിരുന്നു. ഗ്രീക്ക് ഓർത്തഡോക്സ്, കോപ്റ്റിക്, മാരണൈറ്റ്, സിറിയക്ക്, മെൽക്കെെറ്റ്, കാൽഡിയൻ, യുക്രേനിയൻ-ബൈസൻ്റൈൻ, അർമേനിയൻ, സീറോ-മലബാർ, സീറോ-മലങ്കര എന്നിങ്ങനെ കത്തോലിക്കാ - ഓർത്തഡോക്സ് വിഭാഗങ്ങളിൽപ്പെട്ട വിവിധ വിഭാഗങ്ങളുടെ പള്ളികളും അവിടെ ഉണ്ടായിരുന്നു. മേല്പറഞ്ഞ പള്ളികളിലെല്ലാം തന്നെ പോകാൻ കഴിഞ്ഞിട്ടുണ്ട്. ഇവയെല്ലാം തന്നെ പൗരസ്ത്യ സഭകളാണ്. യുക്രേനിയൻ -ബൈസൻ്റൈൻ കുർബാനയിൽ പങ്കെടുത്തപ്പോൾ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, "കർത്താവേ കനിയണമേ" എന്ന ആവർത്തനം ആദ്യവസാനം ഉണ്ട് എന്നതാണ്. ദൈവത്തിൻ്റെ കാരുണ്യമല്ലേ ക്രിസ്തു; കുരിശുമരണം, മാനവ വിമോചനം എന്നൊക്കെ ഞാൻ ചിന്തിച്ചു. നമുക്ക് ലഭിച്ചുകഴിഞ്ഞ ഒന്നിനുവേണ്ടി എന്തിനാണ് ഇത്ര തുടർച്ചയായി പ്രാർത്ഥിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു. അപ്പോഴാണ് ഒരു പുതിയ വെട്ടം മനസ്സിലേക്ക് വന്നത്: എല്ലാം ദൈവം നല്കിക്കഴിഞ്ഞതാണ്. പക്ഷേ, നാം പ്രാർത്ഥിക്കുന്നത് നമ്മെത്തന്നെ ഒരുക്കാൻ വേണ്ടിയാണ്; നമ്മിൽത്തന്നെ മാറ്റം വരുത്താൻ വേണ്ടിയാണ്; ദൈവത്തിൻ്റെ മഹാകാരുണ്യം, കനിവ് സ്വീകരിക്കാൻ സ്വന്തം മനസ്സിനെയും ഹൃദയത്തെയും തുറക്കാൻ വേണ്ടിയാണ്! എത്രകാലം പ്രാർത്ഥിച്ചാലാണ് നാമൊക്കെ നമ്മുടെ കമിഴ്ത്തിവച്ച പാത്രങ്ങളെ ഒന്നു തുറന്നുവക്കാൻ കൂട്ടാക്കുന്നത്!!!

bottom of page