വീടിന്‍റെ നാനാര്‍ഥങ്ങള്‍


Key Takeaways:
This article is a review of Malayalam translation of Annie Zaidi's Book, 'Bread, Cement, Cactus' regarding displacement, identity, and politics.
വീടും അതുപേക്ഷിച്ച് പോകേണ്ടിവരുന്ന അവസ്ഥയും എല്ലാക്കാലത്തും ലോകത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. യുദ്ധവും കലാപങ്ങളും കാലാവസ്ഥാവ്യതിയാനവും വികസനത്തിന്‍റെ പേരിലുള്ള പുറന്തള്ളലുകളുമെല്ലാം വീടു നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്താണ് വീടിന്‍റെ അര്‍ഥമെന്നും അതു നഷ്ടമാകുന്നതിന്‍റെ വേദനയെന്നും അന്വേഷിക്കുന്ന ഗ്രന്ഥമാണ് ആനി സെയ്ദി എഴുതിയ 'ബ്രഡ്, സിമന്‍റ്, കാക്ടസ്'. 'വേരുണങ്ങിയ ഭൂമി' എന്നാണ് മലയാള വിവര്‍ത്തനത്തിന്‍റെ ശീര്‍ഷകം. വീടു നഷ്ടപ്പെടുന്നവരുടെ വേരുകള്‍ ഉണങ്ങിപ്പോകുന്നതിന് കാരണങ്ങളുണ്ട്. തന്‍റെ സ്വത്വം രൂപപ്പെട്ട ഇന്ത്യയിലെ വിവിധ ദേശങ്ങളെക്കുറിച്ച് ആനി സെയ്ദി ചിന്തിക്കുന്നു. ജനിച്ചുവളര്‍ന്ന ഗ്രാമവും ഇപ്പോള്‍ ജീവിക്കുന്ന മഹാനഗരവും അവരുടെ ചിന്തയില്‍ കടന്നുവരുന്നു. സമകാലീനഭാരതത്തില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രതിസന്ധികളും അവരുടെ വീടു നഷ്ടപ്പെട്ടുള്ള പലായനങ്ങളും ഈ പുസ്തകത്തെ രാഷ്ട്രീമാക്കുന്നു. വിവിധ കാരണങ്ങളാല്‍ അപരരാക്കപ്പെടുന്നവര്‍, ദരിദ്രര്‍, പാര്‍ശ്വങ്ങളിലേയ്ക്ക് വലിച്ചെറിയപ്പെടുന്നു. വേരുകള്‍ നഷ്ടപ്പെട്ട അവര്‍ അതിജീവനത്തിനായുള്ള യുദ്ധത്തിലാണ്. ഗൃഹാതുരത്വം കലര്‍ന്ന എഴുത്തല്ല ആനി സെയ്ദിയുടേത്. ചരിത്രവും രാഷ്ട്രീയവും വിമര്‍ശവുമെല്ലാം ഇതില്‍ കടന്നുവരുന്നു.
'തനിക്ക് ഏറെ പ്രിയപ്പെട്ട ഒരാള്‍ മറവു ചെയ്യപ്പെടുന്നതുവരെ ഒരു വ്യക്തി ആ സ്ഥലക്കാരനാകുന്നില്ല' എന്ന് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങ'ളില്‍ എഴുതിയത് പരാമര്‍ശിച്ചുകൊണ്ടാണ് ആനി പുസ്തകം ആരംഭിക്കുന്നത്. കൃത്യമായ ഒരു ദേശമില്ലാത്തവളുടെ അന്വേഷണമാണ് തുടര്‍ന്നു വരുന്നത്. 'എന്‍റെ അംഗഭംഗം വന്ന സ്വത്വത്തെക്കുറിച്ച് ആകുലയായിരുന്നുവെന്നും പറിച്ചു മാറ്റപ്പെട്ടതുപോലെ എനിക്കു തോന്നിയിരുന്നുവെന്നും പറയാനാണ്' താന്‍ ശ്രമിച്ചതെന്ന് അവര്‍ സൂചിപ്പിക്കുന്നു. 'ജീവിക്കുന്ന ഇടത്തെക്കുറിച്ച് ഞങ്ങള്‍ക്കെന്തു തോന്നുന്നു എന്നതിനെപ്പറ്റിയുള്ള ചിന്തകള്‍ ഞങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത ഒരു വിനോദമായിരുന്നു' എന്നും അവള്‍ പറയുന്നുണ്ട്.
