കണ്മൂടൽ
- George Valiapadath Capuchin

- Mar 23
- 1 min read
Updated: Mar 26

അതെ, ഇന്നലെ പറഞ്ഞത് തന്നെ. ഒരുവട്ടം കൂടി പറയണം എന്ന് തോന്നി. വി ആർ ബോൺ ബ്ലൈൻഡ്. ജനിക്കുമ്പോഴേ അന്ധരായിട്ടാണ് നാം ജനിക്കുന്നത്. ഇനി അഥവാ ജന്മനാ അല്പമെങ്കിലും കാഴ്ചയുണ്ടെങ്കിൽത്തന്നെ, താമസം വിനാ അത് നഷ്ടപ്പെട്ടവരായി നാം മാറുന്നു. എനിക്ക് കാഴ്ചയുണ്ട് എന്ന് പറയുന്നവരൊക്കെയും മൂഢ സ്വർഗത്തിലാണ്. നമുക്കാർക്കും കാഴ്ചയില്ല: ചുരുങ്ങിയ പക്ഷം ഭാഗികമായിട്ടെങ്കിലും. വെറുതെ ഒന്ന് ചുറ്റുപാടുകളിലേക്ക് കണ്ണോടിച്ചാൽ മതി അത് മനസ്സിലാവാൻ.
അതേ, പഴയ ചോദ്യങ്ങൾ തന്നെ!
താനാരാണ്?
എന്താണിവിടെ ചെയ്യുന്നത്?
ഈ ചുറ്റുമുള്ളവരൊക്കെ ആരാണ്?
നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്?
ഇക്കാര്യങ്ങളെക്കുറിച്ച് ആർക്കാണ് പൂർണമായ വ്യക്തയുള്ളത്? ആർക്കുമില്ല. അതുതന്നെയാണ് ബൈബിൾ പറയുന്നത്, നാമൊക്ക അന്ധരാണ് എന്ന്. അന്ധൻ അന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും എന്ന്.
പരമ്പരാഗത സമൂഹങ്ങളിൽ ചുരുക്കം ചിലർക്കൊക്കെ വളരെ നേരിയ വെളിച്ചം കിട്ടിയിരുന്നു. അങ്ങനെ അവർ കൂടുതൽ വെളിച്ചം കിട്ടാനായി ഒന്നുകിൽ ഹിമാലയ സാനുക്കളിലേക്ക്, അല്ലെങ്കിൽ വനാന്തരങ്ങളിലേക്ക്, അതുമല്ലെങ്കിൽ മരുഭൂമികളിലേക്ക് കയറിപ്പോയി. ഏറെനേരം കണ്ണടച്ചും, പിന്നെ കൺതുറന്നും അവർ അകവുമായും പുറവുമായും ബന്ധപ്പെടാൻ പരിശ്രമിച്ചു. അങ്ങനെ അവരൊക്കെ അല്പംകൂടി വെളിച്ചം നേടിയെടുത്തു. "നേടിയെടുത്തു" എന്നു പറഞ്ഞാൽ, ബൈബിൾ നമ്മെ ഉടനെ തിരുത്തും. ആരും ഒന്നും നേടിയെടുക്കുന്നില്ല. ഭിക്ഷുക്കൾക്ക് നൽകപ്പെടുകയാണ് എല്ലാം എന്ന് ബൈബിൾ നമ്മെ തിരുത്തും. അങ്ങനെ, തീരെ മങ്ങിയ കാഴ്ചകളിൽ നിന്ന് കുറച്ചുകൂടി തെളിച്ചമുള്ള കാഴ്ചവെട്ടങ്ങളുമായി തങ്ങളുടെ ശിഷ്ടകാലം അവർ വിനയാന്വിതരായി ജീവിച്ചു.
മേല്പറഞ്ഞത് എല്ലാവർക്കും സാധ്യമായ കാര്യമല്ല. ഇനി അഥവാ ആണെങ്കിൽത്തന്നെ, അതിനുള്ള സാഹചര്യങ്ങൾ എല്ലാവർക്കുമില്ല. അച്യുതമാണ് അക്ഷരം എന്നാണ് ഭാരതീയ സങ്കല്പം. അതേ കാര്യം തന്നെ ബൈബിൾ പറയും: ലിഖിതത്തിൽ നിന്ന് വള്ളിയോ പുള്ളിയോ നീക്കം ചെയ്യപ്പെടുകയില്ല എന്ന്. ലിഖിതങ്ങളെല്ലാം ഒരുപോലല്ല. ഉള്ളടങ്ങിയിരിക്കുന്ന വെളിച്ചത്തിന്റെ സാന്ദ്രതക്ക് ഏറ്റക്കുറച്ചിലുകൾ ഉണ്ട്. കൂടുതൽ വെളിച്ചം ഉള്ളടങ്ങിയിരിക്കുന്ന അക്ഷരമായ വചനത്തെ ധ്യാനിക്കുകയാണ് നമ്മെപ്പോലെ സാധാരണക്കാരായ മനുഷ്യർക്ക് സാധ്യമായിട്ടുള്ളത്. വെളിച്ചത്തെ താഴേക്ക് കൊണ്ടുവരാൻ ആർക്കും മുകളിലേക്ക് കയറാനാവില്ല. അത് നൽകപ്പെട്ടിരിക്കുകയാണ്. എല്ലാവരിലും വളരെ ചെറിയതോതിലെങ്കിലും അത് വിതറപ്പെട്ടിട്ടുണ്ട്. അതിനെ അവഗണിക്കുകയാേ കുഴിച്ചിടുകയോ ചെയ്യരുതെന്നുമാത്രം!




























































