കാരുണ്യപ്രവൃത്തികളും സാമൂഹികപ്രവർത്തനവും


കുറെനാൾമുമ്പ് ഞങ്ങളുടെ ഇടവകയിൽ (പൊൻകുന്നം) നടന്ന കപ്പൂച്ചിൻ മിഷൻധ്യാനത്തിൻ്റെ സമാപനസന്ദേശമായി നല്കപ്പെട്ടത് അന്ത്യവിധിയെപ്പറ്റിയുള്ള ഒരു വിചിന്തനമായിരുന്നു (മത്താ. 25, 31-46). ഇവിടെ കർത്താവിൻ്റെ വാക്കുകൾ ലളിതമാണെങ്കിലും വാച്യാർഥത്തിലല്ല അതെടുക്കേണ്ടതെന്നാണ് ബഹുമാനപ്പെട്ട അച്ചൻ വിശദീകരിച്ചത്. വെറും സാമൂഹികപ്രവർത്തനത്തിനുള്ള ആഹ്വാനമായി ഇതെടുക്കാനുള്ള പ്രവണത സഭയിലാകെ കാണപ്പെടുമ്പോൾ, സ്വന്തം ഭവനത്തിൽ സഹോദസ്നേഹത്തിൻ്റെയും പിതൃപുത്രബന്ധത്തിൻ്റെയും സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുന്നതു കാണാതെ, പുറമേ സേവനോത്‌സുകരാകുന്നത് തെറ്റായ കാഴ്‌ചപ്പാടാണെന്ന് അദ്ദേഹം പറഞ്ഞുതന്നു.
അങ്ങനെവരുമ്പോൾ, മദർതെരേസായെപ്പോലുള്ളവരുടെ പ്രവർത്തന രംഗം എങ്ങനെ മനസ്സിലാക്കണം? ലൂക്കാ. 3, 11-14; യാക്കോ. 1, 27; 2, 15-17 എന്നിവയും ഈ വിഷയത്തിൽ സഭാപിതാക്കന്മാരുടെ ഉദ്ബോധനങ്ങളും എങ്ങനെ വിലയിരുത്തണം? സഭയിൽ സാമൂഹികപ്രവർത്തനത്തിൻ്റെ മാനദണ്ഡം എന്താണ്? ഒരു സാധാരണവിശ്വാസി എങ്ങനെയാണ് അന്ത്യവിധിക്കായി ഒരുങ്ങുക?
ഡോ. വി. ജെ. ആൻ്റണി
ഉഷസ് ക്ലനിക്, പൊൻകുന്നം.
പ്രിയപ്പെട്ട ഡോ. ആൻ്റണി,
വി. മത്തായിയുടെ സുവിശേഷം 25, 31-46-ൽ നാം വായിക്കുന്ന അന്ത്യവിധിയെ പ്പറ്റിയുള്ള യേശുവിൻ്റെ വാക്കുകളും അവയുടെ വ്യാഖ്യാനവുമാണല്ലോ എഴുത്തിൽ പരാമർശിച്ചിരിക്കുന്നത്. വളരെ അർഥവ്യാപ്തിയുള്ളവയാണ് യേശുവിൻ്റെ ഈ വാക്കുകളെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമായിരിക്കും. ഈ അർഥവ്യാപ്തി ഉൾക്കൊള്ളണമെങ്കിൽ ഈ വാക്കുകളുടെ മൂന്ന് അർഥതലങ്ങൾ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കാരുണ്യപ്രവൃത്തികൾ ഇന്നും ആവശ്യം