മൗലികമായ ചില നിരീക്ഷണങ്ങള്‍ ഗ്രന്ഥകാരി നടത്തുന്നുണ്ട്. 'ഒരിക്കല്‍ പ്രകൃതിയെ മാത്രം ആശ്രയിച്ചിരുന്ന സമൂഹങ്ങള്‍ക്ക്, ഈ വിഭവങ്ങളുടെ നിയന്ത്രണം കൈക്കലാക്കിയവര്‍ക്കു മുന്നില്‍ കീഴടങ്ങേണ്ടിവന്നു. അനിശ്ചിതമായ ഒന്നാണ് ഈ ആശ്രീതത്വം' എന്ന് അവള്‍ എഴുതുന്നതാണ് കാതലായ യാഥാര്‍ഥ്യം. 'എന്താണ്, ആരുടേതാണ് സ്വന്തം? പ്രകൃതിയില്‍ നിന്ന് എന്ത്, എത്രമാത്രമെടുക്കാം? എടുത്തതും തിരിച്ചുകൊടുക്കാനാവാത്തതുമായവയ്ക്ക് ആര് വില കൊടുക്കും?' എന്നീ ചോദ്യങ്ങള്‍ ഏറെ പ്രസക്തമാണ്. 'ഭയമില്ലാതെ, ഭൂമിക്കും ജലത്തിനും അവകാശമില്ലാതെ ഓരോ ദിവസവും ജീവിക്കുക എന്നത് അസാധ്യമാണ്' എന്നാണ് ആനി എടുത്തുപറയുന്നത്. അങ്ങനെ ജീവിക്കേണ്ടിവരുന്നവരെക്കുറിച്ചാണ് അവര്‍ എഴുതുന്നത്.
ഉത്തരേന്ത്യയിലെ ജീവിതസാഹചര്യങ്ങള്‍ ആനി സെയ്ദി സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. 'പഴയകാലത്തെ ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും പുതിയ പുതിയ സ്രോതസ്സുകള്‍കൂടി സ്ഥാപിച്ചിരുന്നു. അവര്‍ രാഷ്ട്രീയക്കാരും കരാറുകാരും സ്ഥാവരസ്വത്തുക്കളുടെ ഇടപാടുകാരുമായി. ക്രമേണ ലാത്തികള്‍ക്കു പകരം തോക്കുകളായി' എന്ന് ആനി രേഖപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തിനു ശേഷവും തുടര്‍ച്ചകള്‍ ഉണ്ടാകുന്നു. ദരിദ്രപക്ഷം നിസ്സഹായതയില്‍ ആണ്ടുപോകുന്നു. ജാതിവ്യവസ്ഥ ഇതിനെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതും ആനി മനസ്സിലാക്കുന്നുണ്ട്. വികസനത്തിന്‍റെ വായ്ത്താരികള്‍ക്കപ്പുറത്ത് പാര്‍ശ്വവല്‍കൃതരുടെ നിശ്ശബ്ദമാക്കപ്പെട്ട സമൂഹം അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. മുകളില്‍ നിന്നു നോക്കുമ്പോള്‍ അവര്‍ അദൃശ്യരാണ്. വശങ്ങളില്‍ നിന്നും താഴെനിന്നും നോക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ തെളിഞ്ഞുവരും. അങ്ങനെയൊരു നോട്ടപ്പാടിലാണ് ആനി മനുഷ്യാവസ്ഥകളെ നോക്കിക്കാണുന്നത്.
