ഷണ്ഡൻ്റെ സന്തോഷം


അപ്പസ്തോല പ്രവൃത്തികൾ വായിക്കുമ്പോൾ മനസ്സിൽ എന്നും തങ്ങിനില്ക്കുന്ന ചിത്രങ്ങളിലൊന്ന് പിലിപ്പോസ് എത്യോപ്യക്കാരൻ ഷണ്ഡൻ്റെ പിന്നാലെ പോകുന്നതും അയാളെ മാമ്മോദീസ മുക്കുന്നതുമാണ്.
വിജാതീയരുടെ ഗലീലി എന്നാണ് ആ നാട് അറിയപ്പെട്ടിരുന്നത്. റോമാക്കാരും ഗ്രീക്കുകാരും അവിടങ്ങളിൽ താമസമുണ്ടായിരുന്നു. ഗ്രീക്കുകാർ എന്നു പറയുമ്പോൾ വിദേശങ്ങളിൽ കുറേക്കാലം വ്യാപാരം ചെയ്ത് തിരിച്ചുവന്ന യഹൂദരും അതിൽ ഉൾപ്പെടും. വർഷങ്ങളോളം അകലങ്ങളിൽ വസിക്കുകയാൽ അവർ സംസാരഭാഷയായ അറമായിക് പറയുമെങ്കിലും, അവർക്ക് ഹെബ്രായ ഭാഷയുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ഒരുപക്ഷേ അത്തരം ഒരു കുടുംബമായിരുന്നിരിക്കണം പിലിപ്പോസിൻ്റേത്. പിലിപ്പോസ് എന്ന പേര് ഗ്രീക്ക് പേരായിരുന്നു. സാധാരണ നാട്ടുകാരായ യഹൂദർ പിലിപ്പോസ് എന്ന ഗ്രീക്ക് പേര് മക്കക്കൾക്ക് നല്കാൻ സാധ്യതയില്ലല്ലോ. മാത്രമല്ല, ഒരിക്കൽ ഗ്രീക്കുകാരായ കുറേപ്പേർ യേശുവിനെ നേരിൽക്കാണാൻ വരുമ്പോൾ അവർ പിലിപ്പോസിനെ കൂട്ടിയാണ് വരുന്നത്. അപ്പോൾ, പിലിപ്പോസിന് ഗ്രീക്ക് ഭാഷ അറിയാമായിരുന്നു എന്ന് സ്വാഭാവികമായും അനുമാനിക്കാം. അയാൾ ഒരു ദ്വിഭാഷി ആയിരുന്നിരിക്കണം.
ഹീബ്രു വിശുദ്ധ ഗ്രന്ഥം എഴുതപ്പെട്ടിരുന്നത് ക്ലാസ്സിക്കൽ ഹീബ്രുവിലായിരുന്നു. ഡിയാസ്പോറയിൽ ചിതറിപ്പാർത്തിരുന്ന, ബിബ്ലിക്കൽ ഹീബ്രുവുമായുള്ള ബന്ധം വിട്ടുപോയ യഹൂദർക്കു വേണ്ടിയാണ് BCE 250 -നോടടുത്ത് ഹിബ്രു വിശുദ്ധഗ്രന്ഥം ഗ്രീക്ക് ഭാഷയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടത്. പന്ത്രണ്ട് ഗോത്രങ്ങളിൽ നിന്നും ഹീബ്രുവും ഗ്രീക്കും അറിയാവുന്ന 6 പണ്ഡിതരെ വീതം തെരഞ്ഞെടുത്ത് ആ 72 പേരെയുമായി ഹീബ്രു വിശുദ്ധഗ്രന്ഥം തർജ്ജമ ചെയ്യുന്ന ദൗത്യം ഏല്പിക്കുകയായിരുന്നു. ഓരോ ഗ്രൂപ്പും തങ്ങളുടെ ഭാഷാന്തരം സമർപ്പിച്ച്, അവസാനം അവയെല്ലാം പരസ്പരം തട്ടിച്ചു നോക്കിയപ്പോൾ എല്ലാ പരിഭാഷകളും ഒരേപോലെയിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ 72 പണ്ഡിതരുടെ പരിഭാഷാ കമ്മറ്റി ചെയ്ത പരിഭാഷയാണ് സെപ്റ്റ്വജിൻ്റ് എന്ന് വിളിക്കപ്പെടുന്നത്. എഴുപത് എന്നാണ് വാച്യാർത്ഥം!