ഒന്നാമതായി, വാച്യാർഥത്തിൽത്തന്നെ ഈ വാക്കുകളെ നാം മനസ്സിലാക്കണം (വാച്യാർഥത്തിലല്ല ഈ വാക്കുകളെ മനസ്സിലാക്കേണ്ടതെന്ന് ധ്യാനഗുരു പ്രസംഗിച്ചുവെന്ന് പറഞ്ഞത് ഒരു തെറ്റിദ്ധാരണയല്ലേ എന്ന് ഞാൻ ബലമായി സംശയിക്കുന്നു. വാച്യാർഥത്തിൽ മാത്രം ഈ വാക്കുകളെ മനസ്സിലാക്കിയാൽ പോരാ എന്നായിരിക്കാം അദ്ദേഹം പറഞ്ഞത്, അഥവാ പറയാനുദ്ദേശിച്ചത്). ലളിതവും അർഥസംപുഷ്ടവുമായ ഈ വാക്കുകളുടെ വാച്യാർഥത്തിൽത്തന്നെയുള്ള പ്രസക്‌തി ഒരിക്കലും നഷ്ടമായിട്ടില്ല. വിശക്കുന്നവരും ദാഹിക്കുന്നവരും പരദേശികളും വസ്ത്രമില്ലാത്തവരും രോഗികളും കാരാഗൃഹവാസികളുമെല്ലാം നമ്മുടെയിടയിൽ ഇന്നുമുണ്ട്. അനാഥരായ കുട്ടികളും ആരോരുമില്ലാത്ത വൃദ്ധരും വഴിയോരങ്ങളിൽ അലഞ്ഞുതിരിയുന്ന "ആകാശപ്പറവ'കളും പൊതുനിരത്തുകളിൽ ഉപേക്ഷിക്കപ്പെടുന്ന ചോരക്കുഞ്ഞുങ്ങളും നമ്മുടെ സമൂഹത്തിൽ. കാരുണ്യത്തിൻ്റെ നീട്ടിയ കരങ്ങളുമായി ഇങ്ങനെയുള്ളവരെ സ്വീകരിച്ച് ശുശ്രൂഷിക്കാൻ തയ്യാറായി മുന്നോട്ടുവരുന്ന മദർ തെരേസായെപ്പോലെയുള്ള വ്യക്തികൾ തീർച്ചയായും യേശുനാഥൻ്റെ ആജ്‌ഞ അനുസരിക്കുന്നവരാണ്, അവിടത്തെ അരൂപിയിൽ പെരുമാറുന്നവരാണ്. അഗതികളും ആലംബഹീനരുമായ ഈ 'ചെറിയ സഹോദര'ങ്ങളുടെ ആവശ്യങ്ങൾ കണ്ടിട്ടും അവരെ സഹായിക്കാൻ ഒരു ചെറുവിരൽ പോലും അനക്കാതെ തത്ത്വമോതുന്നവർ സുവിശേഷത്തിലെ നല്ല സമരിയാക്കാരൻ്റെ ഉപമയിലെ പുരോഹിതൻ്റെയും ലേവായൻ്റെയും റോളാണ് ഏറ്റെടുക്കുക. വഴിയിൽ മുറിവേറ്റുകിടക്കുന്നവന് ഉടനടിവേണ്ടത് തത്ത്വോപദേശമോ സോഷ്യൽഫിലോസഫിയോ ഒന്നുമല്ല, അടിയന്തിരമായ ആശ്വാസനടപടിയാണ്. അതു ചെയ്യുക ക്രിസ്തീയ മനഃസാക്ഷിയുടെ അന്തഃപ്രചോദനമാണ്. അതു