എന്നിട്ടും!


കായേൻ തൻ്റെ സഹോദരനായ ആബേലിനെ കൊന്നു എന്നതാണ് വേദപുസ്തകത്തിൻ്റെ ആരംഭ ഭാഗങ്ങളിൽ നിന്നുതന്നെ നമ്മെ ഉറ്റുനോക്കുന്ന അനുഭവ യാഥാർത്ഥ്യം.
സൗമ്യതയുള്ളവൻ കൊലപ്പെടുകയും ആക്രമണകാരി അവശേഷിക്കുകയും ചെയ്തു എന്നത് എത്ര ഭീതിദമാണ്! ലോകം ആബേലുമാർ ഇല്ലാതായിപ്പോയ, കായേൻമാർ കൈയ്യടക്കിയ ദേശമായിപ്പോയെന്ന് പരിതപിക്കയാണോ വേണ്ടത്? ഓരോ കാലത്തും കൊല്ലപ്പെട്ടിട്ടുള്ളവർ, ഇല്ലാതാക്കപ്പെട്ടവർ കുറച്ചെങ്കിലും സൗമ്യശീലർ ആയിരുന്നിരിക്കില്ലേ?
നിലനിന്നവർ താരതമ്യേന അക്രമവാസന അല്പമെങ്കിലും കൂടുതലുള്ളവർ ആയിരുന്നിരിക്കില്ലേ? കാലാകാലങ്ങളിൽ ഭൂമിയിൽ വാണ കായേൻമാരുടെ പിൻ തലമുറക്കാരായിരിക്കില്ലേ നാമെല്ലാം? നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമല്ല, മന്വന്തരങ്ങളായിത്തന്നെ ഇതേ രീതിയിലല്ലേ മണ്ണിലെ അതിജീവനവും പ്രകൃതി നിർദ്ധാരണവും നടന്നിട്ടുണ്ടാവുക? കാലാകാലങ്ങളായി സൗമ്യതയുടെ, സഹാനുഭൂതിയുടെ പശിമയുള്ള ജീനുകളും ഡിഎന്നെകളും വരും തലമുറയെ ജനിപ്പിക്കാതെ കുറ്റിയടർത്തിക്കളഞ്ഞിട്ടില്ലേ നരവംശം?
കഴിഞ്ഞ ഏതാനും മാസങ്ങളിലായി തൊട്ടടുത്ത ചെറുപട്ടണത്തിലെ വിദ്യാലയത്തിൽ രണ്ട് പെൺകുട്ടികളാണ് ജീവനൊടുക്കിയത്!
സഹപാഠികളുടെ ബുള്ളീയിങായിരുന്നു കാരണം. മറ്റുള്ളവരെ വേദനിപ്പിക്കാത്ത, ഉള്ളിൽ ഒരു നെരിപ്പോട് എരിയുമ്പോഴും സൗമ്യതയോടെ ചരിച്ച കുഞ്ഞുങ്ങൾ! അവരിരുവരും നേരിട്ട് കൊല്ലപ്പെട്ടതല്ല. മനശ്ശാസ്ത്രപരമായ വിശദീകരണങ്ങൾ എന്തുതന്നെയായാലും ആ കുഞ്ഞുങ്ങൾ ഭൂമുഖത്ത് ഇന്നില്ല എന്നുമാത്രം അറിയാം!
പുരാവൃത്തം പഴയതു തന്നെയല്ലേ? തോല്പിക്കപ്പെടുന്നു; അടിച്ചുവീഴ്ത്തപ്പെടുന്നു; കൊല്ലപ്പെടുന്നു! ഭഗ്‌നാശരാകാതിരിക്കാൻ മാത്രം വിശ്വാസമൊന്നും പുതിയ കാലത്തെ കുഞ്ഞുങ്ങൾക്ക് ലഭിച്ചിട്ടുമില്ല.
എന്നിട്ടും, എന്നിട്ടും എങ്ങനെയാണ് പിന്നെയും പിന്നെയും സൗമ്യശീലരുടെ പൊടിപ്പുകൾ ഇവിടുണ്ടാകുന്നത്?
എന്നിട്ടും എങ്ങനെയാണ് ഗർവ്വിനോട് മനുഷ്യകുലം കലഹിക്കുന്നത്?
ഇങ്ങനെയൊക്കെയായിട്ടും എങ്ങനെയാണ് "സൗമ്യശീലർ ഭാഗ്യവാന്മാർ: എന്തെന്നാൽ അവർ ഭൂമി അവകാശമാക്കും" എന്ന് ആ ഗുരു ആണയിടുന്നത്?

















































































































