top of page

സാമാന്യബോധം

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Mar 29
  • 1 min read
Crown of thorns

നമുക്ക് പരിചിതമായ സാംസ്കാരിക കണ്ണട ഉപയോഗിച്ചു മാത്രമേ നമുക്ക് കാര്യങ്ങളെ കാണാൻ കഴിയുകയുള്ളൂ. നമ്മുടെ ഇന്നത്തെ സാമൂഹിക രീതികളും വിവേകപൂർണ്ണമായ നയചാതുര്യങ്ങളും വച്ച് നമുക്ക് യേശുവിനെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. വളരെ ഹ്രസ്വമായ കാലയളവേ തനിക്ക് ഇവിടെ ഉള്ളൂ എന്ന് യേശു അറിഞ്ഞിരുന്നു. തൻ്റെ പ്രവൃത്തികൾ ഹെബ്രായ തിരുവെഴുത്തുകളിലെ പ്രവചനങ്ങൾ അനുസരിച്ചാണ് പൂർത്തിയാകേണ്ടത് എന്നും അവൻ മനസ്സിലാക്കിയിരുന്നു. അങ്ങനെ നോക്കിയാൽ, തൻ്റെ ജീവിതത്തിൽ യേശു ഒരുതരം ധൃതി കാട്ടുന്നതായാണ് നമുക്ക് തോന്നുക. അനാവശ്യമായി യഹൂദ മതാധികാരികളെ അവൻ ചൊടിപ്പിക്കുന്നതായി തോന്നും. അനാവശ്യമായിട്ട് പ്രകോപനങ്ങൾ ഉണ്ടാക്കുന്നതായും തോന്നും. സത്യത്തിൽ നമ്മുടെയെല്ലാം ബോധത്തിൽ രൂഢമൂലമായിട്ടുള്ള ഒരുതരം അതിജീവന ചാതുര്യം (survival tactic) മൂലമാണ് നമുക്കങ്ങനെ അനുഭവപ്പെടുന്നത്. എങ്ങനെയും ജീവിതത്തിൽ നിന്ന് ദുഃഖങ്ങളെയും എതിർപ്പുകളെയും തിരസ്കാരങ്ങളെയും അപകടങ്ങളെയും മരണത്തെയും അകറ്റി നിറുത്തുക എന്നത് നമ്മുടെയൊക്കെ ബോധത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഒന്നാണ്. അതനുസരിച്ചു മാത്രമേ നമുക്കൊക്കെ ചിന്തിക്കാനും കാര്യങ്ങളെ മനസ്സിലാക്കാനും കഴിയൂ. അതിനപ്പുറത്തേക്ക് ബുദ്ധിമുട്ടാണ്.


"ചെമ്പിലൊരമ്പഴക്കായ പുഴുങ്ങി

ചേറ്റിൽ വിളമ്പിത്തിന്നാലും

ഭൂമിയിൽ വാഴണമെന്നേ മോഹം

നാമിക്കണ്ടോരെല്ലാർക്കും"

എന്ന് പണ്ടെവിടെയോ വായിച്ചതോർമ്മയുണ്ട്. നമ്മളൊക്കെ അങ്ങനെയാണ് പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത്. യേശുവിനെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരു മോഹം കുറവായിരുന്നു എന്നുതോന്നുന്നു. അതല്ലെങ്കിൽ, അതിജീവനത്തിനുള്ള ത്വരക്കുമുകളിലായി അവൻ തൻ്റെ ദൗത്യബോധത്തെ പ്രതിഷ്ഠിച്ചിരിക്കണം. എങ്ങനെയും കുറച്ചുകാലം കൂടി ജീവിക്കണം എന്നൊരു പൂർവ്വനിവേശത്തെ പരിഗണിച്ചിരുന്നില്ല എന്നതിനാൽ, എന്തുതന്നെ സംഭവിച്ചാലും സത്യം പറയുക, മതം വരുത്തിവച്ചിട്ടുള്ള തെറ്റുകളെയും തിന്മകളെയും അങ്ങനെതന്നെ തുറന്നുകാണിക്കുക എന്നിവയെല്ലാം തൻ്റെ നിയോഗമായി അവൻ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. എപ്പോഴും സേഫ് ആയിരിക്കാൻ 'വയർ' ചെയ്യപ്പെട്ട നമുക്ക് പക്ഷേ, അത്തരം ഒരു മാനസികാവസ്ഥ തികച്ചും അന്യമാണ്. അതുകൊണ്ടാവണം നമുക്ക് യേശുവിനെ തീരേ മനസ്സിലാകാത്തത്!


bottom of page