ചെയ്യുന്ന വ്യക്‌തികളും സ്‌ഥാപനങ്ങളും പണ്ടത്തെപ്പോലെതന്നെ ഇന്നും സമൂഹത്തിൻ്റെ ഒരാവശ്യമാണ്. ഇങ്ങനെയുള്ള കാരുണ്യപ്രവത്തികൾ അനീതിപൂർവകമായ സാമൂഹിക ഘടനകളെ നിലനിറുത്തുന്നു. സാമൂഹിക തിന്മകൾക്കിരയാകുന്നവരുടെ എണ്ണം വർധിപ്പിക്കുന്നു, എന്നൊക്കെയുള്ള ആരോപണങ്ങൾ കാര്യകാരണ വിവേചനാ ശക്തിയുടെ പാപ്പരത്തമാണ് കാണിക്കുക
സാമൂഹിക പ്രവർത്തനത്തിൻ്റെ പ്രസക്‌തി
എന്നാൽ, കാരുണ്യപ്രവൃത്തികൾകൊണ്ടുമാത്രം തൃപതിയടയാൻ നമുക്കിന്ന് ആവില്ല. കാരുണ്യപ്രവൃത്തികളെ ആവശ്യമാക്കുന്ന സാമൂഹികതിന്മകളും സമൂഹത്തിലെ ഘടനാപരമായ അനിതികളുടെല്ലാം ആഴത്തിൽ അപഗ്രഥിച്ചുപഠിക്കയും അവയ്ക്കു പരിഹാരം കാണുകയും ചെയ്യുക ഇന്നു സമൂഹത്തിലെ അടിയന്തിരമായ ഒരാവശ്യമാണ്. പട്ടിണികിടക്കുന്നവന് ആഹാരവും വസ്ത്രമില്ലാത്തവന് വസ്ത്രവും രോഗിക്കു മരുന്നും കൊടുത്താൽ മാത്രം പോരാ. എന്തുകൊണ്ട് ഈ പട്ടിണിയും ദാരിദ്ര്യവും രോഗവുമുണ്ടായി എന്നന്വേഷിക്കയും അതിനുള്ള പ്രതിവിധി കണ്ടുപിടിച്ച് അതു പ്രയോഗത്തിലാക്കുകയും ചെയ്താൽ മാത്രമേ പ്രശ്നത്തിനു ശാശ്വതമായ പരിഹാരമാകയുള്ളു.
ജറുസലേമിൽനിന്ന് ജറീക്കോയിലേക്കുപോകുന്ന വഴിയിൽവെച്ച് തസ്കരന്മാരാൽ കൊള്ളയടിക്കപ്പെടുകയും മുറിവേല്പിക്കപ്പെടുകയും ചെയ്ത് അർധപ്രാണനായി കിടക്കുന്ന മനുഷ്യൻ്റെ മുറിവുകൾ വെച്ചു കെട്ടി, അവനെ കഴുതപ്പുറത്തുകയറ്റി സത്രത്തിൽ കൊണ്ടുവന്ന് പരിചരിക്കുക അടിയന്തിരമായി ചെയ്യേണ്ട ആശ്വാസനടപടി മാത്രമായിരുന്നു. അതാണ് നല്ല സമരിയാക്കാരൻ ചെയ്തത്. അതുകഴിഞ്ഞാൽ യാത്രക്കാരെ ആക്രമിക്കാൻ ജറുസലേം ജറിക്കോ വഴിയോരങ്ങളിൽ പതിയിരിക്കുന്ന തസ്ക്കരന്മാരെ കൈയാമംവെച്ചു ജയിലറകളിലാക്കുകയും വഴി സുരക്ഷിതമാക്കുകയും ചെയ്യുക ആവശ്യമാണ്.