ദേശം പോലെ പ്രധാനമാണ് പ്രാദേശികഭാഷകളുമെന്ന് ആനി മനസ്സിലാക്കുന്നു. 'ഒരു മാതൃഭാഷയാണ് ഗാഢബന്ധത്തിന്‍റെ മേല്‍മണ്ണ്. വാക്കുകളിലൂടെ സാംസ്കാരിക വൈവിധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുക എന്നതുപോലെ ഉറപ്പുള്ള അധികം കാര്യങ്ങളില്ല. സാഹിത്യത്തിനു തീര്‍ച്ചയായും സാധിക്കും, അതുപോലെതന്നെ പ്രാദേശിക ഭാഷയ്ക്കും ഉച്ചാരണരൂപഭേദങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും മൗനങ്ങളെ വ്യാഖ്യാനിക്കാന്‍ കഴിയും'. ഒരു ഭാഷ നശിക്കുമ്പോള്‍ വലിയൊരു ലോകം കൂടിയാണ് ഇല്ലാതാകുന്നത്. 'ഭാഷയെ അംഗീകരിക്കലും ഭാഷയെ അന്യമാക്കലും ജനാധിപത്യമൂല്യങ്ങളും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്' എന്ന നിരീക്ഷണം ഏറെ പ്രസക്തമാണ്. 'ഉത്തമരാഷ്ട്രീയവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഭാഷാരാഷ്ട്രീയവുമെന്ന്' ആനി എടുത്തുപറയുന്നുണ്ട്. ഭാഷയെയും രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയാണ് നോക്കിക്കാണേണ്ടത് എന്നതാണ് സുപ്രധാനവസ്തുത. 'വാക്കുകളാണ് ബന്ധങ്ങളെ രൂപപ്പെടുത്തുന്ന'തെങ്കില്‍ വാക്കുകള്‍ നഷ്ടമാകുമ്പോള്‍ ബന്ധങ്ങളും ശോഷിച്ചുപോകുന്നുവെന്ന കണ്ടെത്തല്‍ അടിസ്ഥാനപരമാണ്. 'ഓരോ നാട്ടുഭാഷയും അനന്യമായ ഒരു ലോകവീവീക്ഷണമാണ് നല്‍കുന്നത് എന്ന നിരീക്ഷണം ആനി ശക്തമായി അവതരിപ്പിക്കുന്നു. ഇടം നഷ്ടമാകുമ്പോള്‍ സംസ്കാരവും ഭാഷയും സ്വത്വവുമാണ് നഷ്ടമാകുന്നത്.
'ഒരു സംസ്കാരം സൃഷ്ടിച്ചെടുക്കാന്‍ നാലു തലമുറ വേണം. പക്ഷേ, നശിപ്പിക്കാന്‍ ഒന്നുമതി. യുദ്ധം, ഭൂകമ്പം, ഭക്ഷണക്ഷാമം, കൂട്ടപ്പലായനം തുടങ്ങിയ തടസ്സസംഭവങ്ങള്‍ മൂലം സാംസ്കാരികനാശം സംഭവിക്കാം. പ്രതിലോമപരമായ തദ്ദേശീയവാദം കൊണ്ടും അസഹിഷ്ണുതകൊണ്ടും ഇതു സംഭവിക്കാം'. ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ നിരീക്ഷണത്തിന് പ്രസക്തി ഏറിയിരിക്കുന്നു. നമ്മുടെ സംസ്കാരം എന്നു പറഞ്ഞ് ഉയര്‍ത്തിക്കാണിക്കുന്നത് പലതും അന്ധകാരം നിറഞ്ഞ ലോകത്തേക്കുള്ള മടക്കയാത്രയാണെന്ന് മനസ്സിലാക്കിയില്ലെങ്കില്‍ ഭാവി കൂടുതല്‍ ഇരുളടഞ്ഞതാകുമെന്ന് ആനി പ്രവചിക്കുന്നു. രാഷ്ട്രീയവും മതവും ജാതിയുമെല്ലാം ചേര്‍ന്നുനില്‍ക്കുന്ന സങ്കീര്‍ണ്ണതകള്‍ പരിഹരിക്കാനാവാത്ത വിധം വര്‍ത്തമാനകാലത്തെ കലുഷമാക്കിക്കൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് ഒരു നിശ്ശബ്ദവിഭാഗം സ്വന്തം ഇടങ്ങളില്‍ നിന്ന് പിഴുതെറിയപ്പെടുന്നത്.
ഇന്നത്തെ കാലത്ത് നാം നേരിടുന്ന മറ്റൊരു പ്രശ്നംകൂടി സജീവചിന്തയ്ക്കുവേണ്ടി ആനി അവതരിപ്പിക്കുന്നു. 'ഇന്ന് മനുഷ്യര്‍ അപൂര്‍വമായേ കണ്ണില്‍കണ്ണില്‍ നോക്കൂ. സെല്‍ഫോണുകളും വിലകുറഞ്ഞ ഇന്‍റര്‍നെറ്റ് പാക്കേജുകളും വന്നതോടെ ഇടത്തരക്കാരും മേല്‍ത്തരക്കാരുമായ മിക്കവരും മാധ്യമങ്ങളുടെ ഒരു ഗുഹയില്‍ സ്വയം തടവിലാണ്.' അങ്ങനെ ഏകാകികളായി മാറിയവര്‍ സമൂഹം എന്ന സങ്കല്പത്തെ ഇല്ലാതാക്കുന്നു. ഭാവികാലം നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നായി ഇത് മാറാമെന്ന് ഗ്രന്ഥകാരി സൂചിപ്പിക്കുന്നു. സംഭാഷണങ്ങള്‍ ചുരുങ്ങിവരുമ്പോള്‍ ഏകഭാഷണങ്ങള്‍ പെരുകുന്നു. ദ്വീപായി മാറിക്കൊണ്ടിരിക്കുന്നവര്‍ അപരനെ പരിഗണിക്കുന്നേയില്ല. പുറന്തള്ളപ്പെടുന്നവന്‍റെ യാതനകള്‍ ആരെയും തൊടുന്നില്ല.
