top of page

ഭൂരിപക്ഷം

Writer: George Valiapadath Capuchin
George Valiapadath Capuchin
Apr 16
1 min read
Illustration of a person in black with a white flag on a pie chart. Red section with white figures, gray section, blue background.

ഈയ്യിടെ കേട്ട ഏറെ ചിന്തിപ്പിച്ച ഒരു വരിയെന്നത്, "ഭൂരിപക്ഷം ഒരിക്കലും ശരിയായിരുന്നിട്ടില്ല" എന്നതാണ്. ശരിയാണ്, ഞാനും ഏറെക്കാലം ഇതേ ദിശയിൽ ചിന്തിച്ചിട്ടുണ്ട്. ന്യൂനപക്ഷമാണ്, ചിലപ്പോൾ ന്യൂനപക്ഷം പോലുമല്ല, ഒറ്റപ്പെട്ട വ്യക്തികൾ മാത്രമായിരിക്കും ശരി എന്ന്.


മഹാഭൂരിപക്ഷത്തിന് മിക്കപ്പോഴും ശബ്ദമില്ലാത്തതുകൊണ്ട്, ശബ്ദിക്കുന്ന ന്യൂനപക്ഷത്തെ നാം ഭൂരിപക്ഷമായി തെറ്റിദ്ധരിച്ചു പോകുന്നതായിരിക്കില്ലേ?


ലോകത്തിൽ മഹാഭൂരിപക്ഷം പേരുടെയും നിലപാട് എന്തായിരിക്കാം എന്ന് വെറുതേ സങ്കല്പിച്ചു നോക്കൂ!


ഒരു സമൂഹത്തിന് മാത്രം മേല്ക്കൈയുള്ള ലോകക്രമം ഉണ്ടാവണം എന്നാവുമോ അതോ എല്ലാവർക്കും പ്രാതിനിധ്യമുള്ള ലോകക്രമം ഉണ്ടാവണം എന്നാവുമോ ഭൂരിപക്ഷവും ചിന്തിക്കുന്നത്?


ചിലർ എക്കാലവും മർദ്ദിതാവസ്ഥയിലും പട്ടിണിയിലും കഴിയണം എന്നാവുമോ, അതോ ഭൂമിയിലെ വിഭവങ്ങൾ കുറച്ചെങ്കിലും നീതിയോടെ വിതരണം ചെയ്യപ്പെടണം എന്നാവുമോ?


യുദ്ധങ്ങളിലൂടെ കാര്യങ്ങൾക്ക് തീരുമാനം ഉണ്ടാകണം എന്നാവുമോ, അതോ സമാധാന മാർഗ്ഗങ്ങളിലൂടെ വേണം കാര്യങ്ങൾ തീരുമാനിക്കപ്പെടേണ്ടത് എന്നാവുമോ?


വംശത്തിൻ്റെയോ വർണ്ണത്തിൻ്റെയോ വിശ്വാസത്തിൻ്റെയോ ലിംഗത്തിൻ്റെയോ അടിസ്ഥാനത്തിൽ മനുഷ്യർ അവമതിക്കപ്പെടണം എന്നാവുമോ, അതോ മനുഷ്യകുലം ഇത്തരം സങ്കുചിതത്വങ്ങൾക്ക് അപ്പുറം വളരണം എന്നാവുമോ?


സത്യവും നീതിയും ധർമ്മവും എല്ലായിടത്തു പുലരണം എന്നാവുമോ, അതോ അതെല്ലാം കാലഹരണപ്പെട്ടതും വലിച്ചെറിയപ്പെടേണ്ടതുമായ കാര്യങ്ങൾ മാത്രമാണ് എന്നാവുമോ?


സ്നേഹമായിരിക്കണം സർവ്വോൽകൃഷ്ട മൂല്യം എന്നാവുമോ, അതോ സ്വാർത്ഥത മാത്രമേ കരണീയമായിട്ടുള്ളൂ എന്നാവുമോ?


മൊത്തത്തിൽ നോക്കുമ്പോൾ വെറുപ്പും ഹിംസയും വർഗ്ഗീയതയും സ്വാർത്ഥതയും മാത്രമേ ലോകമൊക്കെയിലും കാണാനുള്ളൂ എന്നത് സത്യമാണ്.

എന്നാൽ, ഇതൊന്നും സാർവ്വത്രികവും ശാശ്വതവുമല്ല എന്ന ബോധ്യമാണ് മനുഷ്യരിൽ ഭൂരിഭാഗത്തെ മാത്രമല്ല, മഹാഭൂരിപക്ഷത്തെയും മുന്നോട്ടു നയിക്കുന്നത്. അങ്ങോട്ടുള്ള വഴി അറിയാത്തതുകൊണ്ടോ, കാണാത്തതു കൊണ്ടോ ആൾക്കൂട്ടത്തിൽ പെട്ടുപോവുകയാണ് നാമൊക്കെ!

bottom of page