മനുഷ്യസഹോദരങ്ങളെ ദരിദ്രരും പീഡിതരുമാക്കുന്ന അനീതിനിറഞ്ഞ സാമൂഹിക സംവിധാനങ്ങളെ പൊളിച്ചെഴുതി, കൂടുതൽ നീതിപൂർവകമായ സംവിധാനങ്ങൾ സൃഷ്ടിക്കുകയെന്നത് വിശക്കുന്നവന് ഭക്ഷണവും ദാഹിക്കുന്നവന് പാനീയവും കൊടുക്കാനുള്ള യേശുനാഥൻ്റെ കല്പനയുടെ വ്യംഗ്യാർഥമാണ്. ഇതാണ് അന്ത്യവിധിയെപ്പറ്റിയുള്ള അവിടത്തെ വാക്കുകളുടെ രണ്ടാമത്തെ അർഥതലം. അർഥവും രണ്ടാമത്തെ അർഥവും തമ്മിൽ യാതൊരു പൊരുത്തക്കേടുമില്ല. അവ പരസ്‌പരപൂരകമാണ്. സാമൂഹികതിന്മകളുടെ ഉറവിടം കണ്ടുപിടിച്ച് അവിടെ പ്രതിവിധികൾ തേടാനും കൂടുതൽ നിതിപൂർവകമായ സാമൂഹികസംവിധാനങ്ങൾ കെട്ടിപ്പടുക്കാനും എല്ലാവർക്കും സാമൂഹികനീതി ഉറപ്പുവരുത്താനുംവേണ്ടി സാമൂഹികപ്രവർത്തകരും വിമോചനദൈവശാസ്ത്രജ്‌ഞന്മാരും മറ്റും വാദിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കയും ചെയ്യുമ്പോൾ അവരും തീർച്ചയായും യേശുനാഥൻ്റെ കല്പന അനുസരിക്കയാണ്, അവിടത്തെ അരുപിയിൽ പെരുമാറുകയാണ് ചെയ്യുന്നത്.
മാനസികവും ആത്മീയവുമായ ആവശ്യങ്ങൾ
മനുഷ്യന് ശാരീരികമായ ആവശ്യങ്ങൾ ഉള്ളതുപോലെതന്നെ, മാനസികമായ ആവശ്യങ്ങളുണ്ട്, ആത്മീയമായ ആവശ്യങ്ങളുണ്ട്. ശാരീരികമായ വിശപ്പും ദാഹവും തൃപ്തിപ്പെട്ടുകഴിഞ്ഞാലും, മാനസികവും ആത്മീയവുമായവ പിന്നെയും അവശേഷിക്കും. ഇവയുടെ ശമനമാണ് വ്യക്തിത്വത്തിൻ്റെ വളർച്ചക്കും നിലനിൽപിനും ഒന്നുകൂടെ ആവശ്യമായിരിക്കുന്നതെന്ന് പറയാം. മാനസികവും ആത്മീയവുമായ ആവശ്യങ്ങൾ - അഥവാ വിശപ്പും ദാഹവും - ആണ് അംഗീകരിക്കപ്പെടുവാനുള്ള ആവശ്യം, സ്നേഹിക്കാനും സ്നേഹിക്കപ്പെടുവാനുമുള്ള ആവശ്യം, സ്വതന്ത്രമായി പ്രവർത്തിക്കാനും വളരാനുമുള്ള ആവശ്യം തുടങ്ങിയവ. നമ്മുടെ സഹോദരങ്ങളുടെ ശാരീരികമായ ആവശ്യങ്ങളിൽ അവർക്കുചെയ്യുന്ന സേവനം യേശുനാഥനുതന്നെയാണ് ചെയ്യുന്നതെങ്കിൽ, അവരുടെ മാനസികവും ആത്മീയവുമായ ആവശ്യങ്ങളിൽ ചെയ്യുന്ന സേവനത്തെപ്പറ്റിയും അതുതന്നെ പറയേണ്ടിയിരിക്കുന്നു. രോഗികളെയും കാരാഗൃഹവാസികളെയും സന്ദർശിക്കുന്നതിനെപ്പറ്റിയുള്ള യേശുവിൻ്റെ വാക്കുകളിൽ ഈ സൂചനയും അടങ്ങിയിട്ടുണ്ടല്ലോ. ഇതാണ് അന്ത്യവിധിയെപ്പറ്റിയുള്ള അവിടത്തെ വാക്കുകളുടെ മൂന്നാമത്തെ അർഥതലം