'നിങ്ങളുടെ രാജ്യം തന്നെ നിങ്ങള്‍ക്ക് അന്യമായി മാറുമെങ്കിലും, വോട്ടവകാശം നിഷേധിക്കലാണ് ഒരുവനെ അന്യനാക്കുന്നതിന്‍റെ അവസാന നടപടി' എന്ന് നാം ഇപ്പോള്‍ അനുഭവത്തില്‍ നിന്ന് മനസ്സിലാക്കുന്നു. അപരവിദ്വേഷത്തിന്‍റെ അവസാനപടിയായി അനേകമാളുകളെ വോട്ടവകാശത്തില്‍ നിന്ന് പുറത്താക്കുന്നത്, അങ്ങനെ അധികാരം ഏകപക്ഷീയമായി കൈയ്യടക്കുന്നത് നാം കാണുന്നു. 'വിദേശി എന്നതിനര്‍ഥം പാസ്പോര്‍ട്ടോ പാരമ്പര്യമോ അല്ല, മറിച്ച് മതപരമായ വിവേചനങ്ങളാണ്. മാതൃദേശമെന്നത്, വ്യംഗ്യാര്‍ഥം കൊണ്ട്, ഒരു ഭൂപ്രദേശമല്ല മറിച്ച്, വിശ്വാസമാണ്. അതില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍, നിങ്ങള്‍ കടലിലെറിയപ്പെടാന്‍ ഇടയുണ്ട്' എന്നു പറയുമ്പോള്‍ എല്ലാം കൂടുതല്‍ വ്യക്തമാകുന്നു.
'ഈ സംഗത്തിലേക്കാണ് ഞാന്‍ പിറന്നുവീണത്. പക്ഷേ ഗംഗ, യമുനാ നദികള്‍ പോലെ നമ്മുടെ ജീവിതങ്ങളുടെ ചോര്‍ച്ചയും ഒഴുക്കും വിഷയമാകുംവിധം കെട്ടിക്കിടക്കുകയും മലിനമാകുകയുമാണ്.' ഈ മാലിന്യങ്ങള്‍ കണ്ടെത്തലാണ് പ്രതിരോധത്തിന്‍റെ ആദ്യഘട്ടം. തെളിമയുള്ള സംഗമങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാലിന്യത്തിന്‍റെ ആഴങ്ങളിലേയ്ക്ക് നാം നിപതിക്കും. ജാഗ്രത പുലര്‍ത്താത്ത സമൂഹത്തിന്‍റെ വിധിയാണത്.
'ഭൂരിപക്ഷവാദത്തോട് ചെറുത്തു നില്‍ക്കുന്നതാണ് ദേശസ്നേഹത്തിന്‍റെ ഉന്നതരൂപം എന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു' എന്നാണ് ആനി സെയ്ദി തറപ്പിച്ചു പറയുന്നത്. അതാണ് അവരുടെ രാഷ്ട്രീയം. ഈ അടിത്തറയില്‍ നിന്നുകൊണ്ടാണ് അവരുടെ വിശകലനങ്ങള്‍ മുന്നോട്ടു പോകുന്നത്. 'ആളുകള്‍ക്ക് പ്രതികരിക്കാന്‍ കഴിയുന്നതിനു മുമ്പേ ഓര്‍മ്മ ഉണ്ടായിരിക്കണം' എന്നാണ് അവര്‍ പ്രസ്താവിക്കുന്നത്. ഓര്‍മ്മ ഇല്ലാത്തവര്‍ക്ക് ആഴത്തില്‍ പ്രതികരിക്കാനാവില്ല. ഓര്‍മ്മ നഷ്ടപ്പെട്ട സമൂഹം നിസ്സംഗമാകുന്നതാണ് നാം കാണുന്നത്. കാലത്തില്‍ ഇടപെടാന്‍ കഴിയാത്തവരായി നാം ധാര്‍മ്മികമായി ശോഷിക്കുന്നു. ധാര്‍മ്മികത നഷ്ടമാകുമ്പോള്‍ ഒന്നും നമ്മെ സ്പര്‍ശിക്കാതാവുന്നു. സ്ത്രീവിരുദ്ധമായ, അധാര്‍മ്മികമായ ശക്തികള്‍ പിടിമുറുക്കിയ കാലത്തെ ആനി ഭീതിയോടെ നോക്കിക്കാണുന്നു. 'വിഭജനത്തിനുള്ള മറുമരുന്നുകൂടിയാണ് സ്നേഹം' എന്നാണ് അവര്‍ മനസ്സിലാക്കുന്നത്. സ്നേഹത്തിന്‍റെ വിശാലമായ ഇടങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ വിഭജനത്തിന്‍റെ മതിലുകള്‍ മാഞ്ഞുപോകും.