അക്കാലത്തെ രീതിയനുസരിച്ച് വലിയ സാധന സാമഗ്രികളോടും സന്നാഹങ്ങളോടും കൂടിയാവണം എത്തിയോപിയയിലെ രാജ്ഞിയുടെ ഭണ്ഡാരം സൂക്ഷിപ്പുകാരനായ ഷണ്ഡൻ ജറൂസലേമിലേക്ക് തീർത്ഥാടനത്തിന് വന്നുകാണുക. കരവഴിയാണെങ്കിൽ നാലായിരത്തോളം കിലോമീറ്റർ ദൂരമുണ്ടാവും അത്. മാത്രമല്ല, പല മരുഭൂമികളും താണ്ടുകയും വേണം. അതിന് സാധ്യത കുറവാണ്. മിക്കവാറും സീനായ് ഉപദ്വീപിനും അറേബ്യൻ ഉപദ്വീപിനും ഇടയിലെ അക്കാബാ ഉൾക്കടലിൽ അയാളുടെ കപ്പലുകൾ നങ്കൂരമിട്ടിരിക്കണം. അതാകുമ്പോൾ മൊത്തം ദൂരത്തിൻ്റെ പത്തിലൊന്ന് ദൂരം കരവഴി യാത്ര ചെയ്താൽ മതിയാകും. രാജകീയ പ്രൗഢിയോടെ തേരിൽ ആണ് അയാൾ ജറൂസലേമിൽ നിന്ന് തിരിച്ചു പോയിക്കൊണ്ടിരുന്നത്. ജറൂസലേമിൽ നിന്ന് വലിയ വിലകൊടുത്ത് അയാൾ സെപ്റ്റ്വജിൻ്റ് വിശുദ്ധ ഗ്രന്ഥത്തിൻ്റെ ഒരു കോപ്പി വാങ്ങിക്കാണണം. തൻ്റെ തേരിലിരുന്ന് അതാണ് അയാൾ വായിക്കുന്നത്. തീർച്ചയായും അയാൾക്ക് ഗ്രീക്ക് അറിയാം. പക്ഷേ, പ്രവാചകൻ്റെ മൊഴികൾ മനസ്സിലാകുന്നില്ല.
പെട്ടന്ന് ഗാസയിലേക്കുള്ള വിജന പാതയിലേക്ക് ചെല്ലാൻ പരിശുദ്ധാത്മാവ് പിലിപ്പോസിനോട് മന്ത്രിക്കുന്നു. അപ്പോഴതാ അബിസ്സീനിയയിൽ നിന്നുള്ള ഒരു രാജവാഹനം മുമ്പിൽ. അദ്ദേഹം അതിനോടുത്ത് നടക്കുന്നു. നീ വായിക്കുന്നത് മനസ്സിലാവുന്നുണ്ടോ എന്ന് പിലിപ്പോസ് ഷണ്ഡനോട് ആരായുന്നു. ആരെങ്കിലും വിശദീകരിച്ചു തരാതെ ഞാൻ എങ്ങനെ മനസ്സിലാക്കാനാണ് എന്ന് ഷണ്ഡനും. നല്ല ഗ്രീക്ക് ഭാഷയിൽത്തന്നെയാവണം പിലിപ്പോസ് പഴയനിയമവും അതുവഴി യേശുക്രിസ്തുവിനെയും പരിചയപ്പെടുത്തി കൊടുത്തത്. താൻ വിശ്വസിക്കുന്നുവെന്നും മാമ്മോദീസ തരുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ എന്നും പിലിപ്പോസിനോട് അയാൾ ആരായുന്നു. അങ്ങനെ രഥം നിർത്തി, തൊട്ടടുത്തുള്ള ജലാശയത്തിൽ വച്ച് അയാൾ സ്നാനം സ്വീകരിക്കുന്നു. "അവർ വെളളത്തിൽ നിന്നുകയറിയപ്പോൾ കർത്താവിൻ്റെ ആത്മാവ് പിലിപ്പോസിനെ സംവഹിച്ചുകൊണ്ടുപോയി. ഷണ്ഡൻ അവനെ പിന്നീട് കണ്ടില്ല. സന്തോഷഭരിതനായി അയാൾ യാത്ര തുടർന്നു." ഇങ്ങനെയാണ് അടുത്ത വരികൾ!
അതാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്! പരിശുദ്ധാത്മാവ് പിലിപ്പോസിനെ പറപ്പിച്ചാണ് കൊണ്ടുപോകുന്നത്! അയാളുടെ തീക്ഷ്‌ണത എത്രയായിരുന്നിരിക്കും!
ഷണ്ഡൻ്റെ ജീവിതയാത്ര ഇനിമേൽ ആനന്ദത്തിൻ്റേതാണ്!!
കുറച്ചു നേരത്തിനകം ഒരാൾ തൻ്റെ സന്തോഷം വേറൊരാൾക്കുകൂടി പകർന്നു കൊടുക്കുന്നു.
ഇപ്പോൾ രണ്ടുപേരാണ് ഒരേപോലെ ആനന്ദമുള്ളവർ! എന്താല്ലേ!!!
















































































