നമ്മുടെ സഹോദരങ്ങളുടെ, വിശപ്പും ദാഹവും പോലെയുള്ള ശാരീരികമായ ആവശ്യങ്ങൾ നമ്മുടെ ശ്രദ്ധയെ പെട്ടെന്ന് ആകർഷിക്കും. അതിൽ അവരെ സഹായിക്കാൻ ദീനാനുകമ്പ നമ്മെ എളുപ്പത്തിൽ പ്രേരിപ്പിക്കും. എന്നാൽ, അടുത്തുള്ളവരുടെപോലും മാനസികവും ആത്മീയവുമായ ആവശ്യങ്ങൾ അവഗണിക്കാനാണ് നമ്മുടെ പ്രവണത. ഇതിനെയാണ് തെറ്റായ കാഴ്ചപ്പാടായി ധ്യാനഗുരു വിശദികരിച്ചത്. ഈ അപകടം നമ്മുടെ കുടുംബങ്ങളിൽത്തന്നെ പലപ്പോഴും സംഭവിക്കുന്നതാണ്. ഭാര്യയുടെയും മക്കളുടെയും ശാരീരികവും ഭൗതികവുമായ ആവശ്യങ്ങൾ സാധിച്ചുകൊടുക്കാൻ സദാസന്നദ്ധരായിരിക്കുന്ന കുടുംബനാഥന്മാർപോലും അവരുടെ മാനസികവും ആത്‌മീയവുമായ ആവശ്യങ്ങളെ അവഗണിക്കുക വിരളമല്ല. ഭാര്യക്കും കുഞ്ഞുങ്ങൾക്കുംവേണ്ടി ഭക്ഷണവും വസ്ത്രവും പാർപ്പിടവുമെല്ലാം നേടുവാൻ ദിവസംമുഴുവനും അവർ അധ്വാനിക്കുന്നു. എന്നാൽ, അതിനപ്പുറം സ്നേഹത്തിനുവേണ്ടി കൊതിക്കുന്ന ഭാര്യയും വാത്സല്യത്തിനുവേണ്ടി ദാഹിക്കുന്ന മക്കളും അവരുടെ ഈ ആവശ്യങ്ങളെ സംബന്ധിച്ചിടത്തോളം മുഴുപ്പട്ടിണിയിലാണെന്ന വിവരം അവർ പലപ്പോഴും അറിയുന്നില്ല, ഗൗനിക്കുന്നില്ല. സാമൂഹികസേവകരും പൊതുപ്രവർത്തകരുമെന്ന നിലയിൽ നാടുനന്നാക്കാനും സമൂഹത്തെ ഉദ്ധരിക്കാനുമായി വിശ്രമമില്ലാതെ സേവനവ്യഗ്രതരായി നടക്കുന്ന ചില വ്യക്തികളുണ്ട്. എന്നാൽ, വീട്ടിലുള്ള പ്രായംചെന്ന സ്വന്തം മാതാപിതാക്കളോട് സ്നേഹത്തോടെ ഒരു വാക്കുപറയാനോ അവരുടെ സുഖാസുഖങ്ങൾ അന്വേഷിക്കാനോ അവർ സമയം കണ്ടെത്താറില്ല. സ്വന്തം വീട്ടിലോ തൊട്ടടുത്തോ താമസിക്കുന്ന സഹോദരൻ അഥവാ സഹോദരി മാനസികമായും വൈകാരികമായും ആകെത്തളർന്നിരിക്കുമ്പോൾ ഒരാശ്വാസവചനം പറയാൻ കൂട്ടാക്കാത്ത ചിലർ ആഫ്രിക്കയിലുള്ള പട്ടിണിപ്പാവങ്ങളെയോർത്ത് വികാരവിവശരാകുന്നു. ഇങ്ങനെയുള്ള സേവനവ്യഗ്രത പലപ്പോഴും യഥാർഥമായ സ്നേഹമല്ല, മനഃശാസ്ത്രപരമായ സ്വന്തം ആവശ്യങ്ങളുടെ തൃപ്തിപ്പെടുത്തലാണ്. ഇത്തരം തെറ്റായ മനോഭാവങ്ങളെയും നിലപാടുകളെയുമായിരിക്കണം ധ്യാനഗുരുവിമർശിച്ചത്.