സ്ത്രീകളുമായി ബന്ധപ്പെടുത്തി വീടിനെക്കുറിച്ച് സവിശേഷമായി ആനി ചിന്തിക്കുന്നു. സ്വന്തം വീട്ടില്‍ അന്യരായി മാറുന്നു സ്ത്രീകള്‍. മറ്റേതോ വീടാണ് അവര്‍ക്കായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അവിടെ ജീവിക്കാനുള്ള തയ്യാറെടുപ്പുകളാണ് സ്ത്രീകള്‍, പെണ്‍കുട്ടികള്‍ സ്വന്തം വീട്ടില്‍ നടത്തുന്നത്. 'വീട് ഒരു സുരക്ഷിതസ്ഥലമാണെങ്കില്‍, സ്ത്രീകള്‍ക്ക് എവിടമാണ് വീട്? സ്വകാര്യമായി നോക്കിയാല്‍, സമ്പൂര്‍ണ്ണ സുരക്ഷിതത്വമുള്ള ഒരു ഇടമോ അവര്‍ക്ക് അവരായിത്തന്നെ ജീവിക്കാവുന്ന സ്ഥലമോ അല്ല വീട് എന്ന് മിക്ക സ്ത്രീകളും സമ്മതിക്കും. അതൊരു മേല്‍ക്കൂരയും ഭക്ഷണവും, ഭാഗ്യമുണ്ടെങ്കില്‍, നിങ്ങളുടെ ഹൃദയത്തിന്‍റെ ഒരു ഭാഗവുമാണ്. യഥാര്‍ത്ഥ ഭവനം മറ്റെവിടെയോ ആണ്' എന്നു കുറിക്കുമ്പോള്‍ എല്ലാം സുവ്യക്തമാകുന്നു.
'ഓരോരുത്തരും തങ്ങളിലേക്കുതന്നെ വലിയുന്നു.
വീട് സംസാരിക്കുന്നു.
നാം എന്തിനെക്കുറിച്ച് സംസാരിക്കുന്നുവെന്ന്
ആരും മറ്റൊരാളോട് പറയാത്ത ഇടം വീടല്ല' എന്ന കവിവാക്യം ആനി സെയ്ദി ഉദ്ധരിക്കുന്നു. 'മഞ്ഞുപോലെ ഇവയെല്ലാം മറഞ്ഞുപോകും. നദികളും പുഴകളും പോലും എന്‍റെ ജീവിതകാലത്തുതന്നെ അപ്രത്യക്ഷമാകും. എങ്കിലും വിചാരങ്ങളുടെ ഒരു ട്രെയിന്‍ പോലെ, ചലച്ചിത്രം പോലെ, വീടിനെപ്പറ്റി എന്തോ ഉള്ളില്‍ ബാക്കിയുണ്ട്' എന്ന് എഴുതുമ്പോള്‍ വീടിന്‍റെ അര്‍ഥസാധ്യതകള്‍ പെരുകുന്നു.
നമ്മുടെ കാലത്തെ, ദേശത്തെ, ജീവിതത്തെ ആഴത്തില്‍ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന ഗ്രന്ഥമാണ് 'വേരുണങ്ങിയ ഭൂമി' എന്നു നിസ്സംശയം പറയാം.
(വേരുണങ്ങിയ ഭൂമി - ആനി സെയ്ദി- വിവ. ജോര്‍ജ് പുല്ലാട്ട്, ഡി.സി. ബുക്സ്)
വീടിന്‍റെ നാനാര്‍ഥങ്ങള്‍
ഡോ. റോയി തോമസ്
അസ്സീസി മാസിക ജൂൺ 2026

















































































