ക്രിസ്തീയ സ്നേഹത്തിൻ്റെ ഉൾവിളികൾ
അന്ത്യവിധിയുടെ ആത്യന്തികമായ മാനദണ്ഡം സഹോദരങ്ങളോട് നാം കാണിക്കുന്ന സ്നേഹവും കാരുണ്യവുമാണെന്നു പറയുന്ന യേശുവിൻ്റെ വാക്കുകളും (മത്താ. 25, 31-46), എല്ലാവരോടും നീതിയോടും സ്നേഹത്തോടുകൂടി പെരുമാറാൻ ആഹ്വാനം ചെയ്യുന്ന സ്‌നാപക യോഹന്നാൻ്റെ വാക്കുകളും (ലൂക്കാ. 3, 11, 14), അനാഥരോടും വിധവകളോടും ദരിദ്രരോടും അനുകമ്പ കാണിക്കാൻ ആവശ്യപ്പെടുന്ന യാക്കോബ് ശ്ലീഹായുടെ വാക്കുകളും (യാക്കോ. 1, 27; 2, 15-17), കാരുണ്യപ്രവൃത്തികളെ പ്രകീർത്തിക്കുകയും സഹോദരങ്ങളോട് നീതിപൂർവം പെരുമാറുവാൻ മുറവിളികൂട്ടുകയും ചെയ്യുന്ന സഭാപിതാക്കന്മാരുടെ ഉത്ബോധനങ്ങളുമെല്ലാം മനുഷ്യസ്നേഹത്തിൽ തെളിയുന്ന ദൈവസ്നേഹത്തെയാണ് കാണിക്കുന്നത്. അവ തമ്മിൽ യാതൊരു പൊരുത്തക്കേടുമില്ല. എല്ലാം പരസ്‌പരപൂരകങ്ങളാണ്, ക്രിസ്‌തീയ സ്നേഹത്തിൻ്റെ ഉൾവിളികൾ ആണ്.
മാനദണ്ഡം മനുഷ്യൻ്റെ ആവശ്യം
ഇതിൽനിന്നെല്ലാം ഒരുകാര്യം വ്യക്‌തമായിരിക്കുമെന്ന് കരുതുന്നു. സഭയിൽ സാമൂഹികപ്രവർത്തനത്തിൻ്റെയും കാരുണ്യപ്രവൃത്തികളുടെയും ക്രിസ്‌തീയമായ അരൂപിയിലുള്ള വ്യക്തിബന്ധങ്ങളുടെയുമെല്ലാം മാനദണ്ഡം സഹോദങ്ങളുടെ ആവശ്യമാണ്. സഹോദരങ്ങൾ എന്നുപറയുമ്പോൾ, ജാതിമതഭേദമില്ലാതെ, വർണവർഗവ്യത്യാസമില്ലാതെ, എല്ലാ മനുഷ്യവ്യക്‌തികളെയുമാണ് ഉദ്ദേശിക്കുന്നത്. എവിടെ നമ്മുടെ സഹോദരങ്ങൾക്ക് ശാരീരികമായോ മാനസികമായോ ആത്മീയമായോ ആവശ്യങ്ങൾ നേരിടുന്നോ, അവിടെ അവരുടെ സഹായത്തിനെത്താൻ നാം സന്നദ്ധരാകേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ, യേശുനാഥൻ്റെ സ്നേഹത്തിൻ്റെ കല്പന നാം അനുസരിക്കയാണ്. അവിടത്തെ അരൂപിയിൽ പെരുമാറുകയാണ്. ദാരിദ്ര്യവും ദുരിതവുമെല്ലാം നേരിടുന്നവരെ അപ്പഴപ്പോഴുള്ള അവരുടെ ആവശ്യങ്ങളിൽ സഹായിച്ചാൽ മാത്രം പോരാ, ഈ ദാരിദ്ര്യത്തിൻ്റെയും ദുരിതങ്ങളുടെയും അടിസ്‌ഥാനകാരണം കണ്ടുപിടിച്ച് അവയ്ക്ക് ശാശ്വതമായ പ്രതിവിധിയുണ്ടാക്കാൻ നാം ശ്രമിക്കേണ്ടിയിരിക്കുന്നു. അതും സ്നേഹത്തിൻ്റെ കല്പനയുടെ അനുസരണമാണ്. യേശുവിൻ്റെ അരൂപിയിലുള്ള പ്രവൃത്തിയാണ്.
എങ്ങനെ അന്ത്യവിധിക്ക് ഒരുങ്ങണം?
ഒരു സാധാരണവിശ്വാസി എങ്ങനെയാണ് അന്ത്യവിധിക്കായി ഒരുങ്ങുക? ഒന്നു മാത്രം അയാൾ ചെയ്‌താൽ മതി - ഒരു വിശ്വാസിയായി ജീവിക്കുക. വിശ്വാസി ദൈവകല്പനകൾ അനുസരിച്ചായിരിക്കും ജീവിക്കുകയെന്ന് വ്യക്‌തമാണല്ലോ. എല്ലാ ദൈവകല്പനകളും രണ്ടു കല്പനകളിൽ സംഗ്രഹിക്കാമെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്; ഒന്നാമത്തെ കല്‌പന - എല്ലാറ്റിലുമുപരിയായി ദൈവത്തെ സ്നേഹിക്കുക രണ്ടാമത്തെ കല്പന - തന്നെപ്പോലെതന്നെ തൻ്റെ അയൽക്കാരനെ സ്നേഹിക്കുക. യഥാർഥത്തിൽ ഇവ രണ്ടു കല്പനകളല്ല, ഒരു കല്പന തന്നെയാണ്. കാരണം, ദൈവത്തെ നാം സ്നേഹിക്കുന്നത് നമ്മുടെ സഹോദരിലാണ്, സഹോദരിലൂടെയാണ്. ദൈവത്തെ സ്നേഹിക്കുന്നത് അവിടത്തെ ഇഷ്ടം നിറവേറ്റിക്കൊണ്ടാണല്ലോ. അവിടത്തെ ഇഷ്ടമാകട്ടെ നമ്മുടെ സഹോദരങ്ങളുടെ സൗഭാഗ്യമാണ്, രക്ഷയാണ്. ഈ സൗഭാഗ്യം അഥവാ രക്ഷ ഉറപ്പുവരുത്താൻ വേണ്ടി നാം ചെയ്യുന്നതെല്ലാം ദൈവത്തിൻ്റെ ഇഷ്ടമാണ് ദൈവസ്നേഹത്തിൻ്റെ പ്രകടനമാണ്. മറ്റുവാക്കുകളിൽ പറഞ്ഞാൽ, ശാരീരികമോ, മാനസികമോ ആത്മീയമോ ആയ ആവശ്യങ്ങളിൽ നമ്മുടെ സഹോദരങ്ങളെ സഹായിക്കാനും ദൗർഭാഗ്യങ്ങളിൽനിന്ന് അവരെ അകറ്റി നിർത്താനും നാം പരിശ്രമിക്കുമ്പോൾ കർത്താവിൻ്റെ സ്നേഹത്തിൻ്റെ കല്പന നാം അനുസരിക്കയാണ്. വിധിദിവസം കർത്താവിൻ്റെ വലതുഭാഗത്തായിരിക്കാനുള്ള ഭാഗ്യം അപ്പോൾ നമുക്ക് കൈവരുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.
കാരുണ്യപ്രവൃത്തികളും സാമൂഹികപ്രവർത്തനവും
ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ
അസ്സീസി മാസിക, മേയ് 1995

















































